പേടിഎം ബാങ്കിംഗ് ആപ്പിന് എതിരെ അന്വേഷണം

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ പേടിഎം ബാങ്കിംഗ് ആപ്പിന് എതിരെ അന്വേഷണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അന്വേഷണം നടത്തുക.
പേയ്‌മെന്റ് ബാങ്കിന്റെ മറവില്‍ വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചുവെന്നതും കള്ളപ്പണം വെളുപ്പിച്ചുവെന്നതുമാണ് പേടിഎം നേരിടുന്ന ആരോപണം. ഫെമ ലംഘനങ്ങളില്‍ പേടിഎം പേയ്മെന്റ് ബാങ്കും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.


പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നേരത്തെ ഉത്തരവിറക്കിയിയിരുന്നു. 2024 ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിര്‍ത്താനാണ് ആര്‍ബിഐ നിര്‍ദേശം. എല്ലാവിധ പണമിടപാടുകളും ഡിജിറ്റലായി മാറിയ കാലത്ത് ഇന്ത്യയില്‍ കോടിക്കണക്കിനാളുകള്‍ ആശ്രയിക്കുന്ന യുപിഐ ആപ്പാണ് പേടിഎം.


2024 ഫെബ്രുവരി 29 മുതല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുത്, പേടിഎം ബാങ്കിന്റെ അക്കൗണ്ടില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വാലറ്റുകള്‍ ടോപ്അപ് ചെയ്യുകയോ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് ആര്‍.ബി.ഐ മുന്നോട്ടുവെച്ചത്. എന്നാല്‍, പേടിഎം യൂസര്‍മാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സ്ഥാപകന്‍ വിജയ് ശേഖര്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 29 ന് ശേഷവും പേടിഎം ആപ്പ് സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.