തൃശൂര്‍ : പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച 52 കാരൻ ആത്മഹത്യ ചെയ്തു. മനോവിഷമത്തിൽ പിതാവ് മരിച്ചു. ഇന്നു രാവിലെയാണ് സംഭവങ്ങളുണ്ടായത്. മടപ്പാട്ടുപറമ്പിൽ വീട്ടിൽ 52 വയസ്സുള്ള കുഞ്ഞുമോനാണ് സഹോദരി ഹസീനയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. മരണ വിവരമറിഞ്ഞാണ് കുഞ്ഞുമോന്റെ പിതാവ് 85 വയസ്സുള്ള അബൂബക്കർ മരിച്ചത്. കുഞ്ഞുമോനും സഹോദരിയുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ 6 മണിയോടെ സഹോദരി ഹസീനയോടൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവ് അബൂബക്കറിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു. വാക്കു തർക്കം ഉണ്ടാവുകയും കുഞ്ഞുമോൻ കത്തിയെടുത്ത ഹസീനയെ കുത്തുകയുമായിരുന്നു. കുഞ്ഞുമോന്റെ ആക്രമണത്തിൽ ചെവിക്ക് പുറകിൽ പരിക്കേറ്റ ഹസീന പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പിന്നാലെയാണ് തൊട്ടടുത്തുളള പറമ്പിലെ മരത്തിൽ കുഞ്ഞുമോൻ തൂങ്ങി മരിച്ചത്.