പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 27 ചൊവ്വ

◾മൂന്നാറില്‍ ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തില്‍ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ് കുമാര്‍ (45) മരിച്ചു. കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന സുരേഷ് കുമാര്‍ ജോലി കഴിഞ്ഞ് മറ്റു തൊഴിലാളികള്‍ക്കൊപ്പം ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാന്‍, തെറിച്ചുവീണ സുരേഷിനെ തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു.

◾ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളിയാണെന്ന് സൂചന. 2025ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങള്‍ പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ഗഗന്‍യാന്‍ ദൗത്യം.

◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ മുതല്‍ ഉച്ചവരെയും നാളെ 11 മണി മുതല്‍ ഉച്ചവരെയും നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐ എസ് ആര്‍ ഒയിലെ ഔദ്യോഗിക പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. പിന്നീട് പത്ത് മണിക്ക് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

◾ചില ചരിത്രം പഠിക്കേണ്ടെന്ന് ബിജെപി സര്‍ക്കാര്‍ പറയുന്നുവെന്നും പാഠ്യപദ്ധതി കേന്ദ്ര സര്‍ക്കാര്‍ മാറ്റുന്നതിനെ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യത്യസ്ത നയം സ്വീകരിച്ച്, പാഠഭാഗം പരിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

◾ആലപ്പുഴ സീറ്റില്‍ മത്സരിക്കാന്‍ കെ.സി വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തോട് സന്നദ്ധത അറിയിച്ചെന്ന് സൂചന. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലും ഒരാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടായേക്കും.

◾ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ആവശ്യത്തിനു ബദലായി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച രണ്ടാം രാജ്യസഭാ സീറ്റ് എന്ന ഫോര്‍മുല മുസ്ലിംലീഗ് അംഗീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യു.ഡി.എഫിന് ക്ഷീണമുണ്ടാകരുതെന്ന് കരുതി ഇക്കുറികൂടി വിട്ടുവീഴ്ച ചെയ്യാമെന്നാണ് ലീഗ് നേതാക്കള്‍ക്കിടയിലെ ധാരണയെന്നും റിപ്പോര്‍ട്ടുകള്‍.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും വിമര്‍ശിച്ചും എന്‍കെ പ്രേമചന്ദ്രന്‍ എം പി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ കൃത്യമായി അവലോകനം ചെയ്യുമെന്നും കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. അതോടൊപ്പം തന്നെ മോദി സര്‍ക്കാര്‍ മാറി മതേതര ജനാധിപത്യ ബദല്‍ സര്‍ക്കാര്‍ വരുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

◾ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് പരമാവധിശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെയും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെയും ആവശ്യത്തില്‍ ഹൈക്കോടതി ഇന്ന് വിധിപറഞ്ഞേക്കും. ഇക്കാര്യത്തില്‍ പ്രതികള്‍ക്ക് പറയാനുള്ളത് കേട്ട കോടതി ഹര്‍ജികള്‍ പരിഗണിക്കാനായി ഇന്നത്തേക്ക് മാറ്റി.

◾ടിപി വധക്കേസില്‍ വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നല്‍കാതിരിക്കാന്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു പറഞ്ഞ പ്രതികള്‍, ചന്ദ്രശേഖരന് കുടുംബം ഉണ്ടായിരുന്നു എന്നുള്ളത് ഓര്‍ത്തില്ലെന്ന് കെ കെ രമ എംഎല്‍എ. ചന്ദ്രശേഖരന്റെ അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചതെന്നും പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞത് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ കെ രമ പറഞ്ഞു. 

◾നിന്നെ ഒക്കെ തൂക്കി കൊല്ലാന്‍ വിധിച്ചു എന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് കേരളമെന്നാണ് ടിപി വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധിയെ കുറിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. നിന്റെ ഒന്നും കരച്ചില്‍ കേള്‍ക്കുമ്പോ ഒരു സഹതാപവും ഈ നാടിനു തോന്നുന്നില്ലെന്നും ഒരു മനുഷ്യനെ പച്ച ജീവനില്‍ വെട്ടി നുറുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

◾വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് മുംബൈയില്‍ അന്തരിച്ചു. 72 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

◾ജനപ്രതിനിധി എന്ന നിലയില്‍ എപ്പോഴും വയനാട്ടില്‍ ഉണ്ടാകും എന്നതാണ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ നല്‍കുന്ന ഉറപ്പെന്ന് സിപിഐ സ്ഥാനാര്‍ത്ഥി ആനി രാജ. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും മല്‍സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണെന്നും ആനി രാജ പറഞ്ഞു. വയനാട് തനിക്ക് സുപരിചിതമായ സ്ഥലമാണെന്നും താന്‍ രാഷ്ട്രീയം പഠിച്ചത് വയനാട്ടില്‍ നിന്നാണെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

◾താന്‍ അസഭ്യ പ്രയോഗം നടത്തിയിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് മര്യാദകേട് കാണിക്കരുത് എന്നാണ് പറഞ്ഞത് എന്നും വിശദമാക്കി കെ സുധാകരന്‍ രംഗത്ത്. മര്യാദകേട് എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്. പ്രചരിക്കുന്ന ആ വാക്ക് ജീവിതത്തില്‍ എവിടെയും താന്‍ ഉപയോഗിച്ചിട്ടില്ലെന്നും വ്യാജപ്രചരണം ഏറെ വേദനിപ്പിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.

◾നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത്, 35 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചു കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.

◾ആദായനികുതി വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിച്ച് ബിനോയ് കോടിയേരി. ഹോംസ് ജനറല്‍ എല്‍.എല്‍.സി ലിമിറ്റഡുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആദായ നികുതി വകുപ്പ് തേടിയിരുന്നു. ഇതിനെതിരെയാണ് ബിനോയ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

◾ഈ വര്‍ഷത്തെ സി. കേശവന്‍ പുരസ്‌ക്കാരം കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്ക്. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌ക്കാരം നല്‍കി. മത സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിയ സേവനങ്ങള്‍ക്കാണ്് അവാര്‍ഡ് .

◾ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമ്പോള്‍ ജോലി ചെയ്തിരുന്ന അതേ പാര്‍ലമെന്റ് മണ്ഡലത്തിന്റെ് പരിധിയില്‍ നിയമിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് എം. കൗള്‍ അറിയിച്ചു.

◾കൊവിഡ് കാലത്ത് കൂട്ടിയ പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ മന്ത്രാലയം. ടിക്കറ്റ് നിരക്ക് 45 മുതല്‍ 50 ശതമാനം വരെ കുറയും. പുതിയ ടിക്കറ്റ് നിരക്ക് ഉടന്‍ നിലവില്‍ വരും.

◾ഇന്നലെ നടക്കേണ്ടിയിരുന്ന ഐ എസ് സി പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷ മാര്‍ച്ച് 21 ലേക്ക് മാറ്റി. പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് മാറ്റാനുളള തീരുമാനം അറിയിച്ചത്. കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനു പുറമെ ചില അവിചാരിതമായ കാരണങ്ങള്‍ കൊണ്ട് പരീക്ഷ മാറ്റിയെന്ന് ബോര്‍ഡ് സ്‌ക്കൂളുകളിലേക്ക് അറിയിപ്പ് നല്‍കുകയായിരുന്നു.

◾കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. വീടിന്റെ സിറ്റൗട്ടിലിരുന്ന സിബികയെ ബിജു ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ആലപ്പുഴ കെഎസ്എഫ്ഇ ഓഫിസില്‍ കളക്ഷന്‍ ഏജന്റ് മായാദേവിയെ വെട്ടികൊല്ലാന്‍ ശ്രമം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മായാദേവിയുടെ അനുജത്തിയുടെ ഭര്‍ത്താവ് സുരേഷ് കുമാറാണ് ആക്രമിച്ചത്. കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

◾കായംകുളത്തു മകന്‍ അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) യെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഇളയ മകന്‍ ബ്രഹമദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉത്സവ പറമ്പില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരില്‍ ചിലരുമായി വഴക്കിട്ടതാണ് മകനെ പ്രകോപിതനാക്കിയതെന്ന് പോലിസ് പറഞ്ഞു.

◾രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. ക്രോസ് വോട്ടിംഗ് ഒഴിവാക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണിത്. ഇന്നത്തെ തെരഞ്ഞെടുപ്പിനായി എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്

◾മഹാരാഷ്ട്രയില്‍ മറാഠാ സംവരണ പ്രക്ഷോഭം ശക്തമാകുന്നു. ജല്‍നയില്‍ പ്രക്ഷോഭകാരികള്‍ ട്രാന്‍സ്പോര്‍ട്ട് ബസ് കത്തിച്ചു. പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ മഹാ വികാസ് അഘാഡി സഖ്യമെന്നും സര്‍ക്കാരിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ തിരിച്ചടിച്ചു.

◾ഗ്യാന്‍വാപി പള്ളിയില്‍ ആരാധനയ്ക്ക് അനുവാദം തേടിയുള്ള ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പള്ളിക്കമ്മറ്റി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പള്ളിക്കമ്മറ്റി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

◾ജാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ഗീത കോഡ ബിജെപിയില്‍. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീതാ കോഡ. റാഞ്ചിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് ഗീത ബിജെപി അംഗത്വം സ്വീകരിച്ചത്.

◾തീരസംരക്ഷണസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലുള്ള വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ക്കത് ചെയ്യേണ്ടിവരുമെന്ന് സുപ്രീം കോടതി. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയ കേന്ദ്രസര്‍ക്കാരിനെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് രൂക്ഷമായി വിമര്‍ശിച്ചത്. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥ പ്രിയങ്കാ ത്യാഗി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

◾തുടര്‍ച്ചയായ ചട്ടലംഘനം ചൂണ്ടിക്കാണ്ടി റിസര്‍വ് ബാങ്ക് പേടിഎം പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ രാജി വെച്ചു. പേടിഎം പേമെന്റ്‌സ് ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങളാണ് രാജി വെച്ചത്.

◾ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ഓസ്ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.

◾പേടിഎം ആപ്പിന് കുരുക്ക് മുറുകിയതോടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തില്‍. നിലവില്‍, പേടിഎം ആപ്പിന്റെ യുപിഐ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ സേവന ദാതാവാനുള്ള സാധ്യത പരിശോധിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. പേടിഎം ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത യുപിഐ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സാധുതകള്‍ തേടിയിരിക്കുന്നത്. ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും, ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനും ഉള്‍പ്പെടെ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനായി റിസര്‍വ് ഉത്തരവിട്ടിരുന്നു. പിന്നീട് ഇത് മാര്‍ച്ച് 15 വരെ നീട്ടി നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് തീയതി നീട്ടി നല്‍കിയത്. പേടിഎം പേയ്മെന്റ്സ് ബാങ്ക് ഉപഭോക്താക്കള്‍ വാലറ്റ്, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നത് റിസര്‍വ് ബാങ്ക് വിലക്കിയിട്ടുണ്ട്.

◾തമിഴ് താരം സൂര്യയുടെ ആരാധകരെ സംബന്ധിച്ച് എപ്പോള്‍ തിയറ്ററുകളില്‍ റീ റിലീസ് ചെയ്യപ്പെട്ടാലും ഉറപ്പായും ഹൗസ്ഫുള്‍ ആവുന്ന ഒരു ചിത്രമുണ്ട്. ഗൗതം വസുദേവ് മേനോന്റെ സംവിധാനത്തില്‍ 2008 ല്‍ പുറത്തിറങ്ങിയ 'വാരണം ആയിരം' ആണ് അത്. പല ഇടങ്ങളില്‍ പല സമയത്തായി റീ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. അപ്പോഴൊക്കെയും തിയറ്ററുകള്‍ നിറച്ച് സിനിമാപ്രേമികള്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ കര്‍ണാടകത്തിലെ റീ റിലീസിലും ചിത്രം തരംഗം തീര്‍ക്കുകയാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് 4 കെ ദൃശ്യമികവോടെ കര്‍ണാടകത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. 450 ല്‍ അധികം ഷോകളാണ് ചിത്രം ഇതിനകം അവിടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതില്‍ നിന്നുള്ള ബോക്സ് ഓഫീസ് നേട്ടം ഒരു കോടിയില്‍ അധികവും. കര്‍ണാടകത്തില്‍ ഒരു കന്നഡ- ഇതര ചിത്രത്തിന് റീ റിലീസില്‍ ലഭിക്കുന്ന റെക്കോര്‍ഡ് കളക്ഷനാണ് ഇത്. ബാഷയുടെ റീ റിലീസ് റെക്കോര്‍ഡ് ആണ് വാരണം ആയിരം തകര്‍ത്തത്. റീ റിലീസില്‍ കര്‍ണാടകത്തില്‍ നിന്ന് ബാഷ നേടിയത് 48 ലക്ഷം ആയിരുന്നു. വിജയ് നായകനായ ഖുഷി 40 ലക്ഷവും. അതേസമയം വാരണം ആയിരത്തിന്റെ റീ റിലീസ് ബോക്സ് ഓഫീസ് ഇവിടെ കൊണ്ടും അവസാനിച്ചിട്ടില്ല. 30 ല്‍ അധികം ഷോകള്‍ ഇപ്പോഴും കളിക്കുന്നുണ്ട്.

◾വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എക്സിറ്റ്'. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ബ്ലൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണുഗോപാലകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒറ്റ രാത്രിയില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം തീര്‍ത്തുമൊരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറാണ്. മലയാളത്തിന് പുറമെ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. നവാഗതനായ അനീഷ് ജനാര്‍ദ്ദനന്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവില്‍ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തീര്‍ത്തും സംഭാഷണമില്ലാതെ, അനിമല്‍ ഫ്‌ളോയില്‍ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷന്‍ സര്‍വൈവല്‍ ചിത്രമാണെന്നതും ഒരു പ്രത്യേകതയാണ്. വിശാകിനെ കൂടാതെ തമിഴ് നടന്‍ ശ്രീറാം, വൈശാഖ് വിജയന്‍, ആഷ്ലിന്‍ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്‌മാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പസംഗ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവാണ് ശ്രീരാം.

◾മലയാളികളുടെ പ്രിയതാരം അദിതി രവിയുടെ യാത്രകള്‍ക്ക് ഇനി കൂട്ടാകുന്നത് ഫോക്സ്വാഗന്‍ വെര്‍ട്യൂസ്. കൊച്ചിയിലെ ഫോക്സ്വാഗന്‍ ഷോറൂമില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. അദിതി വാങ്ങിയ ജിടി പ്ലസ് ഓട്ടമാറ്റിക് മോഡലിന്റെ എക്‌സ്‌ഷോറൂം വില 19.14 ലക്ഷം രൂപയാണ്. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനോടെ മാത്രമേ ജിടി പ്ലസ് ലഭിക്കൂ. ചെറു സെഡാന്‍ വെന്റൊയുടെ പകരക്കാരനായെത്തുന്ന വെര്‍ട്യൂസ് സ്‌കോഡ സ്ളാവിയയുടെ ഫോക്സ്വാഗന്‍ മോഡലാണ്. എക്യൂബി എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന കാറിന് വെന്റോയെക്കാള്‍ വലുപ്പം കൂടുതലാണ്. സ്ലാവിയയുടെ ഫോക്സ്വാഗന്‍ മോഡലാണെങ്കിലും അകത്തും പുറത്തും ധാരാളം മാറ്റങ്ങളുണ്ട്. 1.5 ലീറ്റര്‍ ടിഎസ്‌ഐ, 1 ലീറ്റര്‍ ടിഎസ്‌ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. മൂന്നു സിലിണ്ടര്‍ 1 ലീറ്റര്‍ മോഡലിന് 110 പിഎസ് കരുത്തുണ്ട്. 1.5 ലീറ്ററിന് 150 പിഎസാണ് കരുത്ത്. 1 ലീറ്ററിന് ആറു സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയുമുണ്ട്. 7 സ്പീഡ് ഡി എസ് ജിയാണ് 1.5 ലീറ്ററിന്. 11.55 ലക്ഷം രൂപ മുതല്‍ 19.14 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില. ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെര്‍ന, മാരുതി സിയാസ്, സ്‌കോഡ സ്ളാവിയ എന്നീ വാഹനങ്ങളുമായിട്ടാണ് വെര്‍ട്യൂസിന്റെ മത്സരം.

◾മഹാഭാരതസന്ദേശം ശ്രദ്ധയോടെ പഠിച്ച് ദ്രോണസ്മൃതികളിലൂടെ പുനരാഖ്യാനം ചെയ്യാന്‍ ശ്രീ. ജെ. സോമശേഖരന്‍ പിള്ള ചെയ്തിരിക്കുന്ന ശ്രമം ശ്ലാഘനീയമാണ്. കഥ അവതരിപ്പിക്കുമ്പോള്‍ ഒരിടവും വ്യാസഭാരതത്തിനു വിരുദ്ധമായിപ്പോകാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മഹാഭാരതത്തെ അറിയാനും പഠിക്കാനും ആസ്വദിക്കാനും ആഗ്രഹമുള്ള സഹൃദയര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ നോവല്‍. ലളിതവും ഹൃദ്യവുമായ ആഖ്യാനശൈലിയാല്‍ അലങ്കൃതം. ശ്രീ. സോമശേഖരന്‍ പിള്ളയുടെ മനസ്സ് തെളിവുറ്റ ഈ കൃതിയില്‍ പ്രതിബിംബിക്കുന്നു. 'ദ്രോണാചാര്യര്‍'. ജെ സോമശേഖരന്‍ പിള്ള. ഗ്രീന്‍ ബുക്സ്. വില 342 രൂപ.

◾ഏറ്റവും നല്ല പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് റവ ഉപ്മാവ്. കൊളസ്ട്രോള്‍ കുറയുമെന്ന് ഉറപ്പ് തരും ഒറ്റമൂലി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് റവ എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യഗുണങ്ങളറിയാത്തവരാണ് ഇതിനെ ഒഴിവാക്കുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് റവ കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം. അമിത ഭക്ഷണശീലം ഇല്ലാതാക്കുന്നു: പലരും എത്രയൊക്കെ നിയന്ത്രിക്കാന്‍ ശ്രമിച്ചാലും അമിതമായി ഭക്ഷണം കഴിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കാന്‍ ഏറ്റവും ഉത്തമമായ പ്രതിവിധിയാണ് റവ. തടി കുറക്കുന്നു ഭക്ഷണശീലത്തില്‍ മാറ്റമുണ്ടായാല്‍ തടി കൂടുന്നവരും കുറയുന്നവരുമാണ് നമ്മളില്‍ പലരും. റവ ഇത്തരത്തില്‍ ശീലമാക്കിയാല്‍ അത് ആരോഗ്യത്തിനും മാത്രമല്ല തടി കുറയുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു: ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ സഹായിക്കുന്ന ഒന്നാണ് റവ. റവ വേവിച്ച് പാലിലിട്ട് കഴിക്കുന്നത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് രാവിലെ വെറും വയറ്റില്‍ കഴിക്കാം. എല്ലിന്റെ ആരോഗ്യത്തിന്: എല്ലിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് റവ. ഇത് എല്ലുകള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമല്ല എല്ല് തേയ്മാനം എന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം: ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും ഏറ്റവും ഫലപ്രദമായ ഒന്നാണ് റവ. റവ കഴിക്കുന്നത് ഹൃദയത്തിലെ ബ്ലോക്ക് ഇല്ലാതാക്കുന്നു. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
പ്രകൃതിദുരന്തത്തിന് ശേഷം ഉദ്യോഗസ്ഥന്‍ അവശിഷ്ടങ്ങള്‍ മാറ്റുകയാണ്. തകര്‍ന്നുവീണ ആ വീടുനടുത്തിരുന്ന് ഒരാള്‍ കരയുന്നുണ്ടായിരുന്നു. കുറച്ച് നേരത്തെ തിരച്ചിലിനൊടുവില്‍ അയാളുടെ മകളുടെ മൃതദേഹം കിട്ടി. ആ ശരീരത്തില്‍ നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം എടുത്തോളൂ.. ഉദ്യോഗസ്ഥന്‍ അയാളോട് പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു: എനിക്കിതെല്ലാം എന്തിനാണ്.. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന ശരീരങ്ങളില്‍ നിന്നും ഞാന്‍ സ്വന്തമാക്കിയാതാണ് ഇവയെല്ലാം. അന്ന് അവരില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നുവെങ്കിലും ഞാന്‍ അവരെയൊന്നും രക്ഷിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇന്ന് എനിക്ക് ഇതൊന്നും ഉപകാരത്തിനില്ലാതായിരിക്കുന്നു... നിങ്ങള്‍ തന്നെ ഇതെല്ലാം എടുത്തോളൂ.. അയാള്‍ ഭ്രാന്തനെപ്പോലെ അവിടെ നിന്നും ഓടിപ്പോയി.. മറ്റുളളവരുടെ നിവൃത്തികേടിനെ ചൂഷണം ചെയ്യുന്നവരെ നികൃഷ്ടജീവികള്‍ എന്നേ വിളിക്കാനാകൂ.. പ്രതീക്ഷയുടെ അവസാന നാളവും കെടുത്തുമ്പോള്‍ അവര്‍ ദുരന്തത്തില്‍ പെട്ടവരുടെ അവസാനശ്വാസത്തിനുപോലും വിലയിടുകയാണ്. വിജനസ്ഥലത്ത് ഒരാളെ കണ്ടുമുട്ടുമ്പോള്‍, മരുഭൂമിയില്‍ ഒരു ഉറവ പ്രത്യക്ഷപ്പെടുമ്പോള്‍, ഇരുട്ടില്‍ തെളിഞ്ഞുനില്‍ക്കുന്ന ഒരു നാളം കാണുമ്പോള്‍.. അതാഗ്രഹിച്ചുനടക്കുന്നവരുടെയുളളില്‍ അതുവരെയില്ലാത്ത ഒരു പ്രതീക്ഷയുണരും. രക്ഷിക്കണേ എന്ന് കൈനീട്ടുമ്പോള്‍ രണ്ടാം ജന്മത്തിലേക്കുളള വാതിലുകളാണ് അവരുടെ മനസ്സില്‍.. ആശയറ്റ കണ്ണുകള്‍ കണ്ടെത്തി കനിവുകാണിക്കുക എന്നതില്‍ പരം മഹത്വം എന്താണുളളത്.. തീര്‍ന്നെന്നു തോന്നിയിടത്തുനിന്ന് തിരിച്ചുവരാന്‍ കാരണക്കാരായവരെ ആരാണ് മറക്കുക.... മനുഷ്യനെ ഉണര്‍ത്തുന്നവരാണ് അവര്‍. മററുള്ളവരുടെ പ്രാര്‍ത്ഥനയില്‍ സ്ഥാനം പിടിക്കുന്നവര്‍.. മററുള്ളവരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്നവര്‍.. അവരായിത്തീരാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.