തിരുവനന്തപുരം: നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി തോക്കുമായി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി. അക്ഷരാർത്ഥത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ഞെട്ടിച്ച സംഭവം ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് നടന്നത്. നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയായ കല്ലമ്പലം സ്വദേശി സതീഷ് സാവണാണ് തോക്കുമായി മെഡിക്കൽ കോളേജിനുള്ളിൽ കയറിയത്. ശേഷം ഇയാൾ അത്യാഹിത വിഭാഗത്തിനുളളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് സുരക്ഷാ ജീവനക്കാർ ഇടപെട്ടതോടെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ സുരക്ഷാ ജിവനക്കാരുടെ പിടിയിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെട്ടു.