*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 17 ശനി

◾വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍. യുഡിഎഫും, എല്‍ഡിഎഫും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

◾മനുഷ്യന് മൃഗത്തിന്റെ വിലപോലുമില്ലേ?' കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് വയനാട്ടില്‍ മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയുമായി മകള്‍ സോന. വയനാട്ടില്‍ ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നും കോഴിക്കോടെത്തിക്കാന്‍ വൈകിയെന്നുമാണ് പോളിന്റെ മകള്‍ കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞത്.

◾എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് ആരംഭിച്ച് മാര്‍ച്ച് 25 ന് അവസാനിക്കും. രാവിലെയാണ് എസ്എസ്എല്‍സി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. മാതൃക പരീക്ഷ 19 മുതല്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും.

◾വയനാട് കുറുവയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ചു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച പോളിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.  

◾സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സബ്സിഡി അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക. 13 ഇനം സാധനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചുകൊണ്ടാണ് പുതുക്കിയ വില വിവര പട്ടിക പുറത്തിറക്കിയിരിക്കുന്നത്.  

◾ആളക്കൊല്ലി കാട്ടാനയെ തേടിയുള്ള ആറാം ദിവസത്തെ തിരച്ചിലും അവസാനിച്ചു. പനവല്ലിക്ക് സമീപം കുന്നുകളില്‍ തമ്പടിച്ച ആന, വൈകീട്ടാണ് നിരപ്പായ സ്ഥലത്തേക്ക് നീങ്ങിയത്. ആര്‍ആര്‍ടിയും വെറ്റിനറി ടീമും കാട്ടില്‍ മോഴയെ കാത്തിരുന്നിട്ടും മയക്കുവെടിവെക്കാന്‍ പാകത്തിന് കിട്ടിയില്ല. ഡോക്ടര്‍ അരുണ്‍ സക്കറിയ ഇന്നലെ രാവിലെ മുതല്‍ ദൗത്യസംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. രാത്രി ജനവാസ മേഖലയില്‍ ആന എത്താതെ ഇരിക്കാന്‍ നിരീക്ഷണം ഒരുക്കിയിട്ടുണ്ട്.

◾സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നു. കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്. താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

◾സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 'വാട്ടര്‍ ബെല്‍' സംവിധാനത്തിന് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഓരോ ദിവസവും കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും ഉച്ചയ്ക്കും സ്‌കൂളുകളില്‍ പ്രത്യേകം ബെല്‍ മുഴങ്ങും. ബെല്‍ മുഴങ്ങിക്കഴിഞ്ഞാല്‍ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി നല്‍കണമെന്നാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.

◾മസാലബോണ്ട് കേസില്‍ ഇഡി സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ടിഎം തോമസ് ഐസകും കിഫ്ബി സിഇഒയും നല്‍കിയ ഹര്‍ജിയില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് ഹൈക്കോടതി . അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നും കോടതിയുടെ നിരീക്ഷണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെയെന്നും ഹൈക്കോടതി ആരാഞ്ഞു. കോടതിയുടെ നിര്‍ദേശത്തില്‍ കക്ഷികളുമായി കൂടിയാലോചിച്ച് തിങ്കളാഴ്ച മറുപടി നല്‍കാമെന്ന് അഭിഭാഷകര്‍ അറിയിച്ചു

◾തന്റെ കൈകള്‍ ശുദ്ധമാണെന്നും മടിയില്‍ കനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി പറഞ്ഞാല്‍ ജനം പത്തലെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം തുടരാമെന്ന ബാംഗളുര്‍ ഹൈക്കോടതിയുടെ വിധി പിണറായി വിജയന്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരത്തിന്റെ അടിവേരു മാന്തി. അഴിമതിയില്‍ മുങ്ങിത്താഴുന്ന പിണറായി വിജയനെ ഇനിയും താങ്ങണോയെന്ന് സിപിഎമ്മും എല്‍ഡിഎഫ് ഘടകകക്ഷികളും ആലോചിക്കണം എന്നും അദ്ദേഹം പറഞ്ഞു.

◾സിപിഎമ്മിന് മീതെ സമ്മര്‍ദ്ദം ചെലുത്തി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബന്ധമുണ്ടാക്കാനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവിഹിതമായ ബന്ധം സംഘപരിവാറും സിപിഎമ്മും തമ്മിലുണ്ട്. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയും മകളും ശ്രമിച്ചത് . സ്വര്‍ണ്ണക്കടത്ത് കേസിലും കരുവന്നൂര്‍ കേസിലും സംഭവിച്ചത് തന്നെയാണ് ആവര്‍ത്തിക്കാന്‍ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾മാസപ്പടി കേസില്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജ്ജ്. അല്‍പമെങ്കിലും മാന്യത ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം. കെ.എസ്.ഐ.ഡി.സിയുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ തിങ്കളാഴ്ച പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

◾എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും നാണംകെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതുകൊണ്ടാണ് കേരള ഹൈക്കോടതിക്ക് പിന്നാലെ കര്‍ണാടക ഹൈക്കോടതിയും വീണാവിജയന്റെ ഹര്‍ജി തള്ളിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മടിയില്‍ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◾എക്സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണയെ പരോക്ഷമായി തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീണ വിജയന്‍ ഹര്‍ജി നല്‍കിയ വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. 'അത് അവര്, അവരുടെ കമ്പനി, അവരൊക്കെ ആ വിഷയം നോക്കും' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

◾എല്‍.ഡി.എഫില്‍ ഘടകകക്ഷിയെന്ന നിലയില്‍ അര്‍ഹതപ്പെട്ട അംഗീകാരം സി.പി.ഐക്ക് ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് ബജറ്റില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ല. കെ.പി.സി.സി സംഘടിപ്പിക്കുന്ന സമരാഗ്നി പ്രക്ഷോഭ ജാഥയുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഈ പരാമര്‍ശം നടത്തിയത്.

◾ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ദില്ലിയില്‍ ദേശീയ ആസ്ഥാന മന്ദിരമായി. ഖാഇദെ മില്ലത്ത് സെന്റര്‍ എന്നാണ് ആസ്ഥാന മന്ദിരത്തിന് പേര് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഡിജിറ്റല്‍ ലോഞ്ച് മാര്‍ച്ച് 10 ന് നടക്കുo. ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടത്താനാണ് നിലവില്‍ ഉദ്ദേശിക്കുന്നതെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

◾സംസ്ഥാനത്തെ ഡേ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് കൂണുപോലെയാണ് ഇപ്പോള്‍ ഡേ കെയര്‍ സെന്ററുകള്‍. ഇവയില്‍ പലതിനും മതിയായ യോഗ്യതയില്ല. അനുമതികള്‍ ഇല്ലാതെയും മതിയായ സൗകര്യങ്ങള്‍ ഇല്ലാതെയും ഇനി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

◾വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുവാന്‍ മുന്നറിയിപ്പ് നല്‍കി കേരളാപൊലീസ്. പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സോഷ്യല്‍മീഡിയ പോസ്റ്റില്‍ കേരള പൊലീസ് വ്യക്തമാക്കി .

◾ഈ മാസം 22 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തീയറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണം. OTT റിലീസ്, സിനിമ എഗ്രിമെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍മാതക്കള്‍ പരിഹാരം കാണാണണം എന്നും ഫിയോക്ക് മുന്നറിയിപ്പ് നല്‍കി.

◾സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടമായതിനെതുടര്‍ന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. പെരിങ്ങമല പഞ്ചായത്തിലെ കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു തുടര്‍ന്നാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. അതേസമയം, പാലോട് രവിയുടെ രാജി കെ.പി.സി.സി തള്ളി.

◾യുവതിയോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.

◾കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പാലക്കാട് കൊടുവായൂരില്‍ ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. വെമ്പല്ലൂര്‍ എരട്ടോട് സ്വദേശി രാമന്റെ മകന്‍ രതീഷ്(22), കണ്ണന്നൂര്‍ അമ്പാട് സ്വദേശി മാധവന്റെ മകന്‍ മിഥുന്‍ (19) എന്നിവരാണ് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

◾മാവോയിസ്റ്റ് സംഘത്തിനു നേരേയും കണ്ണൂരില്‍ കാട്ടാന ആക്രമണം. പരിക്കേറ്റ കര്‍ണാടക ചിക്കമംഗലൂര്‍ സ്വദേശി സുരേഷിനെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ കടന്നു കളഞ്ഞു. ആറംഗ സംഘം പരിക്കേറ്റയാളെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെ കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ എത്തിച്ചാണ് സ്ഥലം വിട്ടത്.

◾നഗര മേഖലയിലെ തൊഴിലില്ലായ്മ നിരക്കില്‍ കേരളത്തിന് രണ്ടാം സ്ഥാനം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തയ്യാറാക്കിയ ഏറ്റവും പുതിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍. ഹിമാചല്‍ പ്രദേശാണ് പട്ടികയില്‍ ഒന്നാമത്. ജമ്മു കശ്മീരാണ് മൂന്നാം സ്ഥാനത്ത്.

◾കാലാവസ്ഥ നിരീക്ഷണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ന്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വൈകീട്ട് 5.35നാണ് ഇന്‍സാറ്റ്-3ഡിഎസിന്റെ വിക്ഷേപണം.

◾അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം. അക്കൗണ്ടുകള്‍ കോണ്‍ഗ്രസിന് തല്‍ക്കാലം ഉപയോഗിക്കാന്‍ ആദായ നികുതി വകുപ്പ് അപ്പല്ലേറ്റ് അതോറിറ്റി അനുമതി നല്‍കി. ഫെബ്രുവരി 21 ന് കോണ്‍ഗ്രസിന്റെ പരാതി അതോറിറ്റി പരിഗണിക്കുമെന്ന് എംപി വിവേക് തന്‍ഖ അറിയിച്ചു.

◾2018- 19 ലെ ആദായ നികുതി റിട്ടേണുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 210 കോടി രൂപ പിഴ ചുമത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. പണത്തിന്റെ കരുത്തിലല്ല, ജനത്തിന്റെ കരുത്തിലാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്നും ഏകാധിപത്യത്തിനു മുന്നില്‍ ഞങ്ങള്‍ ഒരിക്കലും തലകുനിക്കുകയുമില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അധികാരത്തിന്റെ മത്തു പിടിച്ച മോദി സര്‍ക്കാരിന്റെ ഈ നടപടി ജനാധിപത്യത്തിനു മേലുള്ള കനത്ത ആഘാതമാണെന്നും ഭാവിയില്‍ രാജ്യത്ത് തിരഞ്ഞെടുപ്പു പോലും ഉണ്ടാവില്ലെന്ന് ഇതുകൊണ്ടാണ് പറഞ്ഞതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗേയും വ്യക്തമാക്കി.

◾ഇന്ന് ഡല്‍ഹി ചലോ മാര്‍ച്ചിന് അവധി. കേന്ദ്രസര്‍ക്കാരുമായി അടുത്തഘട്ട ചര്‍ച്ച നാളെ നടത്താന്‍ തീരുമാനിച്ചതിനാല്‍ ഇന്ന് സമാധാനപരമായി പഞ്ചാബ്-ഹരിയാണ അതിര്‍ത്തികളില്‍ തുടരാനാണ് തീരുമാനം. നാളെ നടക്കുന്ന നാലാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

◾റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവല്‍നി മരിച്ചതായി റിപ്പോര്‍ട്ട്. ആര്‍ട്ടിക് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ചത്തെ നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

◾കേരള ബ്ലാസ്റ്റേഴ്‌സ്ിന് വീണ്ടും തോല്‍വി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. ഇതോടെ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ടീം പരാജയപ്പെടുന്നത്. പോയന്റ് പട്ടികയില്‍ നിലവില്‍ നാലാമതാണ് ബ്ലാസ്റ്റേഴ്സ്.

◾മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ അടിക്ക് ഇംഗ്ലണ്ടിന്റെ തിരിച്ചടി. ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സിന് പുറത്തായ ഇന്ത്യയ്‌ക്കെതിരേ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 118 പന്തില്‍ രണ്ട് സിക്‌സും 21 ഫോറുമായി 133 റണ്‍സെടുത്ത ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിലെത്തിച്ചത്.

◾പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടത്തില്‍ മുന്‍നിരയിലുള്ള ബാങ്കുകളുടെ പട്ടികയില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയും. ഒരു വായ്പയുടെ തിരിച്ചടവില്‍ ഉപഭോക്താവ് തുടര്‍ച്ചയായി ഏറ്റവും കുറഞ്ഞത് 90 ദിവസം വീഴ്ച വരുത്തുമ്പോഴാണ് ആ വായ്പ കിട്ടാക്കടം അഥവാ നിഷ്‌ക്രിയ ആസ്തിയായി മാറുന്നത്. ട്രെന്‍ഡ്‌ലൈന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കൂടുതല്‍ അറ്റ നിഷ്‌ക്രിയ ആസ്തി രേഖപ്പെടുത്തിയത്. ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം 1.41 ശതമാനം അറ്റ നിഷ്‌ക്രിയ ആസ്തിയുമായി ബാങ്ക് ഓഫ് ഇന്ത്യയാണ് മുന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു.1.08 ശതമാനവുമായി യൂണിയന്‍ ബാങ്കാണ് രണ്ടാമത്. 0.96 ശതമാനവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് മൂന്നാമതും. ബാങ്ക് ഓഫ് ബറോഡ (0.70%), എസ്.ബി.ഐ (0.64%) എന്നിവയാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍. 0.62 ശതമാനവുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ് ആറാംസ്ഥാനത്ത്.

◾മീര ജാസ്മിന്‍, അശ്വിന്‍ ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പാലും പഴവും'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മീരയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറക്കാര്‍ പുറത്തിറക്കി. 2 ക്രിയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. മീര ജാസ്മിന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ശാന്തി കൃഷ്ണ, അശോകന്‍, മണിയന്‍പിള്ള രാജു, നിഷ സാരംഗ്, മിഥുന്‍ രമേഷ്, സുമേഷ് ചന്ദ്രന്‍, ആദില്‍ ഇബ്രാഹിം, രചന നാരായണന്‍കുട്ടി, ഷിനു ശ്യാമളന്‍, തുഷാര, ഷമീര്‍ ഖാന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, വിനീത് രാമചന്ദ്രന്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുല്‍ റാം കുമാര്‍, പ്രണവ് യേശുദാസ്, ആര്‍ ജെ സൂരജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണന്‍.

◾ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാന്‍ ചിത്രമാണ് 'കടകന്‍'. നവാഗതനായ സജില്‍ മമ്പാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാര്‍ച്ച് ഒന്നിന് തിയേറ്ററുകളിലെത്തും. റിലീസിനോട് അടുക്കുന്ന അവസരത്തില്‍ ചിത്രത്തിന്റെ ഭാഗമാവാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചെയ്യേണ്ടത് ഇത്ര മാത്രം, ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ചുവടുവെച്ച് 'കടകന്‍ റീല്‍ കോണ്ടസ്റ്റ്'ല്‍ പങ്കെടുക്കുക. സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ ചെയ്യുന്ന റീലുകള്‍ #Kadakanmovieosngreel എന്ന ഹാഷ്ടാഗില്‍ @kadakan_movie_official @dqswayfarerfilms എന്നീ അക്കൗണ്ടുകള്‍ ടാഗ് ചെയ്ത് വേണം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാന്‍. തെരഞ്ഞെടുക്കുന്ന ആറ് വ്യക്തികള്‍ക്ക് @terratoursandtravels @smashtoursandtravels @voyagergram_ എന്നിവരുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ യാത്ര സമ്മാനമായ് നേടാം. ബോധി, എസ് കെ മമ്പാട് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച 'കടകന്‍' ഫാമിലി എന്റര്‍ടൈനറാണ്. ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോപി സുന്ദറിന്റെതാണ് സംഗീതം. ചിത്രത്തിലെ ആദ്യ ഗാനം 'ചൗട്ടും കുത്തും', സെക്കന്‍ഡ് സോങ്ങ് 'അജപ്പമട'യും പുറത്തുവിട്ടിട്ടുണ്ട്.

◾കിയ കാരന്‍സിന് പൊലീസ് മുഖം നല്‍കി പഞ്ചാബ്. പ്രത്യേകം നിര്‍മിച്ച 71 വാഹനങ്ങളാണ് കിയ, പഞ്ചാബ് പൊലീസിന് കൈമാറിയത്. പൊലീസിനെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കിയ കാരന്‍സ് എത്തിയത്. എമര്‍ജെന്‍സി റെസ്പോണ്‍സ് വാഹനമായിട്ടാണ് പുതിയ കാരന്‍സ് പഞ്ചാബ് പൊലീസ് ഉപയോഗിക്കുക. കഴിഞ്ഞ വര്‍ഷം ആദ്യം നടന്ന ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കാരന്‍സിന്റെ സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍സ് കിയ പ്രദര്‍ശിപ്പിച്ചിരുന്നു. പൊലീസ് വാഹനത്തെ കൂടാതെ ആംബുലന്‍സായി ഉപയോഗിക്കുന്ന കാരന്‍സും അന്ന് പ്രദര്‍ശിപ്പിച്ചു. കരുത്തന്‍ എന്‍ജിന്‍ കിയ, കാരന്‍സില്‍ ഉപയോഗിക്കുന്ന 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പഞ്ചാബ് പൊലീസിന്റെ വാഹനത്തിലും. എന്നാല്‍ കരുത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. പോലീസിന്റെ വയര്‍ലെസ് സംവിധാനവും മറ്റും ഘടിപ്പിക്കാനായി 60 എഎച്ചിന്റെ ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. ഹൈ ഡെന്‍സിറ്റി സ്ട്രോബ് ലൈറ്റ്, പബ്ലിക് അനോണ്‍സ്മെന്റ് സിസ്റ്റം, വയര്‍ലെസ് സംവിധാനം, ഡയല്‍ 112 എമര്‍ജെന്‍സി റെസ്പോണ്‍ സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ പൊലീസ് കാരന്‍സിലുണ്ട്. കാരന്‍സിന്റെ മറ്റു മോഡലുകളെപ്പോലെ തന്നെ ഹൈ സ്റ്റേങ്ത് സ്റ്റീലില്‍ തന്നെയാണ് നിര്‍മാണം. നാലു വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്, എബിഎസ്, ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്, ടിപിഎംസ് തുടങ്ങി കാരന്‍സിന്റെ മറ്റു മോഡലുകളിലുള്ള സുരക്ഷ സംവിധാനങ്ങളെല്ലാം പൊലീസ് വേരിയന്റിലുമുണ്ട്.

◾2023ല്‍ പൊട്ടിപ്പുറപ്പെട്ട മണിപ്പൂര്‍ കലാപത്തെ കുറിച്ചുള്ള സൂക്ഷ്മ അന്വേഷണമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ എഴുതിയ മണിപ്പൂര്‍ എഫ് ഐ ആര്‍. മണിപ്പൂരിന്റെ ചരിത്രം, കലാപത്തിന്റെ പശ്ചാത്തലം, സങ്കീര്‍ണമായ സാഹചര്യങ്ങള്‍, അധികമാരും അറിയാത്ത പിന്നാമ്പുറക്കഥകള്‍, അതിക്രൂരമായ വേട്ടയ്ക്ക് പ്രേരകമായ പക, അക്രമ പരമ്പരകളുടെ നാള്‍വഴികള്‍, മാസങ്ങള്‍ നീണ്ട അക്രമങ്ങള്‍ക്കും പ്രതിരോധത്തിനുമുള്ള തയ്യാറെടുപ്പുകള്‍ എന്നിവ തുടങ്ങി അനേകരുടെ മരണത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകളുടെ ബാക്കിപത്രവും ഇനിയുള്ള വെല്ലുവിളികളും സമാധനത്തിനുള്ള അനിവാര്യതകളും വിവരിക്കുന്ന സമഗ്രമായൊരു വിവരണമാണ് ദേശീയ-അന്തര്‍ദേശീയ റിപ്പോര്‍ട്ടിംഗില്‍ മൂന്നര പതിറ്റാണ്ടു നീണ്ട അനുഭവങ്ങളുടെ ഉടമയായ ജോര്‍ജ് കള്ളിവയലില്‍ രചിച്ച ഈ പുസ്തകം. 'മണിപ്പുര്‍ എഫ് ഐ ആര്‍'. അഴിമുഖം. വില 332 രൂപ.

◾നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് നമ്മുടെ മാനസികനിലയെ സ്വാധീനിക്കാന്‍ കഴിയുമെന്നതു പോലെ തന്നെ ഉറക്കത്തെയും സ്വാധീനിക്കാന്‍ കഴിയും. ഉദരവും തലച്ചോറും തമ്മില്‍ ബന്ധമുള്ളതിനാലാണിത്. നമ്മുടെ ഉദരത്തില്‍ കോടിക്കണക്കിന് ഗട്ട് മൈക്രോബയാറ്റയുണ്ട്. ഇവയാണ് മെച്ചപ്പെട്ട ഉറക്കം ലഭിക്കാന്‍ കാരണമായ സെറോടോണിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ ഉല്‍പാദനത്തിന് പിന്നില്‍. ചില വിറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവം കാരണവും ഉറക്കം മോശമാകാം. അതിനാല്‍ നല്ല ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനമാണ്. ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഒന്നാണ് വാഴപ്പഴം. മഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്‌റ്റോ ഫാന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വാഴപ്പഴം കഴിക്കുന്നത് മെലാടോണിന്റെ ഉല്‍പാദത്തിന് സഹായിക്കും. കൂടാതെ പേശികളെ വിശ്രാന്തിയിലാക്കുകയും ചെയ്യും. ധാരാളം ആന്റിഓക്‌സിഡന്റുകള്‍, സെറോടോണിന്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയും ധാരാളമുള്ളതിനാല്‍ ഉറക്കം മെച്ചപ്പെടുത്താന്‍ കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ബദാമില്‍ മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നത് മസിലുകളെ റിലാക്‌സ് ചെയ്യിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും. ഡയറ്റില്‍ പതിവായി യോഗര്‍ട്ട് ഉള്‍പ്പെടുത്തുന്നത് ഉദരത്തിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കള്‍ക്കും ദഹനത്തിനും നല്ലതാണ്. ഉറക്കം തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകളെ തടയാന്‍ യോഗാര്‍ട്ട് സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
അവന്‍ വളരെ സങ്കടപ്പെട്ടിരിക്കുന്നത് കണ്ടാണ് അദ്ധ്യാപകന്‍ കാരണമന്വേഷിച്ചത്. തിരിച്ച് ഒരു ചോദ്യമാണ് അവനില്‍ നിന്നും ഉണ്ടായത്. സങ്കടങ്ങള്‍ തീരാനുളള വഴി പറഞ്ഞുതരാമോ? അദ്ധ്യാപകന്‍ പറഞ്ഞു: നീയൊരു പൂവാണെന്ന് കരുതുക. നാളെകളില്‍ അത് വാടിവീഴാനുളളതാണെന്നും മനസ്സിലാക്കുക. വാടി വീഴുന്നതുവരെ സുഗന്ധം പരത്തി, കാണുന്നവന് കണ്ണിനും മനസ്സിനും കുളിര്‍മനല്‍കി, പുഷ്പിച്ച് നില്‍ക്കും എന്ന് തീരുമാനിക്കുക. എല്ലാ സങ്കടങ്ങളും മായും. മരിക്കും എന്നോര്‍ത്ത് ജീവിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. കിതയ്ക്കും എന്ന് കരുതി ഓടാതിരിക്കുന്നത് എന്തിനാണ്? നഷ്ടപ്പെടും എന്നോര്‍ത്ത് പ്രണയിക്കാതിരിക്കുന്നതിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല.. എന്തിനും അതിന്റെതായ തുടക്കവും ഒടുക്കവും ഉണ്ട്. അവയുടെ സ്വാഭാവിക ഗതിയെ അംഗീകരിച്ച് മുന്നോട്ട് തന്നെ പോവുക. വിഷാദാത്മകമായതൊന്നും ജീവിതത്തില്‍ സംഭവിക്കരുത് എന്ന് ചിന്തിക്കുന്നതില്‍ അടിസ്ഥാനമേ ഇല്ല. സംഭവിക്കാനുളളത് സംഭവിച്ചുകൊണ്ടേയിരിക്കും.. അതിനെ അതിജീവിക്കാനോ , നേരിടാനോ ഉളള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നത് മാത്രമാണ് പോംവഴി. എത്ര നാള്‍ ആയുസ്സ് നീട്ടിക്കിട്ടി എന്നതിലല്ല, ആയുസ്സുളളനാള്‍ എത്ര മഹനീയമായി ജീവിക്കാന്‍ കഴിഞ്ഞു എന്നതിലാണ് കാര്യം.. അതെ, നമുക്ക് വീഴുന്നത് വരെ ഓടാം.. സങ്കടങ്ങളെ വകഞ്ഞുമാററി, സന്തോഷത്തെ വാരിപ്പിടിച്ച്... - ശുഭദിനം.