ഹൈദരാബാദ്: ചിരി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. കല്യാണത്തിന് തൊട്ടുമുന്‍പ് ഡെന്റല്‍ ക്ലിനിക്കിലാണ് 28കാരനായ ഹൈദരാബാദ് സ്വദേശി ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മകന് അനസ്‌തേഷ്യ നല്‍കിയത് കൂടിപ്പോയതാണ് മരണ കാരണമെന്ന് അച്ഛന്‍ ആരോപിച്ചു.
ഫെബ്രുവരി 16നാണ് സംഭവം. ഹൈദരാബാദ് ജൂബിലി ഹില്ലിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലാണ് ചിരിക്ക് കൂടുതല്‍ അഴക് ലഭിക്കുന്നതിന് ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.ശസ്ത്രക്രിയയ്ക്കിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ലക്ഷ്മി നാരായണയുടെ അച്ഛന്‍ പറഞ്ഞു.
ശസ്ത്രക്രിയയെ കുറിച്ച് മകന്‍ തന്നെ അറിയിച്ചിരുന്നില്ല. മകന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടര്‍മാരാണ് മകന്റെ മരണത്തിന്റെ ഉത്തരവാദികളെന്നും അച്ഛന്‍ ആരോപിച്ചു. സംഭവത്തില്‍ ക്ലിനിക്കിനെതിരെ കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.