*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 29 വ്യാഴം

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാതെ രാഷ്ട്രപതിക്ക് വിട്ട കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോകായുക്തയുടെ തീര്‍പ്പിന്മേല്‍ സര്‍ക്കാരിന് തീരുമാനമെടുക്കാനുള്ള അധികാരംനല്‍കുന്ന ബില്ലില്‍ ഇതോടെ ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടിവരും. ബില്ലിന് അനുമതി ലഭിച്ചെങ്കിലും ലോകായുക്തയുടെ അധികാരം കുറയുന്ന സാഹചര്യമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ലോകായുക്ത കുറ്റക്കാരന്‍ എന്ന് വിധിച്ചാലും ഇനി പൊതുപ്രവര്‍ത്തകന് തല്‍സ്ഥാനത്ത് തുടരാനാകും.

◾പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ വിളിപ്പിച്ച 8 പേരില്‍ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. അന്യായമായി തടഞ്ഞുവയ്ക്കുക, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

◾സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്.എഫ്.ഐ. നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേര്‍ ഇപ്പോഴും ഒളിവില്‍. ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥിനെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. മൃതദേഹത്തില്‍ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകള്‍ കണ്ടെത്തിയിരുന്നു.

◾സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന മൊഴികളുമായി പ്രതികള്‍. ഹോസ്റ്റലില്‍ വിചാരണ പതിവാണ്. ഹോസ്റ്റല്‍ എസ്എഫ്ഐയുടെ വിദ്യാര്‍ത്ഥി കോടതിയാണ്. പരാതികള്‍ അവിടെ തന്നെ തീര്‍പ്പാക്കി ശിക്ഷ വിധിക്കും. കോളേജധികൃതരിലേക്കോ പൊലീസിലേക്കോ ഒരു പരാതി പോലും എത്താന്‍ അനുവദിക്കില്ല എന്നും പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

◾സിദ്ധാര്‍ത്ഥിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോളജിലെ പരിപാടിയില്‍ നൃത്തം ചെയ്തതിന്റെ പേരില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെയാണ് വിവസ്ത്രനാക്കി എസ്എഫ്ഐക്കാര്‍ മര്‍ദിച്ചതെന്നും ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന കുഞ്ഞിനെയാണ് തല്ലിക്കൊന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

◾വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ കൊലപ്പെടുത്തിയെന്ന് വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. നിലവില്‍ 18 പ്രതികളുടെ വിവരങ്ങളാണ് പുറത്തുവന്നതെന്നും അതില്‍ 4 പേര്‍ക്ക് മാത്രമാണ് എസ്എഫ്ഐയുമായി ബന്ധമുള്ളതെന്നും കുറ്റക്കാരെ എസ്എഫ്ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും പിഎം ആര്‍ഷോ പറഞ്ഞു.

◾വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജയ്സണ്‍ ജോസഫിനെ പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജില്‍ നിന്ന് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. ജയ്സണെ കോളേജില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ പൂട്ടിയിട്ടു. ആറന്മുള സിഐ ഉള്‍പ്പെടെ പൊലീസ് എത്തി പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്.

◾ഒന്നാം ക്ലാസ് പ്രവേശനത്തിനു ആറ് വയസ്സ് ആക്കണമെന്ന കേന്ദ്രനിര്‍ദേശം വീണ്ടും തള്ളി കേരളം. കേരളം ഇത്തവണയും കേന്ദ്ര നിര്‍ദേശം നടപ്പാക്കില്ല. ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസില്‍ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും 5 വയസില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ പ്രാപ്തരാവുകയാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

◾എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍ കുട്ടി. 4,27,105 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയും, ഹയര്‍ സെക്കന്ററി തലത്തില്‍ 4,14,151 പ്ലസ് വണ്ണിലും 4,41,213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

◾പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ 38 സെക്ഷനുകളിലായി 16,514 ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഫയലുകള്‍ മാര്‍ച്ച് 31നകം തീര്‍പ്പാക്കാണമെന്നും പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

◾സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അച്ചടിച്ച് വിതരണം ചെയ്തതിലുള്ള കുടിശ്ശിക നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഐടിഐ ലിമിറ്റഡ് ബാംഗ്ലൂരിന് 8.66 കോടി രൂപയും സി-ഡിറ്റിന് നല്‍കാനുള്ള തുകയും ഉള്‍പ്പെടെ 15 കോടി രൂപയാണ് അനുവദിക്കുക.

◾കേരളത്തിന്റെ രാഷ്ട്രീയ മണ്ണ് എന്‍ഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഎമ്മിനും കോണ്‍ഗ്രസിനും പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും കൃഷ്ണദാസ് പറഞ്ഞു. മതപ്രീണനമാണ് എല്‍ഡിഎഫിന്റെ നയം. യുഡിഎഫ് തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്നു. എല്‍ഡിഎഫിനെ സഹായിക്കുന്ന ലീഗിനെ യുഡിഎഫ് നിലനിര്‍ത്തുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

◾കെഎസ്ഐഡിസി യെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്ന് മന്ത്രി പി രാജീവ്. കെഎസ്ഐഡിസി യില്‍ ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്നും എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുന്‍നിര്‍ത്തി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി . ഈ വര്‍ഷം 25 ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് മന്ത്രിസഭായോഗം അനുമതി നല്‍കി എന്നും മന്ത്രി പി രാജീവ് പറഞ്ഞു.

◾വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുര്‍വേദ ചികിത്സയ്ക്കായി പ്രത്യേക വെല്‍നസ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അതിന് വേണ്ടി അടിസ്ഥാന സൗകര്യ വികസനവും പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

◾ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ വിമര്‍ശനവുമായി കെ ടി ജലീല്‍ എം എല്‍ എ. മൂന്നാം സീറ്റെന്ന ലീഗിന്റെ ആവശ്യം 'കള്ളനും പോലീസും' കളിയായിരുന്നു. ലീഗിന് നഷ്ടമായ എല്ലാ സീറ്റുകളുടെയും പിന്നില്‍ കോണ്‍ഗ്രസ് ബുദ്ധിയാണ്. ചതിക്ക് ചതിയേ പരിഹാരമുള്ളൂ, തെരഞ്ഞെടുപ്പില്‍ ആ 'സിദ്ധൗഷധം' പ്രയോഗിച്ചാല്‍ കോണ്‍ഗ്രസ് എക്കാലവും കൈകൂപ്പി നില്‍ക്കുമെന്നും ജലീല്‍ പറഞ്ഞു.

◾രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന സൂചനയുമായി എഐസിസി. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് തടസമില്ല, കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ തമ്മിലാണ് പോരാട്ടമെന്നുീ ജയറാം രമേശ് വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് ആദ്യം വരുന്നതോടെ രാഹുല്‍ ഗാന്ധിയുടെ മത്സരം എവിടെയെന്ന് വ്യക്തമാകും.

◾വാക്കും പ്രവൃത്തിയും ഒന്നാണെന്ന് കോണ്‍ഗ്രസ് ഉറപ്പു വരുത്തണമെന്ന് സിപിഐ സ്ഥാനാര്‍ത്ഥി ആനി രാജ. വയനാട് മണ്ഡലം ആരുടെയും കുത്തകയല്ലെന്നും 5 വര്‍ഷത്തേക്കാണ് എംപിയെ ജയിപ്പിച്ചതെന്നും അതിനര്‍ത്ഥം മണ്ഡലം ആജീവനാന്തം അവര്‍ക്കെന്നല്ലെന്നും ആനി രാജ പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് എഐസിസി സൂചന നല്‍കിയതിന് പിന്നാലെയാണ് ആനി രാജയുടെ പ്രതികരണം.

◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം. തരം തിരിക്കാതെ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. രണ്ടുസ്ഥലത്ത് തീപിടുത്തം ഉണ്ടായി. ഫയര്‍ഫോഴ്സ് സംഘം എത്തി തീയണച്ചു. നാല് ദിവസമായി മാലിന്യ കൂമ്പാരം പുകയുകയായിരുന്നു. പുക അണയ്ക്കാന്‍ 2 ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ 24 മണിക്കൂറും പ്ലാന്റില്‍ തുടര്‍ന്നിരുന്നു.

◾മോന്‍സന്‍ മാവുങ്കലിന്റെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസില്‍ ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. വീട്, ക്യാഷ് ഡെപ്പോസിറ്റുകള്‍ അടക്കം ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്.

◾തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയില്‍ ഉണ്ടായ മകളേയും പ്രതി ചേര്‍ത്തു. അക്യുപങ്ചര്‍ ചികിത്സ പഠിച്ചിരുന്ന 19 കാരി ആസിയ ഉനൈസയെ ആണ് പ്രതി ചേര്‍ത്തത്. ഷമീറ മരിക്കുന്ന സമയം ആസിയ ഉനൈസ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്. കേസിലെ പ്രതികളുടെ എണ്ണം ഇതോടെ നാലായി.

◾മലപ്പുറം ജില്ലയിലെ താനൂരില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ച് മൂടി. താനൂര്‍ ഒട്ടുംപുറം സ്വദേശി ജുമൈലത്തിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. എന്താണ് കൊലപാതകത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

◾വര്‍ക്കല അയന്തിയില്‍ അമ്മയും അഞ്ചുവയസ്സുള്ള മകനും തീവണ്ടി തട്ടി മരിച്ചു. വര്‍ക്കല മേല്‍വെട്ടൂര്‍ കയറ്റാഫീസ് അച്ചിക്കവിള വീട്ടില്‍ മഹേഷിന്റെ ഭാര്യ ശരണ്യ( 25), മകന്‍ മിഥുന്‍ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

◾ചക്കപറിക്കാന്‍ കയറിയ കണ്ണൂര്‍ പേരാവൂര്‍ നിടുംപുറംചാലിലെ കോടന്തൂര്‍ വിന്‍സന്റ് പ്ലാവില്‍നിന്ന് വീണു മരിച്ചു. 41 വയസായിരുന്നു.

◾നീന്തല്‍ പരിശീലനത്തിനിടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരയില്‍കയറിയിരുന്ന പോത്തന്‍കോട് എല്‍.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ദ്രുപിത കുഴഞ്ഞുവീണ് മരിച്ചു. കോലിയക്കോട് കുന്നിട ഉല്ലാസ് നഗര്‍ അശ്വതി ഭവനില്‍ താരാ ദാസിന്റെയും ബിനുവിന്റെയും മകളാണ് ദ്രുപിത.  

◾കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ക്യാമ്പസിലെ ജീവനക്കാര്‍ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടര്‍ ടാങ്കിന്റെ മാന്‍ഹോള്‍ വഴി അസ്ഥികൂടം കണ്ടത്.

◾ജാര്‍ഖണ്ഡ് ജംതാരയിലെ കലജാരിയ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കിടയിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭാഗല്‍പുരിലേക്ക് പോകുകയായിരുന്ന അംഗ എക്‌സ്പ്രസില്‍ യാത്രചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. ഈ ട്രെയിനില്‍ തീപിടിത്തമുണ്ടായതായി അഭ്യൂഹം പരന്നതിനേത്തുടര്‍ന്ന് നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് യാത്രക്കാര്‍ പുറത്തേക്ക് ചാടുകയായിരുന്നു. സമീപത്തെ ട്രാക്കിലേക്ക് വീണ ഇവരെ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ഝാജ-അസന്‍സോള്‍ എക്സ്പ്രസ് ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയര്‍ന്നേക്കാം എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

◾സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സി ബി ഐക്ക് മുന്നില്‍ ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് നല്‍കി. അഞ്ച് വര്‍ഷം മുമ്പെടുത്ത കേസിലാണ് ഇപ്പോള്‍ സി ബി ഐ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത ഖനന കേസിലാണ് ചോദ്യം ചെയ്യലെന്ന് സി ബി ഐ വ്യക്തമാക്കി. സാക്ഷി എന്ന നിലയിലാണ് അഖിലേഷിന് സമന്‍സ് നല്‍കിയിരിക്കുന്നത്.

◾ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് ആശ്വാസം. വിമത നീക്കങ്ങള്‍ക്ക് പിന്നാലെ നിയമസഭയില്‍ ബജറ്റ് പാസായി. 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്ത നടപടിയാണ് ബജറ്റ് പാസാകുന്നതിന് നിര്‍ണായകമായി മാറിയത്. വിമത നീക്കം നടത്തിയ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടരുന്നതായും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഡാലോചന പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു പറഞ്ഞു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനെതിരെ കലാപമുയര്‍ത്തിയ മന്ത്രി വിക്രമാദിത്യസിങ് രാജി പിന്‍വലിച്ചു. കോണ്‍ഗ്രസ് നിരീക്ഷകരായ ഡി.കെ. ശിവകുമാര്‍, ഭൂപീന്ദര്‍ സിങ് ഹൂഡ, ഭൂപേഷ് ബഘേല്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിക്രമാദിത്യസിങ്ങിന്റെ പ്രഖ്യാപനം.

◾തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ പതഞ്ജലി ഫുഡ്‌സിന്റെ ഓഹരികളില്‍ കനത്ത ഇടിവ്. പതഞ്ജലി ഫുഡ്‌സ് ഓഹരികള്‍ ബിഎസ്ഇയില്‍ 4.46 ശതമാനം ഇടിഞ്ഞ് 1548.00 രൂപയിലെത്തി. അതേസമയം, കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ചേരുമെന്ന് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് ബിഎസ്ഇയെ അറിയിച്ചു.

◾റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയാകോം18 സ്റ്റാര്‍ ഇന്ത്യയില്‍ ലയിക്കും. വയാകോം 18 ഉം വാള്‍ട്ട് ഡിസ്നിയുടെ ബിസിനസ് വിഭാഗമായ സ്റ്റാര്‍ ഇന്ത്യയും തമ്മില്‍ ലയനകരാറില്‍ ഒപ്പുവച്ചു. റിലയന്‍സ് 11,500 കോടി രൂപ പുതിയ സംയുക്തസംരഭത്തില്‍ നിക്ഷേപിക്കും. റിലയന്‍സിന് 63.16 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവും ഓഹരികളാണുണ്ടാവുക.. നിത അംബാനിയാവും സംയുക്തസംരംഭത്തിന്റെ ചെയര്‍പഴ്‌സന്‍.

◾കേരളം സന്തോഷ് ട്രോഫി ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന മേഘാലയ - ഗോവ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കേരളം ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.

◾ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കി. രഞ്ജി ട്രോഫി കളിക്കാതിരുന്ന ഇരുവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

◾വനിതാ ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റിന് തകര്‍ത്ത് യുപി വാരിയേഴ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുപി 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

◾കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് നടത്തുന്ന എയര്‍ഏഷ്യ മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പറക്കാന്‍ കുറഞ്ഞ നിരക്ക് അവതരിപ്പിച്ചു. 249 മലേഷ്യന്‍ കറന്‍സി റിങ്ഗിറ്റ് (4,325 രൂപ) നിരക്കിലാണ് ഒരു ദിശയിലേക്കുള്ള യാത്ര നടത്താന്‍ സാധിക്കുന്നത്.കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ മാര്‍ച്ച് 10 വരെ ബുക്കിംഗ് നടത്താം. യാത്ര ചെയ്യേണ്ടത് 2024 നവംബര്‍ 30ന് മുമ്പായിരിക്കണം. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാര്‍ക്ക് ഏപ്രില്‍ 21 മുതല്‍ 2025 മാര്‍ച്ച് 19ന് ഉള്ളില്‍ യാത്ര നടത്തിയിരിക്കണം. എയര്‍പോര്‍ട്ട് നികുതി, ഇന്ധന സര്‍ചാര്‍ജ്, മറ്റു ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.കൊല്‍ക്കത്ത, തിരുച്ചിറപ്പള്ളി, ഹൈദരബാദ്, ചെന്നൈ, ബംഗളൂരു, വിശാഖപട്ടണം, അഹമ്മദാബാദ്, ജയ്പൂര്‍, അമൃത്സര്‍ തുടങ്ങിയ നഗരങ്ങളിലേക്കും ക്വലാലംപൂരില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.വീസയില്ലാതെ മലേഷ്യയിലേക്ക് യാത്ര അനുമതി നല്‍കിയതോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് മലേഷ്യയിലേക്ക് പറക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു.ഇപ്പോള്‍ എക്‌സ്പ്രസ് ബോര്‍ഡിംഗ്, ടിക്കറ്റ് കൈമാറ്റം, 20 കിലോ ബാഗേജ് അലവന്‍സ്, പരിധിയില്ലാതെ ഫ്ളൈറ്റ് മാറ്റങ്ങള്‍ തുടങ്ങിയ സവിശേഷതകളോടെ എയര്‍ഏഷ്യ ബിസിനസ് യാത്രക്കാര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

◾'പ്രേമലു' തെലുങ്ക് പതിപ്പിന്റെ വിതരണം ഏറ്റെടുത്ത് സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ. വമ്പന്‍ തുകയ്ക്കാണ് സിനിമയുടെ മൊഴിമാറ്റ അവകാശം കാര്‍ത്തികേയ നേടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൊഴിമാറ്റപ്പതിപ്പിന്റെ ഡബ്ബിങ്ങ് ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യും. ഇതിനോട് അനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബാഹുബലി സ്റ്റൈലില്‍ ആണ് പ്രേമലുവിന്റെ തെലുങ്ക് വെര്‍ഷന്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അന്‍പത് കോടി ക്ലബ്ബിലെത്തിയ പ്രേമലു കേരളത്തിനു പുറത്തും നിറഞ്ഞോടുകയാണ്. വെറും പത്തുദിവസം കൊണ്ട് യുകെയിലും അയര്‍ലന്‍ഡിലും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ രണ്ടാമത്തെ മലയാള ചിത്രമായി പ്രേമലു മാറി. മൂന്നു ലക്ഷത്തോളം യൂറോ ആണ് പത്തു ദിവസം കൊണ്ട് പ്രേമലു കളക്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ '2018' മാത്രമാണ് ഈ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ പ്രേമലുവിനെക്കാള്‍ കളക്ഷന്‍ നേടിയ ഏക മലയാള ചിത്രം. അതേസമയം ആഗോള ബോക്സ്ഓഫിസില്‍ 70 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. കേരളത്തിലെ ആകെ കളക്ഷന്‍ 35 കോടിയാണ്. നസ്ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

◾നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'കല്‍ക്കി 2898 എഡി' സിനിമയുടെ അപ്‌ഡേറ്റുകള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. നടന്‍ പ്രഭാസിന്റെ കരിയറിലെ അടുത്ത സൂപ്പര്‍ ഹിറ്റ് എന്ന ഹൈപ്പ് ആണ് ചിത്രത്തിന് ഇപ്പോഴുള്ളത്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി എന്നീ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഒരു മലയാളി താരവും വേഷമിടുന്നുണ്ട്. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയ താരം അന്ന ബെന്‍ കല്‍ക്കിയുടെ ഭാഗമാകുന്നുണ്ട്. അന്ന ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കല്‍ക്കിയിലെ തന്റെ കഥാപാത്രം ഇപ്പോഴും രഹസ്യമാണ് എന്നാണ് അന്ന തുറന്നു പറഞ്ഞിരിക്കുന്നത്. ''സ്റ്റണ്ട് സീക്വന്‍സുകള്‍ ഉള്ളതിനാല്‍ കല്‍ക്കി കൂടുതലും ബുദ്ധിമുട്ടായിരുന്നു, എന്നാല്‍ മനോഹരവുമായിരുന്നു. കല്‍ക്കി ഷൂട്ട് ചെയ്യുമ്പോള്‍ ഓരോ സീന്‍ സീക്വന്‍സിലും 50 പേരെങ്കിലും ഉണ്ടായിരുന്നു. ചിത്രത്തിലെ എന്റെ വേഷം ഇപ്പോഴും രഹസ്യമാണ്. ചിത്രം പുറത്തിറങ്ങുമ്പോള്‍ മാത്രം അറിഞ്ഞാല്‍ മതി'' എന്നാണ് ഒരു അഭിമുഖത്തില്‍ നടി പറയുന്നത്. അതേസമയം, 600 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. പശുപതി, സ്വസ്ഥ ചാറ്റര്‍ജി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ വര്‍ഷം മെയ് 9ന് ആണ് ചിത്രത്തിന്റെ റിലീസ്.

◾ഥാറിന്റെ അഞ്ച് ഡോര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഈ ഓഗസ്റ്റില്‍ വാഹനം വിപണിയില്‍ എത്തിയേക്കും. എന്നാല്‍ അതിന് തൊട്ടുമുമ്പ് ഇപ്പോഴിതാ മൂന്നുഡോര്‍ ഥാറിന്റെ പുതിയ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഥാര്‍ എര്‍ത്ത് എഡിഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ മാനുവലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഉള്‍പ്പെടുന്നു. ഥാര്‍ എര്‍ത്ത് എഡിഷനെ ശ്രദ്ധേയമാക്കുന്ന ചില സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ മാത്രമാണ് മഹീന്ദ്ര വരുത്തിയിരിക്കുന്നത്. ഥാര്‍ എര്‍ത്ത് എഡിഷന്‍ പെട്രോള്‍ എംടിക്ക് 15.40 ലക്ഷം രൂപയും എടിക്ക് 16.99 ലക്ഷം രൂപയുമാണ് വില . 16.15 ലക്ഷം ഡീസല്‍ എംടിയും അതിന്റെ എടി വേരിയന്റിന് 17.40 ലക്ഷം രൂപയുമാണ് വില . ഈ വിലകളെല്ലാം എക്സ്-ഷോറൂം വിലകള്‍ ആണ്. എക്സ്റ്റീരിയറിന് 'എര്‍ത്ത് എഡിഷന്‍' ബാഡ്ജു മഹീന്ദ്ര ഡെസേര്‍ട്ട് ഫ്യൂറി എന്ന് വിളിക്കുന്ന പുതിയ സാറ്റിന്‍ മാറ്റ് നിറവും ലഭിക്കുന്നു.

◾വീട്ടമ്മ എന്ന കള്ളിയില്‍നിന്ന് കുതറിത്തെറിക്കുന്ന എഴുത്തിന്റെ കരുത്ത് ഈ കഥാകാരിയുടെ രചനകളെ വ്യത്യസ്തമാക്കുന്നു. സമരസപ്പെടാത്ത ചിന്തയുടെ പെണ്‍കനലുകള്‍ ഇതില്‍ ചിതറിക്കിടക്കുന്നു. വായിച്ചു തീര്‍ന്നാലും ഈ കഥാസമാഹാരത്തിലെ കഥകള്‍ നമ്മെ വേട്ടയാടും. നഷ്ടപ്പെട്ടുപോയ ഗ്രാമീണജീവിതത്തിന്റെ പാലക്കാടന്‍ തെളിച്ചം ഈ കഥകളില്‍ ചിതറിക്കിടപ്പുണ്ട്. പെണ്ണിന് എവിടമിടം എന്ന ശക്തമായ രാഷ്ട്രീയചോദ്യവും ശാലിനിയുടെ കഥകള്‍ ഉയര്‍ത്തുന്നു. 'പയിറ്റൊടിക്കൊക്കന്‍'. ശാലിനി മുരളി. ഗ്രീന്‍ ബുക്സ്. വില 128 രൂപ.

◾ക്യാന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ കഴിയുന്നതിനുള്ള ഗുളികകള്‍ വികസിപ്പിച്ച് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരും ഗവേഷകരും. എഫ്എസ്എസ്എഐ അംഗീകരിച്ച ഈ ഗുളികകള്‍ 100 രൂപയ്ക്ക് ലഭിക്കും. ഒരു ദശാബ്ദക്കാലത്തെ ഗവേഷണങ്ങളുടെയും പരിശോധനകളുടെയും ഫലമായ ടാബ്ലെറ്റ് ക്യാന്‍സറിന്റെ ആവര്‍ത്തനത്തേയും ഒപ്പം റേഡിയേഷനും കീമോതെറാപ്പിയും കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളുടെ 50 ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് അവയുടെ ജീനുകളുടെ ഒരു പ്രധാന ഭാഗം മനുഷ്യരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഗവേഷണത്തിനായി എലികളിലേയ്ക്ക് മനുഷ്യ ക്യാന്‍സര്‍ കോശങ്ങള്‍ കടത്തിവിടുകയും അതുവഴി അവയില്‍ ട്യൂമര്‍ രൂപപ്പെടുകയും ചെയ്തു. പിന്നീട് റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ എലികള്‍ക്ക് ചികിത്സനല്‍കി. ക്യാന്‍സര്‍ കോശങ്ങള്‍ നശിക്കുമ്പോള്‍ അവ ക്രോമാറ്റിന്‍ കണികകള്‍ എന്ന് വിളിക്കപ്പെടുന്ന ചെറിയ കഷണങ്ങളായി വിഘടിക്കുന്നതായി കണ്ടെത്തി. ഈ കണങ്ങള്‍ക്ക് രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ അവയെ ക്യാന്‍സറായി മാറ്റാനും കഴിയും,'ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കാന്‍സര്‍ സര്‍ജനും റിസര്‍ച്ച് ഗ്രൂപ്പിന്റെ ഭാഗവുമായ ഡോ രാജേന്ദ്ര ബദ്വെ പറഞ്ഞു. ഈ പ്രശ്‌നത്തിന് മറുപടിയായി, ഗവേഷകര്‍ എലികള്‍ക്ക് റെസ്വെരാട്രോളും കോപ്പറും അടങ്ങിയ പ്രോ-ഓക്‌സിഡന്റ് ഗുളികകള്‍ നല്‍കി. ഈ ഗുളികകള്‍ ഓക്സിജന്‍ റാഡിക്കലുകളെ ഉത്പാദിപ്പിക്കുകയും ക്രോമാറ്റിന്‍ കണങ്ങളെ ഫലപ്രദമായി നശിപ്പിക്കുകയും ചെയ്യുന്നു. പാന്‍ക്രിയാസ്, ശ്വാസകോശം, വാക്കാലുള്ള ഭാഗങ്ങള്‍ എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കെതിരെ ടാബ്ലറ്റ് ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, ജൂണ്‍-ജൂലൈ മാസത്തോടെ ടാബ്ലെറ്റ് വിപണിയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
കഥയില്‍ ചോദ്യമില്ലെന്ന് പറയാറില്ലേ.. ഈ കഥയിലും അങ്ങിനെയാണ് ചോദ്യമില്ല.. ഒരിക്കല്‍ ഒരു കഴുതയുടെ കാല്‍ ഉളുക്കി. കഴുതയുടെ ഉടമസ്ഥന് ധാരാളം കാറുകള്‍ ഉണ്ടായിരുന്നു. അന്ന് ഡോക്ടറുടെ അടുത്തേക്ക് കഴുതയെ കൊണ്ടുപോയത് ഫരാരി കാറിലായിരുന്നു. ഈ യാത്രയ്ക്കിടയില്‍ തന്റെ കാറൊന്ന് കഴുകണമെന്ന് അതിന്റെ ഉടമസ്ഥന് തോന്നി. അടുത്ത് കണ്ട കാര്‍വാഷ് ഷോപ്പില്‍ ചെന്നു. അവിടെ ആദ്യമായിട്ടാണ് ഫരാരി കാര്‍ വരുന്നത്. അതുകൊണ്ട് തന്നെ ജോലിക്കാരെല്ലാവരും കാറിന് ചുറ്റും കൂടി. അവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരസ്പരം പറഞ്ഞു. എന്താ ഒരു ബോഡി, എന്ത് ഭംഗിയാ, എന്താ നിറം.. ഇങ്ങനെപോയി അഭിപ്രായങ്ങള്‍.. ഇതെല്ലാം കേട്ടപ്പോള്‍ കാറിനുളളില്‍ ഇരിക്കുന്ന കഴുതയ്ക്ക് സന്തോഷമായി. കഴുതയൊരു ആഹ്ലാദശബ്ദം പുറപ്പെടുവിച്ചു. അപ്പോഴാണ് ഫരാരി സ്റ്റാര്‍ട്ട് ചെയ്തത്. എന്‍ജിന്റെ താളാത്മകമായ ശബ്ദം.. ജോലിക്കാര്‍ പറഞ്ഞു. എത്ര മനോഹരമായ ശബ്ദം!.. തന്റെ ശബ്ദത്തെപ്പറ്റിയാണ് പറയുന്നത് എന്ന് വിചാരിച്ച് കഴുത കൂടുതല്‍ സന്തോഷവാനായി. ഫരാരി മൃഗാശുപത്രിയിലെത്തി. ചികിത്സകഴിഞ്ഞ് പഴയ തൊഴുത്തിലേക്ക് തന്നെ കഴുത തിരിച്ചെത്തി. അത് കഴുതയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. കാര്‍ കഴുകുന്ന ജോലിക്കാര്‍ക്ക് നല്ല വിവരമുണ്ട്.. ഇവിടെയാരും എന്നെ തിരിച്ചറിയുന്നുമില്ല, നല്ലത് പറയുന്നുമില്ല... കഴുത നിരാശയിലായി. ഈ കഥ നമ്മോട് പറയുന്ന ചിലതുണ്ട്.. എല്ലാവാക്കുകളും എല്ലാ ചെവിയിലും വന്നുവീഴുന്നത് ഒരുപോലെയല്ല... ഒരേ സൂചനയോടെയുമല്ല.. പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കുമിടയില്‍ യഥാര്‍ത്ഥ അര്‍ത്ഥം ചോര്‍ന്നുപോകാനുള്ള സാധ്യതയുണ്ട്.. അതിപ്പോള്‍ അഭിനന്ദനമായാലും.. അനുശോചനമായാലും.. മുന്‍വിധികള്‍ രൂപപ്പെടുത്തുന്നതിന് മുമ്പ് മൂലകാരണങ്ങള്‍ അന്വേഷിക്കുന്നത് നല്ലതാണ്.. സന്ദര്‍ഭങ്ങള്‍ പുനഃപരിശോധിക്കുന്നതും നല്ലതാണ്.... - ശുഭദിനം.