ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗ് ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ പേസറും സ്വന്തമാക്കാത്ത ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് ബുമ്ര ഇന്ന് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തി നടത്തിയ മിന്നുന്ന പ്രകടനമാണ് ബുമ്രയെ കരിയറില്‍ ആദ്യമായി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ആര്‍ അശ്വിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബുമ്ര ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാമ് റാങ്കിംഗില്‍ രണ്ടാമത്. കരിയറില്‍ മൂന്നാം സ്ഥാനത്ത് എത്തിയതായിരുന്നു ഇതിന് മുമ്പത്തെ ബുമ്രയുടെ ഏറ്റവും മികച്ച റാങ്കിംഗ്. ഒന്നാം സ്ഥാനത്ത് ബുമ്രക്ക് 881 റേറ്റിംഗ് പോയന്‍റുള്ളപ്പോള്‍ റബാഡക്ക് 851ഉം രണ്ട് സ്ഥാനം താഴേക്കിറങ്ങിയ അശ്വിന് 841 ഉം റേറ്റിംഗ് പോയന്‍റാണുള്ളത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ അശ്വിന് വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല. ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് ഒരു സ്ഥാനം ഇറങ്ങി നാലാമതാണ്.ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിച്ചില്ലങ്കിലും ബാറ്റിംഗ് റാങ്കിംഗില്‍ ഒരു സ്ഥാനം ഇറങ്ങിയ ഇന്ത്യയുടെ വിരാട് കോലി ഏഴാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലുള്ള ഏക ബാറ്ററും കോലിയാണ്. ഒന്നര വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത റിഷഭ് പന്താണ് രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബാറ്റര്‍. പന്ത്രണ്ടാമതാണ് റിഷഭ് പന്ത്. ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പതിമൂന്നാം സ്ഥാനത്താണ്.