തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചു. മുഖത്തും കൈകളിലും കാലുകളിലും ഗുരുതര പരിക്കാണ് യുവാവിന് സംഭവിച്ചിരിക്കുന്നത്.യുവാവിന്റെ കൈക്കും കാലിനും ഒടിവുണ്ട്. മുഖത്ത് ഗുരുതര പരിക്ക് ആണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് രണ്ടരയോടെ ആണ് സംഭവം നടന്നത്. കാട്ടാക്കട പാലേലിയിലുള്ള ക്വാറിയിൽ പാറ എടുക്കാൻ പോയ ടിപ്പർ ആണ് സ്കൂട്ടറിൽ ഇടിച്ചത്. സ്കൂട്ടർ, ടിപ്പർ എന്നിവ സമാന്തരമായി പോകുകയായിരുന്നു. ഇതിനിടെ പലേലി റോഡിലേക്ക് ടിപ്പർ തിരിക്കവെ വശത്ത് കൂടെ വന്ന സ്കൂട്ടറിനെ ഇടിച്ചിട്ടു. ശരീരമാസകലം പരിക്കേറ്റ പെയാട് സ്വദേശിയെ നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം പനവിള ജംഗ്ഷനിലുണ്ടായ ടിപ്പർ അപകടത്തിൽ അധ്യാപകന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർത്ഥിയായ അനന്തു മരിച്ചത് രണ്ടാഴ്ചക്ക് മുമ്പായിരുന്നു. തലസ്ഥാനത്ത് ടിപ്പർ അപകടങ്ങൾ പതിവായിരിക്കുകയാണ്. നഗരത്തിൽ ടിപ്പറിന് നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷവും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.