*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 22 വ്യാഴം

◾ഡല്‍ഹി ചലോ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യുവകര്‍ഷകന്‍ വെടിയേറ്റ് മരിച്ചു. ഹരിയാണയിലെ ഖനൗരി അതിര്‍ത്തിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ശുഭ്കരണ്‍ എന്ന കര്‍ഷകയുവാവാണ് കൊല്ലപ്പെട്ടത്. അതേസമയം, ആരും പ്രതിഷേധത്തില്‍ മരിച്ചിട്ടില്ലെന്നാണ് ഹരിയാണ പോലീസിന്റെ വാദം. യുവാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് മാര്‍ച്ച് നിര്‍ത്തിവയ്ക്കുന്നതായി കര്‍ഷക നേതാക്കള്‍ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യുമെന്നും മുന്നോട്ടുള്ള നീക്കത്തെക്കുറിച്ച വ്യക്തത വരുത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം കര്‍ഷക നേതാക്കള്‍ നിരസിച്ചു.

◾യുവ കര്‍ഷകന്‍ മരിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹങ്കാരം കാരണമാണു കര്‍ഷകന്‍ മരിച്ചതെന്നാണ് രാഹുലിന്റെ ആരോപിച്ചണം. മോദിയുടെ അഹങ്കാരം കാരണം കഴിഞ്ഞ തവണ എഴുന്നൂറിലേറെ കര്‍ഷകര്‍ക്കാണു ജീവന്‍ ബലി കൊടുക്കേണ്ടി വന്നതെന്നും രാഹുല്‍ ആരോപിച്ചു.

◾അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും എന്നാല്‍ അത് ഉപയോഗിക്കുന്നില്ലെന്നും അതിനാലാണ് തനിക്കിവിടെ വരേണ്ടി വന്നതെന്നും കേന്ദ്ര വനംമന്ത്രി ഭൂപേന്ദര്‍ യാദവ്. വന്യമൃഗ ആക്രമണം മൂലം കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോളാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

◾ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് ഈ മാസം 26 നായിരിക്കും. ആലത്തൂരില്‍ കെ. രാധാകൃഷ്ണനും, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ എംഎല്‍എ വടകരയിലും ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മത്സരിക്കും. മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടിയില്‍ മുന്‍ മന്ത്രി സി രവീന്ദ്രനാഥ് മത്സരിക്കും. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെജെ ഷൈന്‍ ആയിരിക്കും മത്സരിക്കുക. പാലക്കാട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവനും കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും കാസര്‍കോട് സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനും ആറ്റിങ്ങലില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എയും മത്സരിക്കും. കൊല്ലത്ത് എം മുകേഷ് എംഎല്‍എയായിരിക്കും മത്സരിക്കുക.

◾ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതിയില്‍ കീഴടങ്ങി. ജ്യോതി ബാബുവിനെ ആംബുലന്‍സിലാണ് കോടതിയില്‍ എത്തിച്ചത്. ഇരുവരെയും ജില്ലാ ജയിലിലേക്ക് മാറ്റാനും ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കാനും വിചാരണ കോടതി നിര്‍ദ്ദേശിച്ചു.

◾വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ മംഗളൂരു വരെ നീട്ടി. തിരുവനന്തപുരത്തു നിന്നു ആലപ്പുഴ വഴി കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസാണ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയത്. എന്നാല്‍ എന്നുമുതലാണ് മംഗളൂരു വരെയുള്ള സര്‍വീസ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

◾സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നടത്തി വരുന്ന മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് വിജിലന്‍സ്. സംസ്ഥാനത്തെ 88 വില്ലേജ് ഓഫീസുകളിലാണ് 'ഓപ്പറേഷന്‍ സുതാര്യത' എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്തിയത്.

◾ബിജെപി പദയാത്രാ പ്രചരണ ഗാനത്തില്‍ 'കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കാര്‍' എന്ന് വിശേഷിപ്പിച്ചതില്‍, കെ സുരേന്ദ്രന്‍ ഐടി സെല്‍ ചെയര്‍മാനോട് വിശദീകരണം തേടി. പദയാത്രയുടെ നോട്ടീസും പ്രചരണ ഗാനവും പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഐടി സെല്‍ ചെയര്‍മാനോട് കെ സുരേന്ദ്രന്‍ വിശദീകരണം ആവശ്യപ്പെട്ടത്.  

◾പുതുപ്പള്ളി മൃഗാശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരി സതിയമ്മയെ പുറത്താക്കിയതിനെതിരായ പ്രതിഷേധത്തിന്, വിഡി സതീശന്‍ അടക്കം 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിഡി സതീശന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ നടപടി. എഫ്ഐആര്‍ പരിശോധിക്കുമ്പോള്‍ കുറ്റം ചെയ്യണമെന്ന ഉദ്ദേശം പ്രതികള്‍ക്ക് ഉണ്ടായിരുന്നതായി കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

◾വന്യമൃഗശല്യത്തിന്റെ പശ്ചാത്തലത്തില്‍ പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ബാബു(47), ഷെബിന്‍ തങ്കച്ചന്‍(32), ജിതിന്‍ 20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ന്യായവിരുദ്ധമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യ വിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്.

◾കേരളം സംരംഭക സൗഹൃദമല്ലെന്ന നിലയിലുള്ള പ്രചരണം അഴിച്ചുവിടുന്നത് കേരള വിരുദ്ധരായ കുറച്ചാളുകള്‍ മാത്രമാണെന്ന് മന്ത്രി പി രാജീവ്. എത്ര വലിയ സംരംഭങ്ങളും ആരംഭിക്കാന്‍ സാധിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നുവെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു.

◾സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന മുഖാമുഖം നവകേരള സ്ത്രീ സദസ്സ് ഇന്ന് രാവിലെ 9.30 മുതല്‍ 1.30 വരെ എറണാകുളം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

◾ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വി.ഡി സതീശന്‍. സമരാഗ്നി യാത്രയുടെ ഭാഗമായി ഇടുക്കിയില്‍ എത്തിയ അദ്ദേഹം, ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വൈകുന്നത് സിപിഎം നേതാക്കള്‍ കൈയ്യേറ്റക്കാരുടെ പട്ടികയില്‍ ഉള്ളത് കൊണ്ടാണ് എന്ന് കുറ്റപ്പെടുത്തി. കോടതിയില്‍ പറയുന്ന നിലപാടിന് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി . ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. പൊലിസ് വകുപ്പില്‍ 190 പൊലിസ് കോണ്‍സ്റ്റബിള്‍-ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.

◾ശൈലജ ടീച്ചര്‍ക്ക് വളരെ ദയനീയമായ പരാജയം നേരിടേണ്ടി വരുമെന്ന് എംഎല്‍എ കെകെ രമ. വടകരയില്‍ ടീച്ചര്‍ വന്ന് മത്സരിക്കാതിരിക്കുന്നതാണ് നല്ലത് എന്നും കെ കെ രമ പറഞ്ഞു. ശൈലജ ടീച്ചര്‍ മത്സരരംഗത്തേക്കെത്തുന്നത് കൊണ്ട് ആര്‍എംപിയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്നും കെകെ രമ പറഞ്ഞു.

◾2024ലെ റവന്യൂ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റവന്യൂ, സര്‍വേ - ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാര്‍ക്കുള്ള 2024ലെ റവന്യൂ അവാര്‍ഡുകള്‍ മന്ത്രി കെ രാജന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിനാണ് മികച്ച ജില്ലാ കളക്ടര്‍. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തെരഞ്ഞെടുത്തു. വില്ലേജ് ഓഫിസര്‍ മുതല്‍ ജില്ലാ കളക്ടര്‍വരെയുള്ള ഉദ്യോഗസ്ഥര്‍ക്കും വിവിധ ഓഫിസുകള്‍ക്കും സര്‍വേ - ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാര്‍ക്കുമാണു പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. പ്രവര്‍ത്തന മികവ് വര്‍ധിക്കാന്‍ മുഴുവന്‍ ജീവനക്കാര്‍ക്കുമുള്ള പ്രചോദനവും പ്രോത്സാഹനവുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നു റവന്യൂ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

◾കൊമ്പന്‍ ഗോപീകണ്ണന്‍ പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഒന്നാമതെത്തി. ഒമ്പതാം തവണയാണ് ഗോപികണ്ണന്‍ ആനയോട്ടത്തില്‍ വിജയിയാകുന്നത്. 10 ആനകളാണ് ഇത്തവണ ആനയോട്ട ചടങ്ങില്‍ പങ്കെടുത്തത്.

◾തൃശൂര്‍ കേരളവര്‍മ കോളജ് വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

◾കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായ പുഷ്പന്റെ പരാതിയില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ ചൊക്ലി പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തു. സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പരാതി.

◾മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ ആറു ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ തൃശൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് ബസ് ഓടിക്കുന്നവരെയും മറ്റു നിയമലംഘനം നടത്തുന്നവരെയും കണ്ടെത്തുന്നതിനായി രാവിലെ ആറുമണിമുതല്‍ എട്ടുമണിവരെ നടത്തിയ വാഹന പരിശോധനയില്‍ 200 ഓളം ബസുകള്‍ പരിശോധിച്ചെന്ന് പോലിസ് അറിയിച്ചു.

◾കൊല്ലത്ത് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് പ്ളസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍ മരിച്ചു. ചിന്നക്കട സ്വദേശി അലന്‍ സേവ്യര്‍, തിരുമുല്ലവാരം രാമേശ്വരം നഗര്‍ സ്വദേശി ആല്‍സന്‍ എസ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്.

◾ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ വയനാട് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്ത കേസില്‍ നാല് ഗുജറാത്ത് സ്വദേശികളെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ബാക്സറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതികളെ പിടിച്ചത്. പ്രതികളില്‍ നിന്ന് 4 മൊബൈല്‍ ഫോണ്‍, ഒരു ഇന്റര്‍നെറ്റ് മോഡം എന്നിവ പിടിച്ചെടുത്തു.

◾ആകാശവാണിയിലെ ഗീത് മാല പരിപാടിയിലൂടെ ശ്രദ്ധേയനായ പ്രശസ്ത റേഡിയോ അവതാരകന്‍ അമീന്‍ സയാനി (91 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

◾കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ആം ആദ്മി സഖ്യത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ വിജയം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയും അമേഠിയും മോദിയുടെ മണ്ഡലമായ വരാണസിയും ഉള്‍പ്പെടെ 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബാക്കി 63 മണ്ഡലങ്ങളില്‍ എസ്.പിയും മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായി.

◾കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലെ തുകയില്‍ നിന്നും 65 കോടി രൂപ ഈടാക്കി ആദായ നികുതി വകുപ്പ്. 115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. നടപടിക്കെതിരെ ആദായ നികുതി അപ്പീല്‍ ട്രിബ്യൂണലില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിഗണിക്കുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.

◾പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില്‍ വിഎച്ച്എപി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരില്‍നിന്ന് കല്‍ക്കട്ട ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പേര് പെണ്‍ സിംഹത്തിന് നല്‍കിയിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഹര്‍ജിക്കാര്‍ പറയുന്ന പേര് നല്‍കിയിട്ടില്ലെങ്കില്‍ വാദം തുടരില്ലെന്നും പേര് നല്‍കിയിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

◾പി.എം.എല്‍.-എന്‍. നേതാവ് ഷഹബാസ് ഷരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകും. പി.പി.പി. നേതാവ് ആസിഫ് അലി സര്‍ദാരിയെ ഇരുപാര്‍ട്ടികളും പ്രസിഡന്റ് സ്ഥാനത്തേക്കു പിന്തുണയ്ക്കും. പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍.-എന്‍.) പാര്‍ട്ടിയും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പി.പി.പി.) തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ഈതീരുമാനം.

◾റഷ്യക്കു കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്സി നവല്‍നിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണീ തീരുമാനം. ഉപരോധങ്ങള്‍ നാളെ പ്രഖ്യാപിക്കും.

◾സാമ്പത്തിക പ്രതിസന്ധിയിലായ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് ചെലവു കുറയ്ക്കാന്‍ ബംഗളൂരുവിലെ നാല് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം ഒഴിയുന്നു. പ്രസ്റ്റീജ് ടെക് പാര്‍ക്കിലുള്ള ഓഫീസിന്റെ പാട്ടക്കരാര്‍ ഈ വര്‍ഷം ആദ്യം തന്നെ റദ്ദാക്കിയിരുന്നു. ഡെപ്പോസിറ്റ് തുക വാടക കുടിശിക നല്‍കാനായി വിനിയോഗിക്കും. മാസം നാല് കോടി രൂപ വാടകയിലാണ് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ മൂന്നര വര്‍ഷം മുമ്പ് പ്രസ്റ്റീജ് ഗ്രൂപ്പുമായി പാട്ടക്കരാര്‍ ഒപ്പുവച്ചത്. ഇതു കൂടാതെ മറ്റ് ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയുന്നതുമായി ബന്ധപ്പെട്ട് പല ഉടമകളുമായും ബൈജൂസ് തര്‍ക്കത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വാടക കുടിശിക വരുത്തിയെന്നാരോപിച്ച് ബംഗളൂരുവിലെ തന്നെ മറ്റൊരു കമ്പനിയായ കല്യാണി ഡെവലപ്പേഴ്‌സ് ബൈജൂസിനെതിരെ ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വില്‍പ്പന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് 30 കോടി ഡോളര്‍ (ഏകദേശം 2,500 കോടി രൂപ) സമാഹരിക്കുന്നതിനായി അവകാശ ഓഹരി വില്‍പ്പന നടക്കുന്നതിനിടെയാണ് പുതിയ നീക്കം. ബൈജൂസിന്റെ നേതൃത്വത്തില്‍ നിന്ന് സ്ഥാപകനായ ബൈജു രവീന്ദ്രനെയും ഡയറക്ടര്‍ ബോര്‍ഡിലെ മറ്റംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കി കമ്പനിയുടെ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഓഹരി ഉടമകള്‍ വോട്ടിംഗ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതിനിടയിലും അവകാശ ഓഹരിക്ക് മികച്ച പ്രതികരണം ലഭിച്ചത് ബൈജൂസിന് ആശ്വാസമാണ്. ഫെബ്രുവരി 23നാണ് അസാധാരണ പൊതുയോഗം വിളിച്ചിരിക്കുന്നത്. വോട്ടിംഗ് ഫലം ബൈജൂസിന്റെ ഉടമകള്‍ക്ക് അനുകൂലമായാല്‍ നിക്ഷേപകര്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചേക്കാം.

◾'പ്രേമലു' പ്രദര്‍ശനത്തിന് എത്തിയത് ഫെബ്രുവരി ഒമ്പതിനാണ്. മമ്മൂട്ടിയുടെ 'ഭ്രമയുഗം' ഫെബ്രുവരി പതിനഞ്ചിന് തിയറ്ററുകളില്‍ എത്തി. എന്നാല്‍ കട്ടയ്ക്കുനില്‍ക്കുന്ന പോരാട്ടമാണ് മമ്മൂട്ടി ചിത്രത്തിനെതിരെ പ്രേമലു നടത്തുന്നത്. ബോക്സ് ഓഫീസീല്‍ 50 കോടിയില്‍ ആദ്യം എത്തി എന്നതു മാത്രമല്ല ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് വില്‍പനയിലും ഒന്നാമത് പ്രേമലു ആണ് എന്നതാണ് പ്രധാന പ്രത്യേകത. പ്രേമലു ഇന്ത്യയില്‍ മാത്രമായി 29 കോടി രൂപയില്‍ അധികം നേടിയാണ് ആഗോള ബോക്സ് ഓഫീസില്‍ വെറും 12 ദിവസത്തിനുള്ളില്‍ 50 കോടിയില്‍ എത്തിയത്. ഭ്രമയുഗമാകട്ടെ ഇന്ത്യയില്‍ നിന്ന് 17.05 കോടിയില്‍ അധികം വിദേശ ബോക്സ് ഓഫീസില്‍ നിന്ന് 17 കോടി രൂപയുമായി ആകെ 34.05 കോടി രൂപയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ബുക്ക് മൈ ഷോയില്‍ പ്രേമലുവിന്റെ ടിക്കറ്റ് 50920 എണ്ണവും ഭ്രമയുഗത്തിന്റേത് 40940 ആണ് വിറ്റത്. ആഖ്യാനത്തിലെ പുതുമയാണ് നസ്ലെന്‍ നായകനായ സിനിമയുടെ ആകര്‍ഷണമായിരിക്കുന്നത്. മമിതയാണ് നായികയായി എത്തിയിരിക്കുന്നത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. മമ്മൂട്ടി വേഷമിട്ട ഭ്രമയുഗം സിനിമയുടെ സംവിധാനം രാഹുല്‍ സദാശിവന്‍ നിര്‍വഹിച്ചപ്പോള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥും ഉണ്ട്.

◾ദിലീപ് നായകനായ 'തങ്കമണി'യുടെ റിലീസ് തിയതി പുറത്തുവിട്ടു. മാര്‍ച്ച് 7 ന് സിനിമ തീയേറ്ററിലേക്ക് എത്തും. 'ഉടല്‍' എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഗുഡ് ദിലീപ് എന്ന നടന്റെ ഏറ്റവും വലിയ ഗംഭീര വേഷമാകും തങ്കമണിയിലേത് എന്നാണ് അണിയറക്കാരുടെ വിലയിരുത്തല്‍. 1986 ഒക്ടോബര്‍ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. ദിലീപിന്റെ അഭിനയ ജീവിതത്തിലെ 148മത്തെ ചിത്രമായ 'തങ്കമണി' ബിഗ് ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍, തൊമ്മന്‍ മാങ്കുവ, രമ്യ പണിക്കര്‍, മുക്ത, ശിവകാമി എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സംമ്പത് റാം എന്നിവരുള്‍പ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

◾ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ യാത്രയ്ക്ക് ഇനി കൂട്ടാകുന്നത് മെഴ്‌സിഡീസ് മെയ്ബ ജി എല്‍ എസ് 600. ക്രിക്കറ്റിനൊപ്പം തന്നെ വാഹനങ്ങളെയും ഇഷ്ടപ്പെടുന്ന രഹാനെയുടെ ഗാരിജിലെത്തിയ ഒടുവിലത്തേതാണ് മെയ്ബ. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ മെയ്ബ ജിഎല്‍എസ് 600 എസ്യുവി സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളിലൊന്നാണ്. മുംബൈയിലെ മെഴ്‌സിഡീസ് വിതരണക്കാരായ ഓട്ടോഹാങ്ങറില്‍ നിന്നാണ് രഹാനെ വാഹനം സ്വന്തമാക്കിയത്. പോളാര്‍ വൈറ്റ് നിറത്തിലുള്ള വാഹനത്തിന് 2.96 കോടി രൂപയാണ് എക്സ് ഷോറൂം വില. താരം മെയ്ബ സ്വന്തമാക്കിയ വിവരം വിതരണക്കാരായ ഓട്ടോഹാങ്ങറാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഭാര്യക്കൊപ്പമെത്തിയാണ് രഹാനെ തന്റെ പുതിയ എസ് യു വി യുടെ ഡെലിവെറി സ്വീകരിക്കുന്നത്. മെയ്ബ കൂടാതെ, ബി എം ഡബ്ള്യു സിക്സ് സീരീസ്, ഔഡി തുടങ്ങിയ ആഡംബര വാഹനങ്ങളും രഹാനെയ്ക്ക് സ്വന്തമായുണ്ട്. മെഴ്‌സിഡീസിന്റെ എസ് യു വി നിരയിലെ അത്യാഢംബര വാഹനങ്ങളില്‍ പ്രധാനിയാണ് മെയ്ബ ജി എല്‍ എസ് 600. ആഡംബരത്തിന്റെ അവസാന വാക്കായ മെയ്ബയുടെ എക്സ്റ്റീരിയറും ഇന്റീരിയറും ഏറെ ആകര്‍ഷകമാണ്. എന്‍ജിനില്‍ നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ ഒന്‍പത് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണുള്ളത്.

◾നൂറ്റാണ്ടുകളായി തളംകെട്ടിക്കിടക്കുന്ന ദൂഷിതവലയത്തിനകത്തുപെട്ടു പെരുമാറേണ്ടണ്ടിവരുന്ന മനുഷ്യരുടെ ജീവിതമെന്ന ചലനഭാഷണവൈവിധ്യങ്ങള്‍ അനാവരണം ചെയ്യുന്ന നോവലാണ് മരിപ്പാഴി. മരണത്തിന്റെ ഇടം. മരണത്തിനു ചുറ്റും വട്ടം കറങ്ങുന്ന ജീവിതദര്‍ശനത്തിന്റെ ഇടം. ദഹിക്കാന്‍ കൂട്ടാക്കാത്ത ഉടല്‍പോലെ ഭൂതവും ചിതയിലെ വെളിച്ചത്തെക്കാള്‍ വെളിച്ചമുള്ള ഇരുട്ടും ഇടകലര്‍ന്ന ഈ ലോകത്തിലേക്ക്, ഭാഷയിലേക്ക് നെഞ്ചിടിപ്പോടെ മാത്രമേ ഇറങ്ങിച്ചെല്ലാന്‍ കഴിയൂ. അനിഷേധ്യമായ മരണത്തിന്റെ വിഭ്രാമകത നിങ്ങളെ ജലസമാധി നടത്താന്‍ പ്രേരിപ്പിച്ചേക്കും. 'മരിപ്പാഴി'. മധുശങ്കര്‍ മീനാക്ഷി. ഡിസി ബുക്സ്. വില 360 രൂപ.

◾മാര്‍ച്ച് മാസമാകുന്നതിനു മുമ്പു തന്നെ കേരളത്തില്‍ താപനില കൂടി വരികയാണ്. സൂര്യാഘാതത്തിനുള്ള സാധ്യതകളിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. എന്താണ് സൂര്യാഘാതമെന്നും സൂര്യാഘാതം വരാതിരിക്കാന്‍ എന്തു ചെയ്യണമെന്നും സൂര്യാഘാതം വന്നാല്‍ ചെയ്യേണ്ടതെന്തൊക്കെയെന്നും അറിയാം. അന്തരീക്ഷതാപം ഒരു പരിധിയിലപ്പുറം ഉയര്‍ന്ന് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യപ്രകാശം ഏറ്റവും കടുത്ത അവസ്ഥയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണി വരെയാണ് ഏറ്റവുമധികം സൂര്യാഘാത സാധ്യത. പത്തു വയസ്സില്‍ താഴെയും അറുപതു വയസ്സിനു മുകളിലുമുള്ളവര്‍ക്കാണ് സൂര്യാഘാത സാധ്യത ഏറ്റവും കൂടുതല്‍. ചികിത്സിച്ചില്ലെങ്കില്‍ തലച്ചോറും ഹൃദയവും വൃക്കകളും പേശികളും തകരാറിലാകാനുള്ള സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാം. ഉയര്‍ന്ന ശരീരോഷ്മാവ്, ശരീരത്തില്‍ ചുവന്ന പാടുകള്‍, അതികഠിനമായ തലവേദന, തലകറക്കം, ചുഴലിരോഗലക്ഷണങ്ങള്‍, ഉയര്‍ന്ന നാഡിമിടിപ്പ്, ബോധക്ഷയം, ഓക്കാനം, പേശിമുറുകല്‍, അമിതമായ ദാഹം, കുഴഞ്ഞുവീഴല്‍, അതികഠിനമായ തളര്‍ച്ച, ശരീരത്തില്‍ പൊള്ളലേറ്റ പോലുള്ള കുമിളകള്‍ എന്നിവയൊക്കെയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതമേറ്റ വ്യക്തിയെ ഉടനടി തന്നെ തണലിലേക്ക് മാറ്റണം. വെള്ളം ധാരാളം നല്‍കണം. ഇളനീര്, നാരങ്ങാവെള്ളം എന്നിവയും നല്‍കാം. ഇറുകിയ വേഷങ്ങളാണെങ്കില്‍ അവ അയച്ചിടണം, ശരീരത്തില്‍ വെള്ളം തളിക്കണം, നനഞ്ഞ തുണി ശരീരത്തിലിടാം. ശരീരം തണുപ്പിക്കാന്‍ ഐസും ഉപയോഗിക്കാം. ബോധം പോയ അവസ്ഥയില്‍ വെള്ളം കൊടുക്കാന്‍ ശ്രമിക്കരുത്. ആളെ ഇടതുവശത്തേക്ക് ചെരിച്ചു കിടത്തുകയാണ് നല്ലത്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ആറ് കൗണ്ടറുകളാണ് ഉള്ളത്. അതിലെ 5 കൗണ്ടറില്‍ നിന്ന് വ്യത്യസ്തമാണ് ആറാമത്തെ കൗണ്ടര്‍. ഈ അഞ്ചുകൗണ്ടറിലും സാധനങ്ങള്‍ വാങ്ങുക അവിടെയുളള സ്‌ക്രീനില്‍ തെളിയുന്ന കൗണ്ടറിലെ പണം നല്‍കുക. ഇതാണ് രീതി. എന്നാല്‍ ആറാമത്തെ കൗണ്ടര്‍ തികച്ചും വ്യത്യസ്തമാണ്. ബ്ലാ ബ്ലാ കൗണ്ടര്‍ എന്നാണ് ആ കൗണ്ടറിന്റെ പേര്. ആ കൗണ്ടറില്‍ ഒരാള്‍ ഇരിപ്പുണ്ട്. അയാളോട് നമുക്ക് എത്ര നേരം വേണമെങ്കിലും സംസാരിക്കാം. തിരക്കില്ലാത്തവര്‍ക്കെല്ലാം ബ്ലാ ബ്ലാ കൗണ്ടറിന്റെ സേവനം പ്രയോജനപ്പെടുത്താം. ആ കൗണ്ടറിന് ഒരു പ്രത്യേകയുണ്ടായിരുന്നു. അവിടെ പതിവായി വരുന്നത് പ്രായമായവരായിരുന്നു. അവര്‍ ധാരാളം കഥകള്‍ പറയും. കൊച്ചുമക്കളുടെ കഥകള്‍, അസുഖത്തിന്റെ കഥകള്‍, ഒറ്റപ്പെട്ടുപോയ കഥകള്‍, ബാല്യകാല ഓര്‍മ്മകളുടെ കഥകള്‍... ജീവിതത്തില്‍ അവര്‍ തനിച്ചായിപ്പോയവരാണ്.. വര്‍ത്തമാനങ്ങള്‍ക്ക് പോലും പഴുതില്ലാത്തവര്‍.. സ്വന്തം വീട്ടില്‍ പോലും മറ്റൊരു മനുഷ്യജീവിയുടെ മുഖം കാണാനില്ലാത്തവര്‍. അവര്‍ ഇവിടെ വരുന്നത് മിണ്ടാനാണ്... മിണ്ടിയും പറഞ്ഞും തങ്ങള്‍ ജീവിക്കുന്നുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്താന്‍.. ജീവിതം ഒരുപാട് തിരക്കിലാണിപ്പോള്‍.. ഒന്ന് സംസാരിക്കാന്‍ പോലും ആര്‍ക്കും സമയമില്ല.. ഓരോരുത്തരും ഏകാന്തതയുടേയും നിശബ്ദതയുടേയും തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോകുന്നു.. തിരക്കുകളെല്ലാം ഒഴിഞ്ഞ് മിണ്ടീം പറഞ്ഞുമിരിക്കാമെന്ന് ധരിച്ചാല്‍ അതബദ്ധമാണ്.. കാലം ആരെയും കാത്തുനില്‍ക്കാതെ കടന്നുപോകും.. കാലത്തിനൊപ്പം പ്രിയപ്പെട്ടവരും.. പ്രിയപ്പെട്ട നിമിഷങ്ങളും. തമ്മില്‍ കാണുമ്പോള്‍ ഒന്നു പുഞ്ചിരിക്കാന്‍... രണ്ടു വാക്ക് മനസ്സില്‍ തൊട്ടു സംസാരിക്കാന്‍ ഇന്നുമുതല്‍ നമുക്ക് സമയം കണ്ടെത്താനാകട്ടെ .. - ശുഭദിനം.