കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ചേങ്കോട്ടുകോണം സർക്കാർ എൽ.പി സ്‌കൂളിൽ പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് വർണ്ണക്കൂടാരത്തിലൂടെ സർക്കാരിന്റെ ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു.
സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ -പ്രൈമറി വർണ്ണക്കൂടാരം നിർമിക്കുന്നത്.
പ്രീ പ്രൈമറി രംഗത്ത് വിശാലവും ശിശു സൗഹൃദവും ശാസ്ത്രീയവുമായ പ്രവർത്തന ഇടങ്ങളാണ് സ്‌കൂളിൽ ഒരുക്കുന്നത്. നിർമാണയിടം, കളിയിടം, വർണ്ണയിടം, ഭാഷായിടം, വരയിടം, ഗണിതയിടം, ഹരിതയിടം, കരകൗശലയിടം തുടങ്ങി പരിശീലനങ്ങൾക്ക് പതിമൂന്ന് ഇടങ്ങൾ ഒരുക്കും.