കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിലെ നവീകരിച്ച ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക് കടകംപള്ളി സുരേന്ദ്രൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ഏറെ സവിശേഷതയുള്ള ആരോഗ്യ കേന്ദ്രമാണ് പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം. ദിവസേന നൂറ് കണക്കിന് രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്. ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനമികവാണ് പാങ്ങപ്പാറ ഹെൽത്ത് സെന്ററിന്റെ വിജയമെന്ന് എം.എൽ.എ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപയും ലയൺസ് ക്ലബ് സമാഹരിച്ചു നൽകിയ 3.60 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇമ്മ്യൂണൈസേഷൻ ക്ലിനിക്കിന്റെ നവീകരണം പൂർത്തിയാക്കിയത്. വിശ്രമമുറി, നവീകരിച്ച നിരീക്ഷണ മുറി എന്നിവയ്ക്കൊപ്പം എയർപോർട്ട് ചെയർ, അക്വാറിയം, 65 ഇഞ്ച് എൽ.ഇ.ഡി ടി.വി, കിഡ്സ് കോർണർ, വാട്ടർ പ്യൂരിഫയർ, ഇഞ്ചക്ഷൻ ചെയർ തുടങ്ങിയ സൗകര്യങ്ങളാണ് കുട്ടികളുടെ ഇമ്മ്യൂണൈസേഷൻ ക്ലിനിക്കിൽ ഒരുക്കിയിരിക്കുന്നത്.
പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ നടന്ന ചടങ്ങിൽ ശ്രീകാര്യം വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് അധ്യക്ഷത വഹിച്ചു. ഡോ. മിനി എസ്. എസ്, ഡോ. ആർ. ശ്രീജിത്ത്, ലയൺ ഇന്റർനാഷണൽ ക്യാബിനറ്റ് സെക്രട്ടറി വി. എം പ്രദീപ് എന്നിവരും പങ്കെടുത്തു.