കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഗവ.വനിതാ ഐ.ടി.ഐ ക്യാമ്പസ്സിൽ നിർമിച്ച ഹോസ്റ്റൽ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. വൈദഗ്ധ്യവും ശാക്തീകരണവുമുള്ള ഒരു തൊഴിൽ ശക്തിയെ രൂപപ്പെടുത്തുന്നതിൽ സ്യൂട്ട് കേരള പ്രതിജ്ഞാബദ്ധമാണെന്നും സ്ത്രീകൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ സജീവമായി പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനും ഇത്തരത്തിലുള്ള സംരംഭങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്‌ട്രക്ടർമാർക്കൊപ്പം വിദ്യാർത്ഥിനികൾക്കും ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടാനുള്ള സൗകര്യം ചെയ്യണമെന്ന് വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നല്കി.
2022-23 പരിശീലന വർഷത്തിൽ മാത്രം 2557 പേർക്ക് നേട്ടമുണ്ടാക്കിക്കൊണ്ട്, ഗണ്യമായ എണ്ണം ജീവനക്കാരെ ഇൻസ്റ്റിറ്റ്യൂട്ട് വിജയകരമായി പരിശീലിപ്പിച്ചിട്ടുണ്ട്. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ അപ്ഡേറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡസ്ട്രിയൽ ട്രെയ്നിംഗ് (സ്യൂട്ട്-കേരള) കേരളത്തിലെ ഐ.ടി.ഐ ഇൻസ്ട്രക്ടർമാർക്കായി അത്യാധുനിക സാങ്കേതിക വിദ്യകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി സമഗ്ര പരിശീലനം നൽകിവരുന്നുണ്ട്. പരിശീലനത്തിന് വരുന്ന വനിതാ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി 2.10 കോടി രൂപ ചെലവഴിച്ചാണ് ഹോസ്റ്റൽ മന്ദിരം നിർമിച്ചിരിക്കുന്നത്. സ്കിൽ അപ്ഡേറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് തയ്യാറാക്കിയ പ്ലാൻ പ്രകാരം കെട്ടിടത്തിന് 256.70 ചതുരശ്ര മീറ്റർ വീതം വിസ്തീർണമുള്ള മൂന്ന് നിലകൾ ഉൾപ്പെടെ ആകെ 770.10ചതുരശ്ര മീറ്റർ വിസ്തീർണമാണുള്ളത്.
ഹോസ്റ്റൽ മന്ദിരത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ വരാന്ത, ലോബി, വാർഡൻ റൂം, രണ്ട് ഡോർമെട്രി, ശുചിമുറികൾ, ഡൈനിംഗ് ഹാൾ, അടുക്കള എന്നിവയും ഒന്നാം നിലയിൽ ശുചിമുറികൾ ഉൾപ്പെടെ മൂന്ന് ഡബിൾ റൂം, രണ്ട് ഡോർമെട്രി എന്നിവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
കഴക്കൂട്ടം വനിതാ ഐ.ടി.ഐ അങ്കണത്തിൽ നടന്ന ചടങ്ങിൽ
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കവിത എൽ.എസ്, വ്യവസായിക പരിശീലന വകുപ്പ്ഡയറക്ടർ ഡോ.വീണാ.എൻ.മാധവൻ, വനിതാ ഐ.ടി.ഐ പ്രിൻസിപ്പാൾ സുരേഷ്കുമാർ. എം, ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് ഷമ്മി ബേക്കർഎ, എസ്.യു.ഐ.ഐ.ടി സ്‌പെഷ്യൽ ഓഫീസർ സുജാത.ജെ എന്നിവർ പങ്കെടുത്തു.