*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 9 വെള്ളി

◾മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ സമ്മര്‍ദത്തില്‍. കേന്ദ്ര സര്‍ക്കാരിന്റെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരിനും എസ്എഫ്ഐഒ ഡയറക്ടര്‍ക്കുമെതിരേയാണ് കേസ്. അന്വേഷണത്തിനിടെ എക്സാലോജിക്കില്‍നിന്ന് വിവരങ്ങള്‍ തേടാന്‍ വീണ വിജയന് നോട്ടീസ് നല്‍കാനിരിക്കേയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി.

◾പത്തു വര്‍ഷം മുമ്പ് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ 46,303 കോടി രൂപയാണു നല്‍കിയിരുന്നെതെങ്കില്‍ 2014- 2023 ല്‍ 1,50,140 കോടി രൂപ നല്‍കിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പാര്‍ലമെന്റിലാണ് കേന്ദ്ര ധനമന്ത്രി ഈ കണക്കുകള്‍ വിവരിച്ചത്. യുപിഎ കാലത്തെക്കാള്‍ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന് മോദി സര്‍ക്കാര്‍ നല്‍കിയെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നെങ്കില്‍ എന്‍ഡിഎ കാലത്ത് ഇത് 1,43,117 കോടി രൂപയായി വര്‍ധിപ്പിച്ചെന്നും ധനമന്ത്രി പറഞ്ഞു.

◾കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉജ്വല വിജയമെന്ന് കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവര്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വരുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജനാണ് സമരത്തിനെത്തിയത്. തമിഴ്നാട്ടില്‍നിന്നുള്ള ജനപ്രതിനിധികള്‍ പാര്‍ലമെന്റിനു സമീപം പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.

◾കേരള സര്‍വകലാശാല സെനറ്റ് യോഗം എസ്എഫ്ഐ പ്രവര്‍ത്തകര്‍ അലങ്കോലമാക്കാതിരിക്കാന്‍ വൈസ് ചാന്‍സലര്‍ പോലീസ് സംരക്ഷണം തേടി. 16 നാണു സെനറ്റ് യോഗം. ഗവര്‍ണര്‍ നോമിനേറ്റു ചെയ്ത ചില സെനറ്റ് അംഗങ്ങളെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കേരള യൂണിവേഴ്സിറ്റിയിലും തടയാന്‍ സാധ്യതയുള്ളതിനാലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു കത്തു നല്‍കാന്‍ വിസി രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കിയത്.

◾ഭാര്യയുടെ പെന്‍ഷന്‍ തുകകൊണ്ടാണ് മകള്‍ വീണ കമ്പനി തുടങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതു തെറ്റാണെന്ന് കേസിലെ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജ്. ഒരു ലക്ഷം രൂപയും വീണ തന്നെ വായ്പയായി നല്‍കിയ 78 ലക്ഷം രൂപയുമാണ് നിക്ഷേപമെന്നു ബാലന്‍സ് ഷീറ്റില്‍ വ്യക്തമാണ്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരേ സഭാ സമിതി നടപടിയെടുക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

◾പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന് അടിയന്തരമായി അനുമതി നല്‍കിയത് ഏതു സാഹചര്യത്തിലെന്ന് കൂടരഞ്ഞി പഞ്ചായത്തിനോട് ഹൈക്കോടതി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇന്നു കേസു പരിഗണിക്കാനിരിക്കെയാണ് തിരക്കിട്ട് പഞ്ചായത്ത് പാര്‍ക്കിന് അനുമതി നല്‍കിയത്. 2018 ല്‍ അടച്ചുപൂട്ടിയ പിവിആര്‍ നാച്ചുറല്‍ പാര്‍ക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

◾കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനം ഒഴിവാക്കിത്തരണമെന്നു ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയ ബിജു പ്രഭാകര്‍ ഈ മാസം 17 വരെ അവധിയെടുത്തു. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള വിയോജിപ്പുമൂലമാണ് അവധി. അവധിയെടുത്തു വിദേശത്തു പോയിരുന്ന ബിജു പ്രഭാകര്‍ കഴിഞ്ഞ മാസം 28 ന് മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസില്‍ പോകാതെ മാറി നില്‍ക്കുകയാണ്.

◾ഫ്ളാറ്റില്‍നിന്നു വീണു മരിച്ച കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുകയാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. സംസ്‌കാര ചടങ്ങില്‍ മനുവിന്റെ സുഹൃത്ത് ജെബിനു പങ്കെടുക്കാമെന്നും വീട്ടുകാര്‍ സമ്മതിച്ചു. മനുവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജെബിന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

◾ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ച് ആനയുടെ കൊമ്പ് ഒടിഞ്ഞുപോയി. തൃശൂര്‍ ചാവക്കാട് മണത്തലയിലാണ് സംഭവം. കൊമ്പന്‍ കുളക്കാടന്‍ കുട്ടികൃഷ്ണനാണ് പരിക്കേറ്റത്.

◾വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പിക്കണമെന്നാണ് ആവശ്യം. കുറ്റവാളികളെ രക്ഷിക്കാന്‍ തുടക്കംമുതലേ പോലീസ് ശ്രമിച്ചെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നും അതുകൊണ്ടാണു പ്രതിയെ വെറുതെ വിട്ടതെന്നും ഹര്‍ജിയില്‍ അമ്മ ആരോപിച്ചു.

◾സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് പാര്‍ലമെന്റ് ഹൗസിലാണ് കൂടിക്കാഴ്ച.

◾കേരളത്തില്‍നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്നു രാവിലെ കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. ആസ്താ സ്പെഷല്‍ ട്രെയിനുകളില്‍ 3,300 രൂപയാണു ടിക്കറ്റ് നിരക്ക്.

◾ആലത്തൂര്‍ സബ് രജിസ്റ്റാര്‍ ഓഫീസില്‍ 9,400 രൂപയുടെ കൈക്കൂലിപ്പണം വിജിലന്‍സ് പിടികൂടി. സബ് രജിസ്ട്രാര്‍ ബിജുവിന്റെ 3,200 രൂപയും ഹെഡ് ക്ലര്‍ക്ക് സുനില്‍കുമാറിന്റെ 3,100 രൂപയും ഓഫീസ് അസിസ്റ്റന്‍് ബാബുവിന്റെ 3,100 രൂപയുമാണ് കണ്ടെത്തിയത്. ഓഫീസിലെ റെക്കോഡ് റൂമിലാണ് പണം ഒളിപ്പിച്ചിരുന്നത്.

◾വിരമിച്ച എസ്ഐയുടെ കുമളിയിലെ പുരയിടത്തില്‍നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി. വിരമിച്ച എസ് ഐ ഈപ്പന്റെ പുരയിടത്തില്‍നിന്നാണ് കഞ്ചാവുമായി കുമളി ഒന്നാം മൈല്‍ സ്വദേശി മുഹമ്മദ് ബഷീര്‍ മുസലിയാര്‍, അമരാവതി സ്വദേശി നഹാസ് ഇ നസീര്‍ എന്നിവരെ പിടികൂടിയത്.

◾ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ അമ്മയ്ക്ക് ഏഴു വര്‍ഷം തടവും, 50,000 രൂപ പിഴയും ശിക്ഷ. ഭര്‍ത്താവിനെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. തണ്ണീര്‍മുക്കം വാരണം പുത്തേഴത്ത് വെളിയില്‍ ഷാജിയുടെ ഭാര്യ ഐഷയെയാണ് കോടതി ശിക്ഷിച്ചത്. ചേര്‍ത്തല നഗരസഭ 30-ാം വാര്‍ഡില്‍ കുറ്റിപ്പുറത്ത് ചിറ വീട്ടില്‍ കുഞ്ഞുമോന്‍ - നജ്മ ദമ്പതികളുടെ മകള്‍ തസ്നി (22) ആണ് ഭര്‍തൃവീട്ടില്‍ 2018 ല്‍ ആത്മഹത്യ ചെയ്തത്.

◾മലയാളി യുവ വ്യവസായി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കുമ്പളം സ്വദേശി റാഗില്‍ ഗില്‍സ് (27) ആണ് മരിച്ചത്. ക്രോയ്‌ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയില്‍ ഐ. ഗില്‍സ്, രാജി ഗില്‍സ് എന്നിവരുടെ മകനാണ്. ഭാര്യ പെട്രീഷ്യ ജോഷ്വയുമായി വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കേയാണ് ഹൃദ്രോഗംമൂലം മരിച്ചത്.

◾നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ യുവാവ് പിടിയിലായി. തൃശൂര്‍ ജില്ലയിലെ എടക്കളത്തൂര്‍ സ്വദേശിയായ 34 കാരന്‍ പ്രബിനാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്.

◾ആലപ്പുഴ തകഴിക്ക് സമീപം പച്ചയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ചിറ ബേബിയുടെ മകന്‍ സാനിയാണ് മരിച്ചത്. 29 വയസായിരുന്നു.

◾വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 49 വര്‍ഷം കഠിന തടവും 2,27,000 രൂപ പിഴയും. മുട്ടില്‍ പരിയാരം ആലംപാറ വീട്ടില്‍ എ.പി. മുനീര്‍(29)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

◾സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവിന് 31 വര്‍ഷം തടവും 1.45 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷ. കോഴിക്കടയിലെ ഇറച്ചിവെട്ടുകാരനായ ചെമ്മന്തിട്ട പഴുന്നാനപാറപ്പുറത്ത് ബഷീറി (32)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

◾ചാലക്കുടിയില്‍ ഐവിഷന്‍ ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടന്ന വീട്ടില്‍ ഗൃഹനാഥനായ 53 കാരന്റൈ മൃതദേഹം. കുറ്റാലപ്പടിയില്‍ ബാബുവാണ് മരിച്ചത്.

◾കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ വിവരിച്ച് കോണ്‍ഗ്രസ് 'ബ്ലാക്ക് പേപ്പര്‍' പുറത്തിറക്കി. 'ദസ് സാല്‍ അന്യായ് കാല്‍' എന്ന പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് 'ബ്ലാക്ക് പേപ്പര്‍' പുറത്തിറക്കിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ധനകാര്യ മാനേജ്മന്റിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ധവളപത്രം പുറത്തിറക്കുന്നതിനു മുന്നേയാണ് കോണ്‍ഗ്രസ് ബ്ലാക്ക് പേപ്പര്‍ ഇറക്കിയത്. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടുകയാണെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി.

◾കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് യുപിഎ ഭരണകാലത്തു തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ 10 കൊല്ലംകൊണ്ടു പുരോഗതിയുടെ പാതയിലെത്തിച്ചുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ ധവളപത്രം. 10 കൊല്ലം കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി രാജ്യത്തെ മാറ്റിയത് എന്‍ഡിഎ സര്‍ക്കാരിന്റെ ഇടപെടലുകളും നടപടികളുമാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ വച്ച ധവളപത്രത്തില്‍ പറയുന്നു.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാതി ഗുജറാത്തിലെ ഒബിസി വിഭാഗത്തിലെ മോദ് ഗഞ്ച് ജാതിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. മോദി പിന്നാക്ക വിഭാഗക്കാരനല്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിനു മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വെളിപെടുത്തിയത്. 1994 ല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോഴാണ് ഈ വിഭാഗത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പെടുത്തിയതെന്നും വിശദീകരണമുണ്ട്.

◾ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഡല്‍ഹിയിലേക്കു വീണ്ടും കര്‍ഷക മാര്‍ച്ച്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് മാര്‍ച്ച് ഡല്‍ഹിയിലേക്കു പ്രവേശിക്കാതിരിക്കാന്‍ പോലീസ് അതിര്‍ത്തി അടച്ചു. വാഹന പരിശോധന കര്‍ശനമാക്കി. പോലീസിനു പുറമേ റാപിഡ് ആക് ഷന്‍ ഫോഴ്സിനേയും രംഗത്തിറക്കിയിട്ടുണ്ട്.

◾മുംബൈയില്‍ ശിവസേന നേതാവിനെ ഫേസ്ബുക്ക് ലൈവിനിടെ വെടിവച്ചുകൊന്ന് അക്രമി സ്വയംവെടിയുതിര്‍ത്ത് ജീവനൊടുക്കി. ശിവസേന ഉദ്ധവ് വിഭാഗം നേതാവ് അഭിഷേക് ഖോസാല്‍ക്കറിനെയാണ് വെടിവച്ചു കൊന്നത്. അക്രമി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. മുന്‍ എംഎല്‍എ വിനോദ് ഗൊസാല്‍ക്കറുടെ മകനാണു കൊല്ലപ്പെട്ട അഭിഷേക്. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് മൗറിസ് ഭായ് എന്നയാളാണ് വെടിവച്ചശേഷം ആത്മഹത്യ ചെയ്തതെന്നാണു റിപ്പോര്‍ട്ട്.

◾ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ വിദ്വേഷ പ്രചാരണം നടത്തിയെന്നു മദ്രാസ് ഹൈക്കോടതി. അണ്ണാമലൈ സമൂഹത്തെ വിഭജിക്കാനും വര്‍ഗീയ ചിന്ത ഉണര്‍ത്താനും ശ്രമിച്ചെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കി. ക്രിസ്ത്യാനികള്‍ ഹിന്ദുസംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു പ്രചരിപ്പിക്കാനാണു ശ്രമിച്ചത്. കോടതി നിരീക്ഷിച്ചു

◾ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2200 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലായാണ് അത്രയേറെ ആപ്പുകള്‍ നീക്കം ചെയ്തത്.

◾പാകിസ്ഥാനില്‍ ദേശീയ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐക്ക് ഭൂരിപക്ഷം സീറ്റുകളിലും മികച്ച ലീഡ്. ഫലസൂചന ലഭ്യമായ 184 സീറ്റില്‍ 114 ഇടത്ത് തങ്ങളാണു മുന്നിലെന്ന് ഇമ്രാന്റെ പാര്‍ട്ടി അവകാശപ്പെട്ടു. നവാസ് ഷരീഫിന്റെ പിഎംഎല്‍എന്‍ പാര്‍ട്ടിക്ക് 41 സീറ്റുകളിലാണ് ലീഡുള്ളതെന്നും പിടിഐ പറയുന്നു.

◾മാലദ്വീപില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്നു. പകരം സാങ്കേതിക വിദഗ്ധരെ നിയോഗിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവിന്റെ ആവശ്യമനുസരിച്ചാണ് സൈന്യത്തെ പിന്‍വലിക്കുന്നത്.

◾അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ - ഓസ്‌ട്രേലിയ ഫൈനല്‍. ഇന്നലെ നടന്ന രണ്ടാമത്തെ സെമിഫൈനലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ പാകിസ്താനെ ഒരു വിക്കറ്റിന് കീഴടക്കി ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിച്ചു. പാകിസ്താന്‍ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. 2023 ലോകകപ്പ് ഫൈനലിനു പിന്നാലെ ഞായറാഴ്ച നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടേയും യുവനിര കിരീടത്തിനായ് ഏറ്റുമുട്ടും.

◾പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് കമ്പനിയായ വണ്ടര്‍ല ഹോളിഡേയ്‌സ് നടപ്പു സാമ്പത്തിക വര്‍ഷം (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 37.35 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 38.90 കോടി രൂപയേക്കാള്‍ 4 ശതമാനം കുറവാണിത്. അതേ സമയം ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റബറിലെ 13.52 കോടി രൂപയുമായി നോക്കുമ്പോള്‍ 176 ശതമാനത്തിലധികം വര്‍ധനയുണ്ട്. മൊത്ത വരുമാനം കഴിഞ്ഞ ഡിസംബര്‍ പാദത്തിലെ 117.75 കോടി രൂപയില്‍ നിന്ന് 11 ശതമാനം വര്‍ധിച്ച് 129.52 കോടിയായി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തിലിത് 81.40 കോടി രൂപയായിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓഹരിയുടെ നഷ്ടം 1.75 ശതമാനമാനമാണ്. അതേ സമയം ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപകര്‍ക്ക് 113 ശതമാനത്തിലധികം നേട്ടവും ഓഹരി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ 9.45 ലക്ഷം പേരാണ് വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ വിവിധ പാര്‍ക്കുകള്‍ സന്ദര്‍ശിച്ചത്. ബാംഗളൂര്‍ പാര്‍ക്കില്‍ 3.52 ലക്ഷം പേരും കൊച്ചി പാര്‍ക്കില്‍ 2.97 ലക്ഷവും ഹൈദരാബാദ് പാര്‍ക്കില്‍ 2.96 ലക്ഷം പേരും സന്ദര്‍ശകരായെത്തി. ഒഡീഷയിലെ ഭുവനേശ്വറില്‍ ഒരുങ്ങുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക് അടുത്ത വേനലവധിക്കാലത്തോടെ തുറക്കാനായേക്കും. ചെന്നൈയിലെ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

◾ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' എന്ന ചിത്രത്തിലെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'തെലങ്കാന ബൊമ്മലു' എന്നു പേരുള്ള ഗാനം രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും സംഗീതം വിഷ്ണു വിജയും ആണ്. കെ.ജി മാര്‍ക്കോസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മാര്‍ക്കോസ് ആലപിക്കുന്ന സിനിമാ ഗാനം കൂടിയാണിത്. നസ്ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചനയാണ് ട്രെയിലറും ഗാനങ്ങളും മറ്റും നല്‍കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഫെബ്രുവരി 9ന് ചിത്രം റിലീസിന് തീയേറ്ററുകളില്‍ എത്തിക്കും. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

◾'ജാന്‍ എ മന്‍' എന്ന ചിത്രത്തനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' ട്രെയിലര്‍ എത്തി. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആശങ്കക്കുള്ള ഉത്തരവുമായിട്ടാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന 'ഗുണാ കേവ്സ്' , 'ഡെവിള്‍സ് കിച്ചന്‍' എന്നീ സംഭവങ്ങള്‍ ചിത്രത്തിന്റെ ട്രെയിലറില്‍ വരുന്നുണ്ട്. നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

◾ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണ്‍ ഇന്ത്യ ഈ മാസം തങ്ങളുടെ കാറുകള്‍ക്ക് ലഭ്യമായ കിഴിവുകള്‍ പ്രഖ്യാപിച്ചു. 2024 ഫെബ്രുവരിയില്‍ സിട്രോണ്‍ അതിന്റെ കാറുകളിലൊന്നായ സിട്രോണ്‍ ഇ5 എയര്‍ക്രോസിന് വന്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. സിട്രോണ്‍ ഇ5 എയര്‍ക്രോസ് ലക്ഷ്വറി എസ്യുവിയില്‍ ഉപഭോക്താക്കള്‍ക്ക് 3.50 ലക്ഷം രൂപ ക്യാഷ് കിഴിവ് കമ്പനി നല്‍കുന്നുവെന്ന് വി3കാര്‍സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില ഏകദേശം 36.91 ലക്ഷം രൂപയാണ്. ഈ എസ്യുവിയെ കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് രണ്ട് ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉണ്ട്. ഇത് 177ബിഎച്പി പവറും 400എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. എഞ്ചിനോടൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും നല്‍കിയിട്ടുണ്ട്. ഇക്കോ, സ്‌പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകളിലും ഒന്നിലധികം ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകളിലും ഇത് ലഭ്യമാണ്. 36.91 ലക്ഷം മുതല്‍ 37.67 ലക്ഷം വരെയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ഫീല്‍, ഷൈന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ ഈ അഞ്ച് സീറ്റര്‍ കാര്‍ വാങ്ങാം.

◾നൈജീരിയയിലെ അകുറെയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ നാലു സഹോദരന്മാര്‍, അച്ഛന് സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കാനായി ഓമി-ആല എന്ന ഭീകരനദിയില്‍ മീന്‍ പിടിക്കാന്‍ പോകുന്നു. ഗ്രാമത്തിലെ ഭ്രാന്തന്റെ പ്രവചനങ്ങള്‍ മൂത്ത സഹോദരനായ ഇക്കെന്നയില്‍ ഉളവാക്കുന്ന ഭാവഭേദങ്ങള്‍ മെല്ലെ മറ്റുള്ളവരുടെ മനസ്സിനെ അശാന്തമാക്കുന്നു; ജീവിതത്തിന്റെ ഗതി മാറുന്നു. നൈജീരിയന്‍ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും ഇഗ്‌ബോ സംസ്‌കാരവും പ്രതിഫലിക്കുന്ന നോവല്‍. 'മീന്‍ പിടിത്തക്കാര്‍'. ചിഗോസി ഒബ്യോമ. പരിഭാഷ - കെ.ബി പ്രസന്നകുമാര്‍, സ്മിത മീനാക്ഷി. മാതൃഭൂമി. വില 314 രൂപ.

◾മൂക്കിനകത്ത് വിരലിടുന്ന ശീലമുള്ളവര്‍ക്ക് അള്‍ഷിമേഴ്‌സ് രോഗസാധ്യത അധികമാണെന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പലതരം രോഗകാരികള്‍ മൂലം മസ്തിഷ്‌കത്തിനുണ്ടാകുന്ന വീക്കംമൂലമാണ് ഇവിടെ അള്‍ഷിമേഴ്‌സ് സാധ്യത കൂടുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയിലെ വെസ്റ്റേണ്‍ സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ബയോമോളിക്യൂള്‍സ് എന്ന ജേര്‍ണലിലാണ്. മൂക്കില്‍ വിരലിടുന്നതുവഴി വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ രോഗകാരികള്‍ ഘ്രാണവ്യവസ്ഥയിലേക്കും മസ്തിഷ്‌കത്തിലേക്കും പ്രവേശിക്കുന്നു. തുടര്‍ച്ചയായി മൂക്കില്‍ വിരലിടുന്നവരില്‍ ഇത്തരത്തില്‍ അണുക്കള്‍ മൂക്കിലൂടെ മസ്തിഷ്‌കത്തിലേക്ക് പ്രവേശിച്ച് വീക്കമുണ്ടാക്കുന്നു. ഇതാണ് അള്‍ഷിമേഴ്‌സിനു കാരണമാകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മൂക്കില്‍ ഇടയ്ക്കിടെ വിരലിടുന്നത് മൂലം മസ്തിഷ്‌കത്തില്‍ അണുക്കള്‍ കൂടുതലാവുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ഇവ പലപ്പോഴും ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും വീക്കമുണ്ടാക്കുകയും അള്‍ഷിമേഴ്‌സിനു കാരണമാകുന്ന ഉപദ്രവകാരികളായ പ്രോട്ടീനുകളുടെ വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യുമെന്നും പഠനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മനുഷ്യമസ്തിഷ്‌കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് മറവി രോഗം. തലച്ചോറിന്റെ സ്വാഭാവികപ്രവര്‍ത്തനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന രോഗമാണിത്.

*ശുഭദിനം*
*കവിത കണ്ണന്‍*
യാത്രചെയ്ത് വയ്യാതായപ്പോള്‍ അയാള്‍ കുതിരയെ പുറത്ത് കെട്ടിയിട്ട് സത്രത്തില്‍ ഉറങ്ങാന്‍ കിടന്നു. നേരം വെളുത്തപ്പോള്‍ തന്റെ കുതിരയെ ആരോ മോഷ്ടിച്ചെന്ന് അയാള്‍ക്ക് മനസ്സിലായി. കുതിരെ അന്വേഷിച്ചെത്തിയ അയാളോട് അവിടെ കൂടിയ പലരും കയര്‍ത്തു. നിരവധി ചോദ്യങ്ങളായി. എന്തിനാണ് ലായത്തിന് പുറത്ത് കുതിരയെ കെട്ടിയത്? കടിഞ്ഞാണ്‍ പോലുമില്ലാതെ കെട്ടുന്നത് മണ്ടത്തരമല്ലേ? ഇക്കാലത്ത് ആരെങ്കിലും കുതിരയെ ഉപയോഗിക്കുമോ? ഇതെല്ലാം കേട്ട് അയാള്‍ പറഞ്ഞു: ഇത് വളരെ വിചിത്രമായിരിക്കുന്നു. മോഷ്ടിച്ചവനെ അന്വേഷിക്കുകയോ, കുറ്റം പോലും പറയുകയോ ചെയ്യാതെ മോഷണത്തിന് ഇരയായ എന്നെ വിമര്‍ശിക്കുന്നു. അയാള്‍ രോഷം പൂണ്ടു. ആളുകള്‍ തലതാഴ്ത്തി വിമര്‍ശനം നിര്‍ത്തി കുതിരയെ അന്വേഷിച്ച് പലദിക്കിലേക്കും പോയി.. വിമര്‍ശിക്കപ്പെടാന്‍ ഇരയുണ്ടെങ്കില്‍ വിമര്‍ശകര്‍ക്ക് അതൊരു ഹരമാണ്. സ്വന്തമല്ലാത്തതിനെക്കുറിച്ച് എന്തും പറയുന്നതില്‍ എല്ലാവരും സുഖം കണ്ടെത്തുന്നു. എല്ലാ വിഷയങ്ങളിലും പ്രശ്‌നത്തിന്റെ ഒരു ഭാഗമുണ്ട്. പരിഹാരത്തിന്റെ ഭാഗവുമുണ്ട്. ഏത് ഭാഗത്ത് നാം നില്‍ക്കുന്നു എന്നതാണ് പ്രധാനം. പലരും തകര്‍ന്നടിഞ്ഞത് താഴെ വീണതുകൊണ്ടല്ല, എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഒരാള്‍ പോലും കൈകൊടുക്കാന്‍ ശ്രമിക്കാത്തതിനാലാണ്. പ്രശ്‌നങ്ങള്‍ മുന്നില്‍ കടന്നുവരുമ്പോള്‍ പരിഹാരത്തിന്റെ ഭാഗത്ത് നില്‍ക്കാന്‍ നമുക്കും ശ്രമിക്കാം - ശുഭദിനം.