*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 8 വ്യാഴം

◾കേന്ദ്ര സര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രതിഷേധ സമരം ഇന്ന്. ജന്തര്‍ മന്ദറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രസംഗിക്കും. തമിഴ്നാട് സര്‍ക്കാരും ഇന്നു കേന്ദ്രത്തിനെതിരേ സമരം നടത്തുന്നുണ്ട്. ഇന്നലെ കര്‍ണാടക സര്‍ക്കാരും സമരം നടത്തിയിരുന്നു.

◾എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായതു നല്‍കുന്നുണ്ടെന്നും 'ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം' എന്ന വാദവുമായി സമരത്തിനിറങ്ങുന്നതു ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍. രാജ്യത്തെ തകര്‍ക്കാന്‍ പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കരുത്. രാജ്യത്തെ വടക്കും തെക്കുമായി വിഭജിക്കാനുള്ള കഥകള്‍ സൃഷ്ടിക്കരുതെന്നും മോദി പറഞ്ഞു.

◾കേരളത്തിന്റെ അതിജീവനത്തിനുവേണ്ടിയാണ് ഡല്‍ഹിയില്‍ സമരം നടത്തുന്നതെന്നും ആരേയും തോല്‍പ്പിക്കാനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിനെതിരെയുള്ള സമരത്തിനു ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. കീഴ്‌വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാര്‍ഗം തെരഞ്ഞെടുക്കേണ്ടി വന്നത് അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ മാസപ്പടി കേസില്‍ അന്വേഷണം വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ കെഎസ്ഐഡിസിയില്‍ പരിശോധന നടത്തി. പരിശോധന തടയണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം ഹൈക്കോടതി തള്ളി. നോട്ടീസ് തരാതെയാണ് പരിശോധനയെന്ന് കെഎസ്ഐഡിസി ചൂണ്ടിക്കാട്ടി. ഒളിക്കാന്‍ എന്തെങ്കിലുമുണ്ടോയെന്നു കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. എങ്കില്‍ പരിശോധന നടക്കട്ടെയെന്നു കോടതിയും നിലപാടെടുത്തു. കേസ് 12 ന് വീണ്ടും പരിഗണിക്കും.

◾കിഫ്ബി മസാല ബോണ്ട് കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസകിനോടു മൊഴി നല്‍കാന്‍ ചൊവ്വാഴ്ച ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ്. എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസിനെതിരേ തോമസ് ഐസകിന്റെ ഹര്‍ജിയില്‍ കോടതി എന്‍ഫോഴ്സ്മെന്റിനു നോട്ടീസ് അയച്ചിരിക്കേയാണ് നടപടി.

◾നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എന്തെന്ന് അറിയിച്ചില്ലെന്നും പകര്‍പ്പ് കെമാറിയില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

◾കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാര്‍ ചുമതലയേറ്റത്തിനുശേഷം ഇലക്ട്രിക് ബസ് വിവാദം അടക്കമുള്ള അഭിപ്രായ ഭിന്നതകള്‍ക്കു പിറകേ അദ്ദേഹം കെഎസ്ആര്‍ടിസിയിലെ ഓഫീസില്‍ എത്താറില്ല. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണു സ്ഥാനം ഒഴിയുന്നത്.

◾മയക്കുമരുന്നുവേട്ടയ്ക്കായി കര്‍ശന നടപടി വേണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് മേഖല ഐ ജിമാര്‍ക്കും റേഞ്ച് ഡി ഐ ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതിനായി തുടര്‍ച്ചയായ പരിശോധന നടത്തണം. പൊലീസ് ആസ്ഥാനത്ത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ച ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾മുഖ്യമന്ത്രിയും ഭരണകക്ഷിയംഗങ്ങളും ഡല്‍ഹിയില്‍ നടത്തുന്ന സമരം രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വന്തം വീഴ്ചകള്‍ മറക്കാന്‍ പൊതുഖജനാവില്‍നിന്ന് പണം ചെലവാക്കിയുള്ള പ്രഹസനമാണത്. എംഎല്‍എമാരും എംപിമാരും പേഴ്സണല്‍ സ്റ്റാഫുമാരുമെല്ലാം ഒരുകോടി രൂപയെങ്കിലും ചിലവാക്കിയാണു ഡല്‍ഹിയില്‍ സമരം നടത്തുന്നതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

◾സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍. ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചതിന് അനുപാതികമായി പെന്‍ഷനും പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു വിരമിച്ച ജീവനക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

◾റെയില്‍വേ പോലീസ് കഞ്ചാവുമായി പിടികൂടി എക്സൈസിനു കൈമാറിയ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി. കൊല്ലം ഇരവിപുരം സ്വദേശി സെയ്ദലി (22), തട്ടമല സ്വദേശി യാസീന്‍ (21) എന്നിവരാണു മുങ്ങിയത്. മൂന്നേകാല്‍ കിലോ കഞ്ചാവുമായാണ് ഇവരെ എക്സൈസിനു കൈമാറിയിരുന്നത്.

◾തിരുവനന്തപുരത്ത് വെമ്പായം- ചീരാണിക്കര റോഡ് നിര്‍മ്മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഓവര്‍ സിയര്‍ മുഹമ്മദ് രാജി, അസി.എന്‍ജിനീയര്‍ അമല്‍രാജ് എന്നിവരെയാണ് മന്ത്രി മുഹമ്മദ് റിയാസ് സസ്പെന്‍ഡ് ചെയ്തത്. മറ്റൊരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത്തിനെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റും. കരാറുകാരാനായ സുമേഷ് മോഹന്റെ ലൈസന്‍സ് റദ്ദാക്കി.

◾തൃശൂര്‍ റൂറല്‍ പൊലീസില്‍ മെഡിക്കല്‍ അവധി എടുക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തി റൂറല്‍ എസ്പി നവനീത് ശര്‍മയുടെ ഉത്തരവ്. അവധിയുടെ കാരണം സത്യമാണോ എന്നറിയാന്‍ എസ്എച്ച്ഒമാര്‍ അന്വേഷണം നടത്തണമെന്നും എസ്എച്ച്ഒമാരുടെ ശുപാര്‍ശ ഇല്ലാതെ മെഡിക്കല്‍ അവധി നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു.

◾സ്വവര്‍ഗ പങ്കാളി മനുവിന്റെ മൃതദേഹം ആശുപത്രിയില്‍നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പങ്കാളി ജെബിന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഹാജരാക്കണമെന്നു ഹൈക്കോടതി. മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായവും ഇന്ന് അറിയിക്കണം. ഇതിനുശേഷം മൃതദേഹം വിട്ടു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

◾നിക്ഷേപം വാങ്ങി പണം തിരിച്ചുനല്‍കാതെ കബളിപ്പിച്ച സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലയിലെ ശ്രീ അനന്തപുരി നിധി ലിമിറ്റഡ്, കണ്ടല സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, എമിറേറ്റ്‌സ് ഗോള്‍ഡ് സോക്ക്, എറണാക്കുളത്തെ അന്‍വി ഫ്രഷ് പൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യാനാണു കളക്ടര്‍ ഉത്തരവിട്ടത്.

◾തിരുവനന്തപുരത്തു ശനിയാഴ്ച കുടിവെള്ളം മുടങ്ങും. വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കരയിലുള്ള ജലശുദ്ധീകരണ ശാലകളില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് വെള്ളം വിതരണം തടസപ്പെടുന്നത്. ടാങ്കറില്‍ വെളളം വേണ്ടവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 8547697340, 9496434488, 0471 2377701.  

◾ടൂറിസം വകുപ്പു മുന്‍ ഡയറക്ടറും ലേബര്‍ കമ്മീഷണറുമായിരുന്ന കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് അന്തരിച്ചു. 75 വയസായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.

◾തൃശൂര്‍ ചേലക്കരയില്‍ തുറന്നു കിടന്ന ഓടയില്‍ ബൈക്ക് വീണ് യുവാവ് മരിച്ചു. വെങ്ങാനല്ലൂര്‍ വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ അബൂ താഹിര്‍(22) ആണ് മരിച്ചത്. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലെ വളവില്‍ രാത്രിയിലാണ് അപകടമുണ്ടായത്.

◾കേന്ദ്രത്തില്‍ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് പ്രധാനമന്ത്രി. ബജറ്റ് സമ്മേളനത്തിനു രാജ്യസഭയിലെ മറുപടി പ്രസംഗത്തിലാണ് 'മോദി 3.0 ഉറപ്പ്' എന്ന മുദ്രാവാക്യവുമായി ആത്മവിശ്വാസം പ്രകടപ്പിച്ചത്. താന്‍ നയിച്ച ബി ജെ പി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണം രാജ്യത്തിന് വളരെയധികം ഗുണമായെന്നും വിവിധ മേഖലകളില്‍ രാജ്യം മുന്നേറിയെന്നും മോദി അവകാശപ്പെട്ടു. അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ ഓടും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു നാല്പതു സീറ്റെങ്കിലും നേടാനാകട്ടെയെന്നു പ്രാര്‍ത്ഥിക്കാമെന്നും മോദി പരിഹസിച്ചു. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികള്‍ക്ക് സമ്മാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മോദി പറഞ്ഞു.

◾ഇന്ത്യയില്‍ വിദേശ സര്‍വകലാശാല ക്യാമ്പസ് ആരംഭിക്കാന്‍ ആദ്യ അപേക്ഷ ലഭിച്ചു. മലേഷ്യയിലെ ലിങ്കണ്‍ സര്‍വകലാശാലയാണ് ഹൈദരാബാദില്‍ ക്യാമ്പസ് തുറക്കാന്‍ അനുമതി തേടിയത്. അപേക്ഷ പരിശോധിച്ച് അനുമതി നല്‍കുന്നതിനു ശുപാര്‍ശ ചെയ്യാനായി അഞ്ചംഗ കമ്മറ്റിയെ യുജിസി നിയോഗിച്ചു.

◾ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ 17 ന് കോടതിയില്‍ ഹാജരാകണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി. അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. എന്‍ഫോഴ്സ്മെന്റ് നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ നടപടി.

◾കേരള സര്‍ക്കാരിന്റെ സമരത്തിന് പൂര്‍ണ പിന്തുണയെന്ന് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യം അറിയിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ മോദി സര്‍ക്കാര്‍ ഞെരുക്കുകയാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

◾കേന്ദ്ര സര്‍ക്കാരിനെതിരേ തമിഴ്നാട്ടിലെ ഭരണ മുന്നണിയായ ഡിഎംകെ സഖ്യവും ഇന്നു ഡല്‍ഹിയില്‍ പ്രതിഷേധ സമരം നടത്തും. പാര്‍ലമെന്റ് മന്ദിരത്തോടു ചേര്‍ന്നുള്ള ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കറുത്ത വസ്ത്രം ധരിച്ചാകും പ്രതിഷേധം. എട്ടു ജില്ലകളിലെ പ്രളയക്കെടുത്തിയില്‍ 37,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടും അവഗണിച്ചതിനെതിരേയാണ് പ്രതിഷേധം.

◾ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. രാജ്യത്ത് ഈ നിയമം പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ നിയമത്തിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

◾രാജ്യത്തെ ഹിന്ദുസമൂഹം മൂന്നു സ്ഥലങ്ങളാണ് ആവശ്യപ്പെടുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ, കാശി, മഥുര എന്നിവയാണ് ഈ സ്ഥലങ്ങളെന്നും യുപി നിയമസഭയില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് രാജ്യത്തെ മുഴുവന്‍ സന്തോഷത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

◾ഗ്യാന്‍വാപി പള്ളി കേസില്‍ കക്ഷിയല്ലാത്ത യുപി സര്‍ക്കാര്‍ എന്തിനു ഹൈക്കോടതിയില്‍ ഹാജരായെന്ന് പള്ളിക്കമ്മിറ്റി. ഹിന്ദു വിഭാഗവും സര്‍ക്കാരും ഒത്തുകളിക്കുന്നതിന്റെ പരസ്യമായ തെളിവാണ് ഇതെന്നും മസ്ജിദ് വിഭാഗം കോടതിയില്‍. പൂജയുമായി ബന്ധപ്പെട്ട പള്ളിക്കമ്മറ്റിയുടെ അപ്പീല്‍ ഈ മാസം പന്ത്രണ്ടിന് വീണ്ടും പരിഗണിക്കുമെന്ന് അലഹബാദ് ഹൈക്കോടതി.

◾ജമ്മുകാഷ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. ഷഹീദ് ഗഞ്ചിലെ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ അമൃത്പാല്‍ സിങ്ങ് ആണു കൊല്ലപ്പെട്ടത്.

◾പഴയ പാര്‍ലമെന്റ് മന്ദിരത്തിനു വാസ്തു ദോഷമുണ്ടെന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടംപിടിച്ചയാള്‍ 65 കോടിരൂപയുടെ തട്ടിപ്പു കേസില്‍ അറസ്റ്റിലായി. ഖുശ്ദീപ് ബന്‍സാലും സഹോദരനുമാണ് ആസാം, ഡല്‍ഹി പോലീസിന്റെ പിടിയിലായത്.

◾മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ 2000 പേര്‍ക്കു ഭക്ഷ്യവിഷബാധ. നന്ദേഡിലെ കോഷ്ത്വഡി ഗ്രാമത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട മതപ്രഭാഷണ ചടങ്ങിനിടെ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടേയും സ്ഥിതി ഗുരുതരമല്ല.

◾ഐ.സി.സി.യുടെ ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ. നേരത്തേ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ സിങ് ബേദി എന്നിവര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. ബുംറ നേരത്തേ ഏകദിന റാങ്കിങ്ങിലും ടി 20 റാങ്കിങ്ങിലും പല തവണ ഒന്നാമതെത്തിയിട്ടുണ്ട്.

◾കാറപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് ഐ.പി.എല്ലില്‍ തിരിച്ചെത്തുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങാണ് പന്ത് ഐ.പി.എല്ലിലേക്ക തിരിച്ചു വരുന്നുവെന്ന ശുഭദായകമായ വാര്‍ത്ത പങ്കുവെച്ചത്.

◾എ.എഫ്.സി. ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇറാനെ തകര്‍ത്ത ആതിഥേയരായ ഖത്തര്‍ ഫൈനലില്‍. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഖത്തറിന്റെ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ തകര്‍ത്ത ജോര്‍ദാനാണ് ഫൈനലില്‍ ഖത്തറിന്റെ എതിരാളികള്‍.

◾ഖത്തറില്‍ നിന്നുള്ള സിഎന്‍ജി ഇറക്കുമതി കരാര്‍ നീട്ടാനൊരുങ്ങി ഇന്ത്യ. നിലവില്‍, പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ സിഎന്‍ജിയാണ് പെട്രോനെറ്റ് വഴി ഖത്തറില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിനായി രണ്ട് കരാറുകളാണ് ഉള്ളത്. ഇതില്‍ ഒരു കരാര്‍ 2028-ല്‍ അവസാനിക്കും. ഈ കരാര്‍ അടുത്ത 20 വര്‍ഷം കൂടി നീട്ടാനാണ് ഇന്ത്യയുടെ തീരുമാനം. ഇതുവഴി 2048 വരെ ഖത്തറില്‍ നിന്നും സിഎന്‍ജി ഇറക്കുമതി ചെയ്യുന്നതാണ്. നിലവിലെ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സിഎന്‍ജി ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ പദ്ധതി. പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ സിഎന്‍ജി ഇറക്കുമതി ചെയ്യാന്‍ ലക്ഷ്യമിട്ടുളള രണ്ടാമത്തെ കരാറില്‍ 2015-ലാണ് ഇരു കമ്പനികളും ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉടന്‍ സംഘടിപ്പിക്കുന്നതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളോടുള്ള ആശ്രയത്വം ഭാവിയില്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സിഎന്‍ജി കൂടുതലായും ഇറക്കുമതി ചെയ്യുന്നത്. 2070 ഓടെ പൂര്‍ണ്ണമായി കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കുക എന്നതാണ് ഇന്ത്യയുടെ പദ്ധതി.

◾ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' എന്ന ചിത്രത്തിലെ പുതിയഗാനം 'മിനി മഹാറാണി' എന്ന പാട്ടിന്റെ വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ഈണമൊരുക്കി. കപില്‍ കപിലന്‍, വാഗു മസാന്‍, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രമാണ് 'പ്രേമലു'. നസ്ലിന്‍, മമിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എ.ഡി, കിരണ്‍ ജോസി എന്നിവര്‍ ചേര്‍ന്നാണ് 'പ്രേമലു'വിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഫെബ്രുവരി 9ന് 'പ്രേമലു' പ്രദര്‍ശനത്തിനെത്തും.

◾പ്രേക്ഷകരുടെ പ്രിയ താരങ്ങളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മല്‍ ബോയ്സ് ' റിലീസിനൊരുങ്ങുന്നു. ഒരു കൂട്ടം യുവാക്കളുടെ കഥയുമായാണ് മഞ്ഞുമ്മല്‍ ബോയ്സ് എത്തുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രികരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

◾ബോളിവുഡിലെ പ്രസിദ്ധ ഗായകനായ ഷാന്‍ മെഴ്‌സിഡീസ് ബെന്‍സ് ഇക്യുഎസ് ഇവി ആഡംബര കാര്‍ സ്വന്തമാക്കി. ഷാനും കുടുംബവും ചേര്‍ന്ന് പുതിയ കാര്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന വിലയിലുള്ള വൈദ്യുത കാറാണ് ഇക്യുഎസ് 580. ഒറ്റ ചാര്‍ജില്‍ 857 കി.മീ റേഞ്ച് നല്‍കുന്ന ഈ കാറിന് 1.55 കോടി രൂപയാണ് വില. നീല നിറമാണ് തന്റെ ഇക്യുഎസ് 580ഇവിക്ക് ഷാന്‍ തെരഞ്ഞെടുത്തത്. ഭാര്യ രാധിക മുഖര്‍ജിക്കും മകന്‍ സോഹം മുഖര്‍ജിക്കുമൊപ്പമാണ് ഷാന്‍ പുതിയ കാര്‍ ഏറ്റുവാങ്ങാന്‍ ഡീലര്‍ഷിപ്പിലേക്കെത്തിയത്. മെഴ്‌സിഡീസ് ബെന്‍സിന്റെ ഇന്ത്യയിലെ വൈദ്യുത കാര്‍ വിഭാഗത്തില്‍ ഏറ്റവും മുന്നില്‍ സ്ഥാനമുള്ള വാഹനമാണ് ഇക്യുഎസ് 580. 2022 സെപ്തംബറിലാണ് ഈ സെഡാന്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. 1.62 കോടി രൂപയെന്ന വിലപോലെ തന്നെ വലിയ 107.8കിലോവാട്ട്അവര്‍ ബാറ്ററി പാക്കും ഇക്യുഎസ് 580ക്കുണ്ട്. ഇന്ത്യന്‍ വിപണിയിലുള്ള വൈദ്യുത കാറുകളില്‍ ഏറ്റവും വലിയ ബാറ്ററി പാക്കാണിത്. 857 കി.മീ ആണ് മെഴ്‌സിഡീസ് ബെന്‍സ് വാഗ്ദാനം ചെയ്യുന്ന റേഞ്ച്. വെറും 31 മിനുറ്റുകൊണ്ട് പൂജ്യത്തില്‍ നിന്നും 80 ശതമാനം വരെ ചാര്‍ജു ചെയ്യാനാവുന്ന ഫാസ്റ്റ് ചാര്‍ജറും വാഹനത്തിനുണ്ട്.

◾കല്‍ക്കണ്ടത്തിന്റെ നനുത്ത തരികള്‍ നാവില്‍ അലിഞ്ഞുചേരുന്നതുപോലെ ഒരു സുന്ദരാനുഭവമാണ് ഈ കുട്ടിക്കഥകളുടെ വായന. രാമനാഥന്റെ നാടന്‍- പരിഷ്‌കാരി പാവകളും, അപ്പുവിന്റെ കളര്‍ കോഴിക്കുഞ്ഞുങ്ങളും, അമ്മുവിന്റെ കിങ്ങിണിയാടും, പപ്പുമാസ്റ്ററുടെ സരോജത്തത്തയും, ഉണ്ണിക്കുട്ടന്റെ മണ്ണിരകളും ഒക്കെച്ചേര്‍ത്ത് കുരുന്നു മനസ്സുകളില്‍ നല്ല പാഠങ്ങളുടെ വിത്തുവിതയ്ക്കുകയാണ് ഇവിടെ - നൂറുമേനി വിളവുനല്കുന്ന നന്മയുടെ വിത്തുകള്‍. കണ്ണിമാങ്ങ കടിച്ചും കടങ്കഥ പറഞ്ഞും കണ്ണാരം പൊത്തിക്കളിച്ചും ചെലവിട്ട ഒരു അവധിക്കാലം പോലെ ഈ രചനകള്‍ ബാലകരെ ഉത്സാഹഭരിതരാക്കും. 'രാമനാഥന്റെ പാവകള്‍'. മിനി. പി.സി. എച്ച് &സി ബുക്സ്. വില 100 രൂപ.

◾ആരോഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ അളവിലുള്ള മദ്യം എന്നതൊന്ന് ഇല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഡബ്ലു.എച്ച്.ഒയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന മദ്യപാനം ക്യാന്‍സര്‍ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും യൂറോപ്പില്‍ 200 ദശലക്ഷം ആളുകള്‍ മദ്യപാനം മൂലം ക്യാന്‍സര്‍ സാധ്യതയുള്ളവരാണെന്നും ആഗോള ആരോഗ്യ സ്ഥാപനമായ ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തിലെ ഒരു പ്രസ്താവനയിലാണ് ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വന്‍കുടലിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങിയ ഏറ്റവും സാധാരണമായ അര്‍ബുദ രോഗങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് തരം ക്യാന്‍സറുകളെങ്കിലും മദ്യപാനം വഴി ഉണ്ടാകുന്നുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്. എഥനോള്‍ (ആല്‍ക്കഹോള്‍) ഒരു ബയോളജിക്കല്‍ മെക്കാനിസം വഴി ക്യാന്‍സറിന് കാരണമാകുന്നു. കാരണം, ഈ സംയുക്തം ശരീരത്തില്‍ വിഘടിക്കുന്നു. അതായത്, കഴിക്കുന്ന അളവ് കുറഞ്ഞാലും കൂടിയാലും മദ്യപാനം ക്യാന്‍സറിന് കാരണമായേക്കുമെന്ന് ചുരുക്കം. അളവില്‍ കുറഞ്ഞ മദ്യപാനം മൂലം രോഗമോ മോശമായ ശാരീരിക അവസ്ഥകളോ ഇല്ലെന്നു തെളിയിക്കാന്‍ സാധുവായ ശാസ്ത്രീയ തെളിവുകള്‍ അത്യാവശ്യമാണ്. മദ്യത്തിന് സുരക്ഷിതമായ പരിധിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് നിലവില്‍ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, മദ്യപാനത്തിന്റെ സുരക്ഷിതമായ അളവ് എന്നൊന്ന് ഇല്ല. നിങ്ങള്‍ എത്ര കുടിക്കുന്നു എന്നതിലല്ല കാര്യം - മദ്യത്തിന്റെ ആദ്യ തുള്ളി പോലും മദ്യപാനിയുടെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കാം. അളവില്ലാതെ കുടിച്ചാല്‍ കൂടുതല്‍ ദോഷം ചെയ്യും എന്നു മാത്രം സംശയം ഏതുമില്ലാതെ ഉറപ്പിച്ചു പറയാന്‍ സാധിക്കും. ആഗോളതലത്തില്‍, യൂറോപ്യന്‍ മേഖലയിലാണ് മദ്യപാനികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. ഇവിടെ മാത്രം 200 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ക്യാന്‍സര്‍ സാധ്യതയുണ്ടെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അവര്‍ പുതിയ കാട്ടിലേക്ക് പലായനം ചെയ്ത് വന്നതായിരുന്നു. കുരങ്ങന്‍മാരുടെ നേതാവ് അവര്‍ക്ക് മുന്നറിയിപ്പുനല്‍കി. ഇവിടെ ധാരാളം വിഷഫലങ്ങളും ഭൂതങ്ങള്‍ ഉളള കുളങ്ങളുമുണ്ട്. എന്റെ നിര്‍ദ്ദേശമില്ലാതെ പരിചയമില്ലാത്ത ഫലങ്ങള്‍ കഴിക്കുകയോ, പരിചയമില്ലാത്ത കുളത്തില്‍ നിന്നും വെള്ളം കുടിക്കുകയോ ചെയ്യരുത്. അവര്‍ തലയാട്ടി. ഒരു ദിവസം പരിചയമില്ലാത്ത കുളം അവരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ നേതാവിനോട് കാര്യം പറഞ്ഞു. നേതാവ് ആ കുളത്തിനെ ആകെ വീക്ഷിച്ചു. എന്നിട്ട് അനുയായികളോട് പറഞ്ഞു: ഇവിടെ ധാരാളം മൃഗങ്ങളുടെ കാല്‍പ്പാടുകള്‍ ഉണ്ട്. പക്ഷേ, അവയെല്ലാം ഈ കുളത്തിലേക്ക് ഇറങ്ങിപ്പോയതല്ലാതെ, തിരിച്ചുകയറിയതായി കാണുന്നില്ല. അതിനാല്‍ ഈ കുളത്തില്‍ ഭൂതമുണ്ട്. ഇത് കേട്ട് ഉടന്‍ ഭൂതം പ്രത്യക്ഷപ്പെട്ടു. നിങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലാത്തതുകൊണ്ട് ഉറപ്പായും ഞാന്‍ നിങ്ങളെ വിഴുങ്ങും. ഇത് കേട്ട് നേതാവ് അടുത്തുളള മുളംകാട്ടില്‍ നിന്നും മുളം തണ്ട് ഒടിച്ചെടുത്ത് കുളത്തിലേക്കിട്ട് വെള്ളം അതിലൂടെ കുടിച്ചു. മററുള്ളവരും അത് ആവര്‍ത്തിച്ചു. കണ്ടറിഞ്ഞു കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഒരു നേതാവിന്റെ ഗുണം. അവര്‍ എന്തിലും മുന്‍പന്തിയില്‍ നില്‍ക്കും. ദുര്യോഗങ്ങള്‍ മുന്‍കൂട്ടി കാണും. ഇനി അരുതാത്തത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും. ഏത് പ്രതിസന്ധിയിലും അവര്‍ പ്രതിവിധികള്‍ കണ്ടെത്തും. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറാനും മററുളളവരെ മാററിയെടുക്കാനും അവര്‍ക്ക് കഴിയും.. ഇവരാണ് യഥാര്‍ത്ഥമാര്‍ഗദര്‍ശികള്‍.. ഇവരെ നമുക്ക് കൂടെ ചേര്‍ക്കാം - ശുഭദിനം.