തിരുവനന്തപുരം: ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഭാര്യ മരിച്ചു. വർക്കല ചാവർകോട് സ്വദേശി ലീല(45)ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകൻ റിമാൻഡിലാണ്. ഫെബ്രുവരി 26 ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സിയിലായിരുന്നു. ലീലയുടെ ഭർത്താവ് അശോകന് ഒരു വർഷം മുന്നേ സ്ട്രോക്ക് വന്ന് ശരീരം തളർന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് ഭാര്യയെ കൊലപ്പെടുത്താൻ കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.
സംഭവം നടക്കുമ്പോൾ ലീലയുടെ മകളും ചെറുമകളും ഉൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു. രാത്രി അമ്മയുടെ കരച്ചിൽ കേട്ടെത്തുമ്പോൾ കണ്ടത് മണ്ണെണ്ണയുമായി നിൽക്കുന്ന പിതാവിനെയാണെന്നും അമ്മ മരണ വെപ്രാളത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും മുറ്റത്തു വീഴുകയും ചെയ്തുവെന്നും മകൾ പറഞ്ഞു. മകളാണ് വെള്ളം ഒഴിച്ചു തീ കെടുത്തിയത്. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. പൊള്ളലേറ്റ ലീലയെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് അശോകനെ രാത്രി തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മകളുടെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.