നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ നിര്‍ദേശം. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറേണ്ടത്. നടിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. റിപ്പോര്‍ട്ട് ലഭിക്കാത്തത് ചോദ്യം ചെയ്തുള്ള നടിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. പകര്‍പ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.


ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുവെങ്കിലും അതിജീവിതയുടെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി നേരത്തെ നിഷേധിച്ചിരുന്നു ഇതിന് പിന്നാലെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സെഷന്‍സ് ജഡ്ജി നടത്തുന്ന അന്വേഷണത്തിനിടെയുള്ള ആവശ്യങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് വിചാരണ സമയത്തും അതിന് മുന്‍പും മൂന്ന് തവണയാണ് പരിശോധിക്കപ്പെട്ടത്. ഇത് മൂന്നും രാത്രികാലത്തായിരുന്നു എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതും അന്വേഷണത്തിന് ഉത്തരവിട്ടതും.