*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 16 വെള്ളി

◾കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ത് കേരളത്തില്‍ ബാധിക്കില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി രാജ്ഭവനും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കും. സംയുക്ത ട്രേഡ് യൂണിയന്‍ വേദിയുടേയും കര്‍ഷക തൊഴിലാളി സംയുക്ത വേദിയുടേയും ആഭിമുഖ്യത്തിലാണ് ഉപരോധ സമരം നടത്തുക.

◾വയനാട്ടിലെ ആക്രമണകാരികളായ വന്യജീവികളെ കൈകാര്യം ചെയ്യാന്‍ വയനാട്ടില്‍ സിസിഎഫ് റാങ്കിലുള്ള സ്പെഷല്‍ ഓഫീസറെ നിയമിക്കും. പ്രത്യേക അധികാരങ്ങളോടുകൂടിയ ഓഫീസറായിരിക്കും വന്യജീവി ശല്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. വയനാട്ടില്‍ രണ്ട് ആര്‍ആര്‍ടി ടീമിനെക്കൂടി നിയമിക്കാനും തിരുമാനിച്ചു.

◾പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചു ഗള്‍ഫിലേക്കു കടക്കാന്‍ ശ്രമിച്ച രണ്ടു യുവതികള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. കൊല്ലം സ്വദേശി ജയ ജോസഫ്, കോഴിക്കോട് സ്വദേശി സക്കീന മുസ്തഫ എന്നിവരാണ് പിടിയിലായത്. മസ്‌കറ്റിലേക്കു പോകാനാണ് ഇരുവരും എത്തിയത്. വിസിറ്റിംഗ് വിസയാണ് ഉണ്ടായിരുന്നത്. പാസ്പോര്‍ട്ടില്‍ നേരത്തെയുണ്ടായിരുന്ന കുവൈറ്റ് വിസയുടെ മുകളില്‍ റദ്ദാക്കിയ മറ്റൊരു വിസ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു.

◾കടമെടുപ്പു പരിധി വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ധനകാര്യ വകുപ്പ് തള്ളി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് കേരളത്തിന്റെ നാലംഗ സംഘത്തെ നയിച്ച ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കടമെടുപ്പു പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പലതവണ അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്ര ധനകാര്യ സെക്രട്ടറി, സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയുടെ പുരോഗതി കേന്ദ്രവും കേരളവും തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിക്കും.

◾ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്യുന്ന കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ത് ഇന്ന്. സംയുക്ത കിസാന്‍ മോര്‍ച്ചയും നിരവധി ട്രേഡ് യൂണിയനുകളുമാണ് ഗ്രാമീണ ഭാരത് ബന്തിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം നാലുവരെയാണ് ബന്ത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെ പ്രധാന റോഡുകള്‍ ഉപരോധിക്കും. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതു തടയില്ല. ഇതേസമയം, ഡല്‍ഹി അതിര്‍ത്തിയില്‍ തമ്പടിച്ച ആയിരക്കണക്കിനു കര്‍ഷകര്‍ക്കുനേരെ ഹരിയാന പോലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും ഇന്നലേയും തുടര്‍ന്നു.

◾കാര്‍ഷികോല്‍പന്നങ്ങള്‍ക്കു താങ്ങുവില ആവശ്യപ്പെട്ടു സമരം നയിക്കുന്ന കര്‍ഷക നേതാക്കളുമായി കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചണ്ഡീഗഡില്‍ ചര്‍ച്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ആറിനു ചര്‍ച്ച തുടരുമെന്ന് കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടെ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിത്യാനന്ദ റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  

◾രാജ്യത്തെ വിമാനത്താവളങ്ങളും ഖനികളും ഭൂമിയുമെല്ലാം തുച്ഛമായ വിലയ്ക്കു കോര്‍പറേറ്റുകള്‍ക്കു വിറ്റ് അവരില്‍നിന്ന് ബിജെപി സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമെന്നു സുപ്രീം കോടതി വിധിച്ചിരിക്കേയാണ് ഈ പ്രതികരണം. ഇലക്ടറല്‍ ഫണ്ട് നല്‍കാത്ത കര്‍ഷകര്‍ താങ്ങുവില ചോദിക്കാന്‍പോലും പാടില്ലെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പ്രസ്താവിക്കും.

◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുറമുഖ വികസനവും രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂര്‍ത്തീകരണവും വേഗത്തില്‍ സാധ്യമാക്കാനാണിത്. കരാറനുസരിച്ച് അദാനി വിഴിഞ്ഞം പ്രൈവറ്റ് പോര്‍ട്ട് ലിമിറ്റഡ് 2019 ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

◾പ്രധാനമന്ത്രി ഈ മാസം 27 ന് തിരുവനന്തപുരത്ത് എത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. റോഡ് ഷോയുമുണ്ടാകും. ചില ഔദ്യോഗിക പരിപാടികള്‍കൂടി ഇതോടൊപ്പം ആസൂത്രണം ചെയ്യുന്നുണ്ട്.  

◾തിരുവല്ലം കസ്റ്റഡി മരണക്കേസില്‍ എസ്എച്ച്ഒ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം നല്‍കി. തിരുവല്ലം എസ്.എച്ച്.ഒ.ആയിരുന്ന സുരേഷ് വി.നായര്‍, എസ്ഐമാരായ വിപിന്‍ പ്രകാശ്, സജികുമാര്‍, ഹോം ഗാര്‍ഡ് വിനു എന്നിവര്‍ക്കെതിരേയാണ് സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. തിരുവല്ലയിലെ ജഡ്ജി കുന്ന് സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസില്‍ കസ്റ്റഡിലെടുത്ത സുരേഷ് കുമാറാണ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.

◾ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ക്കു പൊലീസ് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സുരക്ഷ ആവശ്യപ്പെട്ട് ഏഴു സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ പൊലീസ് സംരക്ഷണം നല്‍കുമെന്ന് ഹൈക്കോടതിയെ അറിയിച്ചത്.

◾മുഖ്യമന്ത്രി നാടകകമ്പനിയുടെ സംവിധായകനായി മാറിയെന്നു പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു കൈകൊണ്ട് അക്രമങ്ങള്‍ക്കായി പ്രവര്‍ത്തകരെ ഇറക്കിവിടും. മറുകൈകൊണ്ട് അതു തടയാനെന്ന പേരില്‍ പോലീസിനേയും ഇറക്കിവിടുന്നു. സര്‍വ്വകലാശാലകളില്‍ ഇഷ്ടക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റാനുള്ള സിപിഎമ്മിന്റെ നീക്കം തടഞ്ഞതിനാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.  

◾മാനന്തവാടിയില്‍ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിവച്ചു പിടിക്കാനാകാതെ അഞ്ചാം ദിവസവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. ആന കൂടുതല്‍ ഉള്‍ക്കാട്ടിലേക്കു നീങ്ങി. ആനയെ പിടികൂടാന്‍ കര്‍ണാടക വനംവകുപ്പ് നിയോഗിച്ച 25 അംഗ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

◾ചലോ ഡല്‍ഹി കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ കിസാന്‍ മഹാസംഘ് കേരള സംസ്ഥാന കണ്‍വീനറായ റോജര്‍ സെബാസ്റ്റിയനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. 11 മണിക്കൂര്‍ കസ്റ്റഡിയില്‍വച്ചു ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

◾ഇരിങ്ങാലക്കുടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. അഞ്ചിടങ്ങളില്‍ പൊലീസിനെ വെട്ടിച്ച് ഗവര്‍ണറുടെ വാഹന വ്യൂഹത്തിനു നേരെ എസ്എഫ്ഐക്കാര്‍ ചാടി വീണു.

◾കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഒന്നാം തീയതിതന്നെ ശമ്പളം നല്‍കാനുള്ള പദ്ധതികള്‍ മുഖ്യമന്ത്രി പിണായി വിജയനുമായി ചര്‍ച്ച ചെയ്തെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസിയുടെ ദാരിദ്ര്യം മാറ്റാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

◾തിരുവനന്തപുരത്ത് 22 ഇലക്ട്രിക് ബസുകള്‍ മന്ത്രി എംബി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതില്‍ രണ്ടെണ്ണം ഡബിള്‍ ഡെക്കര്‍ ബസുകളാണ്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും മേയര്‍ ആര്യ രാജേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഡബിള്‍ ഡക്കറില്‍ ആദ്യ യാത്രയും നടത്തി.

◾എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തിനു വെടിക്കെട്ട് നടത്താന്‍ അനുമതി തരില്ലെന്നു ജില്ലാ ഭരണകൂടം. ഈ മാസം 21, 22 തീയതികളില്‍ വെടിക്കെട്ടു നടത്താനിരുന്നതാണ്.

◾എറണാകുളം- പാലക്കാട് മെമു പൊള്ളാച്ചിയിലേക്കു നീട്ടും. ഉച്ചയ്ക്ക് 2.45 ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം 6.35 നാണു പാലക്കാട് എത്തുക. രാത്രി 7.45 നു പൊള്ളാച്ചിയില്‍ എത്തും.

◾സംസ്ഥാനത്തെ വന്ദേ ഭാരത് ട്രെയിനുകളില്‍ കേരള ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് പ്രഫ. കെവി തോമസ് കത്തയച്ചു. ഉത്തരേന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളാണ് കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാര്‍ക്കു നല്‍കുന്നത്.

◾ബിജെപിയുടെയും സിപിഎമ്മിന്റെയും വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍. കോണ്‍ഗ്രസ് സമരാഗ്നി യാത്ര മലപ്പുറം അരീക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

◾ഭാരത് അരിയേക്കാള്‍ കൂടിയ വിലയ്ക്കാണ് സപ്ലൈകോയില്‍ അരി വില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഭാരത് അരി രാഷ്ട്രീയ അരിയെന്നു പരിഹസിച്ച് വില്‍പന തടസപ്പെടുത്താനാണ് ഭക്ഷ്യമന്ത്രി അടക്കമുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുപോലൊരു ജനവിരുദ്ധ സര്‍ക്കാരിനെ കേരളം കണ്ടിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◾കൊല്ലം അഞ്ചലില്‍ ജീപ്പ് ഇടിച്ച് ചത്ത മുള്ളന്‍പന്നിയെ കറിയാക്കിയ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. വാളകം അമ്പലക്കര സ്വദേശി ബാജിയാണ് പിടിയിലായത്.

◾കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം. കോഴിക്കോട് കാരശ്ശേരി മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

◾എന്‍സിപി അജിത് പവാര്‍ പക്ഷമാണു യഥാര്‍ത്ഥ എന്‍സിപിയെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നല്‍വേക്കര്‍ ഉത്തരവിറക്കി. അജിത് പവാറിനൊപ്പമാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരുമെന്നു ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ ഉത്തരവ്. അജിത് പവാര്‍ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മിഷനും അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ശരദ് പവാര്‍ പക്ഷത്തുള്ള എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടുമെന്ന അവസ്ഥയിലായി. അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയും സ്പീക്കറുടെ പരിഗണനയിലുണ്ട്.

◾മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയില്‍. ശ്വാസ-ആമാശയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ദേവഗൗഡയെ എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◾നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തി ലോക്സഭാംഗത്വവും പാര്‍ട്ടി പദവികളും രാജി വച്ചു. പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിക്കാണു രാജിക്കത്തുകള്‍ നല്‍കിയത്. രാഷ്ട്രീയം തനിക്കു ചേര്‍ന്നതല്ലെന്നു സൂചന നല്‍കിക്കൊണ്ടാണു രാജി.

◾സെല്‍ഫിയെടുക്കാന്‍ മൃഗശാലയിലെ കൂടിനോടു ചേര്‍ന്നുനിന്ന യുവാവിനെ സിംഹം കടിച്ചുകൊന്നു. ആന്ധ്രപ്രദേശിലെ തിരുപ്പതി മൃഗശാലയില്‍ രാജസ്ഥാനിലെ അള്‍വാര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജര്‍ എന്ന മുപ്പത്തെട്ടുകാരനാണ് കൊല്ലപ്പെട്ടത്.

◾എട്ട് ഇന്ത്യന്‍ നാവികരെ മോചിപ്പിച്ച ഖത്തറിനു നന്ദി അറിയിച്ചും ഖത്തര്‍ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മേഖലയിലെ സാഹചര്യങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര പ്രാധാന്യമുള്ള കാര്യങ്ങളും ചര്‍ച്ചയായതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

◾ഫിഫ റാങ്കിങ്ങില്‍ 102 ല്‍ നിന്ന് 117-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്. ഖത്തറില്‍ നടന്ന ഏഷ്യന്‍ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് വിനയായത്.

◾ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ മികച്ച നിലയില്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എന്ന നിലയിലാണ്. നേരത്തെ 33ന് 3 എന്ന നിലയില്‍ തകര്‍ന്നിരുന്ന ഇന്ത്യന്‍ ഇന്നിംഗ്സിന് മാന്യത നല്‍കിയത് 131 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 110റണ്‍സെടുത്ത രവീന്ദ്ര ജഡേഡയുടേയും ഇന്നിംഗ്സുകളാണ്. അരങ്ങേറ്റ മത്സരത്തില്‍ മികച്ച നിലയില്‍ ബാറ്റ് വീശി 62 റണ്‍സെടുത്ത് അപ്രതീക്ഷിതമായി റണ്ണൗട്ടായ സര്‍ഫറാസ് ഖാന്റെ ഇന്നിംഗ്സും ഇന്ത്യക്ക് കരുത്തു പകര്‍ന്നു.

◾ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ജപ്പാനും ബ്രിട്ടനും സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ഡിസംബര്‍ പാദത്തിലും ഇവയുടെ ജി.ഡി.പി വളര്‍ച്ച നെഗറ്റീവായതാണ് കാരണം. തുടര്‍ച്ചയായ രണ്ടുപാദങ്ങളില്‍ വളര്‍ച്ചാനിരക്ക് നെഗറ്റീവ് ആകുന്നതിനെയാണ് സാങ്കേതികമായി സാമ്പത്തികമാന്ദ്യത്തില്‍ അകപ്പെട്ടു എന്ന് പറയുക. ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ബ്രിട്ടന്റെ ഒക്ടോബര്‍-ഡിസംബര്‍പാദ ജി.ഡി.പി വളര്‍ച്ചാനിരക്ക് നെഗറ്റീവ് 0.3 ശതമാനമാണ്. തൊട്ടുമുമ്പത്തെ പാദമായ ജൂലൈ-സെപ്റ്റംബറില്‍ നെഗറ്റീവ് 0.1 ശതമാനവുമായിരുന്നു വളര്‍ച്ച. നിലവില്‍ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ബ്രിട്ടന്‍. ഇന്ത്യയാണ് അഞ്ചാംസ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ശക്തിയായ ജപ്പാനും ഡിസംബര്‍ പാദത്തില്‍ സാങ്കേതിക സാമ്പത്തികമാന്ദ്യത്തിലേക്ക് വീണു. ജൂലൈ-സെപ്റ്റംബറില്‍ നെഗറ്റീവ് 3.3 ശതമാനം, ഒക്ടോബര്‍-ഡിസംബറില്‍ നെഗറ്റീവ് 0.4 ശതമാനം എന്നിങ്ങനെയാണ് ജാപ്പനീസ് ജി.ഡി.പിയുടെ വളര്‍ച്ച. ഇതോടെ, ജപ്പാനെ നാലാംസ്ഥാനത്തേക്ക് പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന സ്ഥാനം യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ ജര്‍മ്മനി സ്വന്തമാക്കി. അമേരിക്കയാണ് ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തി. രണ്ടാമത് ചൈനയും മൂന്നാമതിപ്പോള്‍ ജര്‍മ്മനിയുമാണ്. 2028-30നകം ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി ഇന്ത്യ മൂന്നാമതെത്തും എന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരാശരി 7 ശതമാനം വാര്‍ഷിക ജി.ഡി.പി വളര്‍ച്ച രേഖപ്പെടുത്തുന്ന ഇന്ത്യ, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സാമ്പത്തിക ശക്തിയുമാണ്.

◾ആമസോണ്‍ പ്രൈം വീഡിയോയുടെ ഒറിജിനല്‍ ക്രൈം സിരീസ് ആയ 'പോച്ചറി'ന്റെ ട്രെയ്ലര്‍ പുറത്തിറക്കി. എമ്മി അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച ഈ പരമ്പരയില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നടി, നിര്‍മ്മാതാവ്, സംരംഭക എന്നീ മേഖലകളില്‍ തിളങ്ങിയ ആലിയ ഭട്ട് പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പോച്ചര്‍ എന്ന ഈ സീരീസിലൂടെ പുറത്ത് കൊണ്ടുവരുന്നു. ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 ല്‍ അധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലും പ്രൈം വീഡിയോയിലൂടെ ഈ സിരീസ് ആസ്വദിക്കാനാകും. കൂടാതെ ഇത് ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ഒപ്പം 35 ല്‍ അധികം ഭാഷകളില്‍ സബ്‌ടൈറ്റിലുകള്‍ ഉണ്ടായിരിക്കും. ആനകളെ നിഷ്‌കരുണം, നിരന്തരമായി കൊല്ലുന്ന ഹൃദയഭേദകമായ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ട്രെയിലര്‍ നല്‍കുന്നത്.

◾ഡോണ്‍ പാലത്തറയുടെ നിരൂപക പ്രശംസകള്‍ നേടിയ ചിത്രം 'ഫാമിലി' തിയേറ്ററുകളിലേക്ക്. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ന്യൂട്ടണ്‍ സിനിമാസിന്റെ ബാനറില്‍ വിനയ് ഫോര്‍ട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ഫാമിലി'. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയ ഫാമിലി കേരള രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ അടക്കം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നില്‍ജ കെ ബേബി, ദിവ്യ പ്രഭ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും ഡോണ്‍ തന്നെയാണ്. ഫെബ്രുവരി 23 നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.

◾റേഞ്ച് റോവര്‍ ഇവോക് സ്വന്തമാക്കി നടി ഐശ്വര്യലക്ഷ്മി. ഇവോകിന്റെ ഡീസല്‍ മോഡലായ ഡൈനാമിക് എസ്ഇയാണ് നടിയുടെ ഏറ്റവും പുതിയ വാഹനം. കേരളത്തിലെ 2024 ഇവോക്കാണ് ഇത്. 67.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില, ഓണ്‍ റോഡ് ടാക്സ് അടക്കം വില 87.48 ലക്ഷം രൂപ. കൊച്ചിയിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് പുതിയ വാഹനം താരം വാങ്ങിയത്. നിരവധി അത്യാധുനിക സൗകര്യങ്ങളോടെയും ഇവോക്കിന്റെ 2024 മോഡല്‍ എത്തുന്നത്. ഡൈനാമിക് എസ്ഇ ട്രിമ്മില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭിക്കും. ട്രിബെക്ക ബ്ലൂ നിറത്തിലുള്ള മോഡലാണ് നടിയുടെ വാഹനം. 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലിന് 247 ബിഎച്ച്പി കരുത്തും 365 എന്‍എം ടോര്‍ക്കുമുണ്ട്. ഐശ്വര്യ ലക്ഷ്മി സ്വന്തമാക്കിയ 2.0 ലീറ്റര്‍ ഡീസല്‍ മോഡലിന് 201 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, കുമാരി, അര്‍ജന്റീന ഫാന്‍സ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടി ഇപ്പോള്‍ തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ്.

◾ഭ്രമാത്മകവും അതേ സമയം ത്രസിപ്പിക്കുന്നതുമായ കാര്‍ബണ്‍ എന്ന സിനിമയുടെ തിരക്കഥ. നിധി തേടിയുള്ള അന്വേഷണത്തില്‍ കേന്ദ്രകഥാപാത്രങ്ങള്‍ എവിടെയാണ് എത്തിച്ചേര്‍ന്നതെന്ന് വായനക്കാരെ അവസാനരംഗം വരെ പിടിച്ചിരുത്തുന്ന വിധത്തിലാണ് തിരക്കഥയുടെയും രചന. വാക്കുകള്‍ക്കപ്പുറം ഒരു ചലച്ചിത്രത്തിന്റെ ആസ്വാദ്യത ഈ രചനയുടെ പ്രത്യേകതയാണ്. ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും മത്സരിച്ചഭിനയിച്ച കാര്‍ബണ്‍ എന്ന സിനിമയുടെ തിരക്കഥയ്ക്ക് ജീവിത തൃഷ്ണകളുടെ സ്പര്‍ശമുണ്ട്. സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക്, പഠനവിഷയമാക്കുന്നവര്‍ക്ക് ഒരു കൈപുസ്തകം. വേണുവിന്റെ കാര്‍ബണ്‍ എന്ന സിനിമയുടെ ഒരു അക്ഷരകല. 'കാര്‍ബണ്‍'. വേണു. ഗ്രീന്‍ ബുക്സ്. വില 213 രൂപ.

◾പ്രോട്ടീനിന്റെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് മുട്ട. എന്നാല്‍ മുട്ടയുടെ മഞ്ഞക്കരു ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും എന്ന് കരുതുന്നവര്‍ ഏറെയാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ പ്രോട്ടീന്‍ ആണ് പ്രധാനമായുള്ളത്. വെള്ളക്കരുവിലാകട്ടെ പോഷകങ്ങളും. രണ്ട് മുട്ടയില്‍ (വെള്ളക്കരുവും മഞ്ഞക്കരുവും ഉള്‍പ്പെടെ) 411 മി.ഗ്രാം കൊളസ്ട്രോള്‍ ഉണ്ട്. എന്നാല്‍ ഇതേ അളവ് റെഡ്മീറ്റിലാകട്ടെ 78 മി.ഗ്രാം മാത്രമാണ് കൊളസ്ട്രോള്‍. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകം ആയതിനാല്‍ കരള്‍ വലിയതോതില്‍ കൊളസ്ട്രോള്‍ ഉല്‍പാദിപ്പിക്കുന്നു. മുട്ട പോലെ കൊളസ്ട്രോള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ കരള്‍, കൊളസ്ട്രോളിന്റെ ഉല്‍പാദനം കുറയ്ക്കുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന മക്യുലാര്‍ ഡീജനറേഷന്‍ ഉള്ള മുതിര്‍ന്നവരില്‍ ദിവസവും മുട്ടയുടെ മഞ്ഞ കഴിക്കുന്നതു മൂലം കൊളസ്ട്രോളിന്റെ അളവില്‍ കാര്യമായ മാറ്റം വരുന്നില്ല എന്ന് പഠനങ്ങള്‍ പറയുന്നു. പ്രോട്ടീന്‍, കോളിന്‍ എന്നിവയ്ക്കു പുറമെ മുട്ടയില്‍ ഒമേഗ 3 ആസിഡുകളും ധാരാളമുണ്ട്. ഇത് ട്രൈഗ്ലിസറൈഡിന്റെ അളവിനെ കുറയ്ക്കുന്നു. അതുകൊണ്ട് ഹൃദ്രോഗികള്‍ പതിവായി മുട്ട കഴിക്കുന്നത് സുരക്ഷിതമാണ്. മുട്ട ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രമേഹപൂര്‍വ ഘട്ടത്തിലുള്ളവരില്‍ പ്രധാനപ്പെട്ട ഘടകമാണിത്. ആഴ്ചയില്‍ 7 മുട്ട വരെ കഴിക്കുന്നതു ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കില്ലെന്ന് പഠനം പറയുന്നു. ഒന്നോ രണ്ടോ മുതല്‍ മൂന്നു മുട്ട വരെ ദിവസവും കഴിക്കുന്നത് ആരോഗ്യഗുണങ്ങളേകും. എന്നാല്‍ ഇത് ഓരോ വ്യക്തിയിലും ഈ അളവ് വ്യത്യാസപ്പെട്ടിരിക്കും. ഈ അളവില്‍ മുട്ട കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവില്‍ ചെറിയ വ്യത്യാസം വരുത്തും. മുട്ട കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ ഉണ്ട്. വയറു നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കുക വഴി വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മുട്ടയില്‍ പ്രോട്ടീന്‍ ഉണ്ട്. ഇത് ഉപാപചയനിരക്ക് വര്‍ധിപ്പിക്കുകയും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മുട്ടയിലെ കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മുട്ടയിലടങ്ങിയ ല്യൂട്ടിന്‍, സീസാന്തിന്‍ എന്നിവ തിമിരം, മക്യുലാര്‍ ഡീജനറേഷന്‍ തുടങ്ങിയ നേത്രരോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു പെണ്ണുകാണല്‍ ചടങ്ങ് നടക്കുകയാണ്. രണ്ടു വീട്ടുകാരും പരസ്പരം സംസാരിച്ചു വിവാഹത്തിലേക്ക് എത്തുന്ന ആ പെണ്ണു കാണല്‍ ചടങ്ങിന് ശേഷം പ്രതിശ്രുതവധു വരന്റെ വീട്ടുകാരെ യാത്രയാക്കാനായി പുറത്തേക്ക് വന്നു. അപ്പോള്‍ അവള്‍ വരന്റെ ചെരുപ്പാണ് ധരിച്ചിരുന്നത്. ഇത് കണ്ട് പ്രതിശ്രുതവരന്‍ പറഞ്ഞു. താന്‍ ചെരിപ്പ് തെറ്റിയിട്ടു. അതെന്റെ ചെരിപ്പാണ്. അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ഞാനീ ചെരിപ്പ് മനഃപൂര്‍വ്വം തന്നെ ഇട്ടതാണ്. ഒരായുസ്സ് മുഴുവന്‍ ഒരുമിച്ച് യാത്രചെയ്യുന്നതിന് മുമ്പ് ഒരടിയെങ്കിലും താങ്കളുടെ ചെരിപ്പിട്ട് എനിക്ക് സഞ്ചരിക്കാനാകുമോ എന്ന് നോക്കിയതാണ്.. അവള്‍ പുഞ്ചിരിച്ചുകൊണ്ട് ചെരിപ്പ് തിരികെ നല്‍കി. ഒപ്പം നടക്കാനാഗ്രഹിക്കുന്നവര്‍ ആദ്യം പഠിക്കേണ്ടത് അവരായി നടക്കാനാണ്. പരസ്പരം മനസ്സിലാക്കാതെയും വിശ്വസിക്കാതെയും എത്രനാള്‍ വേണമെങ്കിലും ഒപ്പം നടന്ന് മാതൃകാ ജീവിതം നയിക്കാം. പക്ഷേ, ഒരു കോലാഹലങ്ങള്‍ പോലും ഉയര്‍ത്താതെ ആ ജീവിതം അങ്ങിനെ അവസാനിക്കും. എനിക്ക് നിന്നെ മനസ്സിലാകും എന്ന് പറയുന്നതിന് പകരം ഒരിക്കലെങ്കിലും അയാളാകാന്‍ ശ്രമിച്ച് അയാള്‍ സഞ്ചരിച്ച മഴയും വെയിലുകളും അനുഭവിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ആ ചെരുപ്പിന്റെ പരുക്കന്‍ പ്രകൃതവും അതണിയുമ്പോഴുളള വികാരവും മനസ്സിലാകൂ.. അല്ലെങ്കില്‍ അവനവന്റെ താല്‍പര്യങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകും ഓരോ ജീവിതവും. നീ ഞാനാകണം എന്നതിനേക്കാള്‍ ഞാന്‍ നീയാകാം എന്ന ചിന്തയ്ക്കാണ് ഒരുമിച്ചുളള യാത്രയ്ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നത്.. യാത്രകള്‍ തുടരട്ടെ.. - ശുഭദിനം.