◾കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു. കൂടുതല്‍ കര്‍ഷകരെ എത്തിച്ച് അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാന്‍ നേതാക്കള്‍ തീരുമാനിച്ചു. ശുഭ് കരണ്‍ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും യുവ കര്‍ഷകന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
◾കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന് നീതി ലഭ്യമാകണമെന്നും, നീതിക്ക് പകരംവയ്ക്കാന്‍ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ഒരു കോടി രൂപ നിരസിക്കുകയാണെന്നും കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബം. ഹരിയാന പൊലീസിനെതിരെ നടപടിയെടുക്കാതെ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന കടുത്ത നിലപാടിലാണ് കര്‍ഷക സംഘടനകള്‍.
◾ഒരുക്കങ്ങള്‍ വിലയിരുത്താനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13 നോ അതിന് ശേഷമോ ഉണ്ടായേക്കുമെന്നാണ് സൂചന.
◾ആരോഗ്യ വകുപ്പിന്റെ ആപ്പുമായി സഹകരിച്ച് ആംബുലന്‍സുകളെ ജിപിഎസുമായി ബന്ധിപ്പിക്കുമെന്നും, ആംബുലന്‍സുകള്‍ ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍. എല്ലാ ആംബുലന്‍സും എവിടെ പോകുന്നു, എവിടെ കിടക്കുന്നു എന്നെല്ലാം അറിയാന്‍ ഇനി സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 20 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അധിക വകയിരുത്തലായാണ് കൂടുതല്‍ തുക അനുവദിച്ചത്. നേരത്തെ 30 കോടി രുപ നല്‍കിയിരുന്നു. പദ്ധതി ഗുണഭോക്താക്കള്‍ക്ക് നല്‍കിയ സൗജന്യ ചികിത്സയ്ക്ക് സര്‍ക്കാര്‍, എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് ചികിത്സാ ചെലവ് മടക്കിനല്‍കാന്‍ തുക വിനിയോഗിക്കും.
◾നിയമസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും മൂന്നാം സീറ്റിനായി ലീഗ് കേഴുകയാണെന്ന് മന്ത്രി പി രാജീവ്. അപമാനം സഹിച്ച് യുഡിഎഫില്‍ നില്‍ക്കണോ സ്വതന്ത്രമായി നില്‍ക്കണോ എന്ന് മുസ്ലിം ലീഗിന് തീരുമാനിക്കാം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും കഴിഞ്ഞ തവണ പ്രത്യേക സാഹചര്യം മൂലമാണ് യുഡിഎഫിന് കൂടുതല്‍ സീറ്റുകള്‍ നേടാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന്റെ സംസ്‌കാരം ഇന്നലെ വീട്ടുവളപ്പില്‍ നടന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം പെരുവട്ടൂരിലെ വീട്ടിലെത്തിച്ചത്. വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്.
◾പിവി സത്യനാഥന്റെ കൊലപാതകത്തില്‍, കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത്. പ്രതി സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നാണ് അഭിലാഷ് പോലീസിന് മൊഴി നല്‍കി. കഴുത്തില്‍ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.
◾പിവി സത്യനാഥന്റെ കൊലപാതകത്തില്‍ പരാതിയുമായി ബിജെപി. സിപിഐഎം നേതാക്കള്‍ക്കെതിരെയാണ് ബിജെപി പരാതി നല്‍കിയത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് പ്രചരിപ്പിച്ചു എന്നാണ് പരാതി.
◾ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്‍ ജയിലില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.. പി.കെ. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണെന്നും ടി.പി. വധക്കേസ് ഗൂഢാലോചന അന്വേഷിച്ചാല്‍ എവിടെപ്പോയി നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്കെത്തുന്നത്. ഫെബ്രുവരി 27-ന് തിരുവനന്തപുരത്താണ് സമാപന സമ്മേളനം.
◾ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര പകരക്കാരെ ഏല്‍പ്പിച്ച് അദ്ദേഹം ദില്ലിക്ക് പോയി. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായാണ് യാത്രയെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. എന്നാല്‍ ഐ.ടി സെല്ലിനെതിരായ പരാതി ദേശീയ നേതൃത്വത്തെ നേരിട്ട് അറിയിക്കാന്‍ കൂടി ലക്ഷ്യമിട്ട യാത്രയെന്നാണ് സൂചന. ഇതോടെ എറണാകുളത്ത് എം.ടി രമേശും മലപ്പുറത്ത് എ.പി അബ്ദുള്ളക്കുട്ടിയും പദയാത്രയില്‍ നായകരാകും.
◾സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 32 നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തി. 8 ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തി. ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാര്‍ പുഴകളില്‍ മാര്‍ച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
◾വയനാട്ടില്‍ കല്ലോടി സെന്റ് ജോര്‍ജ് പള്ളിയ്ക്കായി സര്‍ക്കാര്‍ ഭൂമി നല്‍കിയ, 2015 ലെ പട്ടയം ഹൈക്കോടതി റദ്ദാക്കി. ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു 5.53 ഹെക്ടര്‍ ഭൂമി പള്ളിയ്ക്ക് നല്‍കിയത്. രണ്ട് മാസത്തിനുള്ളില്‍ ഭൂമിയുടെ വിപണി മൂല്യം നിശ്ചയിക്കണം. വിപണി മൂല്യത്തിനനുസരിച്ച് ഭൂമി വാങ്ങാന്‍ കഴിയുമോയെന്ന് പള്ളി അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
◾അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവത്തില്‍ എങ്ങുമെത്താതെ അന്വേഷണം. ആരോപണ വിധേയരെ ചോദ്യംചെയ്യാതെ സിറ്റി ക്രൈംബ്രാഞ്ച്. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് കുടുംബം.
◾കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ ലൈസന്‍സ് പരിഷ്‌കരണമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ . ലോകനിലവാരത്തിലേക്ക് ഡ്രൈവിംഗ് ഉയര്‍ത്തുകയാണ് ലക്ഷ്യം. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനo, അല്ലാതെ ഡ്രൈവിംഗ് സ്‌കൂളുകളുടെ താത്പര്യമല്ല പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
◾പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന്‍ അറസ്റ്റില്‍. യുവതിക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത് ഷിഹാബുദ്ദീന്‍ തടഞ്ഞുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
◾തലശ്ശേരി - മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോള്‍ നിരക്ക്. കാര്‍, ജീപ്പ് ഉള്‍പ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപ. ബസുകള്‍ക്ക് 225 രൂപ. വടക്കേ ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനത്തിനാണ് ടോള്‍ പിരിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 18.6 കിലോമീറ്റര്‍ ദൂരമുളള ബൈപ്പാസില്‍ കൊളശ്ശേരിക്കടുത്താണ് ടോള്‍ പ്ലാസ.
◾ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. നാളെയാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.
◾ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഇന്ന് പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. മുറാദാബാദില്‍ വച്ചാകും പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാകുക. തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണയില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ സമവായം ആയതിനാല്‍ നാളെ അഖിലേഷ് യാദവും ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
◾പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ മദ്യപിച്ച് ലക്കുകെട്ട നിരവധി യുവാക്കളെ കണ്ടുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയിലെ ജനങ്ങളെ കോണ്‍ഗ്രസിന്റെ 'യുവരാജ്' അപമാനിച്ചു. ബോധമില്ലാത്തവര്‍ തന്റെ മക്കളെ കുടിയന്മാരെന്ന് വിളിക്കുകയാണ്. 'ഇന്ത്യ' സംഘം യുപിയിലെ യുവാക്കളെ അപമാനിച്ചത് താന്‍ ഒരിക്കലും മറക്കില്ലെന്നും മോദി പറഞ്ഞു. വാരണാസിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
◾ലോക ബ്രാന്‍ഡുകളോടു കിടപിടിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി പുറത്തിറക്കാനുള്ള ശേഷി കൈവരിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. ഉത്തര്‍ പ്രദേശിലെ നോയിഡയിലുള്ള ഭക്ഷ്യ സംസ്‌കരണ ശാലയുടെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്നതിനു പിന്നാലെ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ 24 ഏക്കര്‍ സ്ഥലത്ത് ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രം തുടങ്ങാനൊരുങ്ങി ലുലു ഗ്രൂപ്പ്. ദുബൈയിലെ ഗള്‍ഫുഡ് മേളയില്‍ വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്.
◾ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകര്‍. ഇന്നലെ ചേര്‍ന്ന എക്സ്ട്രാ ഓര്‍ഡിനറി ജനറല്‍ യോഗത്തിലാണ് നിക്ഷേപകര്‍ ഇക്കാര്യമറിയിച്ചത്. ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇനി കഴിയില്ലെന്നും, ബൈജൂസില്‍ ഫൊറന്‍സിക് ഓഡിറ്റ് അടക്കം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്.
◾ബൈജൂസില്‍നിന്ന് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ച് അറുപത് ശതമാനത്തിലധികം ഓഹരിയുടമകള്‍ വോട്ട് ചെയ്തു. ഇന്നലെ ചേര്‍ന്ന എക്‌സ്ട്രാ ഓഡിനറി ജനറല്‍ മീറ്റിങ്ങിലാണ് ഈ അസാധാരണ നടപടി. അതേസമയം ബൈജൂസിന്റെ സ്ഥാപകരുടെ അഭാവത്തില്‍ നടന്ന വോട്ടിങ് അസാധുവാണെന്ന് കമ്പനി പ്രതികരിച്ചു.
◾ചരിത്രംകുറിച്ച് ഒഡീസിയസ്. ചന്ദ്രോപരിതലത്തിലിറങ്ങുന്ന, സ്വകാര്യ കമ്പനിയുടെ ആദ്യപേടകമെന്ന ചരിത്രനേട്ടമാണ് യു.എസിന്റെ ഒഡീസിയസ് സ്വന്തമാക്കിയത്. ടെക്‌സസിലെ ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ഇന്റൂയിറ്റീവ് മെഷീന്‍സ് കമ്പനി നിര്‍മിച്ച നോവ-സി ലാന്‍ഡറാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്.
◾ഇന്ത്യക്കെതിരെയുള്ള നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 302 ന് 7 എന്ന നിലയിലാണ്. 106 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ജോ റൂട്ടിന്റെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിലേക്ക് നയിച്ചത്.
◾വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 4 വിക്കറ്റിന്റെ വിജയം. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈക്കായി അവസാന ഓവറിലെ അവസാന പന്തില്‍ വിജയിക്കാനായുള്ള 5 റണ്‍സിനായി സിക്സര്‍ പറത്തി മലയാളി താരം സജന സജീവാണ് മുംബൈക്കായി വിജയം സമ്മാനിച്ചത്.
◾മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും മൂല്യമേറിയ കമ്പനി. 20 ലക്ഷം കോടിരൂപയാണ് നിലവില്‍ കമ്പനിയുടെ വിപണി മൂല്യം. എന്നാല്‍ അങ്ങ് വാള്‍സ്ട്രീറ്റില്‍ (അമേരിക്കന്‍ ഓഹരി വിപണി) ഇതൊക്കെ വെറും നിസാരം. അമേരിക്കന്‍ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വീഡിയയുടെ ഒറ്റ ദിവസത്തെ നേട്ടം റിലയന്‍സിന്റെ വിപണി മൂല്യത്തേക്കാള്‍ കൂടുതലാണ്. 22ന് എന്‍വീഡിയ ഓഹരി 16 ശതമാനം കുതിച്ചുയര്‍ന്നപ്പോള്‍ വിപണി മൂല്യത്തിലുണ്ടായ വര്‍ധന 27,700 കോടി ഡോളറാണ്. റിലയന്‍സിന്റെ വിപണി മൂല്യം ഡോളറിലാക്കിയാല്‍ വെറും 24,300 കോടിയെ വരൂ. ഒറ്റ ദിവസം ഇത്ര വലിയ നേട്ടം നല്‍കിയ ഓഹരി വാള്‍സ്ട്രീറ്റിന്റെ ചരിത്രത്തില്‍ തന്നെ വേറെയില്ല. ഇതിനു മുന്‍പ് വലിയ ഒറ്റ ദിവസത്തെ ഉയര്‍ച്ച കണ്ടത് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഓഹരിയിലാണ്. മികച്ചപാദഫലം രേഖപ്പെടുത്തുകയും ഡിവഡന്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഫെബ്രുവരി രണ്ടിന് മെറ്റ ഓഹരി 19,600 കോടി ഡോളര്‍ കുതിച്ചുയര്‍ന്നിരുന്നു. എന്‍വീഡിയ ഇപ്പോള്‍ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ഓഹരിയും വാള്‍സ്ട്രീറ്റിലെ മൂന്നാമത്തെ ഓഹരിയുമാണ്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, സൗദി ആരാംകോ എന്നിവയാണ് എന്‍വീഡിയയ്ക്ക് മുന്നിള്ളത്. ഹൈ എന്‍ഡ് ചിപ് വിപണിയില്‍ 80 ശതമാനം വിപണിയും നേടുന്നത് എന്‍വീഡിയയാണ്. കമ്പനിയുടെ വരുമാനം പ്രതീക്ഷകളെയൊക്കെ മറികടന്ന് നാലാം പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങ് കുതിച്ചുയര്‍ന്ന് 2210 കോടി ഡോളറായി. ഫലപ്രഖ്യാപനത്തിനു ശേഷം 17 ബ്രോക്കറേജുകളാണ് ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തിയത്. എന്‍വീഡിയ ഓഹരികളിലെ ഉയര്‍ച്ച റിലയന്‍സിന്റെ വിപണി മൂല്യത്തെ മാത്രമല്ല ബാങ്ക് ഓഫ് അമേരിക്ക, കൊക്ക-കോള, നെറ്റ്ഫ്‌ളിക്‌സ്, ആക്‌സഞ്ചര്‍, മക്‌ഡൊണാള്‍ഡ്സ് എന്നിവയുടെ വിപണി മൂല്യത്തെയും മറികടന്നു.
◾ബോക്സ്ഓഫിസില്‍ അതിഗംഭീര പ്രതികരണവുമായി 'മഞ്ഞുമ്മല്‍ ബോയ്സ്'. ചിത്രം ആദ്യദിനം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും വാരിക്കൂട്ടിയത് 3.35 കോടിയാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്ഷന്‍ കൂടിയാണിത്. മാത്രമല്ല സൂപ്പര്‍താരങ്ങളില്ലാതെ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനെന്ന റെക്കോര്‍ഡും മഞ്ഞുമ്മലിനു സ്വന്തം. ആദ്യദിനം ഇന്ത്യയൊട്ടാകെ ലഭിച്ചത് 3.9 കോടി രൂപയും. അതേസമയം ആഗോള കളക്ഷന്‍ 7 കോടി പിന്നിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യദിനം 1.47 കോടി രൂപ അഡ്വാന്‍സ് ബുക്കിങിലൂടെ മാത്രം സിനിമയ്ക്കു ലഭിച്ചിരുന്നു. രണ്ടാം ദിവസവും ആവേശം അവസാനിക്കുന്നില്ല. 893 ഷോകളില്‍ നിന്നായി 1.38 കോടിയാണ് രണ്ടാം ദിനം സിനിമയുടെ അഡ്വാന്‍സ് ബുക്കിങിലൂടെ ലഭിച്ചത്. 'ജാന്‍ എ മന്‍' എന്ന ചിത്രത്തനു ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്സ്'. കേരളത്തിലും തമിഴിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. മധ്യവേനവധി കാലത്ത് കേരളത്തില്‍ നിന്നും സന്ദര്‍ശകര്‍ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാല്‍. കൊടൈക്കനാല്‍ ടൗണിന് പുറത്താണ് 'ഡെവിള്‍സ് കിച്ചന്‍' എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ചയുള്ള 'ഗുണാ കേവ്സ്' സ്ഥിതി ചെയ്യുന്നത്. ഈ ഗുഹയില്‍ അകപ്പെട്ടുപോകുന്ന ഒരു യുവാവിന്റെയും സുഹൃത്തുക്കളുടെയും കഥയാണ് മഞ്ഞുമ്മല്‍ ബോയ്സ് പറയുന്നത്. ചിത്രത്തില്‍ നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
◾മലയാള സിനിമയില്‍ ആദ്യമായി പുരുഷ വന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ 'ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്ന'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുരുഷവന്ധ്യംകരണത്തിനായി ആളെ കണ്ടെത്താന്‍ നടക്കുന്ന ആശാ വര്‍ക്കര്‍ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനുമൊക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സഹവേഷങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ സുബീഷ് സുധി ചിത്രത്തില്‍ നായകനായെത്തുന്നു. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്നറാകും സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഷെല്ലി കിഷോര്‍ നായികയാകുന്ന ചിത്രം ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്യുന്നു. അജു വര്‍ഗീസ്, ഗൗരി ജി. കിഷന്‍,ദര്‍ശന എസ്. നായര്‍, ലാല്‍ ജോസ്, വിനീത് വാസുദേവന്‍, ജാഫര്‍ ഇടുക്കി, ഗോകുല്‍, രാജേഷ് അഴീക്കോടന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വഹിക്കുന്നു. ടി.വി. കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ.സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തര്‍ ആണ്. അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫണ്‍-ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്.
◾ഇന്ത്യന്‍ കാര്‍ വിപണിയില്‍ പത്തു ലക്ഷം വില്‍പനയെന്ന നേട്ടം സ്വന്തമാക്കി ഹ്യുണ്ടേയ് ക്രേറ്റ. 2015ല്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മിഡ് സൈസ് എസ് യു വി വിഭാഗത്തില്‍ സമാനതകളില്ലാത്ത പ്രകടനമാണ് ക്രേറ്റ നടത്തുന്നത്. ഇന്ത്യയിലെ എസ് യു വി വിപണിയെ തന്നെ സ്വാധീനിക്കുന്ന മോഡലായി ഹ്യുണ്ടേയ് ക്രേറ്റ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറിയിരുന്നു. ഓരോ അഞ്ച് മിനുറ്റ് കൂടുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ ഒരു വീതം വില്‍ക്കപ്പെടുന്നുവെന്ന കണക്കു തന്നെ ഈ വാഹനത്തിന്റെ സ്വാധീനം പ്രകടമാക്കുന്നു. ഏതെങ്കിലും ഒരു വര്‍ഷം ഹിറ്റായതല്ല തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സൂപ്പര്‍ഹിറ്റായതാണ് ക്രേറ്റയെ വ്യത്യസ്തമാക്കുന്നത്. തുടര്‍ച്ചയായി എട്ടു വര്‍ഷങ്ങളില്‍ മിഡ് സൈസ് എസ് യു വി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള മോഡലെന്ന നേട്ടം ക്രേറ്റ സ്വന്തമാക്കിയിരുന്നു. ഹ്യുണ്ടേയ്യുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധത കൂടി തെളിയിക്കുന്ന മോഡലാണ് ക്രേറ്റ. ഇന്ത്യയില്‍ പത്തു ലക്ഷം ക്രേറ്റ വിറ്റെങ്കില്‍ വിദേശത്തേക്ക് 2.80 ലക്ഷം ക്രേറ്റകള്‍ കയറ്റി അയക്കാനും സാധിച്ചിരുന്നു. മികച്ച പ്രകടനവും കാര്യക്ഷമതയും ഉറപ്പു നല്‍കുന്നതാണ് ക്രേറ്റയുടെ പവര്‍ട്രെയിനുകള്‍. 1.5 ലീറ്റര്‍ എംപിഐ പെട്രോള്‍, 1.5 ലീറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍, 1.5 ലീറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എന്‍ജിനുകളില്‍ ക്രേറ്റ എത്തുന്നുണ്ട്. ക്രേറ്റ ഇവിക്ക് 20 ലക്ഷം രൂപ മുതലാവും വില. ഐ സി ഇ മോഡലുകളുടെ വില 11 ലക്ഷം മുതല്‍ 20.15 ലക്ഷം വരെയാണ്.
◾ഇത് മുഹമ്മദ്കുഞ്ഞിയുടെ ആത്മകഥയല്ല, മറിച്ച് ഏകാന്തപഥികനായ ഒരു സഞ്ചാരിയുടെ കത്തുന്ന ഓര്‍മ്മകളാണ്. ഗള്‍ഫ് യാത്രയ്ക്കായി ഒരുങ്ങി പുറപ്പെടുന്നത് മുതല്‍ മുംബൈ എന്ന ഇടത്താവളത്തെക്കുറിച്ചും കുവൈറ്റിനെക്കുറിച്ചും ഓരോ ഇടങ്ങളിലെയും അത്ഭുതപ്പെടുത്തിയ കാഴ്ചകളെക്കുറിച്ചും ഈ പുസ്തകം ചരിത്രപശ്ചാത്തലത്തില്‍ പറയുന്നു. ഓര്‍മ്മകളുടെ മൂടുപടം നീക്കി അവ ചാരുതയോടെ വിവരിക്കുമ്പോള്‍ ഈ കൃതി ഒരു ചരിത്രപുസ്തകമാകുന്നു. ധാരാവിയും റെഡ് സ്ട്രീറ്റും തുടങ്ങി മുംബൈ എന്ന മഹാനഗരത്തിലെ ഓര്‍മ്മകള്‍ ഉലയില്‍ ഊതിക്കാച്ചിയ പൊന്നുപോലെ തിളങ്ങുന്നു. കുവൈറ്റിലെ തിളയ്ക്കുന്ന മരുഭൂമിയും അലയൊടുങ്ങാത്ത മരുക്കാറ്റും മണല്‍നഗരവും പിന്നെ അവിടെ കണ്ടുമുട്ടിയ കുറെ മനുഷ്യരെയും തന്റെ ജീവിതവുമായി കുട്ടിയാനം മുഹമ്മദ്കുഞ്ഞി കൂട്ടിയിളക്കുന്നത് ഒരു വറചട്ടിയിലാണ്. പൊള്ളിക്കുന്ന, അസാധാരണമായ ഒരു വായനാനുഭവമാണ് അനുവാചകര്‍ക്കായി ഗ്രന്ഥകാരന്‍ വച്ചുനീട്ടുന്നത്. 'ഒരു പ്രവാസിയുടെ മണല്‍രേഖകള്‍'. കുട്ടിയാനം മുഹമ്മദ് കുഞ്ഞി. ഗ്രീന്‍ ബുക്സ്. വില 204 രൂപ.
◾വിഷാദരോഗത്തിന് ബ്രെയിന്‍ പേസ്മേക്കര്‍ ചികിത്സ. വൈദ്യുത സിഗ്നലുകള്‍ ഉപയോഗിച്ച് നാഡീ കലകളെ ഉത്തേജിപ്പിക്കുന്നതിനായി തലച്ചോറില്‍ ഘടിപ്പിക്കുന്ന ഉപകരണമാണ് ബ്രെയിന്‍ പേസ്മേക്കര്‍. പാര്‍ക്കിന്‍സണ്‍സ് രോഗം, അപസ്മാരം തുടങ്ങിയ അവസ്ഥകള്‍ക്കായി അംഗീകരിച്ചിട്ടുള്ള ഡിബിഎസ് (ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍) വിഷാദരോഗ ചികിത്സയ്ക്കും ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിലൂടെ ഇപ്പോള്‍ കണ്ടെത്തി. ഡിബിഎസ് പ്രക്രിയയില്‍ തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ഇംപ്ലാന്റ് ചെയ്ത് ടാര്‍ഗെറ്റ് ചെയ്ത വൈദ്യുത പ്രേരണകള്‍ എത്തിച്ച് വൈകാരിയ സ്വഭാവത്തെ നിയന്ത്രിക്കുന്നു. ശസ്ത്രക്രിയയിലൂടെ നിങ്ങളുടെ വൈകാരിക സ്വഭാവം നിയന്ത്രിക്കുന്ന മസ്തിഷ്‌ക മേഖലയില്‍ നേര്‍ത്ത ലോഹ ഇലക്ട്രോഡുകള്‍ സ്ഥാപിക്കുന്നു. ഈ ഇലക്ട്രോഡുകള്‍ നെഞ്ചിലെ ചര്‍മ്മത്തിന് കീഴില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതാണ് വൈദ്യുത ഉത്തേജനത്തെ നിയന്ത്രിക്കുന്നത്. വൈകാരിക സര്‍ക്യൂട്ടറിയെ ബാധിക്കാതെ തലച്ചോറിന്റെ ന്യൂറല്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകാന്‍ ഡിബിഎസ് സഹായിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അവിടെ സൗജന്യഭക്ഷണവിതരണം നടക്കുകയാണ്. അതിനിടയില്‍ മൂന്ന് പേര്‍ തമ്മില്‍ സംസാരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. ഒന്നാമന്‍ പറഞ്ഞു: എനിക്കും ഇതുപോലെ വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കണമെന്നുണ്ട്. അപ്പോള്‍ രണ്ടാമന്‍ ചോദിച്ചു: അതിന് നമുക്ക് അത്ര വരുമാനമൊന്നുമില്ലല്ലോ.? അപ്പോള്‍ മൂന്നാമന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: കിട്ടുന്നത് നമ്മുടെ ചെലവിനുപോലും തികയുന്നില്ല.. പിന്നെങ്ങനെ മറ്റുളളവര്‍ക്ക് നല്‍കും? ഇതെല്ലാം കേട്ടനിന്ന അയാള്‍ അവരോട് പറഞ്ഞു: മനസ്സുവെച്ചാല്‍ നിങ്ങള്‍ക്കും സദ്യ നല്‍കാം. അതിന് പണം വേണമെന്നില്ല. ഉദ്ദേശശുദ്ധിയുണ്ടായാല്‍ മതി. വരിയായി നീങ്ങുന്ന ഉറമ്പുകള്‍ക്ക് മുന്നില്‍ കുറച്ച് ധാന്യമണികള്‍ വെക്കൂ.. അതവര്‍ക്ക് സദ്യയാണ്. കുറച്ച് വെളളമെടുത്ത് മുററത്ത് വെക്കൂ.. അത് ഒരുപാട് ജീവികള്‍ക്ക് വിരുന്നാണ്. വീട്ടില്‍ വളര്‍ത്തുന്ന പശുവിനെ ഒരു പുല്‍ത്തകിടിയിലേക്ക് കടത്തിവിടൂ.. അതും ഒരു സത്കാരമാണ്. അയാള്‍ തുടര്‍ന്നു.. ഓരോ വിരുന്നും അര്‍ത്ഥവത്താകുന്നത് എന്തു വിളമ്പി എന്നതിലല്ല, ആര്‍ക്ക് വിളമ്പി എന്നതിലാണ്... ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അന്യന്റെ ജീവിതത്തില്‍ നടത്തുന്ന ഇടപെടലാണ് യഥാര്‍ത്ഥ വിരുന്ന്.. നിസ്സഹായവസ്ഥയില്‍ നില്‍ക്കുന്നവന് നിശബ്ദമായി നല്‍കുന്ന ഇടപെടല്‍ പോലും വിരുന്നാണ്.. തന്റേതായ മേച്ചില്‍പുറങ്ങളിലൂടെ സഞ്ചരിക്കാന്‍ ഒരാളെ പ്രാപ്തനാക്കുന്നതും നമ്മള്‍ നല്‍കുന്ന വിരുന്നാണ്.. നമുക്കും മറ്റുളളവര്‍ക്ക് വിരുന്നൊരുക്കാം.. പരസ്പരം സത്കരിക്കുന്ന മനസ്സ് നേടാം - ശുഭദിനം.