യുവാവിന്റെ കുടലിൽ 39 നാണയങ്ങൾ; ഹൃദയം, ത്രികോണം ആകൃതികളിൽ 37 കാന്തങ്ങൾ; കഴിച്ചത് ശരീരഘടനയ്ക്ക്

ന്യൂഡൽഹി: ഇരുപത്തിയാറുകാരനായ യുവാവിന്റെ കുടലിൽ നിന്ന് പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുത്തത്. ശരീരഘടനയ്ക്ക് സിങ്ക് സഹായിക്കുമെന്നു കരുതിയാണ് യുവാവ് നാണയവും കാന്തവും തുടർച്ചയായി ഭക്ഷിച്ചത്. 20 ദിവസത്തിലേറെയായി തുടർച്ചയായി ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനാലാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇയാൾ.


യുവാവ് കഴിഞ്ഞ കുറച്ചാഴ്ചകളായി നാണയവും കാന്തവും ഭക്ഷിക്കുന്ന വിവരം ബന്ധുക്കൾ ഡോക്റെ അറിയിച്ചു. മാനസികാസ്വാസ്ഥ്യത്തിന് യുവാവ് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. തുടർന്ന് നടത്തിയ സിടി സ്കാനിൽ നാണയങ്ങളും കാന്തങ്ങളും കുടലിൽ തടസമായി നിൽക്കുന്നത് വ്യക്തമായി. രോഗിയെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ചെറുകുടലിൽ രണ്ടുഭാഗത്തായിട്ടാണ് നാണയവും കാന്തവും കുരുങ്ങിയിരുന്നത്. 1,2,5 രൂപയുടെ 39 നാണയങ്ങളും ഹൃദയം, ത്രികോണം, നക്ഷത്രം, ബുള്ളറ്റ് ആകൃതിയിലുള്ള 37 കാന്തങ്ങളുമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടനില തരണം ചെയ്ത രോഗി ഏഴുദിവസത്തിനുശേഷം ആശുപത്രി വിട്ടതായും അധികൃതർ വ്യക്തമാക്കി.