◾വിദേശ മൂലധനത്തിനും വിദേശ സര്‍വകലാശാലകള്‍ക്കും വാതായനം തുറന്നിട്ട് കേരള ബജറ്റ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കി ബദല്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു. ഒരു ലിറ്റര്‍ മദ്യത്തിനു പത്തു രൂപ വര്‍ധിപ്പിക്കും. റബറിന്റെ താങ്ങുവില 170 രൂപയില്‍നിന്ന് 180 രൂപയാക്കി. ഭൂമി രജിസ്ട്രേഷന്‍ നിരക്കും കോടതി ഫീസുകളും വര്‍ധിപ്പിച്ചു. ഫ്ളാറ്റുടമകള്‍ക്കും ഭൂനികുതി ചുമത്തി. ഭൂമി വാങ്ങാനും വീടോ കെട്ടിടമോ പണിയാനും വായ്പയെടുക്കുമ്പോള്‍ 0.1 ശതമാനമോ പതിനായിരം രൂപവരെയോ ഫീസ് ഈടാക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയിലെ ആറു ഗഡു കുടിശികയില്‍ ഒരു ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും.
◾സംസ്ഥാന ബജറ്റില്‍ 44,529 കോടി രൂപയുടെ ധനകമ്മി. 1.38 ലക്ഷം കോടി രൂപ വരവും 1.66 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 27,846 കോടി രൂപയാണ് റവന്യൂ കമ്മി. നികുതി വരുമാനത്തില്‍ 7845 കോടി രൂപയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയും വര്‍ദ്ധിപ്പിക്കും. മൂന്നു വര്‍ഷംകൊണ്ട് മൂന്നു ലക്ഷം കോടി രൂപയുടെ സ്വകാര്യ, വിദേശ നിക്ഷേപം കേരളത്തില്‍ എത്തുമെന്നാണ് ബജറ്റ് പറയുന്നത്. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടി രൂപ വകയിരുത്തി.
◾കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്ന രീതി തുടര്‍ന്നാല്‍ പ്ലാന്‍ ബി നടപ്പാക്കുമെന്നു ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. എന്നാല്‍ പ്ലാന്‍ ബി കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതു കൊണ്ടാണ് പദ്ധതി തുക കൂട്ടാത്തതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
◾ഇന്ത്യയുടെ ശക്തി ബാന്‍ഡിന് ഗ്രാമി അവാര്‍ഡ്. തബല വിദ്വാന്‍ സക്കീര്‍ ഹുസൈന് മൂന്ന് ഗ്രാമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ആഗോള തലത്തിലെ മികച്ച പ്രകടനം, മികച്ച സമകാലിക ആല്‍ബം (ഉപകരണ സംഗീതം), മികച്ച ആഗോള സംഗീതം എന്നീ വിഭാഗങ്ങളിലാണ് സക്കീര്‍ ഹുസൈന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഓടക്കുഴല്‍ വാദകന്‍ രാകേഷ് ചൗരസ്യയ്ക്ക് രണ്ട് പുരസ്‌കാരങ്ങളും ലഭിച്ചു. ലോസ് ഏഞ്ചല്‍സില്‍ നടന്ന ചടങ്ങില്‍ മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം അവാര്‍ഡാണ് ശക്തി ബാന്‍ഡ് നേടിയത്. ശങ്കര്‍ മഹാദേവന്‍, ഉസ്താദ് സക്കീര്‍ ഹുസൈന്‍, ജോണ്‍ മക്ലാഫ്ലിന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവരടങ്ങിയ ഫ്യൂഷന്‍ ബാന്‍ഡായ ശക്തിയുടെ 'ദിസ് മൊമെന്റ്' എന്ന ആല്‍ബമാണ് ഗ്രാമി നേടിയത്. മികച്ച സമകാലിക ആല്‍ബത്തിനുള്ള (ഉപകരണ സംഗീതം) പുരസ്‌കാരം 'ആസ് വി സ്പീക്ക്' എന്ന ആല്‍ബത്തിനാണ്.
◾ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ബാലഗോപാലിനു ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് ഭക്ഷ്യമന്ത്രിയും സിപിഐ നേതാവുമായ ജി.ആര്‍. അനില്‍. സിവില്‍ സപ്ലൈസ് അടക്കം ഭക്ഷ്യ വകുപ്പിനു ബജറ്റില്‍ മതിയായ തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മന്ത്രി ഹസ്തദാനം നല്‍കാതിരുന്നത്.
◾സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം അയ്യായിരം കടന്നതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രത്യേക സ്ഥലത്ത് താമസിച്ച് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിലൂടെ 5500 കോടി രൂപ സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിച്ചു. 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും ധനമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷന് 90.52 കോടി രൂപ നീക്കിവച്ചു.
◾കേരളത്തില്‍ വിദേശ സര്‍വകലാശാല ക്യാംപസുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കും. ജനകീയ പങ്കാളിത്തത്തോടെ പണം ശേഖരിക്കാന്‍ ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കാന്‍ ഓഗസ്റ്റില്‍ ഹയര്‍ എഡ്യൂക്കേഷന്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് ഗ്ലോബല്‍ കോണ്‍ക്ലേവ് നടത്തുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
◾കേരളത്തിനു ലഭിക്കേണ്ട 57,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതു സംബന്ധിച്ച ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് 2020 മുതല്‍ ഇക്കഴിഞ്ഞ മാസം വരെ കേരളത്തിന് 63,430 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയുടെ മറുപടി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ചാണു പണം നല്‍കിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡമനുസരിച്ചു ബ്രാന്‍ഡിംഗ് അടക്കമുള്ളവ പാലിക്കാത്തതും മുന്‍കാലങ്ങളിലെ ഫണ്ട് ഉപയോഗിക്കാത്തതുംമൂലം തുക കുറച്ചിട്ടുണ്ടാകാമെന്നും മന്ത്രി അറിയിച്ചു.
◾വഞ്ചനയുടെ നേര്‍രേഖയാണ് കേരള ബജറ്റെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സമ്പൂര്‍ണ സ്വകാര്യവത്കരണമാണ് ബജറ്റിന്റെ മുഖമുദ്ര. കിഫ്ബിയെ അന്ത്യശ്വാസം വലിക്കാന്‍ വിട്ടു. യുഡിഎഫിന്റെ കാലത്ത് കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനം നടന്നപ്പോള്‍ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ മര്‍ദിച്ചവരാണ് ഇപ്പോള്‍ വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുന്നത്. സുധാകരന്‍ പറഞ്ഞു.
◾സംസ്ഥാന ബജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥയിലാണെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍. ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബജറ്റ്. 50 ലക്ഷം രൂപ ചെലവാക്കിയാണ് കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ എംഎല്‍എമാരെ ഡല്‍ഹിയിലേക്കു കൊണ്ടുപോകുന്നത്. പെന്‍ഷന്‍ പോലും കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അത്തരം ചെലവുകളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും മുരളീധരന്‍ പരിഹസിച്ചു.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് തത്കാലം ഇല്ലെന്ന് കോണ്‍ഗ്രസ്. യുഡിഎഫ് സീറ്റു വിഭജന ചര്‍ച്ച ഏറെക്കുറേ പുര്‍ത്തിയായി. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കും. പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകും. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെ മല്‍സരിപ്പിക്കാനാണു നീക്കം. പിസി തോമസിനെയും സജി മഞ്ഞക്കടമ്പിലിനെയും അനുനയിപ്പിക്കും. കൊല്ലത്ത് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ വീണ്ടും മല്‍സരിക്കും. കോണ്‍ഗ്രസിന്റെ സീറ്റുകളായ കണ്ണൂരിലും ആലപ്പുഴയിലും പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്തും. കോണ്‍ഗ്രസ് 13 സീറ്റുകളിലാണു മല്‍സരിക്കുക.
◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവ് എ.സി മൊയ്തീന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്സ്മെന്റിന്റെ നടപടി ഡല്‍ഹി അഡ്ജ്യുടിക്കറ്റിംഗ് അതോറിറ്റി ശരിവച്ചു. എസി മൊയ്തീന്റെ അപ്പീല്‍ തള്ളി. എസി മൊയ്തീന്റെയും ഭാര്യയുടെയും ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്.
◾എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 13 ന് പരിഗണിക്കും. കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ആവശ്യത്തില്‍ വാദം തുടരുമെന്നും ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് ഐജിയാണെന്നും ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല മാത്രമാണുള്ളതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ 11 പേരാണ് പ്രതികള്‍.
◾'ആട്ടിന്‍ തോലിട്ട ചെന്നായ' എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് യുഹാനോന്‍ മാര്‍ ദിയസ്‌കോറസ്. കഴിഞ്ഞ ദിവസം പുത്തന്‍കുരിശില്‍ യാക്കോബായ സഭ പരിപാടിയില്‍ പ്രസംഗിക്കവേ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് ഓര്‍ത്തഡോക്സ് സഭയെ പ്രകോപിപ്പിച്ചത്. നിയമപരമല്ലാത്ത ആനുകൂല്യങ്ങള്‍ വാഗ്ദാനം നല്‍കി കയ്യടി വാങ്ങാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
◾സര്‍ക്കാര്‍ ആശുപത്രികളിലേക്കു മരുന്നു വാങ്ങാന്‍ ഇക്കഴിഞ്ഞ 10 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തന്ന പണത്തിന്റെ കണക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വെളിപ്പെടുത്തണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മരുന്ന് ഇടപാടുകളില്‍ ആരോഗ്യ മന്ത്രി അഴിമതി നടത്തുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
◾കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ മുഖ്യപ്രതി ഭാസുരാംഗന്റെ ഭാര്യ അടക്കം നാലു പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി. ഭാസുരാംഗന്റെ ഭാര്യ ജയകുമാരി, മക്കളായ അഭിമ, അശ്വതി, മകളുടെ ഭര്‍ത്താവ് ബാലമുരുകന്‍ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്.
◾സിപിഐ നേതാവ് സി സി മുകുന്ദന്‍ എംഎല്‍എയുടെ പിഎ അസ്ഹര്‍ മജീദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ചേര്‍പ്പ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ജോലിയില്‍നിന്ന് നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. സിപിഐയുടെ ചേര്‍പ്പ് ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു അസ്ഹര്‍ മജീദ്.
◾തൃശൂരിലെ ധനകാര്യ സ്ഥാപനമായ ഹിവാന്‍സിലെ നിക്ഷേപകര്‍ സ്ഥാപനത്തിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. കോണ്‍ഗ്രസ് നേതാവ് സി.എസ് ശ്രീനിവാസനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. നിക്ഷേപിച്ച പണം തിരികെ തരുന്നില്ലെന്ന് ആരോപിച്ചാണ് സമരം നടത്തിയത്.
◾ഗോഡ്സെയെ മഹത്വവല്‍ക്കരിച്ച എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് എന്‍ഐടിക്ക് മുന്നില്‍ എബിവിപി പ്രതിഷേധം. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ഗോഡ്‌സെയുടെ ചിത്രം കത്തിച്ചു.
◾ശാസ്താംകോട്ടയില്‍ എസ്എഫ്ഐ പ്രവര്‍ത്തകയായ കോളേജ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഒമ്പതു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്.
◾പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പോക്സോ കേസില്‍ കെഎസ്ഇബി ജീവനക്കാരനും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുള്‍പ്പെടെ 18 പ്രതികളുണ്ടെന്നു പൊലീസ്. മൂന്നു പേര്‍ അറസ്റ്റിലായി. കെഎസ്ഇബി ജീവനക്കാരന്‍ മുഹമ്മദ് റാഫി, സജാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ റാന്നി ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്.
◾തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഐ.സി.യുവിനു മുന്‍പില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി ഉറങ്ങുന്നതിനിടെ കൂടെകിടന്ന് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ആയിഷ മന്‍സിലില്‍ സുഹൈല്‍ (37) ആണ് അറസ്റ്റിലായത്. ഞെട്ടിയുണര്‍ന്ന യുവതി ബഹളംവച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി. സി.സി.ടി.വി പരിശോധിച്ചാണു പ്രതിയെ പിടികൂടിയത്.
◾മലപ്പുറം എടപ്പാള്‍ നടക്കാവില്‍ മണ്ണിടിഞ്ഞു വീണ് കൊല്‍ക്കത്ത സ്വദേശിയായ ഒരു തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി. മൂന്നു പേര്‍ക്ക് പരിക്ക്. മതില്‍ നിര്‍മ്മാണത്തിനായി മണ്ണ് നീക്കുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് വീണത്.
◾ബാങ്കോക്കില്‍നിന്നു മൂന്നേകാല്‍ കിലോ കഞ്ചാവുമായി എത്തിയ യാത്രക്കാരന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. വയനാട് സ്വദേശി ഡെന്നിയാണ് പിടിയിലായത്.
◾സ്പാ ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി കൊച്ചിയില്‍ പിടിയില്‍. എറണാകുളം പള്ളുരുത്തി സ്വദേശി അജീഷ് ആണ് പിടിയിലായത്.
◾കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴില്‍, തിരുവനന്തപുരത്തെ പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ സൗജന്യ തൊഴില്‍ പരിശീലനം. ഐടി, ഇലക്ട്രോണിക്സ്, ടെലികോം തുടങ്ങിയ മേഖലകളില്‍ ഹ്രസ്വകാല കോഴ്സുകളാണുള്ളത്. വിജയിക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സൗജന്യ പ്ലേസ്മെന്റ് സഹായവും നല്‍കും. ഫോണ്‍: 8089292550, 6282083364
◾കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് ഇനിയും കുറേകാലം പ്രതിപക്ഷത്തിരിക്കാന്‍ ജനങ്ങള്‍ അനുഗ്രഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച പ്രതിപക്ഷമാകാനുളള അവസരം കോണ്‍ഗ്രസ് നഷ്ടമാക്കി. പ്രതിപക്ഷത്തെ പലര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ല. ചെങ്കോലിന്റെ പിറകേ താന്‍ നടന്നതില്‍ അഭിമാനമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചക്കു മറുപടി പറയുകയായിരുന്നു മോദി. ന്യൂനപക്ഷങ്ങള്‍ എവിടെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തോട് പ്രധാനമന്ത്രി ക്ഷുഭിതനായി.
◾ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ ക്രമക്കേട് കാണിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. രേഖകള്‍ പരിശോധിച്ച സുപ്രീം കോടതി തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങളും പരിശോധിച്ചു. റിട്ടേണിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
◾ജാര്‍ഖണ്ഡില്‍ ചംപായ് സോറന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി. ഭരണപക്ഷത്തിന് 47 വോട്ടു ലഭിച്ചു. കേവല ഭൂരിപക്ഷത്തിനു 41 പേരുടെ പിന്തുണയാണു വേണ്ടത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഹേമന്ത് സോറന്‍ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണെങ്കിലും കോടതി ഉത്തരവനുസരിച്ച് നിയസഭയിലെത്തി വോട്ട് രേഖപ്പെടുത്തി.
◾ബിഹാറില്‍ ആര്‍ജെഡി കുതിരക്കച്ചവടത്തിനു ശ്രമിക്കുകയാണെന്ന് ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി. 12 നു നിതീഷ്‌കുമാര്‍ മന്ത്രിസഭ വിശ്വാസവോട്ടു നേടാനിരിക്കേയാണ് ആരോപണം. കൂറുമാറ്റിക്കുമെന്നു ഭയന്ന് 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 16 പേരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്കു മാറ്റിയിരിക്കുകയാണ്.
◾ഉത്തര്‍പ്രദേശിലെ ലക്നൗ ജില്ലാ ജയിലില്‍ 63 പേര്‍ക്ക് എച്ച്.ഐ.വി അണുബാധ. ഡിസംബറില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ 36 പേര്‍ക്ക് കൂടി എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചു.
◾ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ വ്യാപകമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി എഡല്‍വെയിസ് ടോക്കിയോ ലൈഫുമായി കൈകോര്‍ത്ത് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. രാജ്യമെമ്പാടുമുള്ള ഇസാഫ് ബാങ്ക് ഉപയോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് സേവനങ്ങളാണ് ഇതുവഴി ലഭിക്കുക. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗവുമാണ് എഡല്‍വെയിസുമായുള്ള സഹകരണമെന്നും ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനായി ഇസാഫ് സഹകരിക്കുന്ന നാലാമത്തെ കമ്പനിയാണ് എഡല്‍വെയിസ്. നിലവില്‍ 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 831 ശാഖകളും 70 ലക്ഷം ഇടപാടുകാരും ഇസാഫ് ബാങ്കിനുണ്ട്. 37,000 കോടി രൂപയാണ് മൊത്തം ബിസിനസ് മൂല്യം. ശാഖകളില്‍ 75 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. ഉപയോക്താക്കളില്‍ ഭൂരിഭാഗവും വനിതകളുമാണ്. നിലവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സിനാണ് ഇസാഫ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. സ്ത്രീ സ്വയംസഹായ സഹകരണ സംഘങ്ങളെ കേന്ദ്രീകരിച്ചാണിത്. എഡല്‍വെയിസുമായുള്ള സഹകരണത്തിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കും വൈവിദ്ധ്യമാര്‍ന്ന ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനാകും.
◾ഹക്കീം ഷാജഹാന്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കടകന്‍. സംവിധാനം നിര്‍വഹിക്കുന്നത് സജില്‍ മമ്പാടാണ്. കടകനിലെ മനോഹരമായ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. 'ചൗട്ടും കുത്തും' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഗോപി സുന്ദറിന്റെ മനോഹരമായ സംഗീത സംവിധാനത്തില്‍ ഗാനം ഒരുക്കിയപ്പോള്‍ ആലപിച്ചിരിക്കുന്നത് ഫോള്‍ക്ക്ഗ്രാഫും സംഘവും ചേര്‍ന്നാണ്. ഫോള്‍ക്ക്ഗ്രാഫര്‍ വരികള്‍ എഴുതിയിരിക്കുന്നു. 'ചൗട്ടും കുത്തും' ഗാനത്തിന് മനോഹരമായ ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബോധിയും എസ് കെ മമ്പാടും തിരക്കഥ എഴുതിയിരിക്കുന്നു. കടകന്റ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ്. ഖലീലാണ് നിര്‍മ്മാതാവ്. കടകന്‍' ഫെബ്രുവരി 23ന് പ്രദര്‍ശനത്തിനെത്തും. ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവര്‍ സുപ്രധാന വേഷത്തിലെത്തുന്നു.
◾ഷെയ്ന്‍ നിഗം നായകനായി വരാനിരിക്കുന്ന ചിത്രമാണ് 'ലിറ്റില്‍ ഹാര്‍ട്സ'. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്ന്‍ നിഗം നായകനായി വേഷമിടുന്ന ചിത്രത്തില്‍ നായിക മഹിമാ നമ്പ്യാരാണ്. ചിരി നമ്പറുകളുമായി ലിറ്റില്‍ ഹാര്‍ട്സിന്റെ ടീസര്‍ പുറത്തുവിട്ടതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു കുടുംബങ്ങള്‍ക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായ മഹിമാ നമ്പ്യാര്‍ക്കു പുറമേ രണ്‍ജി പണിക്കര്‍, മാലാ പാര്‍വ്വതി, രമ്യാ സുവി, ഷെയ്ന്‍ ടോം ചാക്കോ, ബാബുരാജ് എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് കൈലാസാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം സാന്ദ്രാ തോമസ്സും, വില്‍സണ്‍ തോമസ്സും ചേര്‍ന്നു നിര്‍മിക്കുന്നു.
◾ഇന്ത്യന്‍ വാഹന വിപണിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഇത്തവണ പ്രതിമാസ ആഭ്യന്തര വില്‍പ്പന റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ആഭ്യന്തര വിപണിയില്‍ 57,115 കാറുകളും, കയറ്റുമതിക്കായി 10,500 കാറുകളും ഉള്‍പ്പെടെ മൊത്തം 67,615 കാറുകളുടെ വില്‍പ്പനയാണ് ജനുവരിയില്‍ നടന്നത്. ഇതിലൂടെ കമ്പനിക്ക് 8.7 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ച നേടാനും, 33.60 ശതമാനം പ്രതിമാസ വളര്‍ച്ച നേടാനും സാധിച്ചിട്ടുണ്ട്. ഹ്യുണ്ടായിയുടെ കാലത്തെയും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര വില്‍പ്പനയാണ് ജനുവരിയില്‍ നടന്നിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 14 ശതമാനം വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പുതുതായി ലോഞ്ച് ചെയ്ത ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ബുക്കിംഗ് വിന്‍ഡോ ഓപ്പണ്‍ ചെയ്ത് വെറും ഒരു മാസത്തിനകം 50,000 ബുക്കിംഗുകളാണ് സ്വന്തമാക്കിയത്.
◾കവി, ഗാനരചയിതാവ്, ഉന്നതമായ ഭരണസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ മലയാളികള്‍ക്ക് സുപരിചിതനായ കെ. ജയകുമാറിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. വ്യക്തിജീവിതം, കുടുംബജീവിതം, ഔദ്യോഗികജീവിതം, സാഹിത്യജീവിതം, സിനിമാജീവിതം, വൈകാരികജീവിതം, ആത്മീയജീവിതം എന്നിങ്ങനെ വിവിധ അറകളിലൂടെ സഞ്ചരിച്ച യാത്രയുടെ സംഗീതത്തിന്റെ ശ്രുതിയും രാഗവും താളവും ലയവുമെല്ലാം ഈ ഓര്‍മ്മകളിലൂടെ പ്രകാശം ചൊരിയുന്ന അനുഭവങ്ങളാകുന്നു. കെ.ജയകുമാറിന്റെ വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ ജീവിതാനുഭവസ്മരണകള്‍. 'സഞ്ചാരത്തിന്റെ സംഗീതം'. മാതൃഭൂമി. വില 187 രൂപ.
◾നിരവധി ആളുകളെ അലട്ടുന്ന പ്രശ്‌നമാണ് മൈഗ്രേന്‍. ആ രോഗം മൂലം അനുഭവിക്കേണ്ടി വരുന്ന പ്രയാസം ചെറുതൊന്നുമല്ല. ക്ലാസിക്കല്‍ മൈഗ്രേന്‍ ശിരസിന്റെ ഒരു വശത്തു മാത്രമായിട്ടാണു വരിക. അതുകൊണ്ടാണിതിനെ ചെന്നിക്കുത്തെന്നു നാടന്‍ ഭാഷയില്‍ പറയുന്നത്. തലവേദനയോടൊപ്പം ഓക്കാനവും ഛര്‍ദ്ദിയും വരാം, ചിലരില്‍ ഛര്‍ദ്ദിച്ചാല്‍ തലവേദന കുറയും. തലവേദന ഒരു വശത്തുനിന്നു മറുവശത്തേക്കു മാറുകയോ രണ്ടു വശത്തും ഒരുമിച്ച് വരികയോ ചെയ്യാം. രണ്ടു വശത്തും വരുന്ന തലവേദനയില്‍ ഓറ സാധാരണ കാണാറില്ല. അതിനാല്‍ അതിനെ കോമണ്‍ മൈഗ്രേന്‍ എന്നു പറയുന്നു. ശരീരത്തിന്റെ ഒരു വശം താത്കാലികമായി തളരുന്ന ഹെമിപ്‌ളീജിക് മൈഗ്രേന്‍, സംസാര വൈഷമ്യമുണ്ടാക്കുന്ന ബാസില്ലാര്‍ മൈഗ്രേന്‍, റെറ്റിനല്‍ മൈഗ്രേന്‍, കുട്ടികളിലുണ്ടാകുന്ന മൈഗ്രേന്‍ എന്നിങ്ങനെ പലവിധത്തിലുണ്ട് മൈഗ്രൈന്‍. വെയില്‍കൊള്ളുക, അധികമായ ശബ്ദവും വെളിച്ചവും, അമിത ഗന്ധം, മാനസിക സമ്മര്‍ദ്ദം, പട്ടിണി കിടക്കുക, ശാരീരിക ക്ഷീണം, ദേഷ്യപ്പെടേണ്ടി വരുക, വാഹനയാത്ര, ഉറക്കമൊഴിക്കേണ്ടി വരുക, ആര്‍ത്തവകാലം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇവ കൂടാതെ ഭക്ഷണത്തിലെ എം.എസ്.ജി യും, ഓറഞ്ച് പോലുള്ള ചില പഴങ്ങളും രോഗത്തെ കുത്തിപ്പൊക്കാം. തലവേദന സമയത്ത് ശബ്ദവും ഗന്ധവും വെളിച്ചവും അസഹനീയമായി തോന്നും. അതുകൊണ്ട് ഇതൊന്നുമില്ലാത്ത മുറിയില്‍ നെറ്റിയില്‍ നനഞ്ഞ തുണി വരിഞ്ഞുകെട്ടി ഒന്നുറങ്ങി എഴുന്നേറ്റാല്‍ തലവേദന ശമിക്കുമെന്നാണു ഭൂരിഭാഗം രോഗികളും പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിനു പൂര്‍ണമായി ശമനം നല്കാന്‍ വിഷമമുള്ള ഈ രോഗത്തെ ഹോമിയോപ്പതി ചികില്‍സയിലൂടെ മൂന്നു മാസം കൊണ്ടു പൂര്‍ണ്ണമായി ശമിപ്പിക്കാന്‍ സാധിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ തന്റെ കളപ്പുരയില്‍ അന്ന് കൊയ്‌തെടുത്ത ധാന്യക്കതിരുകള്‍ നിറയ്ക്കുകയായിരുന്നു. അപ്പോഴാണ് തന്റെ വിലപിടിപ്പുളള വാച്ച് നഷ്ടപ്പെട്ട വിവരം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. അയാള്‍ അവിടെമാകെ തിരിഞ്ഞു. പക്ഷേ വാച്ച് കിട്ടിയില്ല. അപ്പോഴാണ് പുറത്ത് കളിക്കുന്ന കുട്ടികളെ കണ്ടത്. താന്‍ നോക്കിയിട്ട് കിട്ടിയില്ല. ചിലപ്പോള്‍ ഇവരുടെ ശ്രദ്ധയില്‍ വാച്ച് പെട്ടാലോ. അയാള്‍ അവരോട് പറഞ്ഞു: എന്റെ വാച്ച് ഈ കളപ്പുരയില്‍ കളഞ്ഞുപോയി. അത് കണ്ടെടുക്കുന്നവര്‍ക്ക് നല്ലൊരു സമ്മാനം തരുന്നതാണ്. കുട്ടികള്‍ ആ കളപ്പുരയാകെ വാരിവലിച്ചിട്ടു അന്വേഷിച്ചു. പക്ഷേ, വാച്ച് കിട്ടിയില്ല. വാച്ച് നഷ്ടപ്പെട്ട ദുഃഖത്തില്‍ കളപ്പുരയടച്ച് പുറത്തിറങ്ങാന്‍ നേരത്ത് ഒരു കുട്ടി വന്ന് അയാളോട് ചോദിച്ചു: ഞാന്‍ കൂടി ശ്രമിക്കട്ടെ.. വാച്ച് അത്രയേറെ പ്രിയപ്പെട്ടതായതുകൊണ്ട് ആ ശ്രമവും ഉപേക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. കുട്ടിക്ക് അനുവാദം നല്‍കി. കുട്ടി കളപ്പുരയിലേക്ക് കടന്ന് വാതിലടച്ചു. കുറച്ച് നേരം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അവന്റെ കയ്യില്‍ വാച്ചുണ്ടായിരുന്നു. അയാള്‍ക്ക് സന്തോഷമായി . അയാള്‍ ചോദിച്ചു: ഇതെങ്ങിനെ നീ കണ്ടുപിടിച്ചു. അവന്‍ പറഞ്ഞു: അടച്ചിട്ട കളപ്പുരയില്‍ ഞാന്‍ ഇരുന്നു. അവിടെസമ്പൂര്‍ണ്ണ നിശബ്ദതയായിരുന്നു. ആ നിശ്ബ്ദതയില്‍ വാച്ചിന്റെ ടിക് ടിക് ശബ്ദം ഞാന്‍ കേട്ടു. അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ എനിക്ക് വാച്ച് കിട്ടുകയും ചെയ്തു. വാഗ്ദാനം ചെയ്തതുപോലെ അയാള്‍ കുട്ടിക്ക് വിലപിടിപ്പുളള സമ്മാനങ്ങള്‍ നല്‍കി. നിശ്ബദത അമൂല്യമാണ്. വളരെ ചെറിയ ശബ്ദത്തിനുപോലും വിലയുണ്ടാകുന്നത് നിശ്ബ്ദയിലാണ്. ജീവിതത്തിലെ ചില നഷ്ടങ്ങളെ കണ്ടെത്താന്‍, സ്വയം വിലയിരുത്താന്‍, സ്വപ്നങ്ങള്‍ക്ക് കൂട്ടുപോകാന്‍ ഇടയ്‌ക്കൊക്കെ നമുക്കും നിശബ്ദതയെ കൂട്ട്‌ചേര്‍ക്കാം - ശുഭദിനം.