◾യുവാക്കള്‍ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. യുവാക്കള്‍ക്ക് ഏറ്റവും വലിയ കരുതല്‍ സര്‍ക്കാരില്‍ നിന്നുണ്ടാകും. നവകേരള സദസിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾കേന്ദ്രം സംസ്ഥാനത്തിനു നേരെ മര്‍ക്കട മുഷ്ടികാണിക്കുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുപ്രീംകോടതിയെ സമീപിച്ചതോടെ കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നുവെന്നും കേസ് പിന്‍വലിച്ചില്ലെങ്കില്‍ തരാനുളളത് തരില്ലെന്നുമാണ് കേന്ദ്രത്തിന്റെ ഭീഷണിയെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രം ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി.
◾ടിപി വധക്കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല ആരോപിച്ചു. കൃത്യം നടപ്പാക്കിയതില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
◾സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട കേസില്‍ എസ്എഫ്ഐഒക്ക് കൂടുതല്‍ രേഖകള്‍ കൈമാറിയെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കരിമണല്‍ ഖനനനവുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്.ധാതുമണല്‍ സമ്പത്ത് കൊള്ളയടിക്കാന്‍ കെഎസ്ഐഡിസി കൂട്ടുനിന്നുവെന്നും കെഎസ്ഐഡിസിയില്‍ ഉദ്യോഗസ്ഥരായിരുന്ന മൂന്ന് പേര്‍ വിരമിക്കലിന് ശേഷം സിഎംആര്‍എല്‍ ഡയറക്ടമാരായിയെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
◾വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ സംഘം സന്ദര്‍ശിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷ്, പാക്കം-വെള്ളച്ചാലില്‍ സ്വദേശി പോള്‍, തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണന്‍, വെളളമുണ്ട പുളിഞ്ഞാല്‍ സ്വദേശി തങ്കച്ചന്‍ എന്നിവരുടെ വീടുകളിലാണ് മന്ത്രി സംഘം സന്ദര്‍ശനം നടത്തിയത്. കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള പാക്കം -കരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത്ത്, കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.
◾മയക്കുവെടിയേറ്റ കാട്ടാനയെ പോലെയാണ് വനംമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് എന്നത് ബോര്‍ഡില്‍ മാത്രമേയുള്ളൂവെന്ന് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പനച്ചിയില്‍ അജീഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
◾വൈകിയെങ്കിലും വനംമന്ത്രി വന്നത് നല്ലകാര്യമെന്ന് മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം. മന്ത്രിതല സമിതിയുടെ തീരുമാനങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലെന്നും കാര്യങ്ങള്‍ മന്ത്രി നന്നായി ഏകോപിപ്പിച്ചെങ്കില്‍ പ്രശ്നം ഉണ്ടാവില്ലായിരുന്നു എന്നും ബിഷപ് പറഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ അനാവശ്യമായി എടുത്ത കേസുകള്‍ ഒഴിവാക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
◾സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളില്‍ നാളെ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്.
◾കെഎസ്ഇബി രാവിലെ വിച്ഛേദിച്ച എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി വൈകുന്നേരമായിട്ടും എത്തിയില്ല. ഒരു തൊഴില്‍ ദിനം മുഴുവന്‍ കളക്ടറേറ്റിലെ 30ഓളം ഓഫീസുകളില്‍ വൈദ്യുതി പ്രതിസന്ധി നീണ്ടു. ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് 30 ഓഫീസുകളിലെ വൈദ്യുതിയാണ് രാവിലെ കെഎസ്ഇബി വിച്ഛേദിച്ചത്.
◾മാതൃഭൂമി ക ഫെസ്റ്റിവല്‍ വേദിയില്‍ ദേശാഭിമാനിക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന വക്കീല്‍ നോട്ടീസ് തള്ളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. 'ദേശാഭിമാനി ആരംഭിച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് കിട്ടിയ പണം കൊണ്ടാണ്' എന്ന പ്രസ്താവന ഒരാഴ്ചയ്ക്കകം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു വക്കീല്‍ നോട്ടീസ്.
◾പോളിസി കാലയളവില്‍ ചരിഞ്ഞ ആനയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിച്ചുവെന്ന പരാതിയില്‍ 4,50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. പാലാ പ്ലാശ്ശനാല്‍ സ്വദേശി ബെന്നി ആന്റണിയുടെ പരാതിയിലാണ് ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടത്.
◾ബിജു പ്രഭാകര്‍ ഐ.എ.എസ് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങി. മൂന്ന് വര്‍ഷവും എട്ട് മാസത്തെയും സേവനത്തിന് ശേഷം കെഎസ്ആര്‍ടിസി സിഎംഡി പദവിയില്‍ നിന്നും, രണ്ടര വര്‍ഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ നിന്നുമാണ് ബിജു പ്രഭാകര്‍ ചുമതല ഒഴിഞ്ഞത്. മന്ത്രി കെ.ബി ഗണേഷ് കുമാറിനെ സന്ദര്‍ശിച്ച് കെഎസ്ആര്‍ടിസിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ പിന്തുണയും ആശംസകളും ബിജു പ്രഭാകര്‍ അറിയിച്ചു.
◾ആനകളുടെയും ആനക്കാരുടെയും പൊതുജനങ്ങളുടെയും സംരക്ഷണം മുന്‍നിര്‍ത്തി ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനും അവശ്യ ഘട്ടത്തില്‍ അപായ സന്ദേശം നല്‍കുന്നതിനുള്ള സംവിധാനവുമടങ്ങുന്ന സമഗ്ര പദ്ധതി രേഖ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചു. പദ്ധതിക്കായി 350 ക്യാമറകള്‍ വേണ്ടിവരും. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
◾പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആനയോട്ടം. 10 ആനകളാണ് ഇത്തവണ ആനയോട്ട ചടങ്ങില്‍ പങ്കെടുക്കുന്നത്.
◾ഗാനമേളകള്‍ ഭയപ്പെടുത്തും വിധമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .സ്റ്റേജുകളില്‍ പാട്ട് പരിപാടികള്‍ അവതരിപ്പിക്കുന്നതു ഭയപ്പെടുത്തും വിധമുള്ള ശബ്ദത്തോടെ ആകരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.. നവകേരള സദസിന്റെ തുടര്‍ച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.
◾കോളേജിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോളേജിന്റെ മൂന്നു നില കെട്ടിടത്തിന് മുകളില്‍ കയറി നിയമ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീഷണി. തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയത്. ഫയര്‍ ഫോഴ്സും പൊലീസും തൊടുപുഴ തഹസീല്‍ദാരും കോളജിലെത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒടുവില്‍ സബ് കളക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തൊടുപുഴ ലോ കോളേജില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനു ശേഷമാണ് ആത്മഹത്യാഭീഷണി മുഴക്കി വിദ്യാര്‍ഥികള്‍ നടത്തിയ സമരം പുലര്‍ച്ചെ ഒന്നിന് അവസാനിപ്പിച്ചത്.
◾മലമ്പുഴ കൂര്‍മ്പാച്ചിമലയില്‍ കയറി കുടുങ്ങിയ ബാബുവിന്റെ അമ്മ റഷീദയും (46), ഇളയസഹോദരന്‍ ഷാജിയും (23) തീവണ്ടി തട്ടി മരിച്ചു. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം-ചെന്നൈ മെയിലിനുമുന്നിലേക്ക് ഇവര്‍ ചാടുകയായിരുന്നെന്നാണ് വിവരം.
◾ചേര്‍ത്തലയില്‍ യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് ശ്യാം ജി ചന്ദ്രനും മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ശ്യാം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
◾തിരുവനന്തപുരം പാലോട് നാഗരയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാഗര സ്വദേശി കെകെ ഭവനില്‍ അനില്‍ കുമാര്‍ (55) , ഭാര്യ ഷീബ (50) എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
◾ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവം. കാരയ്ക്കമണ്ഡപത്ത് പ്രസവത്തിന് പിന്നാലെ പൂന്തുറ സ്വദേശിനി ഷമീന(36)യും കുഞ്ഞും മരിച്ചു. പോലിസ് കേസെടുത്തു.
◾സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം നല്‍കുന്ന കരട് ബില്ലിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ അംഗീകാരത്തിനായി അടുത്ത ദിവസം നിയമസഭയില്‍ അവതരിപ്പിക്കും. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ മറാത്ത സമുദായത്തിന് സംവരണത്തിന് അര്‍ഹതയുണ്ടെന്ന് കരട് ബില്ലില്‍ പറയുന്നു.
◾കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്നും രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിയഞ്ച് വര്‍ഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.
◾പാര്‍ട്ടി വിടുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്. ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിലേക്ക് എത്തുന്നത് സംബന്ധിച്ച കൂടിയാലോചന യോഗത്തില്‍ ഓണ്‍ലൈനായാണ് കമല്‍നാഥ് പങ്കെടുത്തത്.
◾ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. മേയര്‍ തെരഞ്ഞെടുപ്പ് ഫലം സുപ്രീംകോടതി റദ്ദാക്കി. എഎപി -കോണ്‍ഗ്രസ് സഖ്യം വിജയിച്ചതായും എഎപിയുടെ കുല്‍ദീപ് കുമാര്‍ മേയര്‍ ആകുമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചു. ബാലറ്റ് അസാധുവാക്കാന്‍ വരണാധികാരി ശ്രമിച്ചുവെന്ന് കണ്ടെത്തിയ സുപ്രീംകോടതി, കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കളളം പറഞ്ഞ ബിജെപി നേതാവായ വരണാധികാരി അനില്‍ മസിക്കെതിരെ നടപടിക്കും നിര്‍ദ്ദേശിച്ചു.
◾ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. - ജെ.ഡി.എസ്. സഖ്യത്തിന് തോല്‍വി. എന്‍.ഡി.എയ്ക്ക് വേണ്ടി മത്സരിച്ച ജെ.ഡി.എസ്. സ്ഥാനാര്‍ഥി എ.പി. രംഗനാഥിനെ 1506 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി. പുട്ടണ്ണ തോല്‍പ്പിച്ചത്. ബി.ജെ.പിയും - ജെ.ഡി.എസും മുന്നണിയായ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്.
◾തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച ഒരാള്‍ക്ക് മനസ്സുകൊണ്ട് കംപ്യൂട്ടര്‍ കഴ്സര്‍ നിയന്ത്രിക്കാന്‍ സാധിച്ചെന്ന് അവകാശപ്പെട്ട് ന്യൂറലിങ്ക് ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. കംപ്യൂട്ടറുകളെ മനുഷ്യമസ്തിഷ്‌കവുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ന്യൂറലിങ്ക് കമ്പനിയുടെ പരീക്ഷണത്തിലാണ് ഈ ശ്രദ്ധേയമായ മുന്നേറ്റം.
◾ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം വിരാട് കോലിക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. 'അകായ്' എന്നാണ് ആണ്‍കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. വാമിക എന്നാണ് ആദ്യ മകളുടെ പേര്.
◾ഐപിഎല്ലിന്റെ 17-ാം എഡിഷന് മാര്‍ച്ച് 22-ാം തിയതി ചെന്നൈയില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റണ്ണേഴ്സ് അപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സുമാകും ഉദ്ഘാടന മത്സരത്തില്‍ നേര്‍ക്കു നേര്‍ വരികയെന്ന് റിപ്പോര്‍ട്ടുകള്‍.
◾സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ വിവിധ ഓഹരികളിലെ നിക്ഷേപത്തിലൂടെ കൊയ്തത് വന്‍ നേട്ടം. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 20 ലിസ്റ്റഡ് കമ്പനികളിലാണ് നിക്ഷേപമുള്ളത്. ബി.പി.സി.എല്‍, അപ്പോളോ ടയേഴ്‌സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിറ്റാ ജെലാറ്റിന്‍, യുറേക്ക ഫോബ്സ് എന്നിവയില്‍ നിന്നുള്ള നിക്ഷേപങ്ങളില്‍ നിന്ന് മികച്ച മൂലധന വര്‍ധന കൈവരിക്കാന്‍ സാധിച്ചു. ഈ കമ്പനികളുടെ ഓഹരികള്‍ വാങ്ങാനായി ചെലവഴിച്ചത് വെറും 40 കോടി രൂപയാണ്. ഇപ്പോള്‍ ഈ ഓഹരികളുടെ മൂല്യം 900 കോടി രൂപയായി ഉയര്‍ന്നു. അതായത് 2,100 ശതമാനത്തിന്റെ വര്‍ധന. കൊച്ചി ആസ്ഥാനമായ പ്രമുഖ വ്യാവസായിക കെമിക്കല്‍ അസംസ്‌കൃത വസ്തു നിര്‍മ്മാതാക്കളായ നിറ്റ ജെലാറ്റിനിലാണ് കെ.എസ്.ഐ.ഡിസിക്ക് കൂടുതല്‍ നിക്ഷേപമുള്ളത്. ഈ കമ്പനിയില്‍ 13.64 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. നിലവില്‍ അതിന്റെ മൂല്യം 273 കോടി രൂപയായി ഉയര്‍ന്നു. പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ 1966ലാണ് 33.34 ലക്ഷം രൂപക്ക് ഓഹരി വാങ്ങിയത്, ആ ഓഹരികളുടെ നിലവിലെ മൂല്യം 116.38 കോടി രൂപ. പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ അപ്പോളോ ടയേഴ്‌സില്‍ 1972ല്‍ 13.71 കോടി രൂപയാണ് കെ.എസ്.ഐ.ഡി.സി നിക്ഷേപിച്ചത്. മൂല്യം നിലവില്‍ 265 കോടി രൂപയായി. ജിയോജിത് ഫിനാന്‍സില്‍ 1987ല്‍ 50 ലക്ഷം രൂപ നിക്ഷേപിച്ചത് 156.1 കോടി രൂപയായി ഉയര്‍ന്നു. ഈ കമ്പനിയില്‍ 8.36 ശതമാനം ഓഹരികള്‍ കെ.എസ്.ഐ.ഡി.സിക്കുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെ 73 കമ്പനികളില്‍ കെ.എസ്.ഐ.ഡി.സിക്ക് ഓഹരി നിക്ഷേപം ഉണ്ട്. ഇതില്‍ 20 എണ്ണം ലിസ്റ്റഡ് കമ്പനികളാണ് കരിമണല്‍ ഖനന കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂടൈലിലെ ഓഹരി മൂല്യം 31.73 കോടി രൂപ. യൂറേക്ക ഫോബ്സിലെ നിക്ഷേപം 2.71 കോടി രൂപയില്‍ നിന്ന് 21.86 കോടി രൂപയായി വര്‍ധിച്ചു, റബ്ഫില ഇന്റര്‍നാഷണലില്‍ 3.42 കോടി രൂപയുടെ നിക്ഷേപം 21.88 കോടി രൂപയായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 50 ലക്ഷം ഓഹരികള്‍ 9 കോടി രൂപക്ക് വാങ്ങിയിരുന്നു. നിലവില്‍ അവയുടെ മൂല്യം 27.4 കോടി രൂപയാണ്. അതേസമയം, കെ.എസ്.ഐ.ഡി.സിയുടെ ചില ഓഹരി നിക്ഷേപങ്ങള്‍ നഷ്ടത്തില്‍ കലാശിച്ചിട്ടുമുണ്ട്.
◾ഹക്കിം ഷാജഹാന്‍ നായകനാകുന്ന 'കടകന്‍' ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ പുറത്തിറക്കി. ഗ്രാമീണതയുടെ പശ്ചാത്തലത്തില്‍ മാസ്സ് ആക്ഷന്‍ രംഗങ്ങളും നല്ല നാടന്‍ തല്ലും കുറിക്ക് കൊള്ളുന്ന ഡയലോഗുകളും ഉള്‍പ്പെടുത്തി ദൃശ്യാവിഷ്‌ക്കരിച്ച ട്രെയിലര്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അടി, ഇടി, പക, പ്രതികാരം തുടങ്ങി ആരാധകരെ ആകര്‍ഷിക്കാനുള്ള ചേരുവകള്‍ ചേര്‍ത്ത് ഗംഭീര സൗണ്ട് ട്രാക്കോടുകൂടി എത്തുന്ന ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സംവിധാനം നിര്‍വഹിക്കുന്നത് സജില്‍ മമ്പാടാണ്. മാര്‍ച്ച് ഒന്നിനാണ് റിലീസ് ചെയ്യുക. കഥ എഴുതിയിരിക്കുന്നതും സജില്‍ മമ്പാടാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം ജാസിന്‍ ജസീല്‍. ബോധിയും എസ് കെ മമ്പാടും തിരക്കഥ എഴുതിയിരിക്കുന്നു. കടകന്റ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ്. ഖലീലാണ് നിര്‍മ്മാതാവ്. ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവര്‍ ഹക്കീമിനൊപ്പം സുപ്രധാന വേഷത്തിലെത്തുന്നു.
◾വമ്പന്‍ ഹിറ്റിലേക്കു കുതിക്കുന്ന ചിത്രം 'പ്രേമലു'വിലെ പുത്തന്‍ പാട്ട് പ്രേക്ഷകര്‍ക്കരികില്‍. 'വെല്‍ക്കം ടു ഹൈദരാബാദ്' എന്നു തുടങ്ങുന്ന പാട്ടിന് വിഷ്ണു വിജയ് ആണ് ഈണമൊരുക്കിയത്. സുഹൈല്‍ കോയ വരികള്‍ കുറിച്ച പാട്ട് ശക്തിശ്രീ ഗോപാലന്‍, കപില്‍ കപിലന്‍, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാലപിച്ചു. പാട്ട് ഇതിനകം പ്രേക്ഷകഹൃദയങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. മില്യനടുത്ത് പ്രേക്ഷകരെയാണ് പാട്ട് ഇതിനകം സ്വന്തമാക്കിയത്. ഹൈദരാബാദില്‍ എത്തിപ്പെടുന്ന ചെറുപ്പക്കാരുടെ ദൈനംദിന ജീവിതക്കാഴ്ചകളാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രമാണ് 'പ്രേമലു'. നസ്ലിന്‍, മമിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഫെബ്രുവരി 9നു പുറത്തിറങ്ങിയ ചിത്രം അന്നുമുതല്‍ നിറഞ്ഞ കയ്യടി നേടുകയാണ്. ഗിരീഷ് എ.ഡി, കിരണ്‍ ജോസി എന്നിവര്‍ ചേര്‍ന്നാണു 'പ്രേമലു'വിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് 'പ്രേമലു'.
◾പ്രേമലുവില്‍ നസ്ലിനും മമിതയും പറത്തിക്കൊണ്ടുപോകുന്ന ചുവപ്പ് നിറത്തിലുള്ള സ്റ്റൈലിഷ് സ്‌കൂട്ടര്‍ ഒറ്റ നോട്ടത്തില്‍ തന്നെ പലരുടേയും ശ്രദ്ധയാകര്‍ഷിച്ചു. ആ സ്റ്റൈലിഷ് സ്‌കൂട്ടര്‍ ഒരു ഇ.വിയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള റിവര്‍ സ്റ്റാര്‍ട്ട് അപ് പുറത്തിറക്കിയ ഇന്‍ഡി എന്ന ഇ സ്‌കൂട്ടറാണിത്. ചുവപ്പിനു പുറമേ നീല, മഞ്ഞ നിറങ്ങളിലും ലഭ്യമായ റിവര്‍ ഇന്‍ഡിക്ക് 1.38 ലക്ഷം രൂപയാണ് വില. അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും ചേര്‍ന്ന് 2021 മാര്‍ച്ചിലാണ് റിവര്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷം അവര്‍ ഇന്‍ഡി എന്ന വൈദ്യുത സ്‌കൂട്ടറുമായി എത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ചപ്പോള്‍ ഇന്‍ഡിയെ സ്‌കൂട്ടറുകളിലെ എസ് യു വി എന്നാണ് റിവര്‍ വിശേഷിപ്പിച്ചത്. മുന്നിലും പിന്നിലും 14 ഇഞ്ച് വലുപ്പമുള്ള ചക്രങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ ഇ സ്‌കൂട്ടറാണ് ഇന്‍ഡി. 120 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം നല്‍കുന്ന റേഞ്ച്. 1.25 ലക്ഷം രൂപയായിരുന്നു റിവര്‍ ഇന്‍ഡിയുടെ ഇന്‍ട്രൊഡക്ടറി ഓഫറെങ്കില്‍ ഇപ്പോള്‍ 1.38 ലക്ഷം രൂപയാണ് വില. ടാക്‌സും ഇന്‍ഷുറന്‍സും ചേര്‍ക്കുന്നതോടെ വില ഏകദേശം 1.70 ലക്ഷം രൂപയിലെത്തും. യമഹ മോട്ടോര്‍ അടക്കം റിവറില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതുവരെ 68 ദശലക്ഷം ഡോളറിന്റെ(ഏകദേശം 565 കോടി രൂപ) നിക്ഷേപം റിവര്‍ നേടിയിട്ടുണ്ട്.
◾ഒന്ന് കഥയറിയാന്‍ വായിക്കാം. രണ്ട് കാര്യമറിയാന്‍ വായിക്കാം. നിത്യയൗവ്വനത്തിന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം തേടിയുള്ള നായകന്റെ യാത്രകള്‍ അയാള്‍ക്ക് പ്രദാനം ചെയ്യുന്ന അറിവുകള്‍ ഇതേ വഴികളിലൂടെ എഴുത്തുകാരനായ വൈദികന്‍ 10 വര്‍ഷം നടത്തിയ കാട്ടറിവിന്റേയും കടലറിവിന്റേയും നിഘണ്ടുവാണ്. മനുഷ്യന് ആയുസ്സിന്റെ മരുന്നായി മാറുന്ന അപൂര്‍വ്വ സസ്യജാലങ്ങളും അത്യപൂര്‍വ്വ കടല്‍ ജീവികളേയും കുറിച്ചുള്ള അറിവുകള്‍ വസ്തുതാപരമാണെന്നു ബോധ്യപ്പെടാന്‍ എഴുത്തുകാരന്‍ തന്നെ നായകനെ അദ്ധ്യായങ്ങളില്‍ ഉടനീളം അനുഗമിക്കുന്നതുകാണാം. ഈ രണ്ടാം വായനയാണ് 'അവസാനത്തെ അതിഥി'യെ മറ്റു നോവലുകളില്‍ നിന്നും എടുത്തു മാറ്റിവെയ്ക്കാന്‍ നമ്മളെ തോന്നിപ്പിക്കുന്നത്. ഇതൊരുക്കുന്ന 'ഫാന്റസി', കടലിലെ തിമിംഗലത്തോളം വലുതും കാട്ടിലെ പൂപ്പലിനോളം ചെറുതുമാണ്. കാട്ടുമക്കളും കടല്‍മക്കളും തുടങ്ങി മുഖ്യധാരയില്‍ നിന്നു തള്ളിമാറ്റപ്പെട്ട ജനജീവിതം, വ്യക്തി മാഹാത്മ്യം എന്നിവ പുതിയ കാലത്തെ സാഹിത്യസൃഷ്ടികളില്‍ വേണ്ടവിധം കാണാതെ പോവുന്നതിനുള്ള പരിഹാരക്രിയ കൂടിയാണ് ഈ നോവല്‍. 'അവസാനത്തെ അതിഥി'. ഡോ. വി.പി അച്ചന്‍, കൃപാസനം. ഗ്രീന്‍ ബുക്സ്. വില 1425 രൂപ.
◾കാലാവസ്ഥ മാറിയതോടെ എല്ലാവര്‍ക്കും പനിയും ജലദോഷവും. തണുപ്പുകാലം മാറി ഇനി വിയര്‍ത്തു കുളിക്കുന്ന വേനല്‍ച്ചൂടാണ്. വേനല്‍ കാലം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് ആരോഗ്യ കാര്യങ്ങള്‍ നോക്കാം. ശൈത്യകാലം മാറി വേനല്‍ക്കാലമാകുമ്പോള്‍ മരങ്ങളും ചെടുകളുമെല്ലാം പൂക്കാന്‍ തുടങ്ങും. കാണാന്‍ ഭംഗിയാണെങ്കിലും ഇതില്‍ നിന്നും ഉണ്ടാകുന്ന പൂമ്പൊടി പലര്‍ക്കും അവര്‍ജിക്ക് കാരണമാകാം. തുമ്മല്‍, ജലദോഷം, മൂക്കടപ്പ്, കണ്ണിന് ചൊറിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ പൂമ്പൊടി കാരണം ഉണ്ടാകാറുണ്ട്. ചൂടുകാലത്ത് ശരീരം അമിതമായി വിയര്‍ക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. തലകറക്കം, ക്ഷീണം, മൂത്രത്തിന്റെ നിറം മാറ്റം എന്നിവയെല്ലാം നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. വെള്ളം ധാരളമായി കുടിക്കുന്നതും ജലാംശം കൂടുതലടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും നിര്‍ജലീകരണം തടയും. വെയിലത്ത് പുറത്തിറങ്ങുന്നത് സൂര്യാഘാതം, ചര്‍മ്മ പ്രശ്‌നങ്ങള്‍, ചര്‍മ്മാര്‍ബുദം എന്നിവയ്ക്ക് കാരണമാകും. വേനല്‍ കാലത്ത് പുറത്തിറങ്ങുമ്പോള്‍ ശരീരം മൂടുന്ന തരത്തില്‍ വസ്ത്രം ധരിക്കാനും, സണ്‍സ്‌ക്രീം, സണ്‍ഗ്ലാസ് എന്നിവ കരുതാനും മറക്കരുത്. കാലാവസ്ഥയിലെ മാറ്റം ശ്വാസകോശ ആരോഗ്യത്തെ ബാധിക്കാം. ചൂടുകൂടുമ്പോള്‍ അണുബാധ വ്യാപിക്കാനുള്ള അനുയോജ്യമായ സാഹചര്യം ഒരുങ്ങുന്നു. കൈകള്‍ സോപ്പിട്ടു കഴുകുന്നതും തുമ്മുമ്പോള്‍ മുഖം മറയ്ക്കുന്നതുമടക്കമുള്ള ശുചിത്വ മുന്‍കരുതലുകള്‍ ഈ സമയത്ത് പാലിക്കണം. ഇടയ്ക്കിടയ്ക്ക് തൊണ്ടയില്‍ ഉപ്പിട്ട ചൂടുവെള്ളം കൊള്ളുന്നതും ഇടയ്ക്ക് ആവിപിടിക്കുന്നതും ശ്വാസകോശ ബുദ്ധിമുട്ടുകള്‍ക്ക് ശമനം നല്‍കും. വിഷാദത്തിന് സമാനമായ മൂഡ് മാറ്റങ്ങള്‍ക്ക് കാരണമാകുന്ന രോഗമാണ് സീസണല്‍ അഫക്ടീവ് ഡിസോഡര്‍. കാലാവസ്ഥ ചിലരുടെ മാനസികനിലയെ സ്വാധീനിക്കാം. ഉറക്കത്തിന്റെ ക്രമത്തെയും ഇത് ബാധിക്കാം. ഇത്തരം മൂഡ് മാറ്റങ്ങളെ നേരിടാന്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം ആവശ്യമെങ്കില്‍ തേടാവുന്നതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ശില്പങ്ങള്‍ ഉണ്ടാക്കിവിറ്റാണ് ഗുരുവും ശിഷ്യനും ജീവിച്ചിരുന്നത്. ഓരോ ദിവസം കഴിയുന്തോറും ശിഷ്യന്‍ മികച്ച ശില്പങ്ങള്‍ ചെയ്തുവന്നു. അവയ്ക്ക് കൂടുതല്‍ വിലകിട്ടി. പക്ഷേ, ശിഷ്യന്റെ സൃഷ്ടികളില്‍കളെ ഗുരു വിമര്‍ശിച്ചു. എപ്പോഴും പോരായ്മകള്‍ ചൂണ്ടിക്കാട്ടി. ഗുരുവിന് തന്നോട് അസൂയയാണെന്ന് അവന്‍ ധരിച്ചു. അവന്‍ ഗുരുവിനോട് പറഞ്ഞു: ഇനി എനിക്ക് നിര്‍ദ്ദേശങ്ങളുടെ ആവശ്യമില്ല. ഞാന്‍ ഗുരുവിനേക്കാള്‍ നന്നായി ശില്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഗുരു ശിഷ്യനെ വിമര്‍ശിക്കുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും നിര്‍ത്തി. അതോടെ അവന്റെ വളര്‍ച്ചയും അവസാനിച്ചു. ഏറ്റവും മികവ് കുറഞ്ഞ ശിഷ്യനും തന്നേക്കാള്‍ മികച്ചവനാകണം എന്ന് നിര്‍ബന്ധബുദ്ധിയുളളവര്‍ക്ക് മാത്രമേ നല്ല ഗുരുവാകാന്‍ സാധിക്കൂ..അഹം ഇല്ലാത്തവര്‍ക്ക് മാത്രം സാധിക്കുന്നതാണിത്. ഗുരുവിനെ ആശ്രയിക്കണമെന്നല്ല, ഗുരുവിനെ വിശ്വസിക്കാന്‍ സാധിക്കണം. വളര്‍ത്തുന്നവരെ അവിശ്വസിച്ചാല്‍ വളരുന്നവയുടെ വേരുകള്‍ക്ക് ദൃഢതയുണ്ടാകണമെന്നില്ല. ഗുരുക്കന്മാര്‍ക്കും അപൂര്‍ണ്ണതകളുണ്ടാകും. അവര്‍ അവസാനവാക്കാകണമെന്നില്ല. എങ്കിലും മുന്‍പരിചയവും, പലതിനേയും മറികടന്നുളള ശീലവും അവര്‍ക്കുണ്ട്. അനുഭവം കൊണ്ട് സമ്പാദിച്ചവയ്ക്ക് അറിവുകൊണ്ട് നേടിയവ പകരമാകില്ല. മികവിലേക്കുളള വഴികാട്ടികളായി ഒരോ ഗുരുവിനെയും നമുക്ക് സ്വീകരിക്കാം - ശുഭദിനം.