വീടുകൾ തോറും ഇങ്ങനെ പഴയ സാധനങ്ങൾ എടുക്കുന്നതിനായി ചെറിയ ഗുഡ്സ് വാഹനങ്ങളുമായി വരുന്ന ആളുകളെ കാണാൻ കഴിയും.ഇത്തരക്കാർക്കോ മറ്റു ആക്രി കച്ചവടക്കാർക്കോ നമ്മുടെ വീട്ടിലുള്ള പഴയ തുരുമ്പ് പിടിച്ച വാഹനങ്ങൾ നിങ്ങൾ നൽകാറുണ്ടോ?
തുച്ഛമായ വിലക്ക് ഇത്തരം വണ്ടികൾ നൽകുമ്പോൾ അതിൻ്റെ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൃത്യമായി ക്യാൻസൽ ചെയ്തതിനു ശേഷമാണോ നിങ്ങൾ വിൽക്കാറുള്ളത്. ?
സാധ്യത ഇല്ല അല്ലെ ?
മോട്ടോർ വാഹന നിയമപ്രകാരം നമ്മുടെ പഴയ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്ത് ആർസി ക്യാൻസൽ ചെയ്തില്ലെങ്കിൽ ഒരു പക്ഷേ നിങ്ങൾ വലിയ ഒരു പ്രശ്നത്തിലേക്ക് ചെന്ന് ചാടിയേക്കാം. നിങ്ങളുടെ ആ വാഹനം റിപ്പയർ ചെയ്ത് മറ്റാരെങ്കിലും ഉപയോഗിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാലോ, മറ്റേതെങ്കിലും ക്രിമിനൽ കുറ്റകൃത്യത്തിനുപയോഗിച്ചാലോ എല്ലാ ഉത്തരവാദിത്തവും വാഹന ഉടമ എന്ന നിലയിൽ നിങ്ങൾക്കായിരിക്കും. (വണ്ടി കൃത്യമായി കൈമാറി ഉടമ സ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്നമുണ്ടാവും.) മാത്രമല്ല സമയാ സമയത്ത് സർക്കാരിലേക്ക് അടക്കേണ്ടതായ നികുതി ഒരു ബാധ്യതയായി നിങ്ങളുടെ മുന്നിലെത്താനും ഇത് വഴിവെക്കും.
ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിച്ചു കളയാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ആ വിവരം കാണിച്ച് ബന്ധപ്പെട്ട RT0/JRTO ഓഫീസിൽ ഒരു അപേക്ഷ നൽകുക. സർക്കാരിലൊടുക്കേണ്ട ഏതെങ്കിലും നികുതി, പിഴ തുടങ്ങിയവ ഉണ്ടെങ്കിൽ അവ ഒടുക്കി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ അറിയിച്ച് വാഹനം പൊളിച്ച് അതിൻ്റെ ചേസിസ് നമ്പർ എഞ്ചിൻനമ്പർ എന്നിവ കട്ട് ചെയ്ത് ബോധ്യപ്പെടുത്തിയതിനു ശേഷം, ആ ഉദ്യോഗസ്ഥൻ പ്രസ്തുത വാഹനം ഈ തീയതിയിൽ പൊളിച്ചു കളഞ്ഞു എന്ന് റിപ്പോർട്ട് ചെയ്താൽ മാത്രമേ നിയമപരമായി നിങ്ങളുടെ വാഹനത്തിൻ്റെ റെജിസ്ട്രേഷൻ ക്യാൻസൽ ആവുകയുള്ളൂ.