എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോടതിയിൽ തിരിച്ചടി. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. വിധിയുടെ വിശദാംശങ്ങൾ നാളെ അറിയാം.കേസ് വിധി പറയും വരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് വന്ന ഇടക്കാല വിധിയിൽ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ണാടക ഹൈക്കോടതിയില്‍ വീണാ വിജയന്‍ ഹര്‍ജി നല്‍കിയത്.അന്വേഷണം പ്രഖ്യാപിച്ച് ജനുവരി 31ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും എക്‌സാലോജിക്ക് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല വിധി പറഞ്ഞത്. വീണയ്ക്ക് എതിരെ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല വിധി വന്ന പശ്ചാത്തലത്തിൽ സിപിഐഎമ്മിന് പ്രതിരോധത്തിലേക്ക് പോകേണ്ടി വരുമെന്നാണ് വിലയിരുത്തൽ.