◾കോണ്‍ഗ്രസ് മഹാജനസഭ ഇന്നു തൃശൂരില്‍. തേക്കിന്‍കാട് മൈതാനിയില്‍ ഉച്ചകഴിഞ്ഞു മൂന്നിന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിനു കേരളത്തിലെ ബൂത്തുതല കമ്മിറ്റികളെ സജ്ജമാക്കാനുള്ള സമ്മേളനമാണിത്. ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും ബി.എല്‍.എ. മാരുമാണ് സമ്മേളനത്തിന് എത്തുക. കേരളത്തിലെ 25,177 ബൂത്തുകളില്‍നിന്നായി ലക്ഷം പേര്‍ പങ്കെടുക്കും.
◾ലോക്സഭാ തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു സമിതി യോഗം ഇന്നു രാവിലെ 11 ന് തൃശൂര്‍ ഡിസിസിയില്‍ ചേരും. ആദ്യ റൗണ്ട് ചര്‍ച്ചകളാണ് ഈ യോഗത്തിലുണ്ടാകുക. സിറ്റിംഗ് എംപിമാര്‍ വീണ്ടും മല്‍സരിക്കണമെന്നാണ് എഐസിസിയുടെ പൊതുവേയുള്ള നിലപാട്.
◾യുഡിഎഫ് സീറ്റു വിഭജന ചര്‍ച്ച നാളെ തിരുവനന്തപുരത്ത്. 11.30 നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണു യോഗം. മൂന്നാം സീറ്റിനായി മുസ്ലീം ലീഗും കോട്ടയം സീറ്റു വേണമെന്നു കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും അവകാശവാദം ഉന്നയിച്ചിരിക്കേയാണ് യോഗം.
◾കേരളത്തില്‍ ഇന്ത്യാ സഖ്യം ഇല്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് നടക്കുകയെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. കേരളത്തില്‍ സി പി എം - ബി ജെ പി രഹസ്യ ധാരണയുണ്ടെന്നും അവര്‍ തൃശൂരിലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പ്രയാസമുണ്ടാക്കാത്ത വിധികളാണ് സുപ്രീംകോടതി പുറപ്പെടുവിക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം. എ. ബേബി. 'നാണമില്ലേ, സുപ്രീം കോടതി'യെന്ന് ചോദിക്കേണ്ടിവരും. ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കിയ വിധി സുപ്രീംകോടതിയുടെ ചരിത്രത്തിനു തന്നെ അപമാനമാണ്. അദാനിയുമായി ബന്ധപ്പെട്ട കേസ് വന്നപ്പോള്‍ വാദി പ്രതിയാകുന്ന അവസ്ഥ ഉണ്ടായി. ബേബി പറഞ്ഞു.
◾സര്‍ക്കാരിനു വേണ്ടി കേരളാ ഗാനം എഴുതാന്‍ ആവശ്യപ്പെട്ട കേരള സാഹിത്യ അക്കാദമി തന്നെ അപമാനിച്ചെന്ന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദനും അക്കാദമി സെക്രട്ടറി അബൂബക്കറുമാണു ഗാനം എഴുതാന്‍ ആവശ്യപ്പെട്ടത്. എഴുതിക്കൊടുത്ത ഗാനം മാറ്റിയെഴുതാന്‍ ഇരുവരും ആവശ്യപ്പെട്ടതനുസരിച്ച് മാറ്റങ്ങള്‍ വരുത്തി വീണ്ടും നല്‍കി. ആ ഗാനം സ്വീകരിച്ചോ ഇല്ലയോ എന്നറിയിച്ചില്ല. പിന്നെ കണ്ടത് കേരള ഗാനം ക്ഷണിച്ചുള്ള പരസ്യമാണെന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
◾കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാതിയില്‍ കാര്യമുണ്ടെന്നും അദ്ദേഹത്തിനുണ്ടായ വേദനയില്‍ ഖേദമുണ്ടെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ചുള്ളിക്കാടിനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
◾പ്രതിഫലം വാങ്ങാതെ താന്‍ അനേകം പരിപാടിക്കു പോയിട്ടുണ്ടെന്നും പരാതിയുണ്ടെങ്കില്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍. സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ഈ പ്രതികരണം. വിവാദമായതോടെ ഫേസ്ബുക്ക് കുറിപ്പ് സച്ചിദാനന്ദന്‍ പിന്‍വലിച്ചു.
◾ഭാര്യയും രണ്ടു മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചു പേരെ കാണാനില്ലെന്നു കുടുംബനാഥന്‍. കോഴിക്കോട് കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധുഷെട്ടിയാണ് പരാതിക്കാരന്‍. ഭാര്യ സ്വപ്ന, മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17) എന്നിവരെയാണ് കഴിഞ്ഞ മാസം 20 മുതല്‍ കാണാതായത്.
◾മാനന്തവാടി നഗരത്തില്‍നിന്നു മയക്കുവെടിവച്ച് പിടികൂടി കര്‍ണാടകത്തിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കര്‍ണാടക വകുപ്പ്. ആനയുടെ ശരീരത്തില്‍നിന്ന് നിരവധി പെല്ലറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ആനയുടെ ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചു. വാഹനത്തില്‍വച്ചു തന്നെ ആന കുഴഞ്ഞു വീണു. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
◾ആനയെ ഒരു സംസ്ഥാനത്തിനോടു ചേര്‍ത്ത് ബ്രാന്‍ഡ് ചെയ്യുന്നത് ശരിയല്ലെന്ന് കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖണ്ഡരെ. മാനന്തവാടിയില്‍നിന്ന് മയക്കുവെടിവച്ച് പിടികൂടിയ ആനയെ എന്തിനാണ് കര്‍ണാടകത്തിലെ രാമപുര ആന ക്യാംപിലെത്തിച്ചതെന്നും അദ്ദേഹം ചോദിച്ചു. തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞ സംഭവത്തിലായിരുന്നു കര്‍ണാടക വനമന്ത്രിയുടെ പ്രതികരണം. ഇക്കാര്യം വനംമന്ത്രി എ കെ ശശീന്ദ്രനുമായി ചര്‍ച്ച ചെയ്യുമെന്നും ഈശ്വര്‍ ഖണ്ഡരെ പറഞ്ഞു.
◾കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. 2019 ല്‍ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. വോള്‍വോ ലോ ഫ്‌ളോര്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് തുടങ്ങുക.
◾യുട്യൂബിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഫാസ്റ്റ് റിപ്പോര്‍ട്ട്സ് എന്ന യൂട്യൂബ് ചാനലിന്റെ വിപിന്‍ ലാലിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ എംപി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. വ്യാജ വാര്‍ത്ത നല്‍കി, കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണു കേസ്.
◾കെഎസ്ഇബിയുടേയും വൈദ്യുതി റഗുലേറ്ററി കമ്മീഷന്റേയും മുന്‍ ചെയര്‍മാനും വനംവകുപ്പ് മുന്‍ മേധാവിയുമായ ടി.എം. മനോഹരന്‍ അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചി ഉണ്ണിച്ചിറയിലെ വസതിയിലായിരുന്നു താമസം. സംസ്‌കാരം ഇന്നു നാലിന് എളമക്കര ചങ്ങമ്പുഴ ശ്മശാനത്തില്‍.
◾ഹൈറിച്ച് തട്ടിപ്പു കേസിലെ പ്രതികളായ കമ്പനി ഉടമകള്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ഹൈക്കോടതിയില്‍. കേസിലെ പ്രതികളായ പ്രതാപനും ശ്രീനയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നടത്തിയത് ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരമാണെന്ന് ഇവര്‍ പറയുന്നു. മുന്‍കൂര്‍ പണം വാങ്ങിയത് നിക്ഷേപമല്ലെന്നാണ് ഇവര്‍ പറയുന്നത്.
◾തൃശൂര്‍ ജില്ലയിലെ തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരന്‍ രണ്ടു കോടിയിലേറെ രൂപ തട്ടിയെന്ന് പരാതി. ബാങ്ക് ജീവനക്കാരനായ മലേശമംഗലം ചക്കച്ചന്‍കാട് സ്വദേശി സുനീഷിനെതിരെയാണ് ബാങ്ക് സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കളുടെയും അയല്‍ക്കാരുടെയും അക്കൗണ്ടുകളില്‍ നിന്ന് വ്യാജ ഒപ്പും രേഖകളും ചമച്ച് ജീവനക്കാരന്‍ പലപ്പോഴായി പണം പിന്‍വലിച്ചെന്നാണു പരാതി.
◾ഗോഡ്സയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട എന്‍ഐടി പ്രഫസര്‍ക്കെതിരെ കേസ്. എസ്എഫ്ഐയുടെ പരാതിയിലാണ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കലാപാഹ്വാനത്തിന് കുന്നമംഗലം പൊലീസ് കേസെടുത്തത്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു അധ്യാപികയുടെ വിവാദ പരാമര്‍ശം.
◾നാഥുറാം ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടിയിലെ അധ്യാപിക ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍നിന്നു പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
◾ലോക്സഭയിലേക്കു മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് തന്നില്ലെങ്കില്‍ വിമതരായി മല്‍സരിക്കുമെന്നു കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി. രാജ്യസഭാംഗമായ കെ സി വേണുഗോപാല്‍ ആലപ്പുഴ സീറ്റില്‍ മത്സരിക്കുന്നില്ലെങ്കില്‍ ഐഎന്‍ടിയുസിക്കു വേണം. പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് കഴിയുന്നില്ലെന്നും ഐഎന്‍ടിയുസി വിമര്‍ശിച്ചു.
◾ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയ ശേഷമാണ് ബിജെപി തെരഞ്ഞെടുപ്പിനു കേരള പദയാത്രയുമായി മുന്നേറുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഒന്നരക്കോടിയുടെ ബസും ജനങ്ങളെ തല്ലിയോടിക്കാന്‍ ഗൂണ്ടകളും ബിജെപിക്ക് വേണ്ട. കേന്ദ്രമന്ത്രി പറഞ്ഞു. ആറ്റിങ്ങലില്‍ കേരളപദയാത്രയ്ക്കു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമരത്തെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്താണു പറയാനുള്ളതെന്ന് മന്ത്രിമാരായ എംബി രാജേഷും പി രാജീവും. കേരളത്തിനുവേണ്ടി ഡല്‍ഹിയില്‍ സമരം നടത്താന്‍ തീരുമാനിക്കുന്നതിനു മുന്‍പ് കേരള സര്‍ക്കാര്‍ പ്രതിപക്ഷത്തോട് ആലോചിച്ചു. പക്ഷേ അവര്‍ കേരളത്തിന്റെ വികാരത്തിനൊപ്പം നില്‍ക്കാതെ സമരം നാടകമാണെന്ന് അധിക്ഷേപിക്കുകയാണു ചെയ്തതെന്ന് മന്ത്രിമാര്‍ പറഞ്ഞു.
◾മധ്യവയസ്‌കന്‍ വീട്ടില്‍ മരിച്ച നിലയില്‍. കോന്നി വെള്ളപ്പാറ സ്വദേശി ജയപ്രസാദ് (52) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ജയപ്രസാദ്.
◾കൊല്ലം കുളത്തുപ്പുഴയില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അധ്യാപകനെതിരേ കേസ്. ട്രൈബല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപകന്‍ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തി ഷാനെതിരെയാണ് കേസ്.
◾പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവച്ചു. ഛണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയും രാജിവെച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ളതിനാലുമാണ് രാജിയെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു സമര്‍പ്പിച്ച രാജിക്കത്തില്‍ പറയുന്നത്.
◾പഞ്ചായത്തു തല പ്രതിനിധികളുടെ ബിജെപി സമ്മേളനം 17, 18 തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടത്തുന്ന സമ്മേളനം ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കാനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും പ്രസംഗിക്കും.
◾ജാര്‍ക്കണ്ഡ് നിയമസഭയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത മുന്‍മുഖ്യമന്ത്രിയും ജാര്‍ക്കണ്ഡ് മുക്തിമോര്‍ച്ച നേതാവുമായ ഹേമന്ത് സോറനു പങ്കെടുക്കാമെന്ന് റാഞ്ചി പ്രത്യേക കോടതി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ചംപയ് സോറന്‍ വിശ്വാസവോട്ടു നേടുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
◾ഡല്‍ഹി മദ്യനയക്കേസില്‍ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാക്കാത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഫോഴ്സ്മെന്റ് കോടതിയെ സമീപിച്ചു. മദ്യനയക്കേസ് പരിഗണിക്കുന്ന ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഈ മാസം ഏഴിന് കോടതി പരിഗണിക്കും.
◾പേടിഎമ്മിനു പിറകേ, ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിക്കെതിരേകൂടി നടപടിയെടുത്ത് റിസര്‍വ് ബാങ്ക്. ചില നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കാത്തതിന് ബജാജ് ഹൗസിംഗ് ഫിനാന്‍സിന് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി.
◾അമ്മയെ ഇരുമ്പുകമ്പികൊണ്ട് തല്ലിക്കൊന്ന പതിനേഴുകാരനായ മകനെ പൊലീസ് അറസ്റ്റു ചെയ്തു. കര്‍ണാടകയിലെ കെആര്‍ പുരം മേഖലയില്‍ നാല്‍പതുകാരിയായ നേത്രയാണു കൊല്ലപ്പെട്ടത്. അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്യാറില്ലെന്നാണ് ഡിപ്ലോമ വിദ്യാര്‍ത്ഥിയായ മകന്റെ ആരോപണം.
◾ഇസ്ലാമിക നിയമം ലംഘിച്ചു വിവാഹിതരായതിന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റയ്ക്കു ഏഴു വര്‍ഷം വീതം കഠിന തടവ്. വിവാഹമോചനം നേടിയ ബുഷ്റ അടുത്ത വിവാഹത്തിനുള്ള കാലയളവു പൂര്‍ത്തിയാക്കിയില്ലെന്നാണ് കേസ്. ഔദ്യോഗിക രേഖകള്‍ പരസ്യപ്പെടുത്തിയതിന് കഴിഞ്ഞയാഴ്ച ഇമ്രാനെ പത്തു വര്‍ഷത്ത തടവിനു ശിക്ഷിച്ചിരുന്നു.
◾ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 143 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. 336 ന് 6 എന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യ 396 ന് പുറത്തായിരുന്നു. തുടര്‍ന്ന് ഒന്നാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 253 ന് പുറത്തായി. 6 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
◾തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറില്‍ രേഖപ്പെടുത്തിയത് 3.05 കോടി രൂപയുടെ ലാഭം മാത്രം. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 21.73 കോടി രൂപയെ അപേക്ഷിച്ച് 86 ശതമാനം കുറവാണിത്. സെപ്റ്റംബര്‍ പാദത്തില്‍ 23.16 കോടി രൂപയായിരുന്നു ലാഭം. ജൂണ്‍പാദത്തില്‍ 28.30 കോടി രൂപയുടെ ലാഭവും ബാങ്ക് നേടിയിരുന്നു. കഴിഞ്ഞപാദത്തില്‍ പക്ഷേ, ധനലക്ഷ്മി ബാങ്കിന്റെ മൊത്ത വരുമാനം 312 കോടി രൂപയില്‍ നിന്ന് 343 കോടി രൂപയായി ഉയര്‍ന്നു. മൊത്തം ബിസിനസ് 22,183 കോടി രൂപയില്‍ നിന്നുയര്‍ന്ന് 24,653 കോടി രൂപയായി; 11.14 ശതമാനമാണ് വര്‍ധന. മൊത്തം നിക്ഷേപം 12,938.70 കോടി രൂപയില്‍ നിന്ന് 10.83 ശതമാനം മെച്ചപ്പെട്ട് 14,339.94 കോടി രൂപയായി. മൊത്തം വായ്പകള്‍ 9,244.54 കോടി രൂപയില്‍ നിന്ന് 11.57 ശതമാനം വര്‍ധിച്ച് 10,313.98 കോടി രൂപയിലെത്തി. 28.37 ശതമാനമാണ് സ്വര്‍ണ വായ്പകളിലെ വളര്‍ച്ച. 2,084.15 കോടി രൂപയില്‍ നിന്ന് 2,675.36 കോടി രൂപയിലേക്കാണ് സ്വര്‍ണ വായ്പകള്‍ ഉയര്‍ന്നത്. കഴിഞ്ഞപാദത്തില്‍ കിട്ടാക്കട അനുപാത നിരക്കുകള്‍ കുറഞ്ഞത് ധനലക്ഷ്മി ബാങ്കിന് ആശ്വാസമാണ്. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 5.83 ശതമാനത്തില്‍ നിന്ന് 4.81 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 1.82 ശതമാനത്തില്‍ നിന്ന് 1.27 ശതമാനത്തിലേക്കുമാണ് കുറഞ്ഞത്. കഴിഞ്ഞപാദത്തില്‍ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുക 32.6 കോടി രൂപയില്‍ നിന്ന് 19.6 ശതമാനത്തിലേക്ക് കുറയ്ക്കാനും ഇതുവഴി ബാങ്കിന് സാധിച്ചു. ബാങ്കിന്റെ വായ്പ നിക്ഷേപാനുപാതം 71.45 ശതമാനത്തില്‍ നിന്ന് 71.92 ശതമാനത്തിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം, മൂലധന പര്യാപ്തതാ അനുപാതം 12.52 ശതമാനത്തില്‍ നിന്ന് 12.37 ശതമാനമായി ഇടിഞ്ഞു.
◾ചിരഞ്ജീവി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് 'വിശ്വംഭര'. ചിരഞ്ജീവിയുടെ ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശംഭര. സംവിധാനം വസിഷ്ഠ മല്ലിഡിയാണ്. വിശ്വംഭര എന്ന പുതിയ ചിത്രം റിലീസ് ചെയ്യുക 2025 ജനുവരി 10ന് ആകും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്ന് റിപ്പോര്‍ട്ടുണ്ട്. ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നുമാണ് റിപ്പോര്‍ട്ട്. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്ജീവി ഡോറാ ബാബുവായി സംസാരിക്കുക. എങ്ങനെയാണ് ആ സാധാരണ മനുഷ്യന്‍ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം. അനുഷ്‌ക ഷെട്ടിയുള്‍പ്പടെ നായികയാകാന്‍ പുതിയ ചിത്രത്തിലേക്ക് പരിഗണിക്കുന്നു എന്നാണ് വിശ്വംഭരയുടെ പ്രവര്‍ത്തകരില്‍ നിന്നുള്ള സൂചന. ഐശ്വര്യ റായ്യുടെ പേരും ചിത്രത്തിലേക്ക് പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
◾മമ്മൂട്ടി നായകനായി എത്തിയ തെലുങ്ക് ചിത്രമാണ് 'യാത്ര'. മമ്മൂട്ടി മുഖ്യമന്ത്രിയായ യാത്രയുടെ രണ്ടാം ഭാഗം എത്തുകയാണ്. ജീവ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമായിട്ടാണ് 'യാത്ര 2' ഒരുങ്ങുന്നത്. ഫെബ്രുവരി എട്ടിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയേക്കില്ലെന്ന് ട്രേഡ് അനലിസ്റ്റ് ഫ്രൈഡേ മാറ്റ്നി റിപ്പോര്‍ട്ട് ചെയ്യുന്നു. മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് യാത്ര രണ്ടും. മമ്മൂട്ടി യാത്ര എന്ന ഹിറ്റ് ചിത്രത്തില്‍ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു വേഷമിട്ടത്. ഇപ്പോള്‍ യാത്രയുടെ രണ്ടാം ഭാഗം സിനിമയുമായി എത്തുമ്പോള്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിക്കാണ്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. തിരക്കഥയും മഹി വി രാഘവിന്റേതാണ്. മമ്മൂട്ടിയും യാത്ര രണ്ടില്‍ നിര്‍ണായകമായ രംഗങ്ങളില്‍ ഉണ്ടാകുമെങ്കിലും വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകന്‍. ജീവയുടെ മികച്ച ഒരു കഥാപാത്രമാകും ചിത്രത്തില്‍ എന്നും കരുതുന്നു.
◾ദില്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോഴ്‌സ് സഫാരി റെഡ് ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചു. ടാറ്റ സഫാരി ഡാര്‍ക്ക് എഡിഷന്‍ ഒബ്‌റോണ്‍ ബ്ലാക്ക് പെയിന്റ് സ്‌കീമിലും ചാര്‍ക്കോള്‍ ബ്ലാക്ക് ആര്‍19 അലോയി വീലുകളിലും എത്തുന്നു. ഫെന്‍ഡര്‍ ബാഡ്ജിംഗ്, ഫോഗ് ലാമ്പ് ഇന്‍സെര്‍ട്ടുകള്‍, ബ്രേക്ക് കാലിപ്പറുകള്‍ എന്നിവയില്‍ ശ്രദ്ധേയമായ ചുവന്ന ഹൈലൈറ്റുകള്‍ ഉണ്ട്. ടാറ്റ സഫാരി റെഡ് ഡാര്‍ക്ക് എഡിഷന്‍ ഒരു കാര്‍മേലിയന്‍ റെഡ്, സ്റ്റീല്‍ ബ്ലാക്ക് തീം അവതരിപ്പിക്കുന്നു. റെഡ് ലെതറെറ്റ് അപ്ഹോള്‍സ്റ്ററിയും ഡാര്‍ക്ക് ക്രോം ഇന്‍സെര്‍ട്ടുകളും ലഭിക്കുന്നു. ഡാഷ്‌ബോര്‍ഡ് ഒരു സ്റ്റീല്‍ ബ്ലാക്ക് ഫിനിഷ് കാണിക്കുന്നു. അതിന് കുറുകെ ഒരു കോണ്‍ട്രാസ്റ്റിംഗ് റെഡ് എല്‍ഇഡി സ്ട്രിപ്പും കാണാം. എസ്യുവിയുടെ ഈ ഡാര്‍ക്ക് എഡിഷന്‍ ടോപ്പ്-എന്‍ഡ് അകംപ്ലിഷ്ഡ് + 6-സീറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയെയും ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. വാഹനത്തിന്റെ എഞ്ചിനില്‍, മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ടാറ്റ സഫാരി ഡാര്‍ക്ക് എഡിഷന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 2.0 എല്‍ ഡീസല്‍ എഞ്ചിന്‍ നിലനിര്‍ത്തുന്നു. ഈ സജ്ജീകരണം 170പിഎസ് ശക്തിയും 350എന്‍എം ടോര്‍ക്കും നല്‍കുന്നു. 27.34 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.
◾ഇന്ത്യയുടെ രണ്ടറ്റങ്ങളില്‍ കിടക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെ സംസ്‌കാരം കാലാതരത്തില്‍ എങ്ങനെ തകിടം മറിക്കപ്പെട്ടെന്ന ചരിത്രം തിരയുകയാണ് 'മാര്‍ഗരീറ്റ'. 'മാര്‍ഗരീറ്റ'യെന്ന ഭൂപ്രദേശത്തിന് വന്ന മാറ്റങ്ങള്‍മാത്രമല്ല, എങ്ങനെയാണ് അതിന്റെ ചരിത്രം നിരന്തരം മാറ്റിയെഴുതപ്പെട്ടതെന്നു തത്ത്വചിന്ത - ഗണിതശാസ്ത്രങ്ങളിലൂടെ സഞ്ചരിച്ചു വേരുകളിലേക്കും ഓര്‍മ്മകളിലേക്കുമുള്ള മടക്ക യാത്ര നടത്തുകയാണീ നോവലില്‍. 'മാര്‍ഗരീറ്റ'. എം.പി ലിപിന്‍രാജ്. ഡിസി ബുക്സ്. വില 198 രൂപ.
◾പ്രഭാതഭക്ഷണവും അത്താഴവും നേരത്തെ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. ലോകത്തിലെ മരണത്തിന്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ്. 2019 ല്‍ 18.6 ദശലക്ഷം മരണങ്ങളില്‍ 7.9 ദശലക്ഷവും തെറ്റായ ഭക്ഷണക്രമം മൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ആഘാതവും ഹൃദയ സംബന്ധമായ അസുഖ സാധ്യതയും പഠിക്കാന്‍ യൂറോപ്യന്‍ ഗവേഷകര്‍ അടുത്തിടെ പഠനം നടത്തി. 42 വയസ് വരെ പ്രായമുള്ള 1,03,389 ആളുകളില്‍ നിന്നുള്ള ഡാറ്റ പരിശോധിച്ചു. 7.2 വര്‍ഷത്തെ ശരാശരി ഫോളോ-അപ്പില്‍ 2,036 പേര്‍ മരിച്ചതും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണെന്ന് പഠനത്തില്‍ പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരോ അത്താഴ ഭക്ഷണം വൈകി കഴിക്കുന്നവര്‍ക്കോ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഒരു മണിക്കൂര്‍ വൈകിയാല്‍ അപകടസാധ്യത ആറ് ശതമാനം വര്‍ദ്ധിക്കും. ഉദാഹരണത്തിന്, രാവിലെ 9 മണിക്ക് പ്രഭാതഭക്ഷണം കഴിക്കുന്ന ഒരാള്‍ക്ക് 8 മണിക്ക് ഭക്ഷണം കഴിക്കുന്ന ഒരാളേക്കാള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ആറ് ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. പ്രഭാതഭക്ഷണം രാവിലെ 8 മണിക്ക് മുമ്പും രാത്രി ഭക്ഷണം 8 മണിക്ക് മുമ്പും കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ വൈകി ഉറങ്ങുന്നതിന് കാരണമാകുന്നു. അത് കൂടാതെ, ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അമിതവണ്ണം പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.