◾ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. 2027 വരെ കാലാവധിയുണ്ടായിരിക്കെയാണ് അരുണ്‍ ഗോയല്‍ രാജിവെക്കുന്നത്. രാജിയുടെ കാരണം വ്യക്തമല്ല. അടുത്ത ഫെബ്രുവരിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകേണ്ട ആളായിരുന്നു ഗോയല്‍. അപ്രതീക്ഷിത രാജി ആശങ്കാജനകമെന്ന് പ്രതിപക്ഷ കക്ഷികള്‍.
◾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജിയോടെ വന്ന തിരഞ്ഞെടുപ്പു കമ്മിഷനിലെ രണ്ടൊഴിവിലേക്കും കേന്ദ്രസര്‍ക്കാരിന് ഇനി നേരിട്ട് നിയമനം നടത്താം. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ താത്കാലിക സമിതിക്കായിരുന്നു ഇതുവരെ കമ്മീഷണര്‍മാരെ നിയമിക്കാനുള്ള അധികാരം. എന്നാല്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന മന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവുമടങ്ങുന്ന മൂന്നംഗ സമിതിക്ക് കമ്മീഷണര്‍മാരെ നിയമിക്കാനുള്ള അധികാരം നല്‍കുന്ന നിയമം കഴിഞ്ഞ ശീതകാല സമ്മേളനത്തിലാണ് സര്‍ക്കാര്‍ പാസാക്കിയത്. ഇതോടെ ഇപ്പോഴത്തെ രണ്ടൊഴിവിലേക്കും കൂടുതല്‍ വിശ്വസ്തരെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിനാകും.
◾ ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13-നുശേഷം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നയതീരുമാനങ്ങളും പുതിയ പദ്ധതിപ്രഖ്യാപനങ്ങളും ഇതിനകം പൂര്‍ത്തിയാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശംനല്‍കി. ലോക്‌സഭാതിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതിരഞ്ഞെടുപ്പും നടക്കാനുണ്ട്.
◾ കര്‍ഷകസംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി തീവണ്ടി തടയും. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ നാലു മണിക്കൂര്‍ റെയില്‍പ്പാതകള്‍ ഉപരോധിക്കാനാണ് ആഹ്വാനം. ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ കേന്ദ്രത്തെ കര്‍ഷകരുടെ ശക്തിയറിയിക്കാനാണ് തീവണ്ടി തടഞ്ഞുള്ള പ്രതിഷേധമെന്ന് കര്‍ഷകനേതാവ് സര്‍വന്‍ സിങ് പന്ദേര്‍ വ്യക്തമാക്കി.
◾ വര്‍ക്കല ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി ശക്തമായ തിരയില്‍ തകര്‍ന്ന് 15 പേര്‍ക്ക് കടലില്‍ വീണ് പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഹൈദരാബാദ് സ്വദേശിനിയായ 26കാരിക്ക് ഗുരുതരമായി പരിക്കേറ്റു. പാലത്തിന്റെ കൈവരി തകര്‍ന്നാണ് ആളുകള്‍ കടലില്‍ വീണത്.
◾ വര്‍ക്കല ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന സംഭവത്തില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടി. അതേസമയം, സംഭവത്തില്‍ മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ പാലിച്ചാണോ ബ്രിഡ്ജ് സ്ഥാപിച്ചതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട വി മുരളീധരന്‍, വിനോദ സഞ്ചാരത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുകയാണെന്ന് കുറ്റപ്പെടുത്തി.
◾ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത 9% വര്‍ദ്ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷാമാശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ 4% വര്‍ധിപ്പിച്ചിരുന്നു. ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരും ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചത്.
◾ അഭിമാനമാണ് നമ്മുടെ പൊതുഭരണം' എന്ന തലക്കെട്ടോടെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിന്റെയും ചിത്രങ്ങളുള്ള പോസ്റ്റര്‍ കടകള്‍ക്കു മുന്നില്‍ പതിച്ചതിന്റെ ഫോട്ടോയെടുത്ത് ഉടന്‍ അയയ്ക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിച്ചില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നു താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ വഴി വാക്കാല്‍ മുന്നറിയിപ്പു നല്‍കിയെന്നും വ്യാപാരികള്‍ വെളിപ്പെടുത്തി.
◾ പത്മജയെ ബിജെപിയില്‍ എത്തിച്ചത് മോദി-പിണറായി ബന്ധത്തിലെ ഇടനിലക്കാരനെന്ന് ആവര്‍ത്തിച്ച് കെ. മുരളീധരന്‍. പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ബന്ധിപ്പിക്കുന്നത് ലോക്നാഥ് ബെഹ്റയാണ് എന്ന് കെ മുരളീധരന്‍ ആരോപിച്ചു. ബെഹ്റയുടെ മെട്രോ എംഡിയെന്ന സ്ഥാനം ആലങ്കാരികം ആണെന്ന് മുരളീധരന്‍ പറഞ്ഞു. മുരളീധരനെതിരായുള്ള പത്മജയുടെ ആരോപണങ്ങളെ ക്കുറിച്ച് ചോദിച്ചപ്പോള്‍ ബി ജെ പി ക്കാരിയുടെ ജല്‍പനങ്ങള്‍ക്ക് മറുപടി പറയാന്‍ മനസില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു.
◾ കെ മുരളീധരന്റെ ആരോപണത്തില്‍ പ്രതികരിച്ച് പത്മജ വേണുഗോപാല്‍ . ലോക്നാഥ് ബെഹ്റ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല, തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിക്കുന്നുവെന്നും പത്മജ പറഞ്ഞു. തന്നെ ബി.ജെ.പിയിലേക്ക് ഡല്‍ഹിയില്‍ നിന്ന് നേരിട്ടാണ് ക്ഷണിച്ചതെന്നും അവര്‍ പറഞ്ഞു.
◾ കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ കൊണ്ടുപോകുന്നത് സിപിഎം - ബിജെപി പാക്കേജ് ആണെന്ന് കെസി വേണുഗോപാല്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അമരത്വമുള്ള പാര്‍ട്ടിയാണ്. നേതാക്കളെ അടര്‍ത്തിക്കൊണ്ടുപോയാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി അവസാനിക്കില്ല. പിണറായി വിജയന്‍ ഏതു പ്രസംഗത്തിലാണ് മോദിയെ വിമര്‍ശിച്ചിട്ടുള്ളത് എന്നും അദ്ദേഹം ചോദിച്ചു.
◾ കെ മുരളീധരന് സ്വീകരണം നല്‍കി തൃശൂര്‍. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടെ മുരളീധരന്‍ കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തിലെത്തി ആദരം അര്‍പ്പിച്ചു. ഓടി മുന്നില്‍ കയറാനാണ് തനിക്കിഷ്ട്ടമെന്നും തൃശൂരില്‍ ബിജെപിയെ മൂന്നാമതെത്തിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. കെ കരുണാകരനുറങ്ങുന്ന മണ്ണില്‍ സംഘികളെ അടുപ്പിക്കില്ല. കരുണാകരനെ ആരും സംഘിയാക്കാന്‍ നോക്കേണ്ടെന്നും വര്‍ഗീയതയ്ക്കെതിരെ സന്ധി ഇല്ലാതെ പോരാടിയ അച്ഛന്റെ ആഗ്രഹ പൂര്‍ത്തീകരണമാവും തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു.
◾ ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടി എല്ലായിടത്തും ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരന്‍ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാന്‍ പോലും മുരളീധരന്‍ തയാറായില്ല. ഇടതുമുന്നണിയെ ജയിപ്പിക്കാന്‍ ആണ് മുരളീധരന്‍ തൃശൂരില്‍ എത്തിയതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
◾ സ്വന്തം പാര്‍ട്ടിയെ പോലും ഒറ്റികൊടുത്തയാളാണ് കെ സുരേന്ദ്രനെന്നും ഒരു ഒറ്റുകാരന്റെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും കെ.മുരളീധരന്‍. കൊടകര കുഴല്‍പ്പണ കേസൊതുക്കാന്‍ പിണറായിയുമായി പാലം പണിതയാളാണ് സുരേന്ദ്രന്‍. നേമത്തും വട്ടിയൂര്‍ക്കാവിലും മാത്രമല്ല, തൃശ്ശൂരിലും ബിജെപിയെ തോല്‍പിക്കുമെന്നും തൃശ്ശൂരില്‍ ബിജെപിയെ മൂന്നാം സ്ഥാനത്താക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
◾ കോണ്‍ഗ്രസ് പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കോണ്‍ഗ്രസായിരുന്നവര്‍ നാളെ കോണ്‍ഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കുo. ഒരു സംസ്ഥാന ഭരണം കോണ്‍ഗ്രസിന് കൊടുത്താല്‍, കോണ്‍ഗ്രസ് അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണം കെട്ട പാര്‍ട്ടി ഉണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
◾ കണ്ണൂരില്‍ കെ സുധാകരന്റെ റോഡ് ഷോ. മത്സരിക്കില്ലെന്നായിരുന്നു തീരുമാനിച്ചിരുന്നതെന്നും പക്ഷേ ഹൈക്കമാന്‍ഡ് പറഞ്ഞത് അനുസരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. എം വി ജയരാജന്‍ തനിക്കൊരു എതിരാളി അല്ലെന്നും മികച്ച ഭൂരിപക്ഷത്തോടെ ജയിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് ഷമാ മുഹമ്മദ്. സ്ത്രീകള്‍ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒട്ടുംതന്നെ പ്രാധാന്യം നല്‍കിയില്ല. രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീ പ്രാതിനിധ്യത്തെകുറിച്ചാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ പാടെ അവഗണിക്കുകയാണ് ചെയ്തത്. സംവരണ സീറ്റ് ആയതുകൊണ്ട് മാത്രമാണ് രമ്യ ഹരിദാസിന് സീറ്റ് ലഭിച്ചത് എന്നും ഷമ മുഹമ്മദ് പറഞ്ഞു.
◾ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് രണ്ടിടത്ത് സ്ഥാനാര്‍ത്ഥികള്‍. മാവേലിക്കരയില്‍ ബൈജു കലാശാലയും, ചാലക്കുടിയില്‍ കെ എ ഉണ്ണിക്കൃഷ്ണനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ ആവണമെന്ന് ചര്‍ച്ച നടക്കുകയാണ്. എന്‍ഡിഎ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.
◾ കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് ഇത്തവണയും ലോക്സഭ തെരെഞ്ഞെടുപ്പില്‍ പോരാട്ടമെന്നും അതില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. അതോടൊപ്പം പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ ദു:ഖമുണ്ടെന്നും, വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായി കോണ്‍ഗ്രസ്സിന് ശക്തമായ നിലപാട് എടുക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഇതിലൂടെ ജനങ്ങളിലെത്തിയതെന്നും മന്ത്രി പറഞ്ഞു.
◾ മഞ്ഞുമ്മല്‍ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള ചിത്രങ്ങളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് ഇതെന്നും തമിഴ്, മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും തമിഴില്‍ എഴുതിയ ബ്ലോഗിലൂടെ ജയമോഹന്‍ വിമര്‍ശിച്ചു.
◾ ഇരുചക്രവാഹനങ്ങളില്‍ ഇനി മുതല്‍ രണ്ടില്‍ കൂടുതല്‍ പേരെ കയറ്റിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.
◾ കേരള യൂണിവേഴ്സിറ്റി കലോത്സവത്തില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ മൂന്ന് വിധികര്‍ത്താക്കളെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഷാജി, സിബിന്‍, ജോമെറ്റ് എന്നീ വിധികര്‍ത്താക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി മത്സരങ്ങളിലെ വിധിനിര്‍ണയം നടത്തിയെന്നാണ് ആരോപണം. കേരള യൂണിവേഴ്സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
◾ തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്നും കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന്‍ അരുണ്‍ കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത് .രണ്ടു മൃതദേഹങ്ങളുടെയും കാലപ്പഴക്കത്തില്‍ വലിയ വ്യത്യാസമുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
◾ കട്ടപ്പന ഇരട്ട കൊലപാതകത്തില്‍ പ്രതി നിതീഷ് കുറ്റം സമ്മതിച്ചു. സുഹൃത്തായ വിഷ്ണുവിന്റെ പിതാവ് വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതകമാണോ ഇതെന്ന് പോലിസ് സംശയിക്കുന്നു.
◾ ഡല്‍ഹിയിലെ റോഡരികില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടത്തിയ വിശ്വാസികള്‍ക്കു നേരെ അക്രമം നടത്തിയ പൊലീസുകാരനെതിരെ നടപടി. പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശിച്ചു. നമസ്‌കരിച്ചവരെ ചവിട്ടുകയും അടിയ്ക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.
◾ മഹാശിവരാത്രി റാലിക്കിടെ 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. 2 കുട്ടികളുടെ നില അതീവ ഗുരുതരമാണ്. രാജസ്ഥാനിലെ കോട്ടയില്‍ നടന്ന റാലിയ്ക്കിടെയാണ് സംഭവം. റാലിക്കിടെ കുട്ടികളില്‍ ഒരാളുടെ കൈയിലിരുന്ന 20 അടി നീളം വരുന്ന പൈപ്പ് വൈദ്യൂതി ലൈനില്‍ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്
◾ ആന്ധ്രപ്രദേശില്‍ തെലുഗുദേശം പാര്‍ട്ടി, ജനസേന പാര്‍ട്ടി എന്നിവയുമായി സഖ്യത്തിലേര്‍പ്പെട്ട് ബി.ജെ.പി.. സംസ്ഥാനത്ത് ബി.ജെപിയുമായി സഖ്യമുണ്ടാക്കിയെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തങ്ങള്‍ തൂത്തുവാരുമെന്നും ചന്ദ്രബാബു നായിഡു അവകാശപ്പെട്ടു.
◾ കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം. ഹാസന്‍ ജില്ലയിലെ വിദ്യാ സൗധ കോളേജിലെ ക്ലാസ് മുറിയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥിനി എത്തിയതിന് പിന്നാലെ, ചില വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധിച്ചു.
◾ പശ്ചിമ ബംഗാളില്‍ ഈ വര്‍ഷത്തെ രാമ നവമിക്ക് പൊതു അവധി. ഇത് ആദ്യമായാണ് രാമ നവമിക്ക് ബംഗാള്‍ സര്‍ക്കാര്‍ ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നത്. ഏപ്രില്‍ 17നാണ് രാമ നവമി. ഇന്നലെ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് മുന്നോടിയായാണ് മമത സര്‍ക്കാരിന്റെ പ്രഖ്യാപനം.
◾ ബിഇഎംഎല്‍ നിര്‍മ്മിക്കുന്ന വയര്‍ലെസ് നിയന്ത്രണ സംവിധാനമടക്കമുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ എത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സ്ലീപ്പര്‍ പ്രോട്ടോടൈപ്പിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റ്യാന പിസ്‌കോവക്ക് ലോകസൗന്ദര്യ കിരീടം. ലോകത്തിലെ 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ തവണ മിസ് വേള്‍ഡായ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റ്യാനയെ കിരീടമണിയിച്ചു. രണ്ടാം സ്ഥാനം മിസ് ബോട്‌സ്വാന ലെസെഗോ ചോംബോ സ്വന്തമാക്കി. മിസ് ലെബനന്‍ യാസ്മിന്‍ സൈതൗണിനാണ് മൂന്നാം സ്ഥാനം. മിസ് ഇന്ത്യ സിനി ഷെട്ടിക്ക് അവസാന എട്ടില്‍ ഇടം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു.
◾ സന്തോഷ് ട്രോഫി സര്‍വീസസിന്. ഫൈനലില്‍ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സര്‍വീസസ് പരാജയപ്പെടുത്തിയത്. സര്‍വീസസിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്.
◾ വനിതാ ഐപിഎല്ലില്‍ ഗുജറാത്ത് ജെയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 19.4 പന്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 പന്തില്‍ പുറത്താവാതെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നേടിയ 95 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിനെ ജയത്തിലേക്ക് നയിച്ചത്.
◾ 2022ല്‍ മൂല്യത്തിന്റെ 64 ശതമാനം നഷ്ടപ്പെട്ടതിന് ശേഷം ശക്തമായ തിരിച്ചുവരവുമായി ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍. ബിറ്റ്കോയിന്റെ വില ആദ്യമായി 70,000 കടന്ന് ഒരു ഘട്ടത്തില്‍ 70,170.00 ഡോളറായി ഉയര്‍ന്നു. യു.എസ് സ്റ്റോക്ക് മാര്‍ക്കറ്റ് തുറന്ന സമയത്താണ് ഉയര്‍ച്ച ആരംഭിച്ചത്. രണ്ട് വര്‍ഷത്തിനിടെ ഫെബ്രുവരി 13നാണ് ബിറ്റ്‌കോയിന്‍ വില ആദ്യമായി 50,000 ഡോളര്‍ കൈവരിച്ചത്. 2021 നവംബര്‍ 12നാണ് 68,789 എന്ന എക്കാലെത്തെയും ഉയര്‍ന്ന വിലയിലേക്ക് ബിറ്റ്‌കോയിന്‍ എത്തിയത്. നിലവില്‍ 68,435.50 ഡോളറാണ് ബിറ്റ്‌കോയിന്റെ വില. പുതുവര്‍ഷത്തില്‍ ബിറ്റ്കോയിന്റെ വില ഉയര്‍ന്നു വരികയാണ്. 2024ല്‍ ഇതുവരെ ബിറ്റ്കോയിന് സ്റ്റോക്കുകള്‍, സ്വര്‍ണം തുടങ്ങിയ പരമ്പരാഗത ആസ്തികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവക്കാനായി. യു.എസ് സപോട്ട് ബിറ്റ്കോയിന്‍ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്) പുറത്തിറക്കിയതും ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ബിറ്റ്‌കോയിന്‍ വില ഉയരാന്‍ കാരണമായി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോടിക്കണക്കിന് ഡോളര്‍ ഇ.ടി.എഫുകളിലേക്ക് ഒഴുകിയിരുന്നു. എതെറിയം ബ്ലോക്ക്ചെയിന്‍ നെറ്റ്വര്‍ക്കിലേക്കുള്ള നവീകരണവും വളര്‍ച്ചയെ പിന്തുണച്ചു. ബിറ്റ്‌കോയിന്റെ സമീപകാല വളര്‍ച്ച മറ്റ് ക്രിപ്‌റ്റോകറന്‍സികളിലുള്ള വിശ്വാസവും വര്‍ധിച്ചു. പ്രത്യേകിച്ച് ക്രിപ്‌റ്റോകറന്‍സിയായ ഈഥറിന്റെ കാര്യം. മൊത്തം വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ബിറ്റ്‌കോയിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഈഥര്‍. ഈഥര്‍ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇതുവരെ 60 ശതമാനത്തിലധികം ഉയര്‍ന്നു.
◾ ഇന്ത്യന്‍ സിനിമയില്‍ അമ്പരപ്പിക്കുന്ന ഒരു അനുഭവമാകാന്‍ 'ആടു ജീവിതം'. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി ഒരുക്കുന്ന ആടു ജീവിതത്തിന്റെ ട്രെയിലര്‍ റിലീസായി. ബന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. 2018ല്‍ ആരംഭിച്ച ആടു ജീവിതത്തിന്റെ ചിത്രീകരണം എട്ട് വര്‍ഷത്തോളം തുടര്‍ന്നു. കഴിഞ്ഞ ജൂലായ് 14നാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബ് ആകുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. നജീബായി നിറഞ്ഞാടുകയാണ് പൃഥ്വിരാജ്. ആടുജീവിതം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജിമ്മി ജീന്‍ ലൂയിസ്, റിക് അബി, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. സുനില്‍ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.
◾ ഈ വേനല്‍ കാലത്ത് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്റെ 'കോപ്പ് അങ്കിള്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ധ്യാന്‍ ശ്രീനിവാസനും വസിഷ്ഠും (മിന്നല്‍ മുരളി ഫെയിം) ആണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അടിമുടി ഒരു ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്നര്‍ ആണെന്നാണ് പോസ്റ്റര്‍ കാണുമ്പോള്‍ ലഭിക്കുന്ന സൂചന. 'കോപ് അങ്കിളി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലും ഇപ്പോള്‍ വൈറലാണ്. സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വര്‍ഗ്ഗീസ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ദേവിക എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോര്‍പറേഷനും നെക്സ്റ്റല്‍ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രം ഒരുക്കുന്നത്. സന്ദീപ് നാരായണ്‍, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവരാണ് നിര്‍മ്മാണം. പയസ് തോമസ്, നിതിന്‍ കുമാര്‍ എന്നിവരാണ് കോപ്രൊഡ്യൂസര്‍മാര്‍.
◾ ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കാവസാക്കി മോട്ടോര്‍ തങ്ങളുടെ ലൈനപ്പിലുടനീളം തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് പ്രത്യേക കിഴിവുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് 31 വരെ ലഭ്യമാകുന്ന 60,000 രൂപ വരെ കിഴിവുകളാണ് കവാസാക്കി ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. കവാസാക്കി നിഞ്ച 400, കവാസാക്കി വെര്‍സിസ് 650, കവാസാക്കി വള്‍ക്കന്‍ എസ്, കവാസാക്കി നിഞ്ച 650 മോഡലുകള്‍ക്ക് ഈ കിഴിവുകള്‍ ബാധകമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇരട്ട സിലിണ്ടര്‍ മോഡലുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിലക്കുറവ്. കവാസാക്കി നിഞ്ച 650-ന് 30,000 രൂപയുടെ ഏറ്റവും ചെറിയ കിഴിവ് ലഭിക്കുന്നു. കവാസാക്കി നിഞ്ച 400ന് 40,000 രൂപ കിഴിവില്‍ ലഭ്യമാണ്. കവാസാക്കി വേര്‍സിസ് 650ന് 45,000 രൂപ കിഴിവോടെയാണ് വാഗ്ദാനം ചെയ്യുന്നത്. കാവസാക്കി വള്‍ക്കന്‍ എസ് ഏറ്റവും ഉയര്‍ന്ന കിഴിവ് 60,000 രൂപയില്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങള്‍, ഡീലര്‍ഷിപ്പുകള്‍, വേരിയന്റുകള്‍, സ്റ്റോക്ക്, നിറം, വേരിയന്റ് തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ഈ ഓഫര്‍ വ്യത്യാസപ്പെടാം. കവാസാക്കി ഇന്ത്യ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായ മൈ2023 മോഡലുകളുടെ അവസാന സ്റ്റോക്കുകള്‍ക്ക് മാത്രമാണ് ഈ കിഴിവുകള്‍ ബാധകമാകുക.
◾ പൂക്കളെ ഇഷ്ടപ്പെടുന്ന പ്രാവുകളോട് വര്‍ത്തമാനം പറയുന്ന തേനീച്ചകളോട് വര്‍ത്തമാനം പറയുന്ന തേനീച്ചകളെ ഉപദ്രവിക്കാത്ത പല്ലികളെ തട്ടിത്താഴെയിടാത്ത ഡാനി വളര്‍ന്നു വലുതായി ജോലി കിട്ടി വിദേശത്തു പോയി. എന്നിട്ടും അടച്ചിട്ട് സുന്ദരം വീട് അവന്റെ പാവകളും ജീവജാലങ്ങളും ചേര്‍ന്ന് അതിസുന്ദരമാക്കിക്കൊണ്ടേയിരുന്നു. അസാധാരണമായ ഒരു ഫാന്റസി നോവല്‍. 'സുന്ദരം വീട്ടിലെ വിശേഷങ്ങള്‍'. പ്രിയ എ എസ്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 82 രൂപ.
◾ ശരീരത്തിന്റെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോക്സിന്‍, ട്രൈയോഡോ തൈറോനിന്‍ എന്നീ ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇന്ത്യയില്‍ എല്ലാ പ്രായക്കാരിലും തൈറോയ്ഡ് രോഗങ്ങള്‍ സര്‍വസാധാരണമാണ്. 10 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളിലും ഒരു തൈറോയ്ഡ് രോഗി വീതമെങ്കിലുമുണ്ടാകുമെന്നാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പറയുന്നത്. ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗാവസ്ഥകള്‍ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്. തൈറോയ്‌സ് ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവ് കൂടിയാലോ കുറഞ്ഞാലോ ആണ് രോഗങ്ങള്‍ ഉണ്ടാകുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 11 ശതമാനം പേരെയും ഹൈപ്പോതൈറോയ്ഡിസം ബാധിക്കുന്നതായി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഭക്ഷണശീലങ്ങള്‍, മാനസിക സമ്മര്‍ദ്ദം, പാരമ്പര്യം ഇവയെല്ലാം തൈറോയ്ഡ് രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണ്. പുരുഷന്മാരെ സംബന്ധിച്ച് സ്ത്രീകളിലാണ് തൈറോയ്ഡ് രോഗങ്ങള്‍ വരാന്‍ സാധ്യത. ആര്‍ത്തവവിരാമത്തിലും ഗര്‍ഭകാലത്തുമെല്ലാം സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനാലാണിത്. കൃത്യമായ ഇടവേളകളില്‍ തൈറോക്സിന്‍, ട്രൈയോഡോ തൈറോനിന്‍, തൈറോയ്ഡ് സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണ്‍ ഇവ അളക്കാന്‍ രക്തപരിശോധന നടത്തണം. ഇത് അസ്വാഭാവികമായെന്തെങ്കിലും ഉണ്ടെങ്കില്‍ തിരിച്ചറിയാന്‍ സഹായിക്കും. ടിഎസ്എച്ച് ന്റെ അളവ് കൂടുന്നത് ഹൈപ്പോതൈറോയ്ഡിസം കുറയുന്നത്, ഹൈപ്പര്‍ തൈറോയ്ഡിസം സമയത്ത് രോഗനിര്‍ണയം നടത്താന്‍ പതിവായ ആരോഗ്യപരിശോധനകള്‍ നടത്തണം.
*ശുഭദിനം*
അയാള്‍ ഒരു ആല്‍ത്തറയില്‍ കിടക്കുകയായിരുന്നു. ഒരു കോട്ടുവാ ഇട്ടസമയത്ത് ഒരു തൂവല്‍ അയാളുടെ വായില്‍ വന്ന് വീണു. കുറച്ച് നേരം ശ്രമിച്ചതിന് ശേഷമാണ് തൂവല്‍ വായില്‍ നിന്നുമെടുത്തത്. അതാണെങ്കില്‍ അപൂര്‍വ്വയിനം പക്ഷിയുടെ തൂവലായിരുന്നു. വിവരം അയാള്‍ ഭാര്യയോട് പറഞ്ഞു. തൂവല്‍ വായില്‍ വീഴുന്നത് ഒരു ദുഃശ്ശകുനമായാണ് കണക്കാക്കുക. അതുകൊണ്ട് നീയിത് ആരോടും പറയരുത്.. ഭാര്യ പക്ഷേ, തന്റെ അടുത്ത കൂട്ടുകാരിയോട് ഇതാരോടും പറയരുത് എന്ന മുഖവുരയോടെ കാര്യം അവതരിപ്പിച്ചു. അയല്‍ക്കാരി ഇതു തന്റെ ഭര്‍ത്താവിനോട് പറഞ്ഞു: അറിഞ്ഞോ, ഒരു പക്ഷിയുടെ ചിറകാണ് അയാളുടെ വായില്‍ നിന്നും കിട്ടിയത്.. ഭര്‍ത്താവ് അത് തന്റെ സുഹൃത്തിനോട് ഈ വിവരം പറഞ്ഞു,. സുഹൃത്ത് നാട്ടിലെ മറ്റൊരു സുഹൃത്തിനോട് പറഞ്ഞത് പക്ഷേ ഇങ്ങനെയായിരുന്നു: അയാളുടെ വായില്‍ നിന്നും പക്ഷി പുറത്തുവന്നു.. ഒരാഴ്ചയ്ക്കുളളില്‍ അയാളുടെ വായില്‍ നിന്നും ധാരാളം പക്ഷികള്‍ പുറത്തേക്കുവരുന്നതായി വാര്‍ത്ത പരന്നു.. ആളുകളെല്ലാം ആ കാഴ്ചകാണാന്‍ വന്നെത്തി. ഒടുവില്‍ അയാള്‍ നാടുവിട്ടു.. സ്വയം സൂക്ഷിക്കാനാകാത്ത ഒരു കാര്യവും മറ്റൊരാള്‍ സൂക്ഷിക്കില്ല. എല്ലാ വാര്‍ത്തകളും ആദ്യം പുറത്ത് വരുന്നത് അത് അനുഭവിച്ചതോ അറിഞ്ഞതോ ആയ ആളില്‍ നിന്നാണ്. ആദ്യത്തെയാള്‍ വിളിച്ചുപറയുന്നതിലൂടെ അയാള്‍ക്ക് ലഭിക്കുന്ന ആത്മസുഖമാണ് പടന്നുപന്തലിക്കുന്ന ഓരോ വാര്‍ത്തയുടേയും അടിസ്ഥാനം. ഒരു കാര്യം രഹസ്യമാക്കിവെക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അത് ആരോടും പറയാതിരിക്കാന്‍ ശീലിക്കുക.. ആദ്യം കണ്ടത്, ആദ്യം കേട്ടത് തുടങ്ങിയ ഉറവിടവകാശവാദത്തില്‍ നിന്നും ലഭിക്കുന്ന സംതൃപ്തിയെ മറികടക്കാന്‍ ശീലിക്കുക.. - *ശുഭദിനം.*