നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ കാരാന്തല സ്മാർട്ട് അങ്കണവാടിയുടെയും, സൗജന്യ കുടിവെള്ള കണക്ഷന്റെയും എം.എൽ.എ ഫണ്ട് വിനിയോഗിച്ചു നിർമ്മിച്ച വിവിധ റോഡുകളുടെയും ഉദ്ഘാടനം നിർവഹിച്ച് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭാ പ്രദേശങ്ങളിലായി സർക്കാരിന്റെ 57 വികസന- ക്ഷേമ പദ്ധതികളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മറ്റൊരു സർക്കാരിനും സ്വപ്നം കാണാൻ കഴിയാത്ത വികസന മുന്നേറ്റമാണിത്. ഏറ്റവും ചെറിയ പ്രായം മുതൽ കുഞ്ഞുങ്ങൾ എല്ലാ സൗകര്യങ്ങളോടുകൂടിയും വളരണം എന്നുള്ളത് കൊണ്ടാണ് അങ്കണവാടികളും സ്മാർട്ട് ആക്കുന്നത്. സ്മാർട്ട് അങ്കണവാടികൾക്കായി 60 ലക്ഷം രൂപയാണ് നെടുമങ്ങാട് നഗരസഭ വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കാരാന്തല അങ്കണവാടി കൂടി സ്മാർട്ട് ആയതോടെ നഗരസഭയിലെ 59 അങ്കണവാടികളിൽ 25 ഉം സ്മാർട്ട് ആയി. നഗരസഭയുടെ അമൃത് പദ്ധതി പ്രകാരം വിവിധ പ്രദേശങ്ങളിലായി പൈപ്പ് ലൈൻ നീട്ടലിനും സൗജന്യ കുടിവെള്ള കണക്ഷനുമായി 10 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്ത രണ്ട് റോഡുകളിൽ മഞ്ച - പെരിമല റോഡ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ദർശന - വാളിക്കോട് റോഡ് 20 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മാണം പൂർത്തിയാക്കി.