മുംബൈ: രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകൾ പൂര്‍ണമായും ഓര്‍മ്മയാകുന്നു. വിനിമയത്തിലുണ്ടായിരുന്ന 97.62 ശതമാനം നോട്ടുകളും റിസര്‍വ് ബാങ്കിൽ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിൻ്റെ നോട്ടുകളിൽ ഇനി തിരിച്ചെത്താനുള്ളത് 8,470 കോടിയുടെ നോട്ടുകൾ മാത്രമാണ്. ഇന്നലെ വരെ തിരിച്ചെത്തിയ നോട്ടുകളുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ വിനിമയത്തിലുള്ള രണ്ടായിരം രൂപ നോട്ടുകളുടെ നിയമ പ്രാബല്യം തുടരും. മെയ് 19 നാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്. റിസർവ് ബാങ്കിന്റെ ക്ലീൻ നോട്ട് പോളിസി പ്രകാരമായിരുന്നു തീരുമാനം.നോട്ടുനിരോധനത്തെ തുടർന്നാണ് 2000 രൂപ നോട്ട് വിനിമയത്തിൽ വന്നത്. അന്ന് വിനിമയത്തിലുണ്ടായിരുന്ന 500 ന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ച ശേഷമായിരുന്നു രാജ്യത്തെ ഏറ്റവും വലിയ കറൻസിയുടെ അവതരണം. വലിയ അഭ്യൂഹങ്ങളും പ്രതീക്ഷകളുമാണ് 2000 രൂപയെ കുറിച്ച് പ്രചരിച്ചത്. ചിപ്പുള്ള നോട്ടാണ് 2000 രൂപ കറൻസിയെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കള്ളപ്പണം തടയാനും ഭീകരവാദത്തിന് ഫണ്ടിങ് തടയാനും സഹായകരമാകുന്ന അതിനൂതനമായ സാങ്കേതിക വിദ്യയുള്ളതാണ് നോട്ടെന്നും പ്രചരിച്ചു. നോട്ട് ഇരിക്കുന്ന സ്ഥലം വരെ ട്രാക്ക് ചെയ്യാമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇതിനൊന്നും ഔദ്യോദിക സ്ഥിരീകരണമുണ്ടായിരുന്നില്ല. വ്യാജനോട്ടുകളുടെ വിതരണം തടയാൻ സാധിക്കുമെന്നും അവകാശവാദമുയർന്നു. അങ്ങനെ വലിയ രീതിയിൽ കൊട്ടിഘോഷിച്ചാണ് 2000 രൂപയുടെ നോട്ട് പുറത്തിറങ്ങിയത്.
ചില്ലറ മാറ്റിക്കിട്ടുന്നതായിരുന്നു ആദ്യം നേരിട്ട പ്രതിസന്ധി. 2000 രൂപയുടെ നോട്ടുമായി എത്തിയവര്‍ക്ക് ചില്ലറ കിട്ടിയില്ല. 500, 200 രൂപയുടെ നോട്ടുകൾ വ്യാപകമായതോടെയാണ് ഈ പ്രശ്നം പരിഹാരിച്ചത്. പതിയെ 2000 രൂപയുടെ നോട്ടിനോട് റിസർവ് ബാങ്കിനും കേന്ദ്ര സർക്കാറിനും താത്പര്യം കുറഞ്ഞു. ഇതിനിടെ 2000 നോട്ടിന്റെ വ്യാജ പതിപ്പ് പലയിടത്ത് നിന്നും ഇതിനിടെ പിടികൂടിയിരുന്നു. 2000 രൂപ സാധാരണ നോട്ട് മാത്രമാണെന്ന് ബോധ്യപ്പെട്ടു. പതിയെ പതിയെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് നടപടി തുടങ്ങി. പുതിയ നോട്ടുകൾ അച്ചടിക്കുന്നത് ഘട്ടംഘട്ടമായി നിർത്തിയാണ് റിസർവ് ബാങ്ക് ഒടുവിൽ പൂർണമായ പിൻവലിക്കലിലേക്കെത്തിയത്.