*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 7 ബുധൻ

◾ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍. എതിര്‍ക്കുന്നില്ലെന്നും വിശദമായ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ നിലപാടെടുത്തു. ബില്‍ ഇന്നു പാസാക്കും. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ബില്‍ അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ ജയ്ശ്രീറാം വിളികളോടെയാണ് ബിജെപി എംഎല്‍എമാര്‍ സ്വീകരിച്ചത്. ബിജെപി ഭരിക്കുന്ന ആസാം, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

◾കേന്ദ്ര സര്‍ക്കാരിനെതിരേ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നാളെ നടത്തുന്ന പ്രതിഷേധ സമരത്തില്‍ നാലു മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരാണു പങ്കെടുക്കുക. ജന്തര്‍ മന്ദറിലെ സമരത്തിനു ഡല്‍ഹി പോലീസ് അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരിനെതിരേ ഇന്നു കര്‍ണാടക സര്‍ക്കാരും ജന്തര്‍മന്ദറില്‍ പ്രതിഷേധ സമരം നടത്തുന്നുണ്ട്.

◾അജിത് പവാര്‍ വിഭാഗത്തെ യഥാര്‍ത്ഥ എന്‍ സി പി യായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. എന്‍സിപിയെന്ന പാര്‍ട്ടി പേരും ചിന്ഹവും ശരദ് പവാര്‍ വിഭാഗത്തിന് നഷ്ടമാകും. എന്‍സിപി എന്ന പേരും ചിഹ്നവും അജിത് പവാര്‍ പക്ഷത്തിനു ലഭിക്കും.

◾ഇന്ത്യ- മ്യാന്മര്‍ അതിര്‍ത്തിയില്‍ വേലികെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മ്യാന്മറില്‍നിന്ന് നിരവധി പേരാണ് ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നത്. ഇതു തടയാനാണ് വേലി കെട്ടുന്നത്. 1643 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയില്‍ നിന്ന് മണിപ്പൂരിലേക്കാണ് കൂടുതല്‍ പേര്‍ പ്രവേശിച്ചത്. മണിപ്പൂരിലെ മൊറെയില്‍ പ്രദേശത്തു പത്തു കിലോമീറ്റര്‍ വേലി കെട്ടിക്കഴിഞ്ഞു.

◾സംസ്ഥാന ബജറ്റില്‍ വിഹിതം കുറഞ്ഞതിനെക്കുറിച്ച് സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച നടത്തും. തങ്ങളുടെ വകുപ്പുകള്‍ക്കുള്ള തുക വന്‍തോതില്‍ വെട്ടിക്കുറച്ചതിനെതിരേ ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണിയും നീരസം പ്രകടിപ്പിച്ചിരുന്നു.

◾വ്യക്തിപരമായ ഈഗോ പോലീസുകാര്‍ക്കു നല്ലതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ രൂപീകരിച്ച സൈബര്‍ ഡിവിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ വര്‍ഷം മാത്രം 201 കോടി രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ കേരളത്തില്‍നിന്നും കടത്തിയത്. അമിത ലാഭം പ്രതീക്ഷച്ചവരാണ് തട്ടിപ്പിന് ഇരയായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ കുട്ടികളുടെ പാര്‍ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷയിലെ പിഴവുമൂലവും രേഖകള്‍ ഹാജരാക്കാത്തതുമൂലവും ലൈസന്‍സ് നല്‍കിയിട്ടില്ല. ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു. നാളെ മറുപടി നല്‍കണമെന്നു സര്‍ക്കാറിനു കോടതി നിര്‍ദേശം നല്‍കി.

◾എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. എസ്എന്‍ഡിപിയുടെ ശക്തമായ പിന്തുണ മോദി തേടി. വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ ഡല്‍ഹിയില്‍ നടത്തിയ വിവാഹ വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നു.

◾സ്വകാര്യ മേഖല പാടില്ലെന്നു പറഞ്ഞ് സിപിഎം സമരം നടത്തിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ക്കുന്നത്. ഇവിടെ സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ല. ഇനി എതിര്‍ക്കുകയുമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവാദ നിയമനം നേടിയ ഡോ. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടികയിലെ മൂന്ന്, നാല് റാങ്കുകാര്‍ക്ക് ഉന്നത നിയമനം ലഭിച്ചതു വിചിത്രമെന്ന് കെപിസിടിഎ. മൂന്നാം റാങ്കുകാരനെ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറായും നാലാം റാങ്കുകാരനെ പിഎസ് സി അംഗമായുമാണു നിയമിച്ചത്. എന്നാല്‍ രണ്ടാം റാങ്കുകാരനും പ്രിയയുടെ നിയമനം ചോദ്യം ചെയ്തു ഹര്‍ജി നല്‍കിയയാളുമായി പ്രഫ. ജോസഫ് സ്‌കറിയക്കു കാലിക്കട്ട് സര്‍വകലാശാലയില്‍ പ്രഫസര്‍ തസ്തികയില്‍ ഒന്നാം റാങ്ക് ലഭിച്ചെങ്കിലും നിയമനം നല്‍കുന്നതു സിന്‍ഡിക്കറ്റ് തടഞ്ഞിരിക്കുകയാണ്. കെപിസിടിഎ ആരോപിച്ചു.

◾കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റായി തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വീണ്ടും തെരഞ്ഞെടുത്തു.

◾സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. ബജറ്റിലെ പ്രഖ്യാപനം എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധവും വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ്. വിദേശ സര്‍വകലാശാലകളെ വേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും നിലപാടെടുത്തിട്ടുണ്ട്.

◾തന്റെ സ്വത്ത് മരവിപ്പിച്ച എന്‍ഫോഴ്സ്മെന്റിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസി മൊയ്തീന്‍ എംഎല്‍എ. സ്വത്ത് കണ്ട് കെട്ടിയിട്ടില്ലെന്നും 28 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതാണെന്നും മൊയ്തീന്‍ പറഞ്ഞു. തന്റെ സമ്പാദ്യം നിയമവിധേയമാണ്. ജനപ്രതിനിധി എന്ന നിലയില്‍ തനിക്കും സര്‍ക്കാര്‍ ജീവനക്കാരി എന്ന നിലയില്‍ ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യമെന്നും മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

◾കഞ്ചാവു ലഹരിയില്‍ കാര്‍ ഓടിച്ച് അപകട പരമ്പരയുണ്ടാക്കിയ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എംസി റോഡില്‍ കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയില്‍ ഇവര്‍ കാറോടിച്ചത്. നിരവധി വാഹനങ്ങളില്‍ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് ക്രെയിന്‍ കുറുകെ നിര്‍ത്തിയിട്ടാണ് ദമ്പതികളെ പിടികൂടിയത്.

◾കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ച സ്വവര്‍ഗപങ്കാളി മനുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മുണ്ടക്കയം സ്വദേശിയായ പങ്കാളി ജെബിന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെയും സ്വകാര്യ ആശുപത്രിയുടെയും വിശദീകരണം തേടി. നാളെ മറുപടി നല്‍കണമെന്നാണു സിംഗിള്‍ ബഞ്ചിന്റെ നിര്‍ദ്ദേശം. മനുവുമായി അകന്നു നില്‍ക്കുന്ന ബന്ധുക്കള്‍ ആശുപത്രിയിലെ ചികിത്സാ ചെലവ് നല്‍കിയെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല.

◾പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 123 വര്‍ഷം തടവുശിക്ഷ. പതിനൊന്നും പന്ത്രണ്ടും വയസ്സ് പ്രായമുള്ള മക്കളെ പീഡിപ്പിച്ച ഇയാള്‍ 8.85 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതി വിധിച്ചു. 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നത്.

◾ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള കമന്റിട്ട എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ വീടിനു മുന്നില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വീടിന് മുന്നിലെ മതിലില്‍ 'ഇത് ഗാന്ധിയുടെ രാഷ്ട്രമാണ്, ഗോഡ്‌സേയുടെതല്ല മാഡം' എന്നെഴുതിയ ഫ്ളക്സ് സ്ഥാപിച്ചാണ് ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മിറ്റി പ്രതിഷേധിച്ചത്.

◾വയനാട്ടില്‍ അനധികൃതമായി കടത്തിയ വിദേശമദ്യവും കഞ്ചാവുമായി യുവതിയടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. തൃശൂര്‍ തളിക്കുളം കൊപ്പറമ്പില്‍ കെ.എ. സുഹൈല്‍(34), കാഞ്ഞാണി സ്വദേശികളായ സി.എസ്. അനഘ് കൃഷ്ണ(27), സി.എസ്. ശിഖ(39) എന്നിവരാണ് ബത്തേരി പൊലീസിന്റെ പിടികൂടിയത്.

◾വര്‍ക്കല പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് അദ്ധ്യാപകന്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിര്‍ (42) ആണ് മരിച്ചത്.

◾മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയിലായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി സാം തിമോത്തിയോസിനെയാണ് 3.18 കിലോഗ്രാം കഞ്ചാവുമായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് എക്സൈസ് സംഘം പിടികൂടിയത്.

◾കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പറപ്പൂര്‍ സ്വദേശി ഹാരിസാണ് അറസ്റ്റിലായത്. ഊട്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസിലായിരുന്നു അതിക്രമം.

◾യുപിഎ ഭരണകാലത്തെ സാമ്പത്തിക സ്ഥിതിയെ ഇകഴ്ത്തിക്കാണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കും. ഇതിനായാണ് പാര്‍ലമെന്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടിയതെന്നാണ് വിവരം. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കു കൂടുതല്‍ തിളക്കമേകാനാണ് യുപിഎ ഭരണകാലത്ത് സാമ്പത്തിക രംഗത്ത് സ്വീകരിച്ച നടപടികളും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും വിവരിക്കുന്ന ധവളപത്രം പുറത്തിറക്കുന്നത്.

◾മല്‍സര പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുന്നവര്‍ക്കു പത്തുവര്‍ഷം വരെ തടവും ഒരു കോടി രൂപവരെ പിഴയും ശിക്ഷയായി ലഭിക്കുന്ന നിയമം ലോക്സഭ പാസാക്കി. പബ്ലിക് എക്സാമിനേഷന്‍സ് പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ് ബില്‍ 2024 ആണു പാസാക്കിയത്.

◾വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയിലെ പൂജയുമായി ബന്ധപ്പെട്ട് തുടരെത്തുടരെ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതു പ്രശസ്തിക്കുവേണ്ടിയാണെന്ന് അലഹബാദ് ഹൈക്കോടതി. എല്ലാ ഹര്‍ജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി നിര്‍ദേശിച്ചു. അതേസമയം, പള്ളി കമ്മറ്റിയുടെ ഹര്‍ജിയിലെ ഭേദഗതി കോടതി അനുവദിച്ചു. നാളെ ഹര്‍ജി വീണ്ടും പരിഗണിക്കും.

◾മുഗള്‍ ഭരണാധികാരി ഔറംഗസീബ് മഥുരയിലെ കേശവദേവ് ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായിരുന്നു ക്ഷേത്രമെന്നും മറുപടി നല്‍കി.

◾ദേശീയപുരസ്‌കാരം നേടിയ 'കടൈസി വ്യവസായി' എന്ന സിനിമയില്‍ അഭിനയിച്ച കാസമ്മാള്‍ (71) മകന്റെ അടിയേറ്റു കൊല്ലപ്പെട്ടു. മദ്യപിക്കാന്‍ പണംചോദിച്ച് വഴക്കിട്ട് കൊലപാതകം നടത്തിയ മകന്‍ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിലെ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം.

◾മ്യാന്‍മറിലെ രഖൈന്‍ മേഖലയിലേക്ക് ഇന്ത്യാക്കാര്‍ പോകരുതെന്നു കേന്ദ്ര സര്‍ക്കാര്‍. അവിടെയുള്ളവര്‍ ഉടനേ സ്ഥലംവിടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന മ്യാന്‍മറിലെ രഖൈനില്‍ ആശയ വിനിമയ സംവിധാനങ്ങള്‍ തകരാറിലാണ്.

◾അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. അത്യന്തം ആവേശകരമായ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ 32 റണ്‍സിനിടെ നഷ്ടമായി. അഞ്ചാം വിക്കറ്റില്‍ 96 റണ്‍സ് നേടിയ സച്ചിന്‍ ദാസിന്റേയും 81 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഉദയ് സഹറാന്റേയും 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചത്.

◾മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് ഇനി ഫുട്‌ബോള്‍ താരം ലയണല്‍ മെസി ഉണ്ടാവില്ല. മെസിയുമായുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ ബൈജൂസ് അവസാനിപ്പിയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2022 നവംബറിലാണ് 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന കാമ്പെയിനിനായി മെസിയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പു വച്ചത്. പ്രതിവര്‍ഷം 50-70 ലക്ഷം ഡോളറിനായിരുന്നു (ഏകദേശം 4,000-5,000 കോടി രൂപ) കരാര്‍. ബൈജൂസിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി മെസി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിപ്പുമിട്ടിരുന്നു. നിലവില്‍ ഒരു വര്‍ഷത്തെ പണം മെസിക്ക് നല്‍കിയിട്ടുണ്ട്. ഇനിയുള്ള കരാര്‍ തുടരുമോ അതോ ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുമോ എന്നതിനെ കുറിച്ച് കമ്പനി തീരുമാനമെടുത്തേക്കാം. സിനിമാ താരം ഷാരൂഖ് ഖാനുമായുള്ള കരാറും കഴിഞ്ഞ വര്‍ഷം കമ്പനി വേണ്ടെന്ന് വച്ചിരുന്നു. മെസി ബ്രാന്‍ഡ് അംബാസിഡറായി ഒരു മാസം പിന്നിടും മുമ്പെ ബൈജൂസില്‍ നിന്ന് 25,000 ഓളം ജീവനക്കാരെ പിരിച്ചുവിട്ടത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിലവില്‍ കഠിനമായ സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്. കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മാറി നില്‍ക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം നിക്ഷേപകര്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. എന്നാല്‍ കമ്പനിയെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്ന ചില സ്ഥാപിത താത്പര്യക്കാര്‍ക്കെതിരെ പോരാട്ടം നടത്തി വരികയാണ് കമ്പനിയെന്ന് ബൈജു രവീന്ദ്രന്‍ അടുത്തിടെ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

◾നടന്‍, സംവിധായകന്‍ എന്നി നിലകളില്‍ ശ്രദ്ധേയനായ ദിലീഷ് പോത്തന്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ 'മനസാ വാചാ' യുടെ ടീസര്‍ പുറത്ത്. വ്യത്യസ്തമായ ലുക്കിലും ഗെറ്റ് അപ്പിലുമാണ് ദിലീഷ് പോത്തനുള്ളത്. 'ധാരാവി ദിനേശ് ' എന്ന കള്ളന്‍ കഥാപാത്രമായി ആണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. നേരത്തെ പുറത്തു വന്ന മനസാ വാചാ പ്രോമോ സോങ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് പാടിയ ഗാനം ട്രെന്‍ഡിംഗ് ആയിരുന്നു. ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ് 'മനസാ വാചാ' സിനിമയുടെ സംവിധായകന്‍. മജീദ് സയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും. ഇതൊരു ഫണ്‍ എന്റര്‍ടൈനര്‍ സിനിമയാണ്. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒനീല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്.

◾വിജയ്അറ്റ്‌ലി ചിത്രം 'തെരി' ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. 'ബേബി ജോണ്‍' എന്നാണ് ഹിന്ദിയില്‍ സിനിമയുടെ ടൈറ്റില്‍. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രം അറ്റ്ലിയാണ് നിര്‍മിക്കുന്നത്. 2019 ല്‍ ജീവയെ നായകനാക്കി 'കീ' എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. വാമിഖ ഗബ്ബി, കീര്‍ത്തി സുരേഷ്, ജാക്കി ഷ്റോഫ്, രാജ്പാല്‍ യാദവ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. തമന്‍ ആണ് സംഗീതം. ചിത്രം മെയ് 31ന് തിയറ്ററുകളിലെത്തും. 2016ല്‍ വിജയ്യെ നായകനാക്കി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് 'തെരി'. വിജയ്കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ വിജയമായിരുന്നു. സമാന്തയും ആമി ജാക്സണുമായിരുന്നു 'തെരി'യിലെ നായികമാര്‍. ഹിന്ദിയിലെത്തുമ്പോള്‍ സമാന്ത അവതരിപ്പിച്ച വേഷമാകും കീര്‍ത്തി പുനരവതരിപ്പിക്കുക. കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.

◾വില്‍പ്പനയില്‍ നിരവധി ജനപ്രിയ ഹാച്ച്ബാക്കുകളെയും വിലകുറഞ്ഞ എസ്യുവികളെയും വില്‍പനയില്‍ മറികടന്ന് മാരുതി ഡിസയര്‍. കഴിഞ്ഞ മാസം, 2024 ജനുവരിയില്‍, 15,965 യൂണിറ്റ് ഡിസയര്‍ വിറ്റു. ഈ മികച്ച വില്‍പ്പനയോടെ, മികച്ച 10 കാറുകളുടെ പട്ടികയില്‍ ഇത് രണ്ടാം സ്ഥാനത്തും തുടര്‍ന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഈ സെഡാന്റെ 13000ത്തില്‍ അധികം യൂണിറ്റുകള്‍ ഓരോ മാസവും വിറ്റഴിക്കപ്പെട്ടു. അതേസമയം, 2023 നവംബറിലും 2023 ഡിസംബറിലും ഏകദേശം 16,000 യൂണിറ്റുകള്‍ വിറ്റു. 2023 ഓഗസ്റ്റില്‍ 13,293 യൂണിറ്റുകളും, 2023 സെപ്റ്റംബറില്‍ 13,880 യൂണിറ്റുകളും, 2023 ഒക്ടോബറില്‍ 14,699 യൂണിറ്റുകളും, 2023 നവംബറില്‍ 15,965 യൂണിറ്റുകളും, 2023 ഡിസംബറില്‍ 14,012 യൂണിറ്റുകളും 2024 ജനുവരിയില്‍ 15,9625 യൂണിറ്റുകളും വിറ്റു. നാല് മീറ്ററില്‍ താഴെയുള്ള കോംപാക്റ്റ് സെഡാനാണ് മാരുതി ഡിസയര്‍. സിഎന്‍ജി മോഡലിന് ഡിമാന്‍ഡ് കൂടുതലാണ്. ഇതിന്റെ മൈലേജ് 31.12 കി.മീ/കിലോ. 76 ബിഎച്പി കരുത്തും 98.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ കെ12സി ഡ്യുവല്‍ജെറ്റ് എഞ്ചിനാണ് ഇതിനുള്ളത്. ഇതിന്റെ സിഎന്‍ജി വേരിയന്റിന്റെ വില 8.22 ലക്ഷം രൂപ മുതലാണ്. ഏഴ് ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഡിസയറിന്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, മിറര്‍ ലിങ്ക് തുടങ്ങിയവയെ ഈ സിസ്റ്റം പിന്തുണയ്ക്കുന്നു.

◾പത്രപ്രവര്‍ത്തനരംഗത്ത് നാല് പതിറ്റാണ്ടുകള്‍ പിന്നിടുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്റെ പലകാലങ്ങളിലെ യാത്രകളുടെ സമാഹാരം. മനുഷ്യത്വപരവും ചരിത്രപരവുമായ അനുഭവങ്ങള്‍ അടങ്ങിയ ഈ യാത്രകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നേര്‍ക്കാഴ്ചകളായി മാറുന്നു. ചരിത്രം നിര്‍മ്മിച്ച വഴികളിലൂടെയും ഇടങ്ങളിലൂടെയും ഒരു പത്രപ്രവര്‍ത്തകന്റെ അസാധാരണ സഞ്ചാരങ്ങള്‍. 'വഴിവിട്ട യാത്രകള്‍'. വെങ്കിടേഷ് രാമകൃഷ്ണന്‍. മാതൃഭൂമി. വില 306 രൂപ.

◾നഖത്തിനടിയില്‍ 32 വ്യത്യസ്ത തരം ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കുന്നതായി പഠനം. പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തിയുള്ളവയാണ് ഈ അണുക്കളെന്നതിനാല്‍ നഖത്തിന്റെ ശുചിത്വം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. നഖങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വെട്ടി സൂക്ഷിക്കേണ്ടതാണ്. നേര്‍നേഖയില്‍ വെട്ടിയ ശേഷം വശങ്ങള്‍ ഉരച്ച് ഉരുട്ടിയെടുക്കേണ്ടതാണ്. ചര്‍മ്മവുമായി ചേര്‍ത്ത് വെട്ടാതിരിക്കാനും ക്യൂട്ടിക്കിളുകള്‍ അമിതമായി വെട്ടാതിരിക്കാനും ശ്രദ്ധിക്കണം. ഇത് അണുബാധകള്‍ക്ക് കാരണമാകാം. നഖം പൊട്ടിപ്പോകാതിരിക്കാന്‍ ഒരേ ദിശയില്‍ വെട്ടേണ്ടതാണ്. ദീര്‍ഘനേരം വെള്ളവുമായി സമ്പര്‍ക്കത്തിലിരിക്കുന്നത് നഖങ്ങളെ ദുര്‍ബലപ്പെടുത്തും. കഴുകിയ ശേഷം നഖങ്ങള്‍ ഉണക്കാനും മറക്കരുത്. വീട്ടിലെ പാത്രം കഴുകുന്നത് പോലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗ്ലൗസുകള്‍ ഉപയോഗിക്കുന്നത് അപകടകരമായ രാസവസ്തുക്കള്‍ നഖത്തിന് ദോഷമുണ്ടാക്കാതെ തടയും. നഖത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നത് അവ വിണ്ടുകീറാതിരിക്കാന്‍ സഹായിക്കും. നെയില്‍ പോളിഷ് ഉപയോഗിക്കുന്നവര്‍ രാസവസ്തുക്കള്‍ കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളവയുമായ ഉത്പന്നങ്ങള്‍ മാത്രം ഇതിനായി ഉപയോഗിക്കുക. നെയില്‍ പോളിഷ് നീക്കം ചെയ്യാനായി അസെറ്റോണ്‍ രഹിത റിമൂവറുകളും തിരഞ്ഞെടുക്കേണ്ടതാണ്. പുറമേയ്ക്ക് മാത്രമല്ല നിങ്ങളുടെ പോഷണവും നഖത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രധാനമാണ്. വൈറ്റമിന്‍ എ, സി, ഡി, ഇ എന്നിവയും അയണ്‍, സിങ്ക് പോലുള്ള ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, ലീന്‍ പ്രോട്ടീനുകള്‍, നട്‌സ് എന്നിവ ചേര്‍ന്ന ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമെങ്കില്‍ ബയോട്ടിന്‍ സപ്ലിമെന്റുകളും നഖത്തിന്റെ ആരോഗ്യത്തിന് കഴിക്കാവുന്നതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നഖത്തില്‍ ഈര്‍പ്പം നിലനിര്‍ത്തും. കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാന്‍ ശ്രമിക്കേണ്ടതാണ്. നിറം മാറ്റം, നഖത്തിന്റെ കനത്തിലോ ആകൃതിയിലോ ഉള്ള മാറ്റങ്ങള്‍ എന്നിവയെല്ലാം നഖത്തിന്റെ ആരോഗ്യം തൃപ്തികരമല്ലെന്ന സൂചന നല്‍കുന്നു. ലക്ഷണങ്ങള്‍ തുടരുന്ന പക്ഷം വൈദ്യസഹായം തേടേണ്ടതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഈ ലോകത്തിലെ ഏറ്റവും വിശിഷ്ടമായതും നികൃഷ്ടമായതുമായ സാധനം ഏതാണ്? നാടുകടത്താന്‍ വിധിക്കുന്നതിന് മുമ്പ് ന്യായാധിപന്‍ അയാളോട് ചോദിച്ചു. ശരിയുത്തരം നല്‍കിയാല്‍ അയാളെ വെറുതെ വിടാമെന്നും ന്യായാധിപന്‍ പറഞ്ഞു. ന്യായാധിപന്‍ അയാള്‍ക്ക് ഒരു ദിവസത്തെ സമയം നല്‍കി. അയാള്‍ വീട്ടിലെത്തി തന്റെ ഭാര്യയോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഭാര്യ പറഞ്ഞു: നിങ്ങള്‍ സമര്‍ത്ഥമായി കളവ് പറഞ്ഞ് മറ്റുള്ളവരുടെ കയ്യില്‍ നിന്നും പണം തട്ടിയത് കൊണ്ടാണ് നിങ്ങളെ കുറ്റവാളിയായി വിധിച്ചത്. സത്യം പറയേണ്ട നാവ് ഉപയോഗിച്ച് നിങ്ങള്‍ കളളം പറഞ്ഞു. അതുകൊണ്ട് ഏറ്റവും നികൃഷ്ടമായ സാധനം നാവ് തന്നെയാണ്. സത്യം പറയാനും ആളുകളോട് സ്‌നേഹത്തോടെ സംസാരിക്കാനും നാവ് ഉപയോഗിച്ചിരുന്നുവെങ്കില്‍ അതെത്ര നല്ലതാകുമായിരുന്നു. അയാള്‍ക്ക് കാര്യം മനസ്സിലായി. പിറ്റേ ദിവസം ന്യായാധിപന്റെ മുമ്പിലെത്തിയ അയാള്‍ ഇങ്ങനെ പറഞ്ഞു: ഈ ലോകത്തിലെ ഏറ്റവും വിശിഷ്ടവും നികൃഷ്ടവുമായ സാധനം മനുഷ്യന്റെ നാവ് തന്നെയാണ്. എനിക്കെന്റെ തെറ്റ് മനസ്സിലായി ഇനിമുതല്‍ കളവ് പറയാനോ ആളുകളെ കബളിപ്പിക്കാനോ ഞാനെന്റെ നാവ് ഉപയോഗിക്കില്ല. സത്യസന്ധമായി ജീവിക്കാന്‍ തയ്യാറായതിനാല്‍ ന്യായധിപന്‍ അയാള്‍ക്ക് മാപ്പ് നല്‍കി. പലരും നമ്മെ ഇഷ്ടപ്പെടാനും വെറുക്കാനും നമ്മുടെ നാവ് കാരണമാകാറുണ്ട്. ഒരാള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കുന്നതും മിത്രങ്ങളെ ഉണ്ടാക്കുന്നതും അയാളുടെ നാവ് തന്നെയാണ്. നാവിനെ നമുക്ക് നിയന്ത്രിക്കാന്‍ ശീലിക്കാം - ശുഭദിനം.