തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് അദ്ധ്യാപകൻ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്. വൈകിട്ട് 6.15 ന് പാപനാശം ബീച്ചിലാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുകയായിരുന്ന മുഹമ്മദ് ഷാനിർ പെട്ടെന്നുണ്ടായ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ട സ്ഥലത്തെ ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് ഷാനിറിനെ കരക്കെത്തിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസർ ആണ് മരിച്ച മുഹമ്മദ് ഷാനിർ.