*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 2 വെള്ളി

◾സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്നു കേന്ദ്ര ബജറ്റ്. നികുതി നിരക്കുകളില്‍ മാറ്റമില്ല. ധനമന്ത്രി നിര്‍മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍: ഭക്ഷ്യം, വളം, ഇന്ധനം എന്നീ വിഭാഗങ്ങളിലെ സബ്സിഡി എട്ടു ശതമാനം വെട്ടിക്കുറയ്ക്കും, അഞ്ചു വര്‍ഷത്തിനകം അഞ്ചു കോടി വീടുകള്‍, ഒരു കോടി വീടുകളില്‍കൂടി സോളാര്‍ പദ്ധതി, റെയില്‍വേ നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും, മൂന്ന് റെയില്‍വെ ഇടനാഴി തുടങ്ങും, വിമാനത്താവളങ്ങള്‍ നവീകരിക്കും, കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങും, ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങള്‍ക്കു പ്രോല്‍സാഹനം. ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി ജൂലൈ മാസത്തില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. പത്തു വര്‍ഷം മോദി സര്‍ക്കാര്‍ ചെയ്ത ജനക്ഷേമ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്ന ബജറ്റാണ് 58 മിനിറ്റുകൊണ്ട് അവതരിപ്പിച്ചത്.

◾സ്ത്രീകളുടെ ചെറുകിട സ്വകാര്യ സംരംഭങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കുമെന്ന് കേന്ദ്ര ബജറ്റ്. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായ 'ലക്ഷാധിപതി ദീദി' രണ്ടു കോടി സ്ത്രീകളില്‍നിന്ന് മൂന്നു കോടി വനിതാ സംരഭകരിലേക്കു വളര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ആണ് 'ലക്ഷാധിപതി ദീദി' പദ്ധതി പ്രഖ്യാപിച്ചത്. സ്വാശ്രയ സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകള്‍ക്കു പരിശീലനം നല്‍കി സംരംഭകരാക്കുന്ന പദ്ധതിയാണിത്.

◾പ്രധാനമന്ത്രി മുദ്ര യോജനയ്ക്കു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 22.5 ലക്ഷം കോടി രൂപ മൂല്യമുള്ള 43 കോടി വായ്പകള്‍ ന്‍കിയെന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ 34 ലക്ഷം കോടി രൂപ നല്‍കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്ത്രീകള്‍ക്ക് 30 കോടി മുദ്ര യോജന വായ്പകള്‍ നല്‍കിയിട്ടുണ്ട്. മുദ്ര വായ്പയുടെ കിട്ടാക്കടം 2.68 ശതമാനമാണ് ധനമന്ത്രി പറഞ്ഞു.

◾രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമാണു കേരളമെന്നും പൊലീസിനെ ജനസൗഹൃദമായി മാറ്റിയെടുത്തെന്നുമുള്ള അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിശദമായ അപ്പീല്‍ കോടതിയിലുള്ളതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ എസ്ഐ ടി.ഡി. സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ പ്രതിയായ അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടികാട്ടുകയും നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണു സസ്പെന്‍ഷന്‍.

◾വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ കോടതി വിധി വായിച്ചാല്‍ അപമാന ഭാരത്താല്‍ തല കുനിച്ചു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍. സിപിഎമ്മുകാരനായ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് തുടക്കംമുതലേ പോലീസ് നടത്തിയതെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്. പ്രോസിക്യൂഷന്‍ എല്ലാ തെളിവുകളും നശിപ്പിച്ചെന്ന് വി ഡി സതീശന്‍ പറഞ്ഞു.

◾പൊലീസുകാര്‍ പൊതുജനങ്ങളോടു മോശമായി പെരുമാറുന്നതു മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി ഹൈക്കോടതിയില്‍. ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് എസ്.ഐ മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നിലപാട് അറിയിച്ചത്. മാനസിക സമ്മര്‍ദ്ദം മോശമായി പെരുമാറാനുള്ള ലൈസന്‍സല്ലെന്നു കോടതി ഓര്‍മ്മിപ്പിച്ചു. പോലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച പുതിയ സര്‍ക്കുലര്‍ എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു.

◾കേരളത്തിലെ റെയില്‍വേ വികസനത്തിന് യുപിഎ സര്‍ക്കാര്‍ നല്‍കിയ 372 കോടി രൂപയുടെ സ്ഥാനത്തു മോദി സര്‍ക്കാര്‍ 2744 കോടി രൂപ കേരളത്തിനു നല്‍കിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മൂന്നു പുതിയ റെയില്‍വേ കോറിഡോറുകളില്‍ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ കേരളത്തിനും വലിയ ഗുണം ലഭിക്കും. റെയില്‍വേ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടുതല്‍ പിന്തുണ വേണം. സില്‍വര്‍ ലൈനില്‍ കേരളത്തിനു താല്പര്യം കാണുന്നില്ലെന്നും പദ്ധതി ഉപേക്ഷിച്ചോയെന്ന് കേരള സര്‍ക്കാരിനോട് ആരായുമെന്നും മന്ത്രി പറഞ്ഞു.

◾സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി കേരള സര്‍ക്കാര്‍ താത്പര്യം കാണിച്ചില്ലെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നു മന്ത്രി വി അബ്ദുറഹ്‌മാന്‍. മൂന്നു തവണ കേന്ദ്രമന്ത്രിയുമായി സംസാരിച്ചെന്നും കേരളത്തോട് അവഗണനയാണ് കാണിച്ചതെന്നും മന്ത്രി പറഞ്ഞു.

◾എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ദന്തല്‍ സര്‍ജന്‍, ഒരു ദന്തല്‍ ഹൈജീനിസ്റ്റ്, ഒരു ദന്തല്‍ മെക്കാനിക്ക് എന്നീ തസ്തികകളോടുകൂടിയ ദന്തല്‍ യൂണിറ്റ് സജ്ജമാക്കും. അഞ്ചു താലൂക്ക് ആശുപത്രികളില്‍ അടുത്ത ദിവസം പുതുതായി ദന്തല്‍ യൂണിറ്റ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

◾ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് സ്ഥിരം അംഗീകാരം അഴിക്കല്‍ തുറമുഖത്തിനും ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍. തുറമുഖത്തിന് പുതിയ വികസന സാധ്യത തുറന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജികിനെതിരായ അന്വേഷണം പരിഹാസ്യമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. ഒരു കുടുംബത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നു പറഞ്ഞ ബാലന്‍ അതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു.

◾മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി എന്‍ഫോഴ്സ്മെന്റിനു നോട്ടീസ് അയച്ചു. വെള്ളിയാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നില്‍കണമെന്നാണ് നിര്‍ദ്ദേശം.

◾കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തിലെ നിരക്കിന് തുല്യമാക്കണമെന്ന് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടികാഴ്ചയില്‍ 510 ഡോളര്‍ കുറയ്ക്കാമെന്ന മന്ത്രിയുടെ ഉറപ്പ് അപര്യാപ്തമാണെന്നും എം പിമാര്‍ പറഞ്ഞു.

◾കേരളത്തിന്റെ ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും കേന്ദ്ര ബജറ്റ് പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരാക്കുന്നതുമാണ് ബജറ്റ്. റബ്ബര്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി ആഭ്യന്തര റബ്ബര്‍ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

◾പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റാണു ബജറ്റെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ ഒന്നുമില്ല. തൊഴില്‍, വരുമാന അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഒരു നിര്‍ദേശവുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ ആകെ ചെലവിന്റെ 25 ശതമാനവും പലിശയിലേക്കാണ് പോകുന്നത്. ആകെ വരുമാനത്തിന്റെ 36 ശതമാനവും കടമെടുപ്പിലൂടെയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളില്ല. ബാലഗോപാല്‍ പറഞ്ഞു.

◾കേന്ദ്ര ബജറ്റ് കേരളത്തിനു നേട്ടമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയതിന് ആനുപാതികമായി കേരളത്തിന് പണം ലഭിക്കും. ഈ വര്‍ഷം 23,48,082 കോടി രൂപ കേരളത്തിന് അധികം ലഭിക്കും. ഇതോടെ കേന്ദ്ര വിരുദ്ധ സമരത്തിനിറങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളുടെ മുന ഒടിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◾ജനവിരുദ്ധ ബജറ്റാണെന്നു മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. പുതിയ പദ്ധതികളൊന്നുമില്ലാത്ത വെറും വാചക മേളയാണ് ബജറ്റ്. തിന്നാന്‍ വല്ലതും ഉണ്ടെങ്കിലെ പാചകത്തില്‍ കാര്യമുള്ളുവെന്നും തോമസ് ഐസക്ക് പരിഹസിച്ചു.

◾കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കു മാത്രം മുന്‍ഗണന നല്‍കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് കേന്ദ്ര ബജറ്റെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തെ സംബന്ധിച്ചടുത്തോളം ബജറ്റ് നിരാശാജനകമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്നും അദ്ദേഹം പറഞ്ഞു.

◾മതമേലധ്യക്ഷന്മാരുടെ അനുഗ്രഹത്തോടെയാണ് ബിജെപിയില്‍ അംഗത്വമെടുത്തതെന്ന് പി.സി ജോര്‍ജ്. ബിജെപി നേതൃത്വം പറഞ്ഞാല്‍ കേരളത്തില്‍ എവിടെയും മത്സരിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. മണിപ്പൂരില്‍ നടക്കുന്നത് വംശീയ കലാപമാണെന്നും ബ്രിട്ടീഷ് ഭരണകാലത്ത് മുതല്‍ കലാപം നിലനില്‍ക്കുന്നുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

◾പാലാ നഗരസഭയിലെ ഇയര്‍പോഡ് മോഷണം പോയതിനു സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ പോലീസില്‍ പരാതി നല്‍കി. ഇയര്‍പോഡിന്റെ സഞ്ചാരപഥം വ്യക്തമാക്കുന്ന 75 തെളിവുകള്‍ അടക്കമാണ് സിപിഎം നേതാവിനെതിരെ പരാതി നല്‍കിയത്. മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണു സിപിഎം കൗണ്‍സിലറുടെ പ്രതികരണം.

◾യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അഡ്വ. ബി എ ആളൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. പരാതി കെട്ടിച്ചമച്ചതാണെന്ന് ആളൂര്‍ പറഞ്ഞു.

◾സുല്‍ത്താന്‍ ബത്തേരി മൈസൂരു പാതയില്‍ കാട്ടാനയുടെ ആക്രമണം. രണ്ടു പേര്‍ തലനാരിഴയ്ക്കു രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഓടി രക്ഷപ്പെടുന്നതിനിടെ ഒരാള്‍ താഴെ വീണെങ്കിലും ആന ആക്രമിച്ചില്ല.

◾ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളെ വധശിക്ഷക്കു വിധിച്ചതിനെത്തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷം പ്രചാരണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്തിലെ നസീര്‍ മോന്‍ (47), മംഗലപുരം റാഫി (38), ആലപ്പുഴ നവാസ് നൈന (42), അമ്പലപ്പുഴ ഷാജഹാന്‍ (36) എന്നിവരാണ് അറസ്റ്റിലായത്.

◾കൊടുങ്ങല്ലൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചു. കണ്‍ട്രോള്‍ റൂമിലെ എസ്.ഐ റാങ്കുള്ള ഡ്രൈവര്‍ മേത്തല എല്‍ത്തുരുത്ത് സ്വദേശി 55 വയസുള്ള രാജുവാണ് മരിച്ചത്.

◾ഒളിക്യാമറ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കഞ്ചിക്കോട് സ്വദേശി ഡി.ആരോഗ്യസ്വാമിയെ (28) ആണ് പൊലീസ് അറസ്റ്റു ചെയ്തത്.

◾മലപ്പുറം കോട്ടക്കലിനടുത്ത പാലപ്പുറയില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ അഞ്ജാത മൃതദേഹം. മുപ്പത് വയസു തോന്നുന്ന ഇതര സംസ്ഥാന തൊഴിലാളിയുടേതാണെന്നാണ് നിഗമനം.

◾തിരുവനന്തപുരം പോത്തന്‍കോട് തേനീച്ചയുടെ കുത്തേറ്റ് ആറു പേര്‍ക്ക് പരിക്ക്. ചാത്തന്‍പാട് സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ നിര്‍മ്മാണ സാമഗ്രികള്‍ കയറ്റാനെത്തിയ തൊഴിലാളികള്‍ക്കാണ് കുത്തേറ്റത്.

◾ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഒരു ദിവസം മുഴുവന്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രാത്രി പതിനൊന്നോടെയാണ് ചംപായി സോറനെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. എംഎല്‍എമാരെ ബിജെപി റാഞ്ചുമെന്ന ഭീതിയില്‍ ജാര്‍ക്കണ്ഡ് മുക്തി മോര്‍ച്ചയുടെ 43 എംഎല്‍എമാരെ ഹൈദരാബാദിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാലാവസ്ഥ മോശമായതിനാല്‍ വിമാനസര്‍വീസുകളെല്ലാം നിര്‍ത്തിവച്ചിരുന്നു.

◾വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അടിയന്തര വാദം കേള്‍ക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാനാണു നിര്‍ദേശിച്ചത്. ഹിന്ദു വിഭാഗം അലബാദ് ഹൈക്കോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്.

◾ഇന്ത്യ സിമന്റ്സിന്റെ ചെന്നൈയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഡിഎംകെയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യവസായ ഗ്രൂപ്പാണ് ഇന്ത്യ സിമന്റ്സ്. അദാനിയുടെ അംബുജ സിമന്റ്സുമായി മത്സരിക്കുന്ന കമ്പനികളെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുമെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഏതാനും ദിവസംമുമ്പ് ആരോപിച്ചിരുന്നു.

◾പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ 11 വയസുകാരിയെ തലയറുത്തു കൊന്ന ബന്ധുവിനെ അറസ്റ്റു ചെയ്തു. മൂന്നു ദിവസം മുന്‍പ് കാണാതായായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് തലയറുത്ത നിലയില്‍ കണ്ടെത്തിയത്.

◾ലംബോര്‍ഗിനി കമ്പനിയുടെ സ്ഥാപകന്‍ തന്റെ പിതാവാണെന്ന അവകാശവാദവുമായി 35 വയസുകാരി രംഗത്ത്. ഇറ്റലിയിലെ നേപിള്‍സില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന ഫ്ലാവിയ ബോര്‍സണ്‍ എന്ന യുവതിയാണ് ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിട്ടുകൊണ്ട് തന്റെ പിതൃത്വം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചത്. തുടര്‍ന്ന് യുവതി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

◾സൗദി അറേബ്യയിലെ പുരാവസ്തു മേഖലയായ അല്‍ഉലയുടെ ഭരണനിര്‍വഹണ സ്ഥാപനമായ അല്‍ഉല റോയല്‍ കമ്മീഷന്റെ സി.ഇ.ഒയായി സൗദി വനിത അബീര്‍ അല്‍അഖ്ലിനെ നിയമിച്ചു. അഴിമതി കണ്ടെത്തി പുറത്താക്കിയ മുന്‍ സി.ഇ.ഒ അംറ് ബിന്‍ സ്വാലിഹ് അബ്ദുല്‍റഹ്‌മാന്‍ അല്‍മദനിയുടെ ഒഴിവിലാണ് അബീറിന്റെ നിയമനം.

◾അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യാ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് ഇന്ന് വിശാഖപട്ടണത്ത് ആരംഭിക്കും. ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വി ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് മറികടക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

◾മെസ്സിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന പ്രതീതിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന റിയാദ് സീസണ്‍ കപ്പിലെ ഇന്റര്‍ മയാമി- അല്‍ നസ്ര് പോരാട്ടത്തില്‍ അല്‍ നസ്ര് എഫ്.സിക്ക് ആറ് ഗോളിന്റെ തകര്‍പ്പന്‍ ജയം. പരിക്കു മൂലം ക്രിസ്റ്റ്യാനോ കളിക്കാതിരുന്ന മത്സരത്തില്‍ മെസ്സി 84-ാം മിനിറ്റിന് ശേഷമാണ് കളത്തിലിറങ്ങിയത്.

◾പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ സേവനം ഇനി മുതല്‍ ലക്ഷദ്വീപിലും. ലക്ഷദ്വീപിലെ അഗത്തിയിലാണ് സ്വിഗ്ഗിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ, ലക്ഷദ്വീപ് നിവാസികള്‍ക്കും ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്നതാണ്. ദേശവ്യാപകമായി പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ലക്ഷദ്വീപിലും സ്വിഗ്ഗിയുടെ സേവനങ്ങള്‍ എത്തിച്ചിരിക്കുന്നത്. ലക്ഷദ്വീപില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനം എത്തിക്കുന്ന ആദ്യത്തെ പ്ലാറ്റ്ഫോം കൂടിയാണ് സ്വിഗ്ഗി. ലക്ഷദ്വീപ് കാണാനെത്തുന്ന വിദേശ സഞ്ചാരികള്‍ക്കും, ലക്ഷദ്വീപ്കാര്‍ക്കും പ്രാദേശിക റസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. നിലവില്‍, രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും സ്വിഗ്ഗിയുടെ സേവനം ലഭ്യമാണ്. ഘട്ടം ഘട്ടമായി ലക്ഷദ്വീപിന്റെ മറ്റു ഭാഗങ്ങളിലേക്കും പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ സ്വിഗ്ഗി നടത്തുന്നുണ്ട്. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്താനുള്ള നടപടികള്‍ സ്വിഗ്ഗി ആരംഭിച്ചിട്ടുണ്ട്. ഓരോ ഓര്‍ഡറിനും പത്ത് രൂപ നിരക്കിലാണ് പ്ലാറ്റ്ഫോം ഫീസ് ഈടാക്കാന്‍ സാധ്യത. 2023 ഏപ്രില്‍ മാസം മുതലാണ് ഉപഭോക്താക്കളില്‍ നിന്നും സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസ് ഈടാക്കി തുടങ്ങിയത്.

◾ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങള്‍ ട്രെയിലറിലുണ്ട്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും, ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്. ഭാവന റിലീസ് ഫെബ്രുവരി 9-ന് ചിത്രം തീയേറ്ററുകളില്‍ എത്തിക്കും.

◾മീര ജാസ്മിന്‍, നരേന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 29 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മീര ജാസ്മിനും നരേനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീ 5 ലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുക. ഫെബ്രുവരി 14 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വെള്ളം, അപ്പന്‍, പടച്ചോനെ ഇങ്ങള് കാത്തോളീ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ടും എം പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരും ചേര്‍ന്ന് ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്വേത മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ (ബഡായി ബംഗ്ലാവ്), ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്ര നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

◾മൈക്രോ എസ്യുവി സെഗ്മെന്റില്‍ ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്സ്റ്റര്‍ എന്നിവയുടെ ആധിപത്യത്തെ വെല്ലുവിളിച്ച് കിയ ഇന്ത്യയില്‍ അഞ്ചാമത്തെ ഓഫര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ ഈ വാഹനത്തെ പരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ് കമ്പനി. കിയ ക്ലാവിസ് എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ ചില പ്രധാന രൂപകല്‍പ്പനയും ഇന്റീരിയര്‍ വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രദ്ധേയമായി, പനോരമിക് സണ്‍റൂഫ് ഫീച്ചര്‍ ചെയ്യുന്ന വിഭാഗത്തിലെ ആദ്യത്തെ വാഹനമായിരിക്കും ക്ലാവിസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കിയ ക്ലാവിസ് 1.2 എല്‍, 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പം നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളും വാഹനത്തിന് ലഭിക്കും. കൂടാതെ, ഏകദേശം 30-35കിലോവാട്ട്അവര്‍ ബാറ്ററിയും ഫ്രണ്ട് ആക്‌സിലില്‍ ഘടിപ്പിച്ച ഒരു ഇലക്ട്രിക് മോട്ടോര്‍ ഫീച്ചര്‍ ചെയ്യുന്ന ക്ലാവിസിന്റെ ഒരു വൈദ്യുത പതിപ്പും കിയ പിന്നീട് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഏകദേശം 350 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെ ആയിരിക്കും ഈ ഇലക്ട്രിക് മൈക്രോ എസ്യുവിയുടെ ഏകദേശ റേഞ്ച്.

◾നൂറ്റാണ്ടുകളായി തളംകെട്ടിക്കിടക്കുന്ന ദൂഷിതവലയത്തിനകത്തുപെട്ടു പെരുമാറേണ്ടണ്ടിവരുന്ന മനുഷ്യരുടെ ജീവിതമെന്ന ചലനഭാഷണവൈവിധ്യങ്ങള്‍ അനാവരണം ചെയ്യുന്ന നോവലാണ് മരിപ്പാഴി. മരണത്തിന്റെ ഇടം. മരണത്തിനു ചുറ്റും വട്ടം കറങ്ങുന്ന ജീവിതദര്‍ശനത്തിന്റെ ഇടം. ദഹിക്കാന്‍ കൂട്ടാക്കാത്ത ഉടല്‍പോലെ ഭൂതവും ചിതയിലെ വെളിച്ചത്തെക്കാള്‍ വെളിച്ചമുള്ള ഇരുട്ടും ഇടകലര്‍ന്ന ഈ ലോകത്തിലേക്ക്, ഭാഷയിലേക്ക് നെഞ്ചിടിപ്പോടെ മാത്രമേ ഇറങ്ങിച്ചെല്ലാന്‍ കഴിയൂ. അനിഷേധ്യമായ മരണത്തിന്റെ വിഭ്രാമകത നിങ്ങളെ ജലസമാധി നടത്താന്‍ പ്രേരിപ്പിച്ചേക്കും. 'മരിപ്പാഴി'. മധുശങ്കര്‍ മീനാക്ഷി. ഡിസി ബുക്സ്. വില 379 രൂപ.

◾ശരീരത്തിലെ ഒരു പ്രധാന ഇലക്രോലൈറ്റാണ് പൊട്ടാസ്യം. തലച്ചോര്‍, കരള്‍, ഹൃദയം, ഞരമ്പുകള്‍, പേശികള്‍ തുടങ്ങി ശരീരത്തിന്റെ പ്രധാന അവയവങ്ങളില്‍ പൊട്ടാസ്യം സന്തുലനം വളരെ പ്രധാനമാണ്. അതിനാല്‍ ശരീരത്തില്‍ പൊട്ടാസ്യം കൂടുന്നതും കുറയുന്നതും ശ്രദ്ധിക്കണം. പൊട്ടാസ്യത്തിന്റെ അളവിലുണ്ടാകുന്ന മാറ്റം തലച്ചോര്‍,ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. മരണം വരെ സംഭവിക്കാം. രക്ത പരിശോധനയില്‍ സിറം പൊട്ടാസ്യം 3.5 മുതല്‍ 5.3 mmpl/L വരെ ആയിരിക്കുന്നതാണ് സാധാരണ നില. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറയുന്നതിനെ ഹൈപ്പോകലീമിയ എന്നാണ് പറയുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയിലേക്ക് രോഗി എത്തിക്കാം. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറഞ്ഞാന്‍ ശരീരം ചലിപ്പിക്കാന്‍ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടാം. പക്ഷാഘാതം, തളര്‍ച്ച, ക്രമരഹിതമായ ഹൃദയ താളം എന്നിവ അനുഭവപ്പെടാം. രക്താതിസമ്മര്‍ദം, ഹൃദയരോഗങ്ങള്‍, സിറോസിസ് തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ശ്രദ്ധിക്കണം. വൃക്ക രോഗികളിലാണ് പൊട്ടാസ്യം വ്യതിയാനം കൂടുതലായും കാണുന്നത്. ഛര്‍ദി, വയറിളക്കം എന്നിവ കാരണവും പൊട്ടാസ്യം അസന്തുലനം വരാം. പൊട്ടാസ്യം 2.5 mmpl/L -ല്‍ ആയാല്‍ അതീവ ഗുരുതരമാണ്. ഹൃദയ പേശീ കോശങ്ങളില്‍ വരുന്ന പൊട്ടാസ്യത്തിന്റെ കുറവ് ഹൃദയത്തിലെ സ്വാഭാവിക വൈദ്യുത സ്പന്ദനങ്ങളെ തകിടം മറിച്ചു കളയും. അത് ടാക്കികാര്‍ഡിയ, ബ്രാഡികാര്‍ഡിയ, ഫിബ്രിലേഷന്‍, ഹൃദയമിടിപ്പിലെ അപാകത മുതല്‍ ചിലപ്പോള്‍ ഹൃദയാഘാതം തന്നെ വരുത്താം. പേശികളുടെ ബലക്കുറവ്, സ്നായുക്കളുടെ പ്രതികരണമില്ലായ്മ, ഓക്കാനം, ഛര്‍ദി, മലബന്ധം, ശ്വസനത്തകരാറുകള്‍, ചിന്താക്കുഴപ്പം, ഓര്‍മ്മക്കുറവ് തുടങ്ങിയലയാണ് ഹൈപ്പോകലീമിയയുടെ പ്രധാന ലക്ഷണങ്ങള്‍.