*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 3 ശനി

◾പെണ്‍കുട്ടികള്‍ക്കു കുടുംബസ്വത്തില്‍ തുല്യാവകാശം ഉറപ്പാക്കിയും ബഹുഭാര്യാത്വം നിരോധിച്ചുമുള്ള ഏകീകൃത സിവില്‍ കോഡിന്റെ കരടു രേഖ വിദഗ്ധ സമിതി ഉത്തരാഖണ്ഡ് സര്‍ക്കാരിനു സമര്‍പ്പിച്ചു. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം കരട് പരിശോധിക്കുമെന്നും തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് രഞജന പ്രകാശ് ദേശായി അധ്യക്ഷയായ വിദഗ്ധ സമിതിയാണ് ഏകീകൃത സിവില്‍ കോഡിന്റെ കരടു രേഖ തയാറാക്കിയത്.

◾കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പു നടപടികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടു. ഗവര്‍ണര്‍ നോമിനേറ്റു ചെയ്ത രണ്ട് അധ്യാപകരുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനു വിശദീകരണം വേണമെന്ന് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

◾യുജിസി ചട്ടം ലംഘിച്ചു നിയമിതരായ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാതിരിക്കാന്‍ കാരണം ചോദിച്ച് ഗവര്‍ണര്‍ നല്‍കിയ നോട്ടീസിലുള്ള ഹിയറിംഗ് ഈ മാസം 24 നു രാജ്ഭവനില്‍ നടക്കും. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് ഹിയറിഗ് നടത്തുന്നത്.

◾തിങ്കളാഴ്ച സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കേ, വളര്‍ച്ചയും നേട്ടങ്ങളുമായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. മൊത്തം ആഭ്യന്തര ഉല്‍പാദനം 6.6 ശതമാനവും നികുതി വരുമാനം 23.36 ശതമാനവും വളര്‍ച്ച നേടിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ കമ്മി 0.80 ശതമാനമാണ്. ധനകമ്മി 2.44 ശതമാനവും.

◾മകളുടെ പേരില്‍ കേസെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് എക്സാലോജിക് കേസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എക്സാലോജിക് കേസുമായി ഹൈക്കോടതിയില്‍ പോയ ഷോണ്‍ ജോര്‍ജ്ജിന് ബിജെപി ഭാരവാഹിത്വം നല്‍കി. ബിജെപി കേസുകള്‍ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎല്‍എയാണ് നിയമസഭയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത്. ഗോവിന്ദന്‍ പറഞ്ഞു.

◾സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ് എന്നിവയ്ക്കു വേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി ഇനി മുതല്‍ പുതിയ ഫോം ഉപയോഗിക്കണം. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

◾പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സുണ്ടോയെന്നു സര്‍ക്കാരിനോടു ഹൈക്കോടതി. പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുണ്ടോയെന്ന് മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നാണു കോടതി ഉത്തരവ്. കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കളക്ടര്‍ അടച്ച് പൂട്ടിയ പാര്‍ക്ക് സര്‍ക്കാരാണ് തുറന്നു കൊടുത്തത്.

◾കുസാറ്റില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിനു സുരക്ഷയ്ക്കായി പോലീസിന്റെ സേവനം തേടാന്‍ പ്രിന്‍സിപ്പല്‍ നല്‍കിയ കത്തില്‍ എന്തു നടപടിയെടുത്തെന്ന് യുണിവേഴ്സിറ്റി രജ്സ്ട്രാറോട് ഹൈക്കോടതി. കേസില്‍ പ്രിന്‍സിപ്പലിനെതിരേ പോലീസ് കേസെടുത്തെങ്കിലും രജിസ്ട്രാര്‍ക്കെതിരേ കേസെടുത്തിട്ടില്ല.

◾ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തിലെ ഇരുപതു സീറ്റിലും എല്‍ഡിഎഫ് ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

◾സംസ്ഥാനത്തെ ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറായി ജയന്തി കൃഷ്ണന്‍ ചുമതലയേറ്റു.

◾തൃശൂരിലെ ധനകാര്യ സ്ഥാപനമായ പൂരം ഫിന്‍സെര്‍വിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് മൂവായിരത്തിലേറെപ്പേരില്‍ നിന്ന് 200 കോടിയിലേറെ സമാഹരിച്ച് തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. .

◾സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ അഡ്വ. ബി.എ ആളൂരിന്റെ അറസ്റ്റ് തിങ്കളാഴ്ചവരെ ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

◾കേരളത്തിലെ ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ വര്‍ഗീയതയോടു ചേര്‍ന്നു നില്‍ക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരവും പൗരോഹിത്യവും ഒന്നിച്ചാല്‍ ദുരന്തമാണ് സംഭവിക്കുകയെന്നതിന്റെ തെളിവാണ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്ത് ക്ഷേത്രം പണിതതെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി സാഹിത്യ പുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ബെംഗളൂരു ലഹരി ഇടപാടിലെ കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

◾മാനന്തവാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ആനയെ കുങ്കിനായനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി കര്‍ണാടകയിലെ രാമപുരത്തെ ആന ക്യാമ്പിലേക്കു കൊണ്ടുപോയി.

◾പണിമുടക്കിനു നേതൃത്വം നല്‍കിയ സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനൂകൂല അസോസിയേഷന്‍ നേതാവിന് സസ്പെന്‍ഷന്‍. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന്‍ ജെയിംസ് മാത്യുവിനെയാണ് സസ്പെന്റ് ചെയ്തത്. സര്‍ക്കാര്‍ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷന്റെ പ്രവര്‍ത്തകന്‍ പ്രേമാനന്ദനെയും ഭാര്യയെയും ജെയിംസ് മാത്യു തടഞ്ഞിരുന്നു. പ്രേമാനന്ദന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് നടപടി. പ്രേമാനന്ദന്‍ സമരത്തിനിടയിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയതു ചോദ്യം ചെയ്തതിനാണ് പ്രതികാര നടപടിയെന്ന് സെക്രട്ടറിയേറ്റ് അസോഡിയേഷന്‍ ആരോപിച്ചു.

◾വീടുപണിക്ക് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനു വീട് ജപ്തി ചെയ്യാനിരിക്കേ തൃശൂര്‍ മണലൂര്‍ സ്വദേശി ചെമ്പന്‍ വിനയന്റെ മകന്‍ വിഷ്ണു (25) വീട്ടില്‍ തൂങ്ങി മരിച്ചു. അച്ഛന്‍ വിനയന്‍ എട്ടു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 8,74,000 രൂപ തിരിച്ചടച്ചു. ആറു ലക്ഷം രൂപയുടെ കുടിശികയുടെ പേരിലാണു ജപ്തി നടപടി. എന്നാല്‍ കുടുംബത്തെ ഒഴിപ്പിച്ചിട്ടില്ലെന്നും അഞ്ചു ലക്ഷം രൂപയുടെ ഇളവു നല്‍കിയിട്ടും എട്ടു വര്‍ഷമായി വായ്പ കുടിശ്ശികയാണെന്നും ബാങ്ക് അധികൃതര്‍.  

◾കരുവന്നൂര്‍ പുഴയില്‍ ചാടി ആയുര്‍വേദ ഡോക്ടര്‍ ജീവനൊടുക്കി. ചിറക്കല്‍ സ്വദേശി കരോട്ട് വീട്ടില്‍ ട്രൈസ്സി വര്‍ഗ്ഗീസ് (28) ആണ് മരിച്ചത്.

◾കോട്ടയം മണര്‍കാടില്‍ ഓടയിലേക്കു വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മണര്‍കാട് സ്വദേശി പുതുപ്പറമ്പില്‍ അനി (ബിനു -55) ആണ് മരിച്ചത്. സ്‌കൂട്ടറിന്റെ ടയര്‍ മാത്രം ഓടക്കു മുകളില്‍ നില്‍ക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അപകടം മറ്റുള്ളവര്‍ അറിഞ്ഞത്.

◾ആലുവ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍. പൊലീസ് പിടികൂടിയ ജാര്‍ഖണ്ട് ജെസ്പൂര്‍ സ്വദേശി സുരേഷ് കുമാര്‍ (42) നെ കോടതി റിമാന്‍ഡു ചെയ്തു.  

◾പത്തനംതിട്ട കൊടുമണ്‍ ഐക്കാട് 15 വീടുകളിലെ കിണറ്റില്‍ ആസിഡും ഓയിലും ഒഴിച്ച യുവാവിനെ പൊലീസ് പിടികൂടി. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന റിതേഷ് ആണു പിടിയിലായത്. റബ്ബര്‍ പാല്‍ സംസ്‌കരിച്ച് ഷീറ്റാക്കാന്‍ വീടുകളില്‍ സൂക്ഷിച്ചിരുന്ന ആസിഡ് കൈക്കാലാക്കിയാണ് കിണറുകളില്‍ ഒഴിച്ചത്.

◾തിരുവനന്തപുരം നെടുമങ്ങാട് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നെടുമങ്ങാട് പനവൂര്‍ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടില്‍ ശരത്ത് (29) ആണ് ഭാര്യ അഭിരാമി മരിച്ച കേസില്‍ അറസ്റ്റിലായത്.

◾യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ ഇടുക്കി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് മാങ്കുഴിയില്‍ കുഞ്ഞുമോനാണ് അറസ്റ്റിലായത്.

◾തലശേരി മാടപ്പീടികയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ ബീം തകര്‍ന്ന് ഒരാള്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി സിക്കന്ദര്‍ (45) ആണ് മരിച്ചത്.

◾ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് നല്‍കിയ അഞ്ചാമത്തെ സമന്‍സും ഗൗനിക്കാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് കെജ്രിവാള്‍ ആരോപിച്ചു.

◾ഡല്‍ഹിയിലെ ബിജെപി ഓഫിസിനു സമീപം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെ സംഘര്‍ഷം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ വോട്ട് അസാധുവാക്കി അട്ടിമറി നടത്തിയെന്ന് ആരോപിച്ചാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബാരിക്കേഡ് കടന്ന് മാര്‍ച്ചിന് ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

◾ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം ധാരണയുണ്ടാകുമെന്ന് വ്യക്തമായതോടെ മമത കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയാണ്. രാഹുല്‍ ഗാന്ധി ദേശാടന പക്ഷിയാണെന്നും മമത വിമര്‍ശിച്ചു.

◾ജാര്‍ക്കണ്ഡില്‍ കുതിരക്കച്ചവടം ഭയന്ന് ജാര്‍ക്കണ്ഡ് മുക്തി മോര്‍ച്ച- കോണ്‍ഗ്രസ് സഖ്യത്തിന്റെ എംഎല്‍എമാരെ ഹൈദരാബാദിലേക്കു മാറ്റി. ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് എംഎല്‍എമാരെ മാറ്റിയത്.

◾ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പശുവിന്റെ തല പൊതുസ്ഥലത്ത് ഉപേക്ഷിച്ച് മുസ്ലിം യുവാക്കളെ കുറ്റക്കാരാക്കാന്‍ ശ്രമിച്ച ബജ്‌റംഗ്ദള്‍ ഭാരവാഹികള്‍ അറസ്റ്റില്‍. മൊറാദാബാദ് ബജ്‌റംഗ്ദള്‍ യൂണിറ്റ് ജില്ലാ മേധാവി ഉള്‍പ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. മോനു എന്ന സുമിത് ബിഷ്‌ണോയി, രാജീവ് ചൗധരി, രാമന്‍ ചൗധരി, ഷഹാബുദ്ദീന്‍ എന്നിവരെയാണ് പിടികൂടിയത്.

◾അയോധ്യ രാമക്ഷേത്രത്തില്‍ പത്തു ദിവസം കൊണ്ട് വഴിപാടായും കാണിക്കയായും ലഭിച്ചത് 11 കോടി രൂപ. ഭണ്ഡാരത്തില്‍ ഭക്തര്‍ നേരിട്ട് നിക്ഷേപിച്ചത് എട്ട് കോടി രൂപയിലേറെയാണ്.

◾കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നടന്ന തുലാഭാരം ഗിന്നസ് ബുക്കില്‍. ഷിര്‍ഹട്ടിയിലെ ഭവൈഖ്യത സന്‍സ്ഥാന്‍ മഹാപീഠം മഠാധിപതി സിദ്ധരാമന്‍ സ്വാമിയുടെയും മഠത്തിലെ ചാമ്പിക എന്ന ആനയുടെയും തുലാഭാരമാണ് നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്തിയത്. ആനപ്പുറത്ത് സ്വര്‍ണം പൂശിയ പല്ലക്കില്‍ സിദ്ധരാമന്‍ സ്വാമി ഇരുന്നായിരുന്നു തുലാഭാരം. 5,555 കിലോ ഭാരത്തിനു തുല്യമായി 10 രൂപ നാണയങ്ങള്‍ നിറച്ച 376 ചാക്കുകളിലായി 73,40,000 രൂപയുടെ നാണയങ്ങളാണ് ഉപയോഗിച്ചത്. റിസര്‍വ് ബാങ്കില്‍ നിന്നാണ് ഇത്രയും നാണയങ്ങള്‍ ശേഖരിച്ചത്.

◾ബാങ്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി എട്ടര ലക്ഷത്തിലധികം രൂപ കവര്‍ന്നു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള പ്രഥമ യുപി ഗ്രാമീണ്‍ ബാങ്ക് ശാഖയിലായിരുന്നു സംഭവം. മോഷണത്തിന്റെ ദൃശ്യങ്ങളെല്ലാം ബാങ്കിലെ സിസിടിവി ക്യാമറകളിലുണ്ട്.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ഒഡിഷ എഫ്.സി.ക്കെതിരേ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഒഡീഷയുടെ വിജയം. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി.

◾അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ സിക്‌സ് റൗണ്ടിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 132 റണ്‍സിന് തകര്‍ത്ത ഇന്ത്യ സെമിയില്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റന്‍ ഉദയ് സഹാറന്റെയും സച്ചിന്‍ ദാസിന്റെയും സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

◾ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 336 ന് 6 എന്ന നിലയിലാണ്. 179 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 5 റണ്‍സെടുത്ത രവിചന്ദ്ര അശ്വിനുമാണ് ക്രീസില്‍.

◾ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസിന്റെ 2023-24 ഡിസംബറില്‍ പാദത്തിലെ സംയോജിത അറ്റാദായം 2.3 മടങ്ങ് വര്‍ധിച്ച് 1888.4 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 820 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 26,612.2 കോടി രൂപയില്‍ നിന്ന് 6.5 ശതമാനം ഉയര്‍ന്ന് 28,336.4 കോടി രൂപയായി. മൂന്നാം പാദത്തില്‍ കമ്പനിയുടെ പലിശ, നികുതി എന്നിവയ്ക്ക് മുമ്പുള്ള ലാഭം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,968 കോടി രൂപയില്‍ നിന്ന് 89 ശതമാനം വര്‍ധിച്ച് 3,717 കോടി രൂപയായി. കമ്പനിയുടെ ലാഭം 115 ശതമാനം വര്‍ധിച്ച് 2,958 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 6.1 ശതമാനത്തില്‍ നിന്ന് മാര്‍ജിന്‍ 11.4 ശതമാനമായി മെച്ചപ്പെട്ടു. കമ്പനിയുടെ ഏറ്റവും വലിയ ബിസിനസ് വിഭാഗമായ ഇന്റഗ്രേറ്റഡ് റിസോഴ്സ് മാനേജ്മെന്റ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം കുറഞ്ഞ് 16,021 കോടി രൂപയായി. എന്നിരുന്നാലും ലാഭം 72 ശതമാനം ഉയര്‍ന്ന് 1,425 കോടി രൂപയായി. എയര്‍പോര്‍ട്ട് വിഭാഗത്തിന്റെ വരുമാനം 26 ശതമാനം ഉയര്‍ന്ന് 2178 കോടി രൂപയായപ്പോള്‍ ലാഭം 1094 ശതമാനം വര്‍ധിച്ച് 353 കോടി രൂപയായി. ന്യൂ എനര്‍ജിയില്‍ നിന്നുള്ള വരുമാനം 45ശതമാനം വര്‍ധിച്ച് 2,065 കോടി രൂപയായപ്പോള്‍ ലാഭം 203 ശതമാനം വര്‍ധിച്ച് 555 കോടി രൂപയായി.

◾ജിസ് ജോയ്യുടെ സംവിധാനത്തില്‍ ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'തലവന്‍'. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. പൊലീസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ കാക്കിയണിഞ്ഞാണ് ബിജു മേനോനും ആസിഫ് അലിയും എത്തുന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരത്തിന്റെ സ്വരവും കിടമത്സരവും പ്രകടമാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍. ജിസ് ജോയ്യുടെ മുന്‍ ചിത്രങ്ങളില്‍ കുടുംബ ബന്ധങ്ങളും കോമഡിയും ഒക്കെ ആയിരുന്നുവെങ്കില്‍ ഇക്കുറി പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സ്, ലണ്ടന്‍ സ്റ്റുഡിയോ എന്നീ ബാനറുകളില്‍ അരുണ്‍ നാരായണനും സിജോ വടക്കനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, അനുശ്രീ, മിയ ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ ജോണ്‍, ദിനേശ്, നന്ദന്‍ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവര്‍കാട്ട് എന്നിവരുടേതാണ് തിരക്കഥ.

◾പെപ്പെയെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി സുപ്രധാന വേഷം അവതരിപ്പിക്കുന്നു. ഇതുവരെ പേര് വെളിപ്പെടുത്താത്ത ചിത്രത്തിന്റെ ഷൂട്ടിംങ് കൊല്ലത്ത് പുരോഗമിക്കുന്ന അവസരത്തിലാണ് രാജ് ബി ഷെട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. തന്റെ നിറസാന്നിദ്ധ്യം അറിയിക്കാനെത്തിയ അദ്ദേഹത്തെ നിര്‍മ്മാതാവായ സോഫിയാ പോള്‍ പുഷ്പഹാരം നല്‍കി സ്വീകരിച്ചു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ഈ സിനിമ ഓണം റിലീസായി തീയറ്ററുകളിലെത്തും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. റോയ്‌ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ഈ ചിത്രം നീണ്ടു നില്‍ക്കുന്ന കടല്‍ സംഘര്‍ഷത്തിന്റെ കഥയാണ് പറയുന്നത്. 100 അടിയുള്ള ബോട്ടിന്റെ വമ്പന്‍ സെറ്റാണ് ചിത്രത്തിനായ് ഒരുക്കിയിരിക്കുന്നത്. കൊല്ലം കുരീപ്പുഴയിലാണ് കാണുന്നവരെ അമ്പരിപ്പിക്കുന്ന ഈ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വര്‍ക്കല, കൊല്ലം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. നായികയായെത്തുന്നത് പുതുമുഖം താരം പ്രതിഭയാണ്. ഗൗതമി നായരും ഷബീര്‍ കല്ലറക്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശരത് സഭ, നന്ദു, സിറാജ് (ആര്‍.ഡി.എക്സ് ഫെയിം), ജയക്കുറുപ്പ്, ആഭാ എം റാഫേല്‍, ഫൗസിയ മറിയം ആന്റണി എന്നിവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

◾ബജാജ് ഓട്ടോ 2024 പള്‍സര്‍ എന്‍150, പള്‍സര്‍ എന്‍60 എന്നിവ പുറത്തിറക്കി. രണ്ട് മോഡലുകളും ഇപ്പോള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളുമായി വരുന്നു. പുതിയ ബജാജ് പള്‍സര്‍ എന്‍150 ഇപ്പോള്‍ കറുപ്പും വെളുപ്പും രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. 2024 ബജാജ് പള്‍സര്‍ എന്‍160 കറുപ്പ്, നീല, ചുവപ്പ് എന്നീ മൂന്ന് പെയിന്റ് സ്‌കീമുകളില്‍ ലഭ്യമാണ്. ഈ ബൈക്കുകള്‍ക്കായുള്ള ബുക്കിംഗ് ആരംഭിച്ചു. വരും ആഴ്ചകളില്‍ ഡെലിവറി ആരംഭിക്കും. 2024 ബജാജ് പള്‍സര്‍ എന്‍150, പള്‍സര്‍ എന്‍160 എന്നിവ ഇപ്പോള്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി സജ്ജീകരിച്ചിരിക്കുന്നു. ഈ കണ്‍സോള്‍ തത്സമയ ഇന്ധനക്ഷമത, ശരാശരി മൈലേജ്, ശൂന്യമാക്കാനുള്ള ദൂരം തുടങ്ങിയ ഉപയോഗപ്രദമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ബജാജ് റൈഡ് കണക്ട് ആപ്പ് വഴിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതിലുണ്ട്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ അതേ 149.68സിസി എഞ്ചിന്‍ പുതിയ പള്‍സര്‍ എന്‍150 നിലനിര്‍ത്തുന്നു, ഇത് 14.3ബിഎച്പി കരുത്തും 13.5എന്‍എം ടോര്‍ക്കും നല്‍കുന്നു. മറുവശത്ത്, പുതിയ പള്‍സര്‍ എന്‍160ല്‍ 164.82സിസി, ഡിടിഎസ് -വണ്‍ മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് 15.8ബിഎച്പി കരുത്തും 14.65എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

◾കുട്ടികളെ കിടുകിടെ വിറപ്പിക്കുന്ന വര്‍ക്കി മാഷിന്റെ വീട്ടുമുറ്റത്ത് ഒരുദിവസം വന്നുചേരുന്ന പട്ടിക്കുട്ടികള്‍ അദ്ദേഹത്തിനും പേരക്കുട്ടികള്‍ക്കും എങ്ങനെ
പ്രിയപ്പെട്ടവരായി മാറിയെന്ന കഥ പറയുകയാണ് ആനി ആന്‍ഡ്രൂസ്. കുട്ടികള്‍ക്ക് ഭാവനയുടെയും മൃഗസ്‌നേഹത്തിന്റെയും അനുഭവങ്ങള്‍ പകര്‍ന്നുനല്‍കുന്ന ചെറുനോവല്‍. 'തൊമ്മനും മത്സ്യകന്യകയും'. ആനി ആന്‍ഡ്രൂസ്. മാതൃഭൂമി. വില 119 രൂപ.

◾നമ്മുടെ കുടല്‍ അല്ലെങ്കില്‍ ദഹനവ്യവസ്ഥയില്‍ നല്ലതും ചീത്തയുമായ ബാക്ടീരിയകള്‍ ഉണ്ട്. വയറില്‍ താമസിക്കുന്ന നല്ല ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുമെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ കുടലില്‍ ചീത്ത ബാക്ടീരിയകളും വിരകളും ഉണ്ട്. ഇവ കുടലിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ കുടലിലെ ചീത്ത ബാക്ടീരിയകളെ അല്ലെങ്കില്‍ വിരശല്യം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. വെളുത്തുള്ളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി മൈക്രോബയല്‍ ഗുണങ്ങളാല്‍ നിറഞ്ഞതാണ് വെളുത്തുള്ളി. ഇത് നിങ്ങളുടെ ശരീരത്തിലെ വിരകള്‍, അനാരോഗ്യകരമായ ബാക്ടീരിയകള്‍ എന്നിവയെ അകറ്റാന്‍ സഹായിക്കും. ഇഞ്ചിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയില്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ചീത്ത ബാക്ടീരിയകളെ അകറ്റി കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കും. മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റിസെപ്റ്റിക്, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് മഞ്ഞള്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലിലെ അനാരോഗ്യകരമായ ബാക്ടീരിയകളെ അകറ്റാനും നിങ്ങളുടെ രക്തം ശുദ്ധീകരിക്കാനും സഹായിക്കും. വെള്ളരിക്കാ വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിര്‍ജ്ജലീകരണത്തെ തടയാനും കുടലിലെ വിരകളെ അകറ്റാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പപ്പായ വിത്തുകള്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായ വിത്തുകളും കുടലിലെ ചീത്ത ബാക്ടീരിയകളെ അകറ്റാന്‍ സഹായിക്കും.
➖➖➖➖➖➖➖➖