◾ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തുനിന്നുള്ള അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിയോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍ സാധ്യത. അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിക്കു പിന്നില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ്കുമാറുമായുള്ള അഭിപ്രായവ്യത്യാസമെന്നാണ് സൂചന. അതേസമയം മോദിസര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്കു പിന്നിലെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു. തിരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ മാത്രം മതിയെങ്കിലും പ്രതിപക്ഷം ഇത് രാഷ്ട്രീയനേട്ടമാക്കുമെന്നതിനാല്‍ ഈയാഴ്ചതന്നെ രണ്ടു കമ്മിഷണര്‍മാരുടെ ഒഴിവും നികത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള പാനല്‍ യോഗം 15ന് ചേരും. പ്രധാനമന്ത്രിസമിതി 15-നാണ് യോഗം ചേരുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും വൈകാനാണ് സാധ്യത.
◾ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരേ പ്രത്യക്ഷസമരത്തിന് സി.ഐ.ടി.യു. പുതിയ മാതൃകയിലുള്ള ഡ്രൈവിങ് ടെസ്റ്റ് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സി.ഐ.ടി.യു. പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. അതേസമയം ദിവസം 50 പേര്‍ക്കുമാത്രം ഡ്രൈവിങ് ടെസ്റ്റ് എന്ന പരിഷ്‌കാരം സി.ഐ.ടി.യു. അടക്കമുള്ള സംഘടനകളുടെ പ്രതിഷേധത്തിന്റെ ഭാഗമായി തത്കാലം പിന്‍വലിച്ചെങ്കിലും പരിഷ്‌കരണനടപടിയുമായി മുന്നോട്ടു പോകാനാണ് മന്ത്രിയുടെ തീരുമാനം.
◾ വര്‍ക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കയ്യൊഴിയാനാകില്ലെന്ന് ടൂറിസം ഡയറക്ടര്‍ പിബി നൂഹ്. പദ്ധതിയുടെ ചുമതല ഡിടിപിസിക്കും അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റിക്കുമാണ്. കരാര്‍ കമ്പനിക്ക് മാത്രമല്ല സുരക്ഷാ ചുമതലയുള്ളത്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ വര്‍ക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മ്മാണം തീരദേശ പരിപാലന ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും, കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍. തീരത്തെ ഏത് തരം നിര്‍മാണ പ്രവര്‍ത്തികള്‍ക്കും കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റിന്റെ അനുമതി വേണം എന്നാണ് ചട്ടം. എന്നാല്‍ താത്കാലിക നിര്‍മാണമായതിനാല്‍ അനുമതി വേണ്ടതില്ലെന്നാണ് ഡിറ്റിപിസിയും അഡ്വഞ്ചര്‍ ടൂറിസവും നല്‍കുന്ന വിശദീകരണം. വേലിയേറ്റ സമയത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കരുതായിരുന്നു എന്ന് വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്‍മാനും വ്യക്തമാക്കി.
◾ വന്യമൃഗശല്യം തടയുന്നതിനായി അന്തഃസംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവച്ച് കേരളവും കര്‍ണാടകയും. ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വില്‍ നടന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. കേരള വനംമന്ത്രി എ.കെ ശശീന്ദ്രന്‍, കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. തമിഴ്‌നാട്ടില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
◾ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്ടുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ നീളുന്ന 18.6 കിലോമീറ്റര്‍ ദൂരമുള്ള തലശ്ശേരി മാഹി ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പാത ഇന്ന് 11 മണിക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഈ ആറുവരി പാത നാടിന് ലഭിക്കുന്നത്.
◾ കേരളത്തില്‍ കൊടും ചൂട്. 4 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂട് ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തൃശ്ശൂര്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്.
◾ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീയതയെ തുടച്ചുനീക്കി മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ലോക്‌സഭ തെരഞ്ഞെടുപ്പെന്ന് വി ഡി സതീശന്‍. യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇടതു മുന്നണിയും ബിജെപിയും പരാജയം സമ്മതിച്ച അവസ്ഥയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
◾ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാടും പത്തനംതിട്ടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തും. മാര്‍ച്ച് 15 ന് പാലക്കാട്ടെത്തുന്ന മോദി റോഡ് ഷോ നടത്തും. 17ന് പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
◾ ആളു കുറഞ്ഞതിനല്ല 25 ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാത്തതിനാലാണ് പ്രവര്‍ത്തകരോട് ക്ഷോഭിച്ചതെന്ന് സുരേഷ് ഗോപി. വെള്ളിക്കുളങ്ങരയിലെ ആദിവാസി വിഭാഗത്തില്‍ പെട്ട 25 ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിരുന്നില്ല. അവിടെ ആളു കൂടിയിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
◾ കെ മുരളീധരന്‍ തൃശൂരില്‍ പോയത് ബിജെപിയെ തടയാന്‍ വേണ്ടിയാണെന്നും പുലിയെ പിടിക്കാന്‍ അതിന്റെ മടയില്‍ ചെന്ന് തന്നെ പിടിക്കണമെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഷാഫി പറമ്പില്‍ യുഡിഎഫിന്റെ ട്രബിള്‍ ഷൂട്ടറാണെന്നും പാലക്കാട് ബിജെപിയെ തടുത്തത് ഷാഫിയാണെന്നും വടകരയില്‍ ഷാഫിക്ക് ജയം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് അല്ലാതെ ബിജെപിയെ തടയാന്‍ ആരുമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
◾ മലയാളി മണ്ണുവാരി തിന്നാലും ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍. ജനങ്ങളെ പട്ടിണിക്കിട്ടാല്‍ മലയാളികള്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്നാണ് ബിജെപി കരുതുന്നതെന്നും ഗണേഷ്‌കുമാര്‍ പരിഹസിച്ചു.
◾ എഐസിസി വക്താവ് ഷമാ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിമര്‍ശനമൊക്കെ അവരോട് ചോദിച്ചാല്‍ മതിയെന്നും, അവരൊന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിന് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ പദ്മജ വേണുഗോപാലിനെ കുറിച്ച് പറഞ്ഞത് മ്ലേച്ഛമായിപ്പോയെന്ന് സാഹിത്യകാരന്‍ ടി പത്മനാഭന്‍. യൂത്ത് കോണ്‍ഗ്രസുകാര്‍ ശകാരിച്ചാലും താനിത് പറയും. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ്. മറ്റുള്ളവര്‍ക്കെതിരെ പദപ്രയോഗം നടത്തുമ്പോള്‍ വളരെയധികം സൂക്ഷിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
◾ പിണറായി വിജയനെ ചുമക്കുന്ന സിപിഎം അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മാസപടിയായി കിട്ടിയ നോട്ടുകെട്ടുകള്‍ കൊണ്ട് തയ്യാറാക്കിയ കിടക്കയില്‍ കിടന്നുറങ്ങുന്ന ആളാണ് പിണറായി. പാവപ്പെട്ടവന്റെ ക്ഷേമപെന്‍ഷനില്‍ നിന്നുപോലും കയ്യിട്ടുവാരുന്ന പിണറായിയെ ഓര്‍ത്ത് മലയാളി തലകുനിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ബിജെപിയിലേക്ക് ആരെങ്കിലും പോയാല്‍ സുരേന്ദ്രനേക്കാള്‍ ആര്‍ത്തുല്ലസ്സിക്കുന്ന സംഘപരിവാര്‍ മനസ്സാണ് പിണറായി വിജയന്റേത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞപ്പോള്‍ വിറളി പിടിച്ച് കൊണ്ടാണ് കോണ്‍ഗ്രസിനെ അപമാനിച്ച് പിണറായി വിജയന്‍ സംസാരിച്ചത് എന്നും കെ സുധാകരന്‍ വ്യക്തമാക്കി.
◾ തൃശൂര്‍ ലോക്സഭയിലെ സീറ്റ് മാറ്റം ടി എന്‍ പ്രതാപനെ വിളിച്ച് അറിയിച്ചത് താനാണെന്നും എന്നാല്‍ ടി എന്‍ പ്രതാപന്റെ മറുപടി തന്നെ അത്ഭുതപ്പെടുത്തുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു അമര്‍ഷവും അറിയിക്കാതെ പാര്‍ട്ടി തീരുമാനത്തിനൊപ്പം നിന്ന ആളാണ് ടി എന്‍ പ്രതാപന്‍ എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾ പി സി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ പൂഞ്ഞാറിലെ വീട്ടിലെത്തി പ്രകാശ് ജാവദേക്കര്‍. പത്തനംതിട്ടയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധിച്ച പിസി ജോര്‍ജിനെ, പൂഞ്ഞാറിലെ വീട്ടിലെത്തി കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ കണ്ടു. എല്ലാ മണ്ഡലങ്ങളിലും പിസി ജോര്‍ജിനോട് പ്രചാരണത്തിനായി ഇറങ്ങണമെന്ന് പ്രകാശ് ജാവദേക്കര്‍ അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പിന് ശേഷം പി സി ജോര്‍ജിന് പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ നല്‍കുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നെന്നാണ് സൂചന.
◾ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരുപാട് സ്ഥലത്ത് രണ്ടാം സ്ഥാനത്ത് വരുമെന്ന് ഇപി ജയരാജന്‍ പറഞ്ഞതിന്റെ അര്‍ത്ഥം അദ്ദേഹം കണ്‍വീനര്‍ ആയ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് വരുമെന്നല്ലേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിശ്വനാഥ മേനോന്‍ ബിജെപിയിലേക്ക് പോയി, കണ്ണന്താനം ബിജെപിയിലേക്ക് പോയി അന്ന് പിണറായി ആയിരുന്നു പാര്‍ട്ടി സെക്രട്ടറി. എന്നിട്ടും പദ്മജ ബിജെപിയിലേക്ക് പോയതിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
◾ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥ് മരണപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണത്തില്‍ യാതൊരു അതൃപ്തിയും സിദ്ധാര്‍ഥിന്റെ കുടുംബം രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതികളെ വേഗം തന്നെ പിടികൂടിയതില്‍ തൃപ്തി രേഖപ്പെടുത്തുകയുമാണ് ചെയ്തതെന്നും മന്ത്രി വി ശിവന്‍കുട്ടി. കേസ് സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാലാണെന്നും, എന്നാല്‍ ഇതിനെയും രാഷ്ട്രീയവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.
◾ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് പ്രതിഷേധവുമായി കെഎസ്യു പ്രവര്‍ത്തകര്‍. ഒരു വിഭാഗം മത്സരങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും ഉന്നയിച്ചാണ് കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധമായെത്തിയത്.
◾ അതിരപ്പിള്ളി ആനക്കയത്ത് മറഞ്ഞിരുന്ന കാട്ടാന സ്വകാര്യ ബസിന് നേരെ പാഞ്ഞെടുത്തു. 15 മിനിറ്റോളം നേരെ ആന റോഡില്‍ തന്നെ തുടര്‍ന്നു. വനം വകുപ്പ് സ്ഥലത്തെത്തിയാണ് ആനയെ കാട് കയറ്റിയത്.
◾ ശാസ്താംപൂവം ആദിവാസി കോളനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് കുട്ടികളില്‍ 16കാരനായ സജി കുട്ടന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെയും എട്ട് വയസുളള അരുണ്‍ കുമാറിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെയും പഴക്കമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തേനെടുക്കാന്‍ കയറിയപ്പോള്‍ മരത്തില്‍ നിന്ന് വീണതാണ് മരണകാരണമന്നാണ് പോലിസ് നിഗമനം.
◾ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറായ കൊട്ടാരക്കര പെരിങ്ങളം ഉദയ ഭവനില്‍ ആര്‍ ജയശങ്കറാണ് മരിച്ചത്. അടൂരില്‍ നിന്നും പെരിക്കല്ലൂരിലേക്കുള്ള സര്‍വീസ് കഴിഞ്ഞ ശേഷം പെരിക്കല്ലൂരില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.
◾ പുലാമന്തോള്‍ കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ എസ് ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്മോന്‍ കെഎസ് ആണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
◾ ഇടുക്കി കട്ടപ്പനയില്‍ നവജാത ശിശുവിനെയും വിജയന്‍ എന്നയാളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കക്കാട്ടുകടയിലെ വാടകവീട്ടിലെ തറ കുഴിച്ച് നോക്കിയപ്പോള്‍ വിജയന്റെ (60) മൃതദേഹം കണ്ടെത്തി. കേസില്‍ മുഖ്യപ്രതി നിധീഷുമായി സംഭവ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. വിജയന്റെ കൊലപാതകത്തില്‍ മകന്‍ വിഷ്ണുവും ഭാര്യ സുമയും പ്രതികളാകും. വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിരുന്നു.
◾ ഡല്‍ഹിയിലെ കേശോപുര്‍ മാണ്ഡിക്ക് സമീപമുള്ള ദില്ലി ജല്‍ ബോര്‍ഡിന്റെ സ്ഥലത്തെ കുഴല്‍ കിണറില്‍ വീണ യുവാവ് മരിച്ചു. എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യുവാവിനെ മരിച്ച നിലയിലാണ് പുറത്തെടുക്കാനായതെന്ന് മന്ത്രി അതിഷി മര്‍ലെന പറഞ്ഞു.
◾ ബി ജെ പി ടിക്കറ്റില്‍ ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണോ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മോദി സര്‍ക്കാരുമായുള്ള ഭിന്നതയാണോ അതോ കമ്മീഷനിലെ പ്രശ്നങ്ങളാണോയെന്നും, ഇനി ഇതൊന്നുമല്ലെങ്കില്‍ വ്യക്തിപരമായ കാരണമാണോയെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ജയറാം രമേശ് വ്യക്തമാക്കി.
◾ ഇലക്ട്രല്‍ ബോണ്ട് കേസിലെ എസ്ബിഐയുടെ ഹര്‍ജിക്കെതിരെ സിപിഎം സുപ്രീം കോടതിയില്‍. ഇലക്ട്രല്‍ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാന്‍ എസ് ബി ഐ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെയാണ് ഈ നടപടി. എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും.
◾ കര്‍ഷക സംഘടനകളുടെ രാജ്യ വ്യാപക ട്രെയിന്‍ തടയല്‍ സമരത്തില്‍ പഞ്ചാബിലെ പ്രധാനകേന്ദ്രങ്ങളിലെ ട്രെയിന്‍ ഗതാഗതം തടസപ്പട്ടു. സമാധാനപരമായിട്ടാണ് സമരമെന്നും വരും ദിവസങ്ങളില്‍ സമരത്തിന്റെ ശക്തി കൂട്ടുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു.
◾ അംഗത്വ വിതരണം ആരംഭിച്ച് രണ്ടുദിവസത്തിനകം 50 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി നടന്‍ വിജയ്യുടെ 'തമിഴക വെട്രിക് കഴകം' അവകാശപ്പെട്ടു. ആദ്യദിവസങ്ങളില്‍ മികച്ച പ്രതികരണം നേടിയതിനാല്‍ രണ്ടുകോടി അംഗങ്ങള്‍ എന്ന ലക്ഷ്യം നേടാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍.
◾ ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന്‍ അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ ബെഹ്റാംപൂരില്‍ നിന്ന് മത്സരിക്കും. മഹുവ മൊയ്ത്ര കൃഷ്ണനഗറിലും അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറിലും മല്‍സരിക്കും.
◾ ഒരു രാഷ്ട്രീയനേതാവും പാര്‍ട്ടിയും മമത ബാനര്‍ജിയെ വിശ്വസിക്കരുതെന്ന് അവര്‍ തെളിയിച്ചിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി. താന്‍ ബി.ജെ.പിക്കെതിരായ മുന്നണിക്കൊപ്പമില്ലെന്നും തന്നോട് അനിഷ്ടം തോന്നരുതെന്നുമുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കാനാണ് മമത ശ്രമിക്കുന്നതെന്നും അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. പശ്ചിമബംഗാളില്‍ 42 സീറ്റിലേക്കും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.
◾ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ അനുയായി സുഭാഷ് യാദവിനെ മണല്‍ ഖനന അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തു. സുഭാഷ് യാദവുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങളില്‍ 14 മണിക്കൂര്‍ നടത്തിയ റെയ്ഡിനൊടുവിലാണ് അറസ്റ്റ് നടന്നത്. രണ്ട് കോടി രൂപയും, അഴിമതി വ്യക്തമാകുന്ന രേഖകളും പിടിച്ചെടുത്തെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
◾ ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന വിവാദപരാമര്‍ശവുമായി കര്‍ണാടക ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്ഡെ. ലോക്സഭയില്‍ ബിജെപിക്ക് നിലവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്, രാജ്യസഭയില്‍ ഭൂരിപക്ഷമുറപ്പിക്കാന്‍ കുറച്ച് സീറ്റുകള്‍ ആവശ്യമുണ്ട് . ഹിന്ദുസമൂഹത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പല മാറ്റങ്ങളും കോണ്‍ഗ്രസ് ഭരണഘടനയില്‍ കൊണ്ടുവന്നു. ഇതെല്ലാം തിരുത്തിയെഴുതാന്‍ ഇരു സഭകളിലും നല്ല ഭൂരിപക്ഷം വേണം എന്നും അദ്ദേഹം വ്യക്തമാക്കി.
◾ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നാകെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങള്‍ നല്‍കി മുന്‍ സര്‍ക്കാരുകള്‍ അപ്രത്യക്ഷമാകും, എന്നാല്‍ മോദി നല്‍കിയ ഉറപ്പുകള്‍ പാലിക്കും. ഉത്തര്‍പ്രദേശിലെ അസംഗഢില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനങ്ങളും നടത്തുന്ന മോദിയെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് മോദിയുടെ പ്രസ്താവന.
◾ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭം ഇന്ന്. യുഎഇ ഖത്തര്‍, സൌദി, ബഹ്റന്‍ അടക്കമുള്ള രാജ്യങ്ങളില്‍ മാസപ്പിറവി ദൃശ്യമായി. ഒമാനില്‍ മാസപ്പിറവി കണ്ടില്ല. അതിനാല്‍ ഒമാനില്‍ വ്രതാരംഭം നാളെ ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
◾ 96-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ഇന്ന്. 13 നോമിനേഷനുകളുമായി മത്സരത്തിനെത്തിയ ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മറിലാണ് എല്ലാ കണ്ണുകളും. ആറ്റം ബോംബിന്റെ പിതാവ് ജെ റോബര്‍ട്ട് ഓപന്‍ഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രം ഓസ്‌കറില്‍ തല ഉയര്‍ത്തി നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
◾ വനിതാ പ്രീമിയര്‍ ലീഗില്‍ ആവേശം അവസാന പന്തുവരെ നിറഞ്ഞുനിന്ന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റണ്‍സിന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബിക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഒഴുക്കിയത് 6,139 കോടി രൂപ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശനിക്ഷേപം ഉയര്‍ന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ 1,539 കോടി മാത്രമായിരുന്ന സ്ഥാനത്താണ് മാര്‍ച്ചില്‍ ഒന്‍പത് ദിവസത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആറായിരം കോടിയില്‍പ്പരം രൂപയുടെ വിദേശ നിക്ഷേപം എത്തിയത്. ജനുവരിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 25,743 കോടി രൂപയാണ് നിക്ഷേപിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ പാതയിലാണെന്ന റിപ്പോര്‍ട്ടുകളും അമേരിക്കയിലെ കടപ്പത്രവിപണിയില്‍ നിന്നുള്ള നേട്ടം കുറഞ്ഞതുമാണ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കാരണം. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഡിസംബര്‍ പാദത്തില്‍ ഇന്ത്യ 8.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഇന്ത്യന്‍ കമ്പനികളുടെ പ്രതീക്ഷ നല്‍കുന്ന മൂന്നാംപാദ ഫലങ്ങളും വിപണിയെ സ്വാധീനിച്ചതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
◾ പോര്‍ച്ചുഗലില്‍ വെച്ച് നടന്ന നാല്പത്തിനാലാമത് പോര്‍ട്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാര നേട്ടവുമായി ടൊവിനോ തോമസ്. ഡോ. ബിജു സംവിധാനം ചെയ്ത 'അദൃശ്യജാലകങ്ങള്‍' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. മേളയുടെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്. ചൈന, ജപ്പാന്‍, ഇറ്റലി, അര്‍ജന്റീന, കാനഡ, യു കെ, ഫ്രാന്‍സ്, യു എസ് എ, ഹംഗറി, ഫിലിപ്പൈന്‍സ്, സ്‌പെയിന്‍, എസ്റ്റോണിയ, ഓസ്ട്രിയ തുടങ്ങീ മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ നിന്നുള്ള 90 സിനിമകളാണ് മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്. 2023 നവംബറില്‍ എസ്റ്റോണിയയിലെ താലിന്‍ ബ്ളാക്ക് നൈറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടിയത്.
◾ അമിത്ത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബിഗ് ബഡ്ജറ്റില്‍, ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ് നിര്‍മ്മിക്കുന്നത്. മാര്‍ച്ച് രണ്ടിന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'ചിത്തിനി'. മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ, കൊടുമ്പ്, വാളയാര്‍,ചിറ്റൂര്‍, തത്തമംഗലം, കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായി നിരവധി ലൊക്കേഷനുകളില്‍ 52 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിന്‍ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. 4 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
◾ സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍സ് അതിന്റെ ഇലക്ട്രിക് എസ്യുവിയായ എക്സ്സി 40 റീചാര്‍ജിന്റെ പുതിയ അടിസ്ഥാന വേരിയന്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. വോള്‍വോ എക്സ് സി 40 റീചാര്‍ജിന്റെ ഈ പുതിയ അടിസ്ഥാന വേരിയന്റിന് സിംഗിള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. വോള്‍വോ എക്സ് സി 40 റീചാര്‍ജിന്റെ സിംഗിള്‍ വേരിയന്റ് 54.95 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇലക്ട്രിക് എസ്യുവിയുടെ വില കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനാലാണ് പുതിയ വേരിയന്റിന് നിലവിലുള്ളതിനെ അപേക്ഷിച്ച് ഏകദേശം മൂന്നുലക്ഷം രൂപ കുറച്ചത്. ഈ പുതിയ വേരിയന്റിന് പുറമേ, വോള്‍വോ എക്സ് സി 40 റീചാര്‍ജ് നിലവിലുള്ള ടോപ്പ്-ടയര്‍ വേരിയന്റില്‍ ലഭ്യമാണ്. 57.90 ലക്ഷം രൂപയാണ് അതിന്റെ എക്സ്-ഷോറൂം വില. എക്സ് സി 40 റീചാര്‍ജ് സിംഗിള്‍ അതിന്റെ സിംഗിള്‍ മോട്ടോര്‍ കോണ്‍ഫിഗറേഷന്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. വോള്‍വോ എക്സ് സി 40 റീചാര്‍ജ് സിംഗിളിനുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചു. വോള്‍വോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
◾ ബ്രഹ്‌മാവിന് ഒരു കാലത്ത് അഞ്ചു തലകളുണ്ടായിരുന്നതായി അറിയാമോ? ശിവഭഗവാന്‍ തിരുമുടിയില്‍ അര്‍ദ്ധചന്ദ്രനെ ചൂടുന്നത് എന്തിനാണ്? ദൈവങ്ങള്‍ ചതിയ്ക്കുമോ? ബ്രഹ്‌മാവിഷ്ണുശിവഭഗവാന്മാരടങ്ങുന്ന ത്രിമൂര്‍ത്തികള്‍ സര്‍വ്വവ്യാപികളാണ്. ലോകത്തിന്റെയും മനുഷ്യവംശത്തിന്റെയുമെല്ലാം അതിജീവനം അവരുടെ കൈകകളിലാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഭാരതത്തില്‍ ഒരു വിധം എല്ലായിടത്തും ഈ ദേവന്മാര്‍ ആരാധിക്കപെടുന്നുണ്ട്. അധികം അറിയപ്പെടാത്ത അസാധാരണമായി ചില കഥകള്‍ അവരുടേതായുണ്ട്. ശക്തരായ ഈ ദേവകളെക്കുറിച്ചുള്ള മനംമയക്കുന്ന കഥ മെനഞ്ഞെടുത്തുകൊണ്ട് പ്രിയ എഴുത്തുകാരി സുധാമൂര്‍ത്തി നമുക്കൊപ്പം നടക്കുന്നുണ്ട്. 'മുട്ട വിരിഞ്ഞ് പുറത്തുവന്ന മനുഷ്യന്‍'. കറന്റ് ബുക്സ് തൃശൂര്‍. വില 187 രൂപ.
◾ ഫാറ്റി ലിവര്‍ ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. കരളിനെ ബാധിക്കുന്ന രോഗമാണിത്. കരളില്‍ ഫാറ്റ് അഥവാ കൊഴുപ്പ് അടിഞ്ഞ് കിടക്കുന്ന അവസ്ഥയെന്ന് ഫാറ്റി ലിവര്‍. മോശം ഭക്ഷണശീലങ്ങളും മറ്റ് മോശം ജീവിതരീതികളുമാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് പിന്നിലെ രണ്ട് പ്രധാന കാരണങ്ങള്‍. ഫാറ്റി ലിവര്‍ തടയുന്നതില്‍ ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം തടയാന്‍ സഹായിക്കും. സാല്‍മണ്‍, മത്തി, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കൂടുതലാണ്. ഒമേഗ 3 അടങ്ങിയ മത്സ്യങ്ങള്‍ കരളിന്റെ ആരോഗ്യം കാക്കാന്‍ മികച്ചതാണ്. കരള്‍ രോഗമുള്ളവര്‍ ദിവസവും ഒരു നേരം ഓട്‌സ് കഴിക്കുന്നത് പതിവാക്കുക. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. നട്സ് അടങ്ങിയ ഭക്ഷണക്രമം വീക്കം, ഇന്‍സുലിന്‍ പ്രതിരോധം, ഓക്സിഡേറ്റീവ് സ്ട്രെസ്, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വാള്‍നട്ട് കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കുന്നതായി ഗവേഷകര്‍ പറയുന്നു. ചീരയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ചീര സൂപ്പായോ വേവിച്ചോ എല്ലാം കഴിക്കാവുന്നതാണ്.
*ശുഭദിനം*
അന്ന് അവരുടെ വിവാഹവാര്‍ഷികമായിരുന്നു. അന്ന് ഭാര്യ ഭര്‍ത്താവിന്റെ മുന്നില്‍ ഒരു ആശയം പങ്കുവെച്ചു: തിരക്ക ്മൂലം നമുക്ക് പലപ്പോഴും സംസാരിക്കാന്‍ സമയം കുറവാണ്. അതുകൊണ്ട് ഓരോ ഡയറിവാങ്ങി പരസ്പരം പറയാനുളള കാര്യങ്ങള്‍ എഴുതാം. അടുത്തവര്‍ഷം ഇതേ ദിവസം ഡയറികള്‍ കൈമാറാം. എന്നിട്ട് അത് വായിച്ചുനോക്കി തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അവ തിരുത്തി മുന്നോട്ട് പോകാം. പിറ്റേവര്‍ഷം അവര്‍ തങ്ങളുടെ ഡയറികള്‍ കൈമാറി. ഭാര്യ എഴുതി: നിങ്ങള്‍ എന്റെ പിറന്നാളിന് സമ്മാനം തന്നില്ല, എന്റെ വീട്ടുകാര്‍ വന്നപ്പോള്‍ അവരെ വേണ്ടപോലെ ഗൗനിച്ചില്ല, യാത്ര പോകാമെന്ന് പറഞ്ഞിട്ട് പോയില്ല.. ഇതു വായിച്ച് ഭര്‍ത്താവ് പറഞ്ഞു: തീര്‍ച്ചായായും ഞാനിത് തിരുത്താം. ഭാര്യ ഭര്‍ത്താവ് നല്‍കിയ ഡയറി തുറന്നുനോക്കിയപ്പോള്‍ അതിലെ പേജുകളെല്ലാം ശൂന്യമായിരുന്നു... പക്ഷേ, അവസാന പേജില്‍ ഇങ്ങനെ എഴുതിയിരുന്നു..നിന്റെ സ്‌നേഹത്തിനും ത്യാഗത്തിനും സമര്‍പ്പണത്തിനുംമുന്നില്‍ ഒന്നും എനിക്കൊരു കുറവായി തോന്നിയില്ല. ഭാര്യക്ക് വളരെ സന്തോഷമായി, അവള്‍ താനെഴുതിയ ഡയറി കീറിക്കളഞ്ഞു.. പുതിയ വിവാഹവാര്‍ഷികം.. കൂടുതല്‍ സന്തോഷത്തോടെ, സ്‌നേഹത്തോടെ, പരസ്പരവിശ്വാസത്തോടെ അവര്‍ ജീവിതം ആഘോഷിക്കാന്‍ ആരംഭിച്ചു.. എന്തിലും പരിപൂര്‍ണ്ണത തേടുന്നവരുടെ പരാതികള്‍ അവസാനിക്കുകയേ ഇല്ല. കാരണം, അവര്‍ തേടുന്നത് എത്ര വിശിഷ്ടമായാലും അതിനുളളിലെ ന്യൂനതയാണ്. സത്യത്തില്‍ അതൊരു മാനസിക വൈകല്യമാണ്. എന്തിലും ന്യൂനതകള്‍ കണ്ടെത്താം.. കാരണം ആരും പൂര്‍ണ്ണരല്ല.. എല്ലാവരും എന്തെങ്കിലുമെല്ലാം ന്യൂനതയോടെതന്നെയാണ് ജനിക്കുന്നതും ജീവിക്കുന്നതും ഓര്‍മ്മയാകുന്നതും.. എല്ലാ കുറവുകള്‍ക്കിടയിലും കൂടെക്കൂട്ടാന്‍ കണ്ടെത്തുന്ന ആ കാരണമാണ് സഹവര്‍ത്തിത്വം ആഗ്രഹിക്കുന്നവര്‍ അന്വേഷിക്കുന്നത്. അപൂര്‍ണ്ണതകളെ അംഗീരിക്കാം.. നമുക്ക് ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകാം - *ശുഭദിനം.*