കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നായി രാവിലെ 10 മണിയോടെ മാർച്ച് ആരംഭിക്കും. താങ്ങുവില അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും സമവായത്തിൽ എത്തിയില്ല. സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ നേതൃത്വത്തിൽ ഇരുന്നോളം കർഷക സംഘടനകൾ ആണ് ഡൽഹി വളയൽ സമരത്തിൽ പങ്കെടുക്കുന്നത്. പഞ്ചാബിലും ഹരിയാനയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ട്രാക്ടറുകൾ മാർച്ചിനായി അണിനിരത്തിയിട്ടുണ്ട്.സമരത്തെ നേരിടാൻ ഹരിയാന, ഡൽഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണമാണുള്ളത്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻർനെറ്റ് നിരോധനവും ഏർപ്പെടുത്തി. ഡൽഹിയിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ അതിര്‍ത്തികള്‍ അടച്ചു. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികളിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുകയും റോഡിൽ ഇരുമ്പാണികൾ നിരത്തുകയും ചെയ്തു.ദില്ലിച്ചാലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ സർക്കാർ ഇന്നലെ ചണ്ഡിഗഡിൽ യോഗം വിളിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായി എന്നിവരാണ് സംയുക്ത കിസാൻ മോർച്ച നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുമായി ചർച്ച നടത്തിയത്. ഉന്നയിച്ച ഒൻപതാവശ്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നായിരുന്നു കർഷകസംഘടനകളുടെ നിലപാട്. മന്ത്രിതല സമിതിയുമായി നടത്തിയ ചർച്ചയിൽ കർഷകരുടെ ആവശ്യത്തിൽ ധാരണയിലെത്താതെ വന്നതോടെയാണ് മാർച്ചുമായി കർഷകർ മുന്നോട്ടുപോകുന്നത്.