◾കര്‍ഷകരുമായി ഇന്നലെ രാത്രി നടത്തിയ നാലാംവട്ട ചര്‍ച്ച വിജയമാകുമെന്ന പ്രതീക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍. എന്‍സിസിഎഫ്, നാഫെഡ് തുടങ്ങിയ സഹകരണസ്ഥാപനങ്ങള്‍ അടുത്ത 5 വര്‍ഷത്തേക്ക് കര്‍ഷകരുമായി കരാറുണ്ടാക്കാനും മിനിമം താങ്ങുവിലയില്‍ ധാന്യങ്ങള്‍ വാങ്ങാനും കോട്ടണ്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഇതേ രീതിയില്‍ പരുത്തി വാങ്ങാനും കരാറുണ്ടാക്കുന്ന പദ്ധതി നാലാം വട്ട ചര്‍ച്ചയില്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. പദ്ധതികളില്‍ കര്‍ഷകരുടെ തീരുമാനം ഇന്നത്തോടെ അറിയാമെന്നാണു പ്രതീക്ഷ.
◾സ്ഥിതിഗതികള്‍ ഗുരുതരമായ സാഹചര്യത്തിലാണ് താന്‍ വയനാട്ടില്‍ വന്നതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വന്യജീവി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും, സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലാതെ പോയതിനാലാണ് തനിക്ക് ഇവിടെ വരേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി പ്രശ്‌നങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളുമായി കൂടി സഹകരിച്ച് പരിഹാര മാര്‍ഗങ്ങള്‍ തേടാമെന്നും വയനാട്ടില്‍ സൗകര്യങ്ങളോട് കൂടിയ മെഡിക്കല്‍ കോളേജെന്ന ആവശ്യം ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ ഗാന്ധി എംപി ഇന്നലെ വയനാട്ടിലെത്തിയത്. കണ്ണൂരില്‍ നിന്ന് റോഡുമാര്‍ഗമാണ് രാഹുല്‍ പടമലയിലെത്തിയത്. ബേലൂര്‍ മഖ്‌നയുടെ ചവിട്ടേറ്റുമരിച്ച അജീഷിന്റെ വീടും, കഴിഞ്ഞ ദിവസം കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ട പി.വി. പോളിന്റെ പാക്കത്തെ വീടും കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ഡിസംബറില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. ശേഷം കല്‍പ്പറ്റയിലെ പിഡബ്യൂഡി റസ്റ്റ് ഹൗസില്‍ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി.
◾രാഹുല്‍ ഗാന്ധി ടൂറിസ്റ്റാണെന്നും, വിനോദസഞ്ചാരിയായിട്ടല്ല രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ പോകേണ്ടതെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. വനംമന്ത്രി ടിവി കണ്ടു രസിക്കുകയല്ല വേണ്ടതെന്നും എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിയെ പിണറായി വിജയന്‍ സംരക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹം വന്ന് റീത്ത് വെച്ച് കരഞ്ഞിട്ടുപോയിയെന്നും എന്നാല്‍ അവരുടെ കണ്ണീരൊപ്പിയില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. മുഖ്യമന്ത്രിയും വനംമന്ത്രിയും വയനാട്ടില്‍ പോകാതിരുന്നത് ഒരു പരിധി വരെ തെറ്റാണെന്നും എന്നാല്‍, അവര്‍ക്ക് പോകാന്‍ താത്പര്യമില്ലാത്തതുകൊണ്ടല്ല. മറിച്ച്, ജനരോഷം അത്ര ഭയങ്കരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അത് അക്രമാസക്തമാകുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍. കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ലെന്നും ജനക്കൂട്ടത്തോടല്ല, ഉത്തരവാദപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. വികാരപരമായ അന്തരീക്ഷത്തില്‍ ഇടപെടുന്നതിനേക്കാള്‍ ശാന്തമായിരിക്കുമ്പോള്‍ അവരെ കേള്‍ക്കുന്നതാണ് നല്ലതെന്നും വനം മന്ത്രി പറഞ്ഞു.
◾പുല്‍പ്പള്ളി സംഘര്‍ഷത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമസംഭവങ്ങളിലാണ് അറസ്റ്റ്. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
◾കേരളം കടന്ന് നാഗര്‍ഹോളയിലെത്തിയ വയനാട് മാനന്തവാടി പടമലയിലെ അജീഷ് എന്ന കര്‍ഷകനെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്‌നയെന്ന കാട്ടാന തിരിച്ച് അതിര്‍ത്തിക്കടുത്ത് എത്തിയെന്ന് വനംവകുപ്പ്. ആന ഇന്നലെ ഉച്ചയ്ക്ക് ശേഷം നാഗാര്‍ഹോള കടന്നിരുന്നു.
◾മുഖ്യമന്ത്രിയുടെ മകളുടെ പരാതിയില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. വീണ വിജയന് കനേഡിയന്‍ കമ്പനിയുണ്ടന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയെന്നാണ് പരാതി. അച്ഛനും ഭര്‍ത്താവും സിപിഎം നേതാക്കളായതിനാല്‍ പിന്തുടര്‍ന്ന് ആക്രമിക്കുവെന്നും വീണയുടെ പരാതിയില്‍ പറയുന്നു.
◾മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രിമിനലുകളോട് മറുപടി പറയാന്‍ താന്‍ ഇല്ലെന്നും, ചട്ടലംഘനത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രിക്ക് അധികാരമുണ്ടോയെന്ന് അറിയാന്‍ ഗവര്‍ണര്‍ നിയമം പരിശോധിച്ചാല്‍ മതിയെന്നും, പരാതിയുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി. അതേസമയം ചാന്‍സലര്‍ ആയ ഗവര്‍ണര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സര്‍വകലാശാലയെ അപമാനിക്കുന്നുവെന്ന് കേരള സര്‍വകലാശാല ഇടത്പക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണെന്നും, ഗവര്‍ണറുടെ പരാമര്‍ശനത്തിന് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ലെന്നും മന്ത്രി ആര്‍ ബിന്ദു. കേരള സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ ഗവര്‍ണര്‍ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചിരുന്നു എന്നാല്‍ ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധ്യമില്ലാത്തവര്‍ക്ക് മറുപടി നല്‍കാനില്ലെന്ന് മന്ത്രിയും മറുപടി നല്‍കി.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മട്ടന്നൂരില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ കരിങ്കൊടി. വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് മട്ടന്നൂര്‍ - ഇരിട്ടി റോഡില്‍ വെച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പ്രതിഷേധക്കാരെ കെകൂപ്പിക്കാണിച്ചു. അതേസമയം കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് വാഹനം തടയുകയും പോലീസിന്റെ ബസ്സില്‍ നിന്ന് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്തു.
◾പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും, കേരളം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തേക്ക് പോയവരെ തിരികെ എത്തിക്കാനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും കോഴിക്കോട്ട് വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
◾ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുള്‍പ്പെടെ ന്യൂന പക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും, ന്യൂനപക്ഷ ക്ഷേമത്തിന് 84 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍ ഇല്ലാതാക്കി. എന്നാല്‍ ന്യൂനപക്ഷ ഉന്നതി ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അതിനെ എത്ര വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
◾പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോഴാണ് മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചതെന്നും ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഭരിക്കുന്നത് അഴിമതി സര്‍ക്കാരാണെന്ന യു ഡി എഫ് വാദമുഖങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.
◾സിപിഎമ്മില്‍ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്ന് കെ സുധാകരന്‍. സിപിഎമ്മും ബിജെപിയും പരസ്പരധാരണയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് സത്യം അറിയാം. പിണറായി വിജയന്റെ മകള്‍ നടത്തിയ തട്ടിപ്പിനെ ന്യായീകരിക്കാന്‍ കൂടുതല്‍ പാര്‍ട്ടി നേതാക്കള്‍ വരുന്നില്ല എന്നത് ഇതിന്റെ തെളിവാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
◾പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ കളങ്കിതര്‍ക്ക് ചേക്കേറാന്‍ പറ്റിയ പാര്‍ട്ടിയായി ബിജെപി അധ:പതിച്ചു. കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താനുള്ള അവസ്ഥയിലേക്ക് ബി.ജെ.പി എന്ന പാര്‍ട്ടി തരം താണിരിക്കുന്നു. ഇത് കൊണ്ടൊന്നും ഇന്ത്യയിലെ സാധാരണക്കാരുടെയും കര്‍ഷകരുടെയും ജന രോക്ഷത്തില്‍ നിന്നും രക്ഷപ്പെടാമെന്ന് ബിജെപി കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു
◾ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ വിവിധ അപ്പീലുകളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും അപ്പീല്‍ നല്‍കിയിട്ടുണ്ട്. സിപിഎം നേതാവ് പി.മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ.രമ നല്‍കിയ അപ്പീലുകള്‍ ആണ് കോടതി പരിഗണിക്കുന്നത്.
◾മുന്‍സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോര്‍വാഹനവകുപ്പ് 500 രൂപ പിഴയിട്ടു. 2023 ഡിസംബര്‍ 12-ന് മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ വെച്ചാണ് കാര്‍ ക്യാമറയില്‍ കുടുങ്ങിയത്. പിഴയിടുമ്പോള്‍ മുഖ്യമന്ത്രി കാറില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
◾പുത്തൂര്‍ സഹകരണബാങ്കില്‍ ഫിക്സ്ഡ് ഡെപ്പോസിറ്റ് ആയി പണം നിക്ഷേപിച്ചവര്‍ക്ക്, 2002-ല്‍ ബാഗുകള്‍ വിതരണം ചെയ്യാനെന്ന പേരില്‍ ബാങ്കില്‍ നിന്നും പണം തട്ടിയെടുത്ത സെക്രട്ടറിയും ബോര്‍ഡ് അംഗവും കുറ്റക്കാരെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. ഇവര്‍ക്ക് 3 വര്‍ഷം കഠിനതടവിനും 3,30,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്.
◾വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി ബാലന്‍ ശരത്തിന് സഹായവുമായി രാഹുല്‍ ഗാന്ധി എംപി. അടിയന്തര ചികിത്സാ സഹായമായി 50,000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം.
◾ഇടുക്കി ജില്ലയിലെ വനാതിര്‍ത്തിയിലുള്ള അയ്യായിരത്തിലധികം ആദിവാസി കുട്ടികളുടെ പഠനം ത്രിശങ്കുവില്‍. സര്‍ക്കാര്‍ നാലുമാസത്തെ കുടിശിക നല്‍കാത്തതിനാല്‍ ഇത്രയും കുട്ടികളെ വിദ്യാവാഹിനി പദ്ധതിയിലൂടെ സ്‌കൂളിലെത്തിക്കുന്ന ഇടുക്കി ജില്ലയിലെ കരാറുകാര്‍ ഇനി പദ്ധതി തുടരനാവില്ലെന്ന മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.
◾എറണാകുളം കളക്ട്രേറ്റില്‍ തീപിടുത്തം. കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജിഎസ്ടി ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഫോട്ടോസ്റ്റാറ്റ് മെഷീനാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
◾സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നു. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് 3 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
◾ആലപ്പുഴ കലവൂരില്‍ 13 വയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ കുടുംബം. ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
◾മകള്‍ ആണ്‍സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതില്‍ മനംനൊന്ത് മാതാപിതാക്കളായ പാവുമ്പ സ്വദേശിയും സൈനികനുമായയ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവര്‍ മരിച്ചു. അമിതമായി ഗുളിക കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയത്.
◾പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡന്‍ 'തൂക്ക്' വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. തൂക്കുകാരന്റെ കൈയില്‍ നിന്നും വീണ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ സംഭവത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍.
◾കാസര്‍കോട് പെരിയ ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ തായന്നൂര്‍ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57) എന്നിവര്‍ മരിച്ചു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രാഹുല്‍, രാജേഷ് എന്നിവര്‍ക്കു പരിക്കേറ്റു.
◾കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം സഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വന്ന ആനയാണ് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കര്‍ണാടകയിലെ ഒരു പൗരനായി കണക്കാക്കിയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
◾തമിഴ്‌നാട്ടില്‍ പഞ്ഞിമിട്ടായിയുടെ വില്‍പ്പന നിരോധിച്ചു. ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യനാണ് പഞ്ഞിമിട്ടായിയുടെ വില്‍പ്പന നിരോധിച്ചതായി അറിയിച്ചിരിക്കുന്നത്.
◾അടുത്ത നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്താന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റ് നേടുമെന്നും, പുതിയ ഓരോ വോട്ടര്‍മാരിലേക്ക് എത്തണമെന്നും ഓരോ പദ്ധതികളും ഗുണഭോക്താക്കളിലേക്ക് എത്തണമെന്നും ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ മോദി നിര്‍ദ്ദേശിച്ചു.
◾കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥിന് പിന്നാലെ മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. പതിനഞ്ച് എംഎല്‍എമാരെ കൂടെ കൂട്ടാനുള്ള നീക്കമാണ് കമല്‍നാഥ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രചരണം അടിസ്ഥാന രഹിതമായ അഭ്യൂഹം എന്നാണ് മനീഷ് തിവാരിയുടെ ഓഫീസ് പ്രതികരിച്ചത്. അതേസമയം ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ കമല്‍നാഥ് തള്ളികളയാത്തതില്‍ എഐസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പഞ്ചാബിലെ മുന്‍ പിസിസി അദ്ധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദുവും ബിജെപിയിലേക്ക് മടങ്ങും എന്ന സൂചനകളും ഇപ്പോള്‍ ശക്തമാണ്.
◾വിവാദമായ ചണ്ഡിഗഡ് തിരഞ്ഞെടുപ്പ് കേസില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കാനിരിക്കെ ചണ്ഡിഗഡ് മേയറായ ബിജെപി നേതാവ് മനോജ് സൊന്‍കര്‍ രാജിവച്ചു. ഇതിനിടെ ഇന്ത്യ മുന്നണിയുടെ ഭാഗമായ 3 എഎപി നഗരസഭാ കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് ബിജെപി നേതാവ് അരുണ്‍ സൂദ് അറിയിച്ചു.
◾കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പൈഗുരി ബെഞ്ചിന് മുന്നില്‍ കഴിഞ്ഞ ദിവസം എത്തിയത് വിചിത്ര ഹര്‍ജി. അക്ബര്‍ സിംഹത്തെ സീത സിംഹത്തോടൊപ്പം പാര്‍പ്പിക്കരുതെന്നായിരുന്നു ഹര്‍ജി. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാള്‍ ഘടകത്തിന്റെ ഹര്‍ജി ഈ മാസം 20ന് പരിഗണിക്കും. പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങളുടെ പേരാണ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് പറയപ്പെടുന്ന ഹര്‍ജിക്കാധാരം.
◾ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 434 റണ്‍സിന്റെ റെക്കോര്‍ഡ് വിജയം. 196 ന് 2 എന്ന നിലയില്‍ നാലാം ദിനം രണ്ടാമിന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 430 ന് 4 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഡബിള്‍ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളും അര്‍ധസെഞ്ചുറികള്‍ നേടിയ ശുഭ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 557 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്സിറങ്ങിയ ഇംഗ്ലണ്ട് 122 റണ്‍സില്‍ പുറത്തായി. 5 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഇംഗ്ലണ്ടിനെതിരെ നേടിയ 434 റണ്‍സിന്റെ വിജയം ഇന്ത്യയുടെ ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തിലെ റെക്കോര്‍ഡാണ്. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന എക്കാലത്തെയും വലിയ വിജയം കൂടിയാണിത്.
◾കടം വീട്ടാന്‍ ബി.എസ്.എന്‍.എല്ലിന്റെയും എം.ടിഎന്‍.എല്ലിന്റെയും ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. മെട്രോ നഗരങ്ങളിലേതുള്‍പ്പെടെയുള്ള ഭുമി വില്‍ക്കല്‍ നടപടികളില്‍ അമാന്തം ഉണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. ഇതുവരെ 550 കോടി രൂപയുടെ ഭൂമി മാത്രമാണ് വില്‍പ്പന നടത്തിയത്. 20,000 കോടി രൂപയുടെ വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണിത്. കടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇരു സ്ഥാപനങ്ങളുടെയും ഭൂമി വിറ്റ് പണം കണ്ടെത്താന്‍ 2029ല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇരു സ്ഥാപനങ്ങളുടേതുമായി 17 വസ്തുവകകള്‍ വില്‍ക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്‌ളിക് അസറ്റ് മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നു. 18,200 കോടി രൂപ വില വരുന്ന ബി.എസ്.എന്‍.എല്ലിന്റെ 11 ആസ്തികളും എം.ടി.എന്‍.എല്ലിന്റെ 5,158 കോടി രൂപ വില വരുന്ന 6 ആസ്തികളുമാണ് വില്‍ക്കാന്‍ അനുമതിയായത്. ഓരോ സര്‍ക്കിള്‍ അടിസ്ഥാനപ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും എവിടെയൊക്കെയാണ് ഭൂമി വില്‍പ്പന സാധ്യമാകാത്തതെന്നും എന്താണ് തടസങ്ങളെന്നും മെയ് 31നകം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടത്തിലായ ബി.എസ്.എന്‍.എല്ലിനെയും എം.ടി.എന്‍.എല്ലിനെയും പുനരുജ്ജീവിപ്പിക്കാന്‍ 2019ലാണ് ആദ്യത്തെ പുനരുജ്ജീവന പാക്കേജ് അവതരിപ്പിച്ചത്. 69,000 കോടി രൂപയുടേതായിരുന്നു പാക്കേജ്. പിന്നീട് 2022ല്‍ 1.64 ലക്ഷം കോടിയുടെ പാക്കേജും കൊണ്ടു വന്നു. രണ്ട് പാക്കേജും ബി.എസ്.എന്‍.എല്ലിന് ഗുണകരമായെന്ന വിലയിരുത്തിയ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ 89,000 കോടിയുടെ പുതിയ പാക്കേജും പ്രഖ്യാപിച്ചു.
◾രാഹുല്‍ സദാശിവന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഭ്രമയുഗം. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിക്കപ്പെട്ട ഹൊറര്‍ ചിത്രം എന്നതും ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. ഫെബ്രുവരി 15, വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കാന്‍ കഴിഞ്ഞതോടെ ദിനംപ്രതി ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. കേരള ബോക്സ് ഓഫീസ് മാത്രമെടുത്താല്‍ റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 3.05 കോടി ആയിരുന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ചത്തെ കേരള കളക്ഷന്‍ 2.40 കോടി. അഭൂതപൂര്‍വ്വമായ തിരക്കാണ് ചിത്രത്തിന് ശനിയാഴ്ച എല്ലാ കേന്ദ്രങ്ങളിലും ലഭിച്ചത്. പ്രേക്ഷകരുടെ കുത്തൊഴുക്കിനെത്തുടര്‍ന്ന് റിലീസ് ദിനത്തില്‍ കേരളത്തില്‍ നൂറിലധികം അഡീഷണല്‍ ഷോസ് ആണ് ലഭിച്ചതെങ്കില്‍ ശനിയാഴ്ച അത് 140 ല്‍ അധികമായി ഉയര്‍ന്നു. ട്രാക്കര്‍മാരുടെ കണക്കനുസരിച്ച് കേരളത്തില്‍ നിന്ന് ചിത്രം ശനിയാഴ്ച നേടിയിരിക്കുന്നത് 3 കോടിയാണ്. അതായത് ആദ്യ മൂന്ന് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം 8.45 കോടി. മികച്ച കളക്ഷനാണ് ഇത്. അതേസമയം മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ആദ്യ വാരാന്ത്യം ആഗോള ബോക്സ് ഓഫീസില്‍ ചിത്രം വന്‍ നേട്ടമുണ്ടാക്കുമെന്നാണ് സിനിമാലോകത്തിന്റെ പ്രതീക്ഷ.
◾ഗിരീഷ് എ ഡിയുടെ ഏറ്റവും പുതിയ ചിത്രം 'പ്രേമലു' പ്രധാനമായും ലക്ഷ്യമിട്ട പ്രേക്ഷകര്‍ കൗമാരക്കാരും യുവാക്കളുമായിരുന്നെങ്കിലും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകര്‍ ചിത്രം കാണാനെത്തി. കുടുംബങ്ങളും. ഫലം താരതമ്യേന ചെറിയ ബജറ്റില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ഇപ്പോഴിതാ ചിത്രം ആദ്യ 9 ദിനങ്ങളില്‍ നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തുകയാണ്. യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായ നസ്ലെന്‍, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസില്‍ പ്രേക്ഷകര്‍ക്കുള്ള വിശ്വാസവും ആദ്യദിനം പ്രേക്ഷകരെ തിയറ്ററിലെത്തിച്ച ഘടകമാണ്. ദിവസങ്ങള്‍ക്കിപ്പുറം എത്തിയ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് മുന്നിലും വീണില്ല എന്നതില്‍ നിന്ന് പ്രേമലുവിനോടുള്ള പ്രേക്ഷകരുടെ പ്രേമം ഊഹിക്കാം. വീണില്ലെന്ന് മാത്രമല്ല റിലീസിന് ശേഷമുള്ള ഏറ്റവും മികച്ച കളക്ഷനും പ്രേമലു ശനിയാഴ്ചയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രം 1.2 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ 9 ദിനങ്ങളില്‍ ചിത്രം നേടിയത് 27 കോടിക്ക് മുകളിലാണെന്നാണ് വിവരം. അതേസമയം ചിത്രം 30 കോടി പിന്നിട്ടതായി ചില ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നുണ്ട്. ശനിയാഴ്ചയെ മറികടക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ സണ്‍ഡേ ഒക്കുപ്പന്‍സി. കളക്ഷനിലും ഇത് മുന്നേറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
◾ടാറ്റ മോട്ടോഴ്‌സ്, എംജി തുടങ്ങിയ ഇവി നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഇവി മോഡലുകളുടെ വില കുറച്ചു. അതുപോലെ, ഇരു നിര്‍മ്മാതാക്കളും 2023 മുതല്‍ വില്‍ക്കപ്പെടാത്ത സ്റ്റോക്കുകള്‍ക്ക് വന്‍ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഫെയ്സ്ലിഫ്റ്റ് ടാറ്റ നെക്‌സോണ്‍ ഇവിയുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ചു. നിലവില്‍ നെക്‌സോണ്‍ ഇവിയുടെ വില 14.49 ലക്ഷം രൂപയില്‍ തുടങ്ങി 19.29 ലക്ഷം രൂപ വരെ ഉയരുന്നു. 20,000 രൂപ മുതല്‍ 1.20 ലക്ഷം രൂപ വരെയാണ് വിലക്കുറവ്. 2023-ലെ പ്രീ-ഫേസ്ലിഫ്റ്റ് നെക്സോണ്‍ ഇവി, കൂടാതെ 2023 സ്റ്റോക്കും യഥാക്രമം 2.8 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും വരെ കിഴിവോടെ ലഭ്യമാണ്. ടാറ്റ ടിയാഗോ ഇവിക്ക് ഇപ്പോള്‍ 70,000 രൂപ വരെ വിലക്കുറവ് ലഭിക്കും. ഏറ്റവും പുതിയ കിഴിവ് നടപ്പിലാക്കിയതോടെ ഇവിയുടെ വില 7.99 ലക്ഷം മുതല്‍ 11.89 ലക്ഷം രൂപ വരെയാണ്. അതുപോലെ ടിയാഗോ ഇവിയുടെ എംവൈ 2023ന്റെ വില്‍ക്കാത്ത യൂണിറ്റുകള്‍ 97,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. പ്രതിമാസം ശരാശരി 2900 യൂണിറ്റ് വില്‍പ്പനയാണ് ഹാച്ച്ബാക്കിനുള്ളത്. എംജി കോമറ്റ്, എംജി ഇസെഡ്എസ് എന്നിവയുടെ ഇവി മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപയിലധികം കിഴിവ് ലഭിക്കും. കോമറ്റ് ഇവിയുടെ വില 6.99 ലക്ഷം രൂപയില്‍ തുടങ്ങി 9.98 ലക്ഷം രൂപ വരെ ഉയരുന്നു. കോമറ്റ് ഇവി പേസ് വേരിയന്റിന് 99,000 രൂപയും പ്ലേ, പ്ലഷ് വേരിയന്റുകള്‍ക്ക് 1.40 ലക്ഷം രൂപയുമാണ് വിലക്കുറവ്. എംജി ദട ഇവി ഇപ്പോള്‍ 18.98 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 24.98 ലക്ഷം രൂപ വരെ ഉയരുന്നു. 92,000 രൂപ മുതല്‍ 2.90 ലക്ഷം രൂപ വരെയാണ് വിലക്കുറവ്. പുതിയ എക്സിക്യൂട്ടീവ് ട്രിം 18.98 ലക്ഷം രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു.
◾സുധീര്‍ ബാബുവിന്റെ കവിതകള്‍ ജൈവികമായ ഒരൂര്‍ജ്ജത്തിന്റെ സ്വച്ഛത തേടുന്ന ഒന്നാണ്. ദുരന്തസങ്കീര്‍ണമായ കലാജീവിതത്തിന്റെ ഏകാന്തതയുടെയും മതിഭ്രമം അതില്‍ മുഴങ്ങുന്നു. അവസാനിക്കാത്ത വേട്ടയുടെ തുടക്കമായും മരുഭൂമിയില്‍ പെയ്ത മഴ ആഴങ്ങളിലേക്ക് ഒലിച്ചിറങ്ങിപോകുന്നതായും വിണ്ടുകീറിയാ ആകാശം പോലെയും അനുഭവപ്പെടുന്നു. ഭോഗ കലുഷിതമായ ഈ കവിതകള്‍ നരകവാതില്‍ തള്ളിത്തുറന്ന് മരിച്ചു പോയ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. 'ദ ഹണ്ട്'. സുധീര്‍ ബാബു. പദ്മശ്രീ പബ്ളിക്കേഷന്‍സ്. വില 152 രൂപ.
◾കൊളസ്ട്രോളും പ്രമേഹവും ഇന്ന് മിക്കവരിലും കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങളാണ്. ഭക്ഷണകാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍, ഇവ രണ്ടിനെയും നമ്മുക്ക് നിയന്ത്രിക്കാം. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും സഹായിക്കുന്ന ചില സുഗന്ധവ്യജ്ഞനങ്ങളെ കുറിച്ചറിയാം. വെളുത്തുള്ളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഉലുവയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. കറുവപ്പട്ട ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ഫൈബറും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ് കറുവപ്പട്ട. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഇവ സഹായിക്കും. മഞ്ഞളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഇവ സഹായിക്കും. ഇഞ്ചിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജിഞ്ചറോള്‍സ്, ഷോഗോള്‍സ് എന്നറിയപ്പെടുന്ന സംയുക്തങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവര്‍ത്തനത്തെ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരാളുടെ മോട്ടാര്‍ സൈക്കിള്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നും മോഷണം പോയി. പോലീസില്‍ പരാതിപ്പെടുന്നതിന് പകരം സമൂഹമാധ്യത്തില്‍ ഒരു കുറിപ്പിടുകയാണ് അയാള്‍ ചെയ്തത്. കുറിപ്പ് ഇപ്രകാരമായിരുന്നു. പ്രിയപ്പെട്ട മോഷ്ടാവെ, എന്നെക്കാള്‍ ബൈക്കിനാവശ്യം താങ്കള്‍ക്കാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എനിക്ക് ഒരു സൈക്കിള്‍ ഉണ്ട്. അത്യാവശ്യസഞ്ചാരങ്ങള്‍ക്ക് അത് മതി. പാവം നിങ്ങള്‍ക്ക് വേറെ വാഹനം ഒന്നുമില്ലല്ലോ.. ബൈക്ക് നിങ്ങള്‍ കൊണ്ടുപോയ സ്ഥിതിക്ക് വണ്ടിയുടെ ആര്‍സി ബുക്കും മററു രേഖകളും കൂടി നിങ്ങള്‍ എന്റെ വാഹനമെടുത്ത അതേ പാര്‍ക്കിങ്ങ് ഏരിയായിലെ വൈദ്യുതി മീറ്ററിനരികെ വെക്കുകയാണ്. ദയാവായി അതുകൂടി എടുത്തുകൊണ്ടുപോവുക. യാത്ര സുഖകരമാകട്ടെ.. പക്ഷേ, ബൈക്കിനേക്കാള്‍ വേഗത്തില്‍ ഈ കുറിപ്പ് നാടാകെ പരന്നു. കള്ളനും ഈ കുറിപ്പ് കണ്ടു. അയാള്‍ക്ക് സങ്കടവും കുററബോധവും തോന്നി. കള്ളന്‍ വണ്ടിയെടുത്ത അതേ സ്ഥലത്ത് ആ വണ്ടികൊണ്ടുവെച്ചു. കൂടാതെ, മോഷണശ്രമത്തിനിടയ്ക്ക് നടന്ന അല്ലറ ചില്ലറ കേടുപാടുകള്‍ തീര്‍ത്താണ് ആ വണ്ടി അവിടെ തിരികെ വെച്ചത് നല്ല വാക്കുകള്‍കൊണ്ട് എന്നും ഗുണമേയുണ്ടാകൂ.. ദോഷമുണ്ടാകില്ല. അതല്‍പം വൈകിയാണെങ്കിലും, ആ ഗുണം തേടിയെത്തുക തന്നെ ചെയ്യും. ആരും കളളനായി ജനിക്കുന്നില്ല.. സാഹചര്യങ്ങളാണ് പലരെയും കള്ളനാക്കുന്നത്. മറ്റെല്ലാവരെപോലെയും മാനസാന്തരപ്പെടാനും പശ്ചാത്തപിക്കാനും അവര്‍ക്കും അവസരങ്ങളുണ്ട്. തിന്മയില്‍ തുടരാനുളള പ്രലോഭനത്തെ അതിജീവിക്കുന്നവര്‍ ഒരുപോരാട്ടം തന്നെ ജയിക്കുകയാണ്.. ചില നല്ലവാക്കുകള്‍ അതിന് വഴിതെളിയിക്കുന്നുവെന്ന് മാത്രം.. തെറ്റ് ചെയ്യുന്നത് മനുഷ്യസഹജമാണ്.. ക്ഷമിക്കുന്നത് ദൈവീകവും.. എന്ന, ഇംഗ്ലീഷ്‌കവി അലക്‌സാണ്ടര്‍ പോപ്പിന്റെ വാചകം നമുക്കിവിടെ ഓര്‍മ്മിക്കാം.. നമ്മള്‍ മാറുന്നുണ്ട്.. ഓരോ ദിവസവും ആ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.. തെറ്റുകള്‍ സംഭവിക്കാം.. സ്വയം തിരുത്താന്‍ തീരുമാനിക്കുന്നത് ഒരു പോരാട്ടമാണ്.. ആ പോരാട്ടത്തിന് ആഭിമുഖ്യം പ്രഖ്യാപിക്കാനുളള ഒരു മനസ്സ് കൈമോശംവരാതെ സൂക്ഷിക്കാം - ശുഭദിനം.