*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 20 ചൊവ്വ

◾നാലാംവട്ട മന്ത്രിതല ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച അഞ്ചുവര്‍ഷ ഫോര്‍മുലയെ തള്ളി കര്‍ഷക സംഘടനകള്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ ആശ്വസിക്കാനൊന്നുമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ നിലപാടെടുത്തു. ചര്‍ച്ചയില്‍ പറയുന്ന കാര്യമല്ല കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയുന്നതെന്നും കര്‍ഷകരോട് കാണിക്കുന്നത് അനീതിയാണെന്നും കര്‍ഷക സംഘടന നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ നാളെ ദില്ലി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

◾കേരളത്തിന് 13,600 കോടി രൂപ വായ്പയെടുക്കാന്‍ കൂടി അനുമതി നല്‍കാമെന്നും ഇതിന് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നും കേന്ദ്രം. എന്നാല്‍ ഹര്‍ജി പിന്‍വലിക്കില്ലെന്നും കേരളത്തിന് അര്‍ഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു.

◾സംസ്ഥാനത്തിന് കേന്ദ്ര വിഹിതം നല്‍കണമെങ്കില്‍ കേരളം നല്‍കിയിട്ടുള്ള കേസ് പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഹര്‍ജി പിന്‍വലിച്ചാലേ വിഹിതം തരികയുള്ളൂ എന്ന് പറയുന്നത് ശരിയല്ല. ഹര്‍ജി ഇല്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതമാണ് ചോദിക്കുന്നത്. മാര്‍ച്ച് 6, 7 തീയതികളില്‍ സുപ്രീം കോടതിയില്‍ വിശദമായ വാദം നടക്കുമെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

◾തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടി എങ്ങനെ ആ ഭാഗത്തെത്തി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു.

◾പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ താഴിലാളികളുടെ തൊഴില്‍ സമയം പുനര്‍ ക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണറുടെ ഉത്തരവ്. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെ വിശ്രമമായിരിക്കും.

◾പ്രകൃതി ദുരന്തങ്ങള്‍ കാരണം നിര്‍മാണപ്രവൃത്തികള്‍ വൈകിയതിന് സര്‍ക്കാര്‍ നിര്‍മാണക്കാലയളവ് അഞ്ചുവര്‍ഷംകൂടി നീട്ടി നല്‍കിയതോടെ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ നടത്തിപ്പവകാശം 65 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിനാകും. കരാര്‍പ്രകാരം 40 വര്‍ഷത്തേക്കാണ് നടത്തിപ്പവകാശം അദാനിക്ക് നല്‍കിയിരുന്നത്. എന്നാല്‍, സ്വന്തം നിലയില്‍ തുക മുടക്കി രണ്ടുംമൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നടത്തിപ്പവകാശം 20 വര്‍ഷത്തേക്കുകൂടി നല്‍കണമെന്ന വ്യവസ്ഥ കൂടി ചേര്‍ന്നതോടെ നടത്തിപ്പവകാശം 65 വര്‍ഷമായി.
  
◾പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസ് എടുത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. പുല്‍പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. യുവതി യുവാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പലരും വിദേശത്തു പോകാന്‍ നില്‍ക്കുന്നവരാണ്. കേസെടുത്താല്‍ ഇപ്പോള്‍ വയനാട് നേരിടുന്ന പ്രശ്നം മാറുമോയെന്നും ബിഷപ്പ് ചോദിച്ചു.

◾വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെയും, പോളിന്റെയും വീടുകളില്‍ സന്ദര്‍ശിച്ച ഗവര്‍ണര്‍ മൂന്നാഴ്ച മുമ്പ് കാട്ടാനാ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ പതിനാറുകാരന്‍ ശരത്തിനെ കണ്ട്, ചികിത്സ സഹായത്തിന് വഴി ഒരുക്കുമെന്ന് ഉറപ്പു നല്‍കി.

◾കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസ്സോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി ഉത്തരവില്‍ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീംകോടതിയുടെ വാക്കാല്‍ പരാമര്‍ശം. യുജിസി ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നാണ് വാദം കേട്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോള്‍ വാക്കാല്‍ നീരീക്ഷിച്ചത്.

◾സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ പദവികളില്‍ മാറ്റം. ഗതാഗത വകുപ്പ് സെക്രട്ടറിയും കെഎസ്ആര്‍ടിസി എം.ഡിയുമായ ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. ലേബര്‍ കമ്മീഷണറായ കെ. വാസുകിക്കാണ് ഗതാഗത വകുപ്പിന്റെ അധിക ചുമതല. ലോക കേരള സഭയുടെ ഡയറക്ടര്‍ പദവി കൂടി അവര്‍ വഹിക്കും. മൈനിങ്, ജിയോളജി, പ്ലാന്റേഷന്‍, കയര്‍, ഹാന്റ്ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്. അര്‍ജ്ജുന്‍ പാണ്ഡ്യനെ പുതിയ ലേബര്‍ കമ്മീഷണറായും സൗരഭ് ജയിനിനെ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.

◾ഷൊര്‍ണൂരിലെ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ അമ്മ ശില്‍പയെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.

◾മസാലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇ.ഡി. എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഐസക്കിനറിയാം. അറസ്റ്റുള്‍പ്പെടെ ഉണ്ടാകില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.

◾കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാനുള്ള യജ്ഞത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഷെഡ്ഡില്‍ കിടക്കുന്ന 836 വണ്ടികള്‍ പണിയെല്ലാം തീര്‍ത്ത് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. അതില്‍ 80 വണ്ടികള്‍ ഉടനെ തന്നെ പണിയെല്ലാം തീര്‍ത്ത് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഉടന്‍ പുനരാരംഭിക്കുമെ ന്നും സഹകരണ ബാങ്കുകളുമായി കെഎസ്ആര്‍ടിസി കരാര്‍ ഉണ്ടാക്കിയെന്നും പന്ത്രണ്ട് മാസത്തേക്ക് പെന്‍ഷന്‍ മുടങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി..

◾പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ നേട്ടങ്ങളെ പറ്റി പറയാന്‍ ഇല്ലെന്നും ക്ഷേത്രങ്ങളുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയതക്ക് എതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുറ്റപ്പെടുത്തി.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ പോലും കാണാത്ത ധിക്കാരമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നിര്‍ത്തിയ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന് തയ്യാറാവണമെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.

◾വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലക്ഷ്യം വച്ച 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കി എന്നും മന്ത്രി പറഞ്ഞു.

◾കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങും വഴി മട്ടന്നൂരില്‍ വച്ചാണ് ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഗവര്‍ണര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ചു. സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് ഗവര്‍ണറെ വലയം ചെയ്ത് വാഹനത്തിലേക്ക് തിരികെ കയറ്റി.

◾ടി പി വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഹൈക്കോടതി വിധി വെച്ച് വീണ്ടും സിപിഎമ്മിനെ വേട്ടയാടാന്‍ ശ്രമമെന്നും കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാകില്ലെന്നും കുഞ്ഞനന്തന്‍ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയാണെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

◾ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട് സ്വദേശിനി ആരതിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് രാവിലെ നടു റോഡില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

◾മോഷണം നടത്തി കാടുകയറി ഒളിച്ചിരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് കറുകവളപ്പില്‍ അശോകന് ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. കാഞ്ഞിരപ്പൊയില്‍ സ്വദേശി വിജിതയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് ശിക്ഷ. ഹൊസ്ദുര്‍ഗ് സബ് കോടതി ജഡ്ജി എംസി ബിജുവാണ് അശോകന് ഏഴ് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

◾അന്ധനായ യുവാവിനെയും അമ്മയെയും മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലം പാരിപ്പള്ളി, ശ്രീരാമപുരം, രാജീവ്ഗാന്ധി കോളനിയില്‍ ഷമീര്‍ മന്‍സിലില്‍ ഷമീര്‍(44) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. മുന്‍വിരോധമാണ് അന്ധനായ യുവാവിനെതിരായ അതിക്രമത്തിന് കാരണമായതെന്ന് പൊലീലസ് പറഞ്ഞു.

◾ജാര്‍ഖണ്ഡിലെ സെറൈകെല - ഖര്‍സ്വാന്‍ ജില്ലയില്‍ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി മൂന്ന് കുട്ടികളെയും എടുത്ത് കിണറ്റില്‍ ചാടി. ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികള്‍ മൂന്ന് പേരും മരിച്ചു.

◾ഓപ്പറേഷന്‍, മാനേജ്‌മെന്റ് ആന്‍ഡ് ഡെലിവറി എഗ്രിമെന്റ് അനുസരിച്ച് വിമാനം ലാന്‍ഡ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ ആദ്യത്തെ ചെക്ക്-ഇന്‍ ബാഗും 30 മിനിറ്റിനുള്ളില്‍ അവസാന ബാഗും ബെല്‍റ്റില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദേശം നല്‍കി. ഈ നിയമങ്ങള്‍ പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഫെബ്രുവരി 26 വരെ എല്ലാ എയര്‍ലൈനുകള്‍ക്ക് സമയം നല്‍കിയിട്ടുണ്ട്.

◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ രാഹുല്‍ വയനാട്ടിലല്ല, ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് മത്സരിക്കണമെന്നാണ് സ്മൃതി ഇറാനിയുടെ വെല്ലുവിളി.  

◾കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗമായ രാജസ്ഥാനിലെ എംഎല്‍എ മഹേന്ദ്രജീത് സിംഗ് മാളവ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതൃ സ്ഥാനത്തിനായി അവകാശം ഉന്നയിച്ചിരുന്ന ഇദ്ദേഹത്തെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പരിഗണിക്കാത്തതില്‍ രോഷാകുലനായാണ് പാര്‍ട്ടി വിട്ടത്.

◾പേടിഎം പേയ്മെന്റ് ബാങ്കിനോട് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകളില്‍ ഇനി നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ബാങ്കിന് സാധിക്കില്ല. ഫെബ്രുവരി 29 വരെയാണ് പേടിഎം പേയ്മെന്റ് ബാങ്കിന് പ്രവര്‍ത്തന അനുമതി നല്‍കിയിരുന്നതെങ്കിലും, ഇത് മാര്‍ച്ച് 15 വരെ ഇപ്പോള്‍ ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്.

◾ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിച്ച് 8 വോട്ടകള്‍ അസാധുവാക്കിയ വരണാധികാരി അനില്‍ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീം കോടതി. ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര വീഴ്ചയെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. മൂന്ന് എഎപി കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് കൂറുമാറിയതിനെ ചൂണ്ടികാട്ടി 'കുതിരക്കച്ചവടം' ഗൗരവമുള്ള കാര്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.

◾ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുക്കുന്ന താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാതെ പലതാരങ്ങളും ഐപിഎല്ലിനായി തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ജയ്ഷായുടെ പരാമര്‍ശം.

◾മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സും ഫാഷന്‍ ആക്സസറി നിര്‍മ്മാതാക്കളായ ടൈറ്റനും മികച്ച 100 ആഡംബര ബ്രാന്‍ഡുകളുടെ ആഗോള പട്ടികയില്‍ ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്ന് നാല് ജ്വല്ലറി സ്ഥാപനങ്ങളും ആഗോള റാങ്കിങ്ങില്‍ ഇടം പിടിച്ചിട്ടുണ്ട്. ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ ഗ്ലോബല്‍ പവേഴ്‌സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 പട്ടികയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആദ്യമായാണ് ഇടം നേടുന്നത്. ഇന്ത്യന്‍ അന്താരാഷ്ട്ര ജ്വല്ലറി ബ്രാന്‍ഡായി മലബാര്‍ ഗോള്‍ഡ് 19-ാം സ്ഥാനത്തെത്തി. ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റന്‍ കമ്പനി 24-ാം സ്ഥാനം നേടി. കല്യാണ്‍ ജ്വല്ലേഴ്സും ജോയ് ആലുക്കാസും യഥാക്രമം 46, 47 സ്ഥാനത്താണ്. മറ്റ് രണ്ട് ജ്വല്ലറി നിര്‍മ്മാതാക്കളായ സെന്‍കോ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, തങ്കമയില്‍ ജ്വല്ലറിയും എന്നിവ യഥാക്രമം 78-ഉം 98-ഉം സ്ഥാനത്താണ്. വൈവിധ്യമാര്‍ന്ന ഫ്രഞ്ച് ലക്ഷ്വറി കമ്പനിയായ എല്‍വിഎംഎച്ച് പട്ടികയില്‍ ഒന്നാമതെത്തി. 2023 ലെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 4 ബില്യണ്‍ ഡോളറിലധികം മൂല്യത്തോടെയാണ് മലബാര്‍ ഗോള്‍ഡ് പട്ടികയില്‍ ആദ്യമായി ഇടം കണ്ടെത്തിയത്. ടൈറ്റന്റെ വിറ്റുവരവ് 3.67 ബില്യണ്‍ ഡോളറാണ്.

◾'പവര്‍പാണ്ടി' എന്ന ചിത്രത്തിന് ശേഷം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'റായന്‍' ടൈറ്റില്‍ ആന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ധനുഷ് തന്നെ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം താരത്തിന്റെ കരിയറിലെ അന്‍പതാമത് ചിത്രം കൂടിയാണ്. ചോരയൊലിക്കുന്ന ആയുധം കയ്യിലേന്തിയാണ് ധനുഷ് പോസ്റ്ററിലുള്ളത്. കൂടെ കത്തിയുമായി കാളിദാസ് ജയറാമും സന്ദീപ് കിഷനുമുണ്ട്. ആക്ഷന്‍- ത്രില്ലര്‍ ഴോണറില്‍ ആയിരിക്കും ചിത്രമെത്തുക എന്ന് ഇതിനോടകം ഉറപ്പായിട്ടുണ്ട്. കാളിദാസ് ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ത്യാ മേനോന്‍, അപര്‍ണ ബാലമുരളി, അനിഖ സുരേന്ദ്രന്‍,സന്ദീപ് കിഷന്‍, എസ് ജെ സൂര്യ, സെല്‍വരാഘവന്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എ. ആര്‍ റഹ്‌മാനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് റായന്‍ നിര്‍മ്മിക്കുന്നത്. ഓം പ്രകാശ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ജി കെ പ്രസന്നയാണ്. ഈ വര്‍ഷം പകുതിയോടെ ചിത്രം വിവിധ ഭാഷകളിലായി തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'മലൈക്കോട്ടൈ വാലിബന്‍' ഒടിടിയിലേക്ക്. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ആദ്യ ദിവസത്തെ നെഗറ്റീവ് അഭിപ്രായങ്ങള്‍ കൂടാതെ പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചുതുടങ്ങിയിരുന്നു. ഇനി ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമ്പോള്‍ സിനിമയ്ക്ക് കൂടുതല്‍ പ്രശംസകളും മറ്റും ലഭിക്കുമെന്നാണ് സിനിമാ പ്രേമികളും ആരാധകരും കണക്കുകൂട്ടുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 23 മുതല്‍ ചിത്രം ഒടിടിയില്‍ ലഭ്യമായി തുടങ്ങും. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

◾ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിയായ മിറ്റ്‌സുബിഷി ഇന്ത്യന്‍ കാര്‍ വിപണിയില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇന്ത്യയില്‍ ഉടനീളം കാര്‍ ഡീലര്‍ഷിപ്പുകള്‍ നടത്തുന്ന ടിവിഎസ് മൊബിലിറ്റിയുടെ 30 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കി ഇന്ത്യയില്‍ വീണ്ടും സാന്നിധ്യം അറിയിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മിറ്റ്‌സുബിഷിയുടെ നിക്ഷേപം 500 കോടി ഡോളര്‍ മുതല്‍ 1000 കോടി ഡോളര്‍ വരെ വരുമെന്നാണു കണക്കാക്കുന്നത്. കരാര്‍ പൂര്‍ത്തിയാകുന്നതോടെ, മിറ്റ്‌സുബിഷി തങ്ങളുടെ ജീവനക്കാരെ ടിവിഎസ് മൊബിലിറ്റി ഡീലര്‍ഷിപ്പുകളില്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടിവിഎസ് മൊബിലിറ്റിക്ക് രാജ്യമൊട്ടാകെ 150-ഓളം ഔട്ട്ലെറ്റുകള്‍ അടങ്ങിയ ശൃംഖലയാണുള്ളത്. ഇത് പ്രയോജനപ്പെടുത്തി ഓരോ കാര്‍ ബ്രാന്‍ഡിനായി പ്രത്യേക സ്റ്റോറുകള്‍ സ്ഥാപിക്കും. ടിവിഎസ് മൊബിലിറ്റി നിയന്ത്രിക്കുന്നതിനാല്‍ ഹോണ്ടയുടെ കാര്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനാണ് ഡീലര്‍ഷിപ്പിന്റെ പ്രാഥമിക ശ്രദ്ധ. കരാറിലൂടെ രാജ്യത്ത് ജാപ്പനീസ് കാര്‍ നിര വിപുലീകരിക്കാനാണ് മിറ്റ്‌സുബിഷി ലക്ഷ്യമിടുന്നത്. ഈ ഡീലര്‍ഷിപ്പുകള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ വിശാലമായ ശ്രേണിയും അവതരിപ്പിക്കും.

◾മാംസനിബദ്ധമല്ല രാഗം എന്ന പ്രസ്താവം പ്രണയമെന്ന മനുഷ്യചോദനയുടെമേല്‍ വല്ലാത്ത ഭാരം കയറ്റിവെച്ചിട്ടുണ്ട്. പിന്നെ എന്താണ് പ്രണയം. ഏറ്റവും ഉല്‍ക്കൃഷ്ടമായ ഒന്നാണ് പ്രണയം. അടിക്കാടുകള്‍ തഴയ്ക്കുന്ന, വന്‍വൃക്ഷങ്ങള്‍ കിളരുന്ന, ഋതുക്കള്‍ നൃത്തംചെയ്യുന്ന, പ്രണയമഹാവനം പ്രതിബിംബിക്കുന്ന ഒരു കാട്ടുപൊയ്കയില്‍ ചന്ദ്രികയുടെ പ്രണയസങ്കല്പങ്ങള്‍ ഒരു മത്സ്യംപോലെ എത്രയും സ്വാഭാവികമായി ഒഴുകിനീന്തുന്നതായി 18 പ്രണയകഥകള്‍ വായിക്കുന്പോള്‍ അനുഭവപ്പെടുന്നു. '18 പ്രണയകഥകള്‍'. സി എസ് ചന്ദ്രിക. ഡിസി ബുക്സ്. വില 237 രൂപ.

◾കോവിഡ് ഭേദമായ ഇന്ത്യക്കാരില്‍ വലിയ ശതമാനം പേരും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ലക്ഷണങ്ങളും നേരിട്ടതായി പഠനം. യൂറോപ്യന്‍മാരെയും ചൈനക്കാരെയും അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായിരുന്നുവെന്നും പഠനം പറഞ്ഞു. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം പറയുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട ചിലര്‍ ഒരു വര്‍ഷത്തിനുള്ളില്‍ സാധാരണ നിലയിലേക്ക് മടങ്ങിവരാം, മറ്റുള്ളവര്‍ക്ക് ജീവിതകാലം മുഴുവന്‍ ശ്വാസകോശ സംബന്ധമായ തകരാറുമായി ജീവിക്കേണ്ടി വന്നേക്കാമെന്നും പഠനം പറയുന്നു. ശ്വാസകോശ പ്രവര്‍ത്തനത്തില്‍ കോവിഡിന്റെ സ്വാധീനം പരിശോധിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പഠനമാണ് നടന്നത്. 207 വ്യക്തികളിലാണ് പഠനം നടത്തിയത്. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ നടത്തിയ ഈ പഠനം അടുത്തിടെ പ്ലോസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. സാധാരണ രീതിയില്‍ കോവിഡ് ബാധിച്ച് രണ്ട് മാസത്തിന് ശേഷം നെഗറ്റീവായ ഈ രോഗികളില്‍ പൂര്‍ണ്ണ ശ്വാസകോശ പ്രവര്‍ത്തന പരിശോധന, ആറ് മിനിറ്റ് നടത്ത പരിശോധന, രക്തപരിശോധന, ജീവിത നിലവാരം എന്നിവയും പഠന വിധേയമാക്കി. രക്തത്തിലേക്ക് ഓക്‌സിജന്‍ കൈമാറാനുള്ള കഴിവ് 44 ശതമാനം പേരെ ബാധിച്ചു. 35 ശതമാനം പേരില്‍ നിയന്ത്രിത ശ്വാസകോശ വൈകല്യം കണ്ടെത്തി. ഇവരില്‍ ശ്വസന സമയത്ത് വികസിക്കാനുള്ള ശ്വാസകോശത്തിന്റെ കഴിവ് കുറച്ചതായി കണ്ടെത്തി. 8.3 ശതമാനം പേര്‍ക്ക് ശ്വാസകോശത്തിനകത്തും പുറത്തും വായുവിന്റെ സഞ്ചാരത്തെ ബാധിച്ചതായും പഠനത്തില്‍ കണ്ടെത്തി.

*ശുഭദിനം*
*കവിത കണ്ണന്‍*
നൃത്തം അയാള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, മറ്റുള്ളവരുടെ മുന്‍പില്‍ ഒരു ചുവട് വെയ്ക്കാന്‍ പോലും അയാള്‍ക്ക് ഭയമായിരുന്നു. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ക്കിടെ നൃത്തം ചെയ്യാന്‍ ആരെങ്കിലും അയാളെ വിളിച്ചാല്‍ അയാള്‍ തന്ത്രപൂര്‍വ്വം ഒഴിവാകുമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തക വിരുന്നിനിടെ അദ്ദേഹത്തെ നൃത്തം ചെയ്യാന്‍ ക്ഷണിച്ചു. പരസ്യമായ ക്ഷണമായതുകൊണ്ട് തന്നെ ഒഴിഞ്ഞുമാറുവാന്‍ അയാള്‍ക്കായില്ല. കാല്‍വിരലിലൂന്നി ആളുകള്‍ നൃത്തം ചെയ്യുന്നത് കണ്ട് അയാള്‍ക്ക് ഭയമായി. ആ ധര്‍മ്മസങ്കടം മനസ്സിലാക്കിയ സഹപ്രവര്‍ത്തക അയാളുടെ കാതില്‍ പറഞ്ഞു: നീ വേറെയാരേയും ശ്രദ്ധിക്കേണ്ട. നിന്റെ ഉള്ളിലേക്ക് വരുന്ന സംഗീതത്തെ മാത്രം ശ്രദ്ധിക്കുക. അതിന്റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുക. അയാള്‍ സാവധാനം അപ്രകാരം ചെയ്തു. അങ്ങനെ നൃത്തം ജീവിതത്തിലാദ്യമായി അയാളിലേക്കെത്തി ഭയം ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ആ ഭയത്തെ മുഖാമുഖം നേരിടുക എന്നതാണ്. ഭയത്തെ രണ്ടുതരത്തില്‍ നമുക്ക് സമീപിക്കാം. ഒന്ന്. അതില്‍ നിന്നും ഒളിച്ചോടി. രണ്ട്, അതിനെ അഭിമുഖീകരിച്ച്. ഒളിച്ചോടുന്നവര്‍ക്ക് എന്നും ഒളിത്താവളങ്ങളില്‍ മാത്രമേ സ്ഥാനമുണ്ടാകൂ.. പേടിക്കുന്ന എന്തിനെയും നേരിട്ട് അഭിമുഖീകരിച്ചാല്‍ പേടി എത്ര അസ്ഥാനത്തായിരുന്നു എന്ന് നമുക്ക് മനസ്സിലാകും. നമ്മുടെ ഒളിത്താവളങ്ങളെ നമുക്ക് ഒഴിഞ്ഞുകൊടുക്കാം, ജീവിതത്തെ, പ്രശ്നങ്ങളെ, ഭയത്തെ സധൈര്യം അഭിമുഖീരിക്കാന്‍ ശീലിക്കാം എന്തെന്നാല്‍ അവിടെ മാത്രമേ പുതുമയും വളര്‍ച്ചയും കണ്ടെത്താനാകൂ - ശുഭദിനം.