കല്യാണ സാരിയിൽ പ്രശാന്തിനൊപ്പം നിൽക്കുന്ന വിവാഹ ചിത്രവും ഇന്ന് വിക്രം സാരാഭായി സ്പേസ് സെന്ററിൽ പ്രശാന്തിനൊപ്പമുള്ള ചിത്രവും ലെന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. രചന നാരായണൻകുട്ടി, രാധിക, മീര നന്ദൻ അടക്കമുള്ള താരങ്ങൾ ലെനയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.
ഗഗൻയാൻ ദൗത്യത്തിൽ ഒരു മലയാളി കൂടിയുണ്ടാകുമെന്ന് അറിയിപ്പ് വന്നിരുന്നെങ്കിലും ആരാണ് അതെന്ന് ഇന്ന് രാവിലെ വരെ അഞ്ജാതമായിരുന്നു. വിക്രം സാരാഭായി സ്പേസ് സെന്ററിൽ വച്ച് ഉച്ചയോടെ പ്രധാനമന്ത്രിയാണ് പേരുകൾ പ്രഖ്യാപിച്ചത്. പ്രശാന്ത് കൃഷ്ണൻ നായർ എന്ന് പേര് വന്നതോടെ ആരാണ് പ്രശാന്ത് എന്നും ഏത് നാട്ടുകാരനാണെന്നുമൊക്കെ തിരഞ്ഞുതുടങ്ങി മലയാളികൾ. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ.
നെന്മാറ സ്വദേശി വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ് പ്രശാന്ത്. പാലക്കാട് അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാഡമിയിൽ ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യു.എസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽനിന്ന് ഒന്നാം റാങ്കോടെയാണ് അദ്ദേഹം ബിരുദം നേടിയത്. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് സ്വോർഡ് ഓഫ് ഓണറും സ്വന്തമാക്കി.