ജില്ലയിലെ അഞ്ച് വില്ലേജ് ഓഫീസുകൾ കൂടി സ്മാര്‍ട്ട് ആയി

ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി
**ഉളിയാഴ്ത്തുറ, അയിരൂപ്പാറ, വാമനാപുരം, നെല്ലനാട്, വെങ്ങാനൂര്‍ വില്ലേജുകളും സ്മാര്‍ട്ട് പട്ടികയിൽ

ജില്ലയിലെ അഞ്ച് വില്ലേജുകളെ സ്മാര്‍ട്ട് വില്ലേജ് പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ അയിരൂപ്പാറ, ഉളിയാഴ്ത്തുറ, കോവളം നിയോജക മണ്ഡലത്തിലെ വെങ്ങാനൂര്‍, വാമനപുരം നിയോജക മണ്ഡലത്തിലെ നെല്ലനാട്, വാമനപുരം എന്നീ വില്ലേജുകളില്‍ നിര്‍മാണം പൂര്‍ത്തിയായ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ഭൂരഹിതരില്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അര്‍ഹരായ എല്ലാവരെയും ഭൂവുടമകളാക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടുവര്‍ഷം കൊണ്ട് രണ്ടേകാല്‍ ലക്ഷം പട്ടയങ്ങളാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇപ്പോള്‍ മുപ്പതിനായിരത്തോളം പട്ടയങ്ങള്‍ തയ്യാറായിട്ടുണ്ട്. കയ്യേറ്റവും കുടിയേറ്റവും ഒന്നായി കാണാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ദീര്‍ഘകാലമായി ഭൂമി കൈവശം വച്ചിരിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ലഭിക്കുന്നതിന് ഏതെങ്കിലും നിയമങ്ങള്‍ തടസമാണെങ്കില്‍, ഭൂപരിഷ്‌കരണ നിയമത്തിനും ഭൂപതിവ് ചട്ടത്തിനും കോട്ടം വരുത്താതെ ആവശ്യമായ ഭേദഗതികള്‍ വരുത്തും. എന്നാല്‍ അനധികൃതമായി ഏക്കറുകണക്കിന് ഭൂമി കൈവശം വച്ചിരിക്കുന്നവര്‍, എത്ര ഉന്നതരായാലും, സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ ക്രയവിക്രയങ്ങളിലെ തട്ടിപ്പുകള്‍ തടയാന്‍ എന്റെ ഭൂമി എന്ന പേരില്‍ ഇന്ത്യയിലാദ്യമായി ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ നടപ്പിലാക്കിയത് കേരളമാണ്. പരാതികള്‍ കെട്ടിക്കിടക്കാതെ അതിവേഗം തീര്‍പ്പാക്കാന്‍ കഴിയുന്ന വിധത്തില്‍ റവന്യൂ വകുപ്പിനെ സമ്പൂര്‍ണ ഡിജിറ്റലൈസ്ഡ് വകുപ്പാക്കിയിട്ടുണ്ട്.