രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം. 557 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 39.3 ഓവറില്‍ 122 റണ്‍സിന് എറിഞ്ഞിട്ടാണ് 434 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാര്‍ജിനും 1934നുശേഷം ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ തോല്‍വിയുമാണിത്.പതിനൊന്നാമനായി ഇറങ്ങി 33 റണ്‍സെടുത്ത മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ബുമ്രയും അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. പരമ്പരയിലെ നാലാം ടെസ്റ്റ് 23ന് റാഞ്ചിയില്‍ തുടങ്ങും.സ്കോര്‍ ഇന്ത്യ 445, 430-4, ഇംഗ്ലണ്ട് 319, 122.ഇന്ത്യ ഉയര്‍ത്തിയ റണ്‍മലക്ക് മുന്നില്‍ തുടക്കത്തിലെ ഇംഗ്ലണ്ടിന് അടിതെറ്റി. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരന്‍ ബെന്‍ ഡക്കറ്റ് തുടക്കത്തിലെ റണ്ണൗട്ടായി. മുഹമ്മദ് സിറാജിന്‍റെ ത്രോയില്‍ ധ്രുവ് ജുറെല്‍ പറന്നെത്തിയാണ് ഡക്കറ്റിനെ റണ്ണൗട്ടാക്കിയത്. സാക്ക് ക്രോളി(11) ബുമ്രയുടെ ഇന്‍സ്വിംഗറിന് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ ഒലി പോപ്പ്(3), ജോ റൂട്ട്(7), ജോണി ബെയര്‍സ്റ്റോ(4) എന്നിവരെ വീഴ്ത്തിയ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചു.ഇംഗ്ലണ്ടിന്‍റെ അവസാന പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ(15) കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍
ബെന്‍ ഫോക്സിനെയും(16), പതിനൊന്നാമനായി ഇറങ്ങി ടോപ് സ്കോററായ മാര്‍ക്ക് വുഡിനെയും(33) വീഴ്ത്തിയ ജഡേജ അഞ്ച് വിക്കറ്റ് തികച്ചു. റെഹാന്‍ അഹമ്മദിനെ(0) കുല്‍ദീപും ടോം ഹാര്‍ട്‌ലിയെ(16) അശ്വിനും മടക്കി.നേരത്തെ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിനുശേഷം നാല് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഡബിള്‍ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളും അര്‍ധസെഞ്ചുറികള്‍ നേടിയ ശുഭ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്.യശസ്വി 236 പന്തില്‍ 214 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ സര്‍ഫറാസ് ഖാന്‍ 72 പന്തില്‍ 68 റണ്‍സെടുത്ത് അരങ്ങേറ്റ ടെസ്റ്റിലും തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്നു. 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ആദ്യ സെഷനില്‍ റണ്ണൗട്ടായപ്പോള്‍ 27 റണ്‍സെടുത്ത നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായത്. ഇംഗ്ലണ്ടിനായി ജോ റൂട്ടും ടോം ഹാര്‍ട്‌ലിയും റെഹാന്‍ അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.