◾കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎമ്മിന്റെ കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറ വയലില്‍ പി വി സത്യനാഥനെ (62) വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്ര ഉത്സവം നടക്കുന്നതിനിടെ ആണ് കൊലപാതകം നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ടു പെരുവട്ടൂര്‍ പുറത്താന സ്വദേശി അഭിലാഷിനെ (33) കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുന്‍ സിപിഎം പ്രവര്‍ത്തകനാണെന്നും ആക്രമണത്തിനു കാരണം വ്യക്തിവിരോധമാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂര്‍, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കും.
◾ഡല്‍ഹി ചലോ മാര്‍ച്ചിനുനേരേ ഹരിയാണ പോലീസ് നടത്തിയ അതിക്രമത്തില്‍ ഇരുപത്തിയൊന്നുകാരനായ യുവകര്‍ഷകന്‍ ശുഭ് കരണ്‍ സിങ് കൊല്ലപ്പെട്ടതില്‍ വന്‍ പ്രതിഷേധം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ രാജിവെക്കണമെന്നും യുവാവിന്റെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കണമെന്നും സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
◾ക്ഷേത്രങ്ങള്‍ കേവലം ദേവാലയങ്ങള്‍ മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകങ്ങളാണ്. ഒരുവശത്ത് ക്ഷേത്രങ്ങളും മറുവശത്ത് രാജ്യത്തെ പാവപ്പെട്ടവര്‍ക്കുള്ള വീടുകളും നിര്‍മിക്കുന്നുണ്ട്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വാലിനാഥ് ധാം ക്ഷേത്രത്തില്‍ നടന്ന 'പ്രാണ്‍ പ്രതിഷ്ഠ' ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
◾പ്രചാരണ ഗാന വിവാദത്തില്‍, ഐടി സെല്ലിന്റെ വിശദീകരണം തള്ളി ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ ഐടി സെല്‍ കണ്‍വീനറെ മാറ്റണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. യൂട്യൂബില്‍ നിന്ന് പാട്ട് എടുക്കേണ്ടി വന്നതിനാലാണ് പ്രചാരണഗാനം മാറിപ്പോയതെന്നാണ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ വിശദീകരണം. കയ്യബദ്ധം മാത്രമാണിതെന്നും നടപടിയുടെ ആവശ്യമില്ലെന്നും പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചു.
◾കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ വസ്തുതകള്‍ വ്യക്തമാക്കാതെ വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് എന്നും വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
◾വന്യജീവി നിയമങ്ങള്‍ മാറ്റി എഴുതാത്തത് തെമ്മാടിത്തരമാണെന്നും കര്‍ഷകര്‍ക്ക് അനുകൂലമായി നിയമങ്ങള്‍ മാറ്റി എഴുതണമെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടത്. മന്ത്രിമാരേക്കാള്‍ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
◾വയനാട് പുല്‍പ്പള്ളി സംഘര്‍ഷത്തില്‍ 5 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. അന്യായമായി സംഘം ചേരല്‍, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കലടക്കം കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയത്.
◾ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17 കാരിയുടെ വസ്ത്രം സമീപത്ത് പുഴയില്‍ നിന്ന് കണ്ടെത്തി. മേല്‍വസ്ത്രമില്ലാതെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്, കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്ത കരാട്ടെ അധ്യാപകന്‍ സിദ്ധീഖ് അലിയെ റിമാന്‍ഡ് ചെയ്തു.
◾ലോക്സഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ . വയനാട്ടില്‍ ആനി രാജ സിപിഐ സ്ഥാനാര്‍ഥിയാകും. തൃശൂരില്‍ വി. എസ്. സുനില്‍കുമാര്‍, മാവേലിക്കരയില്‍ സി.എ അരുണ്‍കുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥിയാകും . ഫെബ്രുവരി 26 ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം പാര്‍ട്ടി അറിയിക്കുക.
◾ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് രമേശ് ചെന്നിത്തല. ഒരു മന്ത്രി നിന്ന് തോല്‍ക്കണമെന്ന് സിപിഎമ്മിന് നിര്‍ബന്ധമെന്ന് ചെന്നിത്തല പരിഹസിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും കൂടുതല്‍ സീറ്റ് അവകാശപ്പെടാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തില്‍ ചെന്നിത്തലയുടെ പ്രതികരണം.
◾ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലില്‍ ഗിയറുള്ള വാഹനം ഉപയോഗിക്കണം, കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് ഗിയര്‍ കാര്‍ ഉപയോഗിക്കാന്‍ പാടില്ല. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല.കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയാണ് പുതിയ പരിഷ്‌കാരം. പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
◾അച്ഛനെ കൊന്നത് യുഡിഎഫ് സര്‍ക്കാരാണെന്ന് പി കെ കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന. കെഎം ഷാജി തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് എറിഞ്ഞുനോക്കുകയാണെന്നും, ഇത് വെറും ജല്‍പനം മാത്രമാണെന്നും ഷബ്‌ന പറഞ്ഞു. അച്ഛന് ചികിത്സ നിഷേധിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് നല്ല ചികിത്സ ലഭിച്ചതെന്നും അപ്പോഴേക്കും അവസ്ഥ മോശമായിരുന്നുവെന്നും ഷബ്ന പറഞ്ഞു.
◾എന്‍ഡിഎയില്‍ തുടരുന്നത് അമര്‍ഷത്തോടെയാണെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ (ജെആര്‍എസ്) നേതാവ് സി കെ ജാനു. എന്‍ഡിഎ ഘടക കക്ഷിയാണെങ്കിലും മുന്നണിയില്‍ ഒരു തരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്നും മുന്നണിയിലെ ഘടകകക്ഷിയെന്ന നിലക്ക് തങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന ചര്‍ച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സി.കെ.ജാനു പറഞ്ഞു.
◾ചാക്കയില്‍ നിന്ന് രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ നിലവില്‍ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെ ഡിഎന്‍എ ഫലം കൂടി പരിശോധിച്ച ശേഷമെ രക്ഷിതാക്കള്‍ക്ക് വിട്ടു നല്‍കു. കുട്ടിയുമായി ബന്ധപ്പെട്ട ഒരുവിവരവും കൈമാറാന്‍ രക്ഷിതാക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. ഇതിനായി കുട്ടിയുടെയും മാതാപിതാക്കളുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം കിട്ടും.
◾കൊല്ലം കണ്ണനല്ലൂരില്‍ ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാഹുല്‍ ഹമീദ് (51) ആത്മഹത്യ ചെയ്തു. കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശിയാണ് ഷാഹുല്‍ ഹമീദ്.
◾സംസ്ഥാനത്ത് ഇന്നലെ നടന്ന 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
◾ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത തരം ആക്രമണമാണ് തുടരുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ക്ക് നേരെയുള്ള ആദായ നികുതി വകുപ്പ് നടപടി സാമ്പത്തിക ഭീകരാക്രമണം എന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
◾കോണ്‍ഗ്രസുമായോ ഇന്ത്യാ സഖ്യവുമായോ ആം ആദ്മി പാര്‍ട്ടി സഖ്യത്തില്‍ ഏര്‍പ്പെട്ടാല്‍ അടുത്ത ദിവസം തന്നെ അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി ലഭിച്ചെന്ന് ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി. കേജ്രിവാളിനെ അറസ്റ്റില്‍നിന്നും ഒഴിവാക്കാനുള്ള ഏക മാര്‍ഗം എഎപി ഇന്ത്യാ സഖ്യത്തില്‍നിന്ന് പുറത്തുപോവുക എന്നതാണെന്നാണു സന്ദേശവാഹകര്‍ പറയുന്നതെന്നും അതിഷി പറഞ്ഞു.
◾ക്ഷേത്രവരുമാനത്തിന്റെ ഒരു പങ്ക് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്ന ബില്ലിനെച്ചൊല്ലി കര്‍ണാടകയില്‍ രാഷ്ട്രീയ പോര്. കോണ്‍ഗ്രസിന് ഹിന്ദു വിരുദ്ധ നിലപാടാണെന്ന് ബിജെപി. ശോഷിച്ച ഖജനാവ് നിറയ്ക്കാനുള്ള കുതന്ത്രമാണിതെന്നും വിമര്‍ശനം.
◾ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും സഹോദരനുമായ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരേ 'ചലോ സെക്രട്ടേറിയറ്റ്' മാര്‍ച്ച് നയിച്ച സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ വൈ.എസ്. ഷര്‍മിളയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വീട്ടില്‍ കരുതല്‍ത്തടങ്കലിലാക്കുമെന്ന ആശങ്കമൂലം ഷര്‍മിള കോണ്‍ഗ്രസ് ഓഫീസിലാണ് ബുധനാഴ്ച രാത്രി ഉറങ്ങിയത്. ഒരു വനിതാ രാഷ്ട്രീയനേതാവിനോട് സര്‍ക്കാര്‍ ഈ വിധത്തില്‍ പെരുമാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും യുദ്ധം തുടരുകതന്നെ ചെയ്യുമെന്നും ഷര്‍മിള പറഞ്ഞു.
◾സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ നല്‍കിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സര്‍ക്കാരിനോട് കോടതി ഉപദേശിച്ചു. ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്നും, മൃഗങ്ങള്‍ക്ക് ഇങ്ങനെ ദൈവങ്ങളുടെയും, നോബേല്‍ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്നും കോടതി ചോദിച്ചു.
◾മാര്‍ച്ച് 14 ന് ഡല്‍ഹിയില്‍ കിസാന്‍ മഹാപഞ്ചായത്ത് നടത്തുമെന്ന പ്രഖ്യാപനവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ സിംഗ് രാജ്യവാള്‍. ഡല്‍ഹി രാം ലീല മൈതാനില്‍ ആണ് കിസാന്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുക. കര്‍ഷകര്‍ക്ക് നേരെ വെടിവച്ച ഹരിയാന മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ കൊലക്കെസ് എടക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.
◾റഷ്യയില്‍ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം വിശ്വസിച്ച് പോയ 12 ഇന്ത്യന്‍ യുവാക്കള്‍ യുദ്ധമുഖത്ത് കുടുങ്ങി. വാഗ്നര്‍ ഗ്രൂപ്പിന്റെ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുക്രൈനെതിരെയുള്ള യുദ്ധമുഖത്തേക്ക് പോകാന്‍ സമ്മര്‍ദ്ദം നേരിടുകയാണ് ഇവര്‍. എങ്ങനെയെങ്കിലും രക്ഷിച്ച് തിരികെയെത്തിക്കണമെന്ന അപേക്ഷയുമായി നാട്ടിലേക്ക് വീഡിയോ സന്ദേശമയച്ച് കാത്തിരിക്കുകയാണ് ഇവര്‍.
◾മോഡല്‍ ടാനിയ സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മ്മയെ ചോദ്യം ചെയ്യുമെന്ന് സുറത്ത് പൊലീസ്. അഭിഷേക് ശര്‍മ്മയും ടാനിയയും തമ്മിലുള്ള സൗഹൃദമാണ് പൊലീസ് പരിശോധിക്കുന്നത്.
◾ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പരിക്ക്. കണങ്കാലിന് പരിക്കേറ്റ ഷമിക്ക് വിദഗ്ധ ചികിത്സ വേണ്ടിവരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഷമിക്ക് വരുന്ന ഐപിഎല്‍ സീസണ്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് രണ്ടാം സീസണിന് ഇന്ന് തുടക്കം. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റിനുള്ളത്. 22 മത്സരങ്ങളാണ് കളിക്കുക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.
◾ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
◾ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് ആധിപത്യം ഉറപ്പിക്കാന്‍ പുതിയ മാറ്റങ്ങളുമായി ആമസോണ്‍ എത്തുന്നു. ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങളെ ഒരു കുടക്കീഴില്‍ എത്തിക്കാനാണ് ആമസോണില്‍ തീരുമാനം. ഇതിനായി ആമസോണ്‍ ബസാര്‍ എന്ന പേരില്‍ പുതിയ ഷോപ്പിംഗ് വിഭാഗം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഓണ്‍ലൈന്‍ മുഖാന്തരം വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന സാഹചര്യത്തിലാണ് ആമസോണിന്റെ പുതിയ നീക്കം. ആമസോണ്‍ ബസാറില്‍ 600 രൂപയില്‍ താഴെ വിലയുള്ള വസ്ത്രങ്ങള്‍, വാച്ചുകള്‍, ഷൂ, ആഭരണങ്ങള്‍, ലഗേജുകള്‍ എന്നിവ ലഭ്യമാകും. കുറഞ്ഞ വിലയുള്ള സാധനങ്ങള്‍ വില്‍ക്കുന്നവരുടെ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയ ആമസോണ്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍, ബ്രാന്‍ഡ് ചെയ്യപ്പെടാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ മുന്‍പന്തിയിലുള്ളത് മീഷോ, ഷോപ്സി എന്നീ പ്ലാറ്റ്ഫോമുകളാണ്. ഇവയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാണ് ആമസോണ്‍ ബസാറിന്റെ കടന്നുവരവ്. ഇന്ത്യന്‍ വിപണിയിലെ മികച്ച വളര്‍ച്ചാ സാധ്യത മുന്നില്‍ക്കണ്ടാണ് ആമസോണ്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. 2023 ഡിസംബറില്‍ ആമസോണ്‍ ഇന്ത്യയ്ക്ക് 13 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.
◾അജയ് ദേവ്ഗണ്‍, ജ്യോതിക, മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ശൈത്താന്‍ ട്രെയിലര്‍ പുറത്ത്. ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മാധവന്‍ എത്തുന്നത്. ബ്ലാക് മാജിക്കിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭാര്യ ഭര്‍ത്താക്കന്മാരായാണ് അജയ് ദേവ്ഗണും ജ്യോതികയും എത്തുന്നത്. ഇവരുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി മാധവന്റെ കഥാപാത്രം എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണദേവ് യാഗ്നിക് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം 'വശി'ന്റെ റീമേക്ക് ആണ് ശൈത്താന്‍. വശ് സിനിമയില്‍ പ്രധാന കഥാപാത്രമായെത്തിയ ജാന്‍കി ബോധിവാല തന്നെയാണ് ഹിന്ദിയിലും ആ കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നത്. കൃഷ്ണദേവ് യാഗ്നിക്കിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം സുധാകര്‍ റെഡ്ഡി. സംഗീതം അമിത് ത്രിവേദി. എഡിറ്റിങ് സന്ദീപ് ഫ്രാന്‍സിസ്. ജിയോ സ്റ്റുഡിയോസും ദേവ്ഗണ്‍ ഫിലിസും ചേര്‍ന്നാണ് നിര്‍മാണം. മാര്‍ച്ച് എട്ടിന് ശൈത്താന്‍ തിയറ്ററുകളിലെത്തും.
◾മഹാകവി കുമാരനാശാന്റെ 'കരുണ' എന്ന കാവ്യത്തിന് പുത്തന്‍ ഭാഷ്യം ഒരുങ്ങുന്നു. കാരുണ്യ ക്രിയേഷന്‍സ് സൗഹൃദ കൂട്ടായ്മ നിര്‍മ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വാസവദത്ത എന്ന സിനിമയുടെ ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. വാസവദത്തയായി രേവതി സ്വാമിനാഥന്‍, തോഴിയായി തമിഴ്- മലയാളം നടിയായ രമ്യ, ഉപഗുപ്തനായി നിഷാര്‍ ഇബ്രാഹിം, ശങ്കര ചെട്ടിയായി വൈക്കം ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ അലന്‍സിയര്‍, നന്ദകിഷോര്‍, ഗീത വിജയന്‍, തട്ടീം മുട്ടീം ജയകുമാര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. കിരണ്‍ രാജ് മുളങ്കുന്നത്തുകാവ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശ്യാം നാഥ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ ദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്‍, ഗായത്രി എന്നിവരാണ് ഗായകര്‍. എഡിറ്റിംഗ് ജിസ്സ്, ആര്‍ട്ട് കണ്ണന്‍ മുണ്ടൂര്‍, മേക്കപ്പ് രാജേഷ് ആലത്തൂര്‍, കോസ്റ്റ്യൂംസ് മുത്തു മൂന്നാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അശ്വിന്‍, കോഡിനേറ്റര്‍ ബിനീഷ് തിരൂര്‍.
◾ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ഫെയ്സ്ലിഫ്റ്റ് ചെയ്ത വെലാറിനെ 2023 ജൂലൈയില്‍ ആണ് രാജ്യത്ത് അവതരിപ്പിച്ചത്. 94.30 ലക്ഷം രൂപയില്‍ ആയിരുന്നു ഇതിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഇപ്പോഴിതാ വാഹന നിര്‍മ്മാതാക്കള്‍ ഈ ആഡംബര എസ്യുവിയുടെ വിലയില്‍ 6.40 ലക്ഷം രൂപ കുറച്ചു. ഈ വലിയ കുറവിന് ശേഷം, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വെലാറിന്റെ പുതിയ എക്സ്-ഷോറൂം വില ഇപ്പോള്‍ 87,90,000 രൂപയില്‍ ആരംഭിക്കുന്നു. പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലാണ് ഫെയ്സ്ലിഫ്റ്റ് വെലാര്‍ എസ്യുവിയെ കമ്പനി അവതരിപ്പിച്ചത്. ഒരു പെട്രോളും ഒരു ഡീസല്‍ എഞ്ചിനുമാണ് വെലാറിന് കരുത്തേകുന്നത്. രണ്ട് എഞ്ചിനുകളും 2.0 ലിറ്റര്‍ യൂണിറ്റാണ്. ഇതിന്റെ പെട്രോള്‍ എഞ്ചിന് 296 ബിഎച്ച്പി പവറും 365 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും, അതേസമയം ഡീസല്‍ എഞ്ചിന് 201 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. രണ്ട് എഞ്ചിനുകളിലും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ടെറൈന്‍ റെസ്‌പോണ്‍സ് 2 സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന വെലാറിന് 7.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് ലാന്‍ഡ് റോവര്‍ അവകാശപ്പെടുന്നു, അതേസമയം ഡീസല്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്ന മോഡലിന് 8.3 സെക്കന്‍ഡുകള്‍ മാത്രം മതി.
◾പാര്‍വ്വതിയുടെ എല്ലാ കഥകളുടെയും പശ്ചാത്തലമായി വരുന്നത് കുടുംബങ്ങളും കുടുംബ ബന്ധങ്ങളുമാണ്. ആ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ അനുഭവിക്കുന്ന പ്രത്യേകമായ പരിതോവസ്ഥകളും ദുരന്തങ്ങളും ചിത്രീകരിക്കുന്നതിനാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഈ കഥകളില്‍ പുരുഷ കഥാപാത്രങ്ങളേക്കാളേറെ, വെളിച്ചത്തു വരുന്നത് സ്ത്രീ കഥാപാത്രങ്ങളാണ്. പുരുഷന്റെ നിഴലായി വാഴേണ്ടി വരുന്ന വിധേയത്വത്തില്‍ നിന്ന് വളര്‍ന്ന് സഹധര്‍മ്മം ആചരിക്കുന്ന സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യമാണ് ഈ കഥാകൃത്ത് സ്വപ്നം കാണുന്ന സ്ത്രീ സ്വാതന്ത്ര്യസങ്കല്പവും വിമോചനതന്ത്രവും. 'ക്ഷുബ്ധമാനസങ്ങള്‍'. പാര്‍വ്വതി നമ്പലാട്ട്. മംഗളോദയം. വില 94 രൂപ.
◾ചര്‍മ്മത്തില്‍ കാണുന്ന ചെറിയ മാറ്റങ്ങള്‍ പോലും ചെറുതായി കാണരുത്. ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം അഥവാ സ്‌കിന്‍ ക്യാന്‍സര്‍ ഇന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമാകുകയാണ്. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്‌കിന്‍ ക്യാന്‍സര്‍. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ കോശത്തിന്റെ ഡിഎന്‍എയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത കൂടാം. പുകയിലയുടെ അമിത ഉപയോഗം, റേഡിയേഷന്‍ മൂലവുമൊക്കെ സ്‌കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം. എന്നാല്‍ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്. വിവിധ തരത്തിലുള്ള ക്യാന്‍സറിന് വിവിധ ലക്ഷണങ്ങള്‍ ഉണ്ടാകും. ചര്‍മ്മത്തിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന പദാര്‍ത്ഥത്തെ ഉത്പാദിപ്പിച്ചെടുക്കുന്ന കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് മെലാനോമ സ്‌കിന്‍ ക്യാന്‍സര്‍. ചര്‍മ്മത്തില്‍ കാണുന്ന ചെറിയ പുള്ളികള്‍ ഒരു പ്രധാന ലക്ഷണമാകാം. ചര്‍മ്മത്തിലെ നിറമാറ്റം, രൂപമാറ്റം തുടങ്ങിയവയും ലക്ഷണമാകാം. ഒരു പുതിയ പാടോ ഒരു മറുകോ വന്നാലും നിസാരമായി കാണേണ്ട. ചര്‍മ്മത്തിലെ ചില കറുത്ത പാടുകള്‍, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം സ്‌കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. ചര്‍മ്മത്തിലെ മുറിവുകള്‍, ചര്‍മ്മത്തില്‍ വ്രണം, രക്തസ്രാവം, ചര്‍മ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയില്‍ വ്യത്യാസം, നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍,തുടങ്ങിയവ കണ്ടാലും പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ ഒരുപക്ഷേ ഏതെങ്കിലും സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം. തലയോട്ടിയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍ , കൈവിരലുകളില്‍, കാല്‍വിരലുകള്‍ക്കിടയില്‍ അങ്ങനെ എവിടെ വേണമെങ്കിലും സ്‌കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം.
*ശുഭദിനം*
*കവിത കണ്ണന്‍*
പഞ്ചാബിലെ ഒരു കോട്ടണ്‍ വ്യവസായിയുടെ മകനായിരുന്നു രജീന്ദര്‍. പഠിക്കാന്‍ മിടുക്കനല്ലാതിരുന്ന രജീന്ദറിന് ഒന്‍പതാംക്ലാസ്സില്‍ തോറ്റതോടെ പഠനം നിര്‍ത്തേണ്ടിവന്നു. അങ്ങനെ 14-ാം വയസ്സില്‍ 30 രൂപ ദിവസവേതനത്തിന് മെഴുകുതിരി, സിമന്റ് പൈപ്പ് എന്നിവ നിര്‍മ്മിക്കുന്ന ജോലിലഭിച്ചു. പിന്നീട് അച്ഛനെ പോലെ കോട്ടന്‍ വ്യവസായത്തിലേക്ക് കാലെടുത്തുവെച്ചു. ഒരുപാട് തവണ കാലിടറിവീണെങ്കിലും കഠിനമായി അവന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ കോട്ടണ്‍ വ്യവസായത്തില്‍ പച്ചപിടിച്ചുതുടങ്ങി. അങ്ങനെയിരിക്കെ വീണ്ടും ഒരാഗ്രഹം. രാസവളനിര്‍മ്മാണം.. ആദ്യമെല്ലാം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും രജീന്ദറിന്റെ ആത്മവിശ്വാസം അവരുടെ എതിര്‍പ്പുകളെ അലിയിച്ചുകളഞ്ഞു. അങ്ങനെ സ്വന്തം സമ്പാദ്യവും വീട്ടുകാരുടെ സമ്പാദ്യവുമെല്ലാം ചേര്‍ത്ത് ആറരകോടി നിക്ഷേപത്തില്‍ അഭിഷേക് ഇന്റസ്ട്രീസിന് തുടക്കമിട്ടു. അതൊരു തുടക്കം മാത്രമായിരുന്നു. തന്റെ വ്യവസായം പല മേഖലകളിലേക്കും അദ്ദേഹം വ്യാപിപ്പിച്ചു. ടെക്‌സ്റ്റൈല്‍, പേപ്പര്‍ തുടങ്ങിയവയിലും രജീന്ദര്‍ തന്റെ കൈയ്യൊപ്പ് പതിപ്പിച്ചു. പഞ്ചാബില്‍ മാത്രമല്ല, മധ്യപ്രദേശിലും യൂണിറ്റുകളായി.. ഇന്ന് രാജ്യത്തെ ടെക്‌സ്റ്റൈല്‍ റീട്ടെയ്ല്‍ രാജാക്കന്‍മാരില്‍ ഒന്നാമനായി രജീന്ദറിന്റെ ട്രൈഡന്റ് ഗ്രൂപ്പ് തലയുയര്‍ത്തി നില്‍ക്കുന്നു. 30 രൂപയുടെ ദിവസക്കൂലിയില്‍ നിന്നും ആത്മവിശ്വാസവും അധ്വാനവും മാത്രം കൈമുതലാക്കി 17000 കോടി രൂപ ആസ്തിയുള്ള കമ്പനിയുടെ എല്ലാമെല്ലാമായിമാറി രജീന്ദര്‍ സിങ്ങ്. ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, മറിച്ച് ഓരോ തവണ വീഴുമ്പോഴും എഴുന്നേറ്റ് മുന്നോട്ട് ഓരോ ചുവടും വെക്കുന്നതിലാണ് മഹത്വം.. അവിടെയാണ് വിജയത്തിന്റെ പാത തുടങ്ങുന്നതും - ശുഭദിനം.