*ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ കാട്ടു പന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു*

ആറ്റിങ്ങൽ : നഗരസഭ ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ കാട്ടുപന്നി കൂട്ടത്തെ വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രി പട്ടണത്തിലെ നദീതീര വാർഡുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ വിവിധയിടങ്ങളിലായി 3 കാട്ടു പന്നികളെ സംഘം വെടിവെച്ചു കൊന്നു. പുല്ലുവിള, പനവേലിപറമ്പ്, കരിച്ചയിൽ, അപ്പൂപ്പൻപാറ, ആറാട്ടുകടവ്, മുഞ്ഞിനാട്, ചിറ്റാറ്റിൻകര, മാടൻനട, കോസ്മോ ഗാർഡൻ തുടങ്ങി വ്യാപകമായി പന്നിയുടെ ശല്യം ഉണ്ടാവുന്നു എന്ന് നാട്ടുകാരുടെ പരാതി ലഭിച്ച പ്രദേശങ്ങളിലായിരുന്നു ഹെൽത്ത് സ്ക്വാഡ് രാത്രി 9 മണിക്കൂർ നീണ്ട പരിശോധന നടത്തിയത്. ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിൻ്റെ അംഗീകൃത ഷൂട്ടർമാരായ സുധർമ്മൻ, ജവഹർ, അനിൽകുമാർ തുടങ്ങിയവരായിരുന്നു വേട്ടക്കാർ. കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായി വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ ആഹാരം സുലഭമായി ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് ഇവറ്റകൾ കൂട്ടമായി സഞ്ചരിച്ചെത്തുന്നു. വീട്ടുവളപ്പിലും ഒഴിഞ്ഞയിടങ്ങളിലും ഭക്ഷണ മാലിന്യങ്ങടക്കമുള്ളവ വലിച്ചെറിയുന്നത് ഒഴിവാക്കിയാൽ ജനവാസ മേഖലയിലേക്ക് ഇവറ്റകൾ കടന്നെത്തുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. നഗരത്തിൽ ഇത് മൂന്നാംഘട്ട പരിശോധനയാണ് നഗരസഭാധികൃതർ സംഘടിപ്പിച്ചത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ രമ്യാസുധീർ, ഉദ്യോഗസ്ഥൻമാരായ മുഹമ്മദ് റാഫി, ബിജു, ജീവനക്കാരായ അജീഷ്കുമാർ, രാജീവ്, അജി, മനോജ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ബ്ലീച്ചിംഗ് പൗഡറും കെമിക്കലും ചേർന്ന മിശ്രിതം ഒഴിച്ചു സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചത്ത പന്നികളെ മറവു ചെയ്തത്.