*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 14 ബുധൻ*

◾ഡല്‍ഹി വളഞ്ഞ് കര്‍ഷകര്‍. ഡല്‍ഹിയുടെ അതിര്‍ത്തി റോഡുകളില്‍ യുദ്ധസമാനമായ അന്തരീക്ഷം. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക ഗ്രനേഡുകള്‍ എറിഞ്ഞും ജലപീരങ്കി പ്രയോഗിച്ചും കര്‍ഷകരെ തുരത്താനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. ആയിരക്കകണക്കിനു ട്രാക്ടറുകളുമായാണു കര്‍ഷകര്‍ എത്തിയിരിക്കുന്നത്. ഏതാനും ട്രാക്ടറുകളും മുന്നൂറോളം കര്‍ഷകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഡ്രോണ്‍ ഉപയോഗിച്ചാണു കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകം പ്രയോഗിച്ചത്. ആറു മാസത്തേക്കുള്ള റേഷനും ഭക്ഷണമുണ്ടാക്കാനുള്ള പാത്രങ്ങളും ഇന്ധനവുമെല്ലാം കരുതിയാണ് കര്‍ഷകര്‍ മാര്‍ച്ചിന് എത്തിയിരിക്കുന്നത്. ഡല്‍ഹി അതിര്‍ത്തി റോഡുകളെല്ലാം അടച്ചു. ഈ പ്രദേശങ്ങളിലെ നിരോധനാജ്ഞ ലംഘിച്ചാണു കര്‍ഷകരുടെ സമരം. വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കണമെന്നും പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നുമാണ് പ്രധാന ആവശ്യം.  

◾കേരളത്തിന്റെ കടമെടുപ്പു പരിധി സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്ന്. കേരള സര്‍ക്കാര്‍ രൂപീകരിച്ച നാലംഗ സമിതി ഇന്നു ഡല്‍ഹിയിലെത്തി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തും. സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വ.ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സമിതിയിലുള്ളത്. സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് ചര്‍ച്ച.

◾ഇടതുമുന്നണിയിലെ അവഗണനയില്‍ പ്രതിഷേധിച്ച് ആര്‍ജെഡി പാര്‍ട്ടി കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങള്‍ രാജിവയ്ക്കും. എംഎല്‍എ ഉണ്ടായിട്ടും മന്ത്രിസ്ഥാനം കിട്ടാത്ത ആര്‍ജെഡി ആവശ്യപ്പെട്ട ലോക്സഭാ സീറ്റും നല്‍കിയില്ല. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയംസ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗത്തിലാണു തീരുമാനം.

◾മാസപ്പടി ഇടപാട് കേസിലെ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നു മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിക്കു മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കര്‍ നിയമസഭയില്‍ തന്റെ മൈക്ക് ഓഫാക്കിയതെന്നും കുഴല്‍നാടന്‍ പറഞ്ഞു. സ്പീക്കര്‍ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണ്. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

◾കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ആരോപണം ഉണ്ടയുള്ള വെടി തന്നെയാണെന്നും എന്നാലത് യുഡിഎഫിനെതിരാണെന്നും മന്ത്രി പി രാജീവും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസകും. മൈനിംഗ് സ്വകാര്യ കമ്പനിക്ക് കൊടുക്കാമെന്ന് 2002 ലാണ് ആദ്യം ഉത്തരവിറക്കിയത്. എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. യുപിഎ സര്‍ക്കാര്‍ ക്ലിയറന്‍സ് നല്‍കിയശേഷം 2004 ലാണ് സര്‍വെ നമ്പറുകള്‍ സഹിതം പാട്ടം നല്‍കിയത്. അതു ചെയ്തത് പിണറായി വിജയനല്ലെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

◾കിഫ്ബി മസാലബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ മൊഴി നല്‍കാന്‍ ഹാജരാകുന്നതിന് എന്താണു തടസമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസകിനോട് ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ് സ്റ്റേ ചെയ്യണമെന്ന തോമസ് ഐസകിന്റെ ആവശ്യം കോടതി തള്ളി.

◾മാനന്തവാടിയിലെ കൊലയാളി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. ആന കാട്ടിക്കുളം ഇരുമ്പു പാലത്തിനു സമീപമാണ് ഉണ്ടായിരുന്നത്. മയക്കുവെടിവയ്ക്കാതെ തിരിച്ചിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ അല്‍പസമയം തടഞ്ഞുവച്ച് പ്രതിഷേധിച്ചു.

◾പുല്‍പ്പള്ളി സുരഭിക്കവലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു പിടികൂടണമെന്ന് നാട്ടുകാര്‍. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. മൂന്നിടത്തു വനംവകുപ്പുകാര്‍ വച്ച കൂട്ടില്‍ കടുവ കയറിയില്ല.

◾വാളയാര്‍ അഹല്യ കാമ്പസില്‍ ശില്‍പോദ്യാനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നാണ് ഗവര്‍ണറുടെ കാറിനു മുന്നിലേക്കു കരിങ്കൊടിയുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചാടിവീണത്. പോലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി.

◾ലോക്സഭാ തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര്‍ റൂം തയാര്‍. വാര്‍ റൂമിന്റെ ചെയര്‍മാനായി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജുവിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിയമിച്ചു. ജെയ്‌സണ്‍ ജോസഫ്, മണക്കാട് സുരേഷ് എന്നിവരാണ് കോ ചെയര്‍മാന്‍മാര്‍. സംസ്ഥാനത്തെ 25177 ബൂത്ത് ഭാരവാഹികള്‍ക്കും ബിഎല്‍എമാര്‍ക്കും പരിശീലനം നല്‍കുമെന്നും കെപിസിസി അറിയിച്ചു.

◾നിയമസഭയില്‍ ചോദ്യങ്ങള്‍ക്കു ചുരുക്കി മറുപടി പറയണമെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലിന് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ റൂളിംഗ്. ചോദ്യങ്ങള്‍ക്കുള്ള മറുപടി നീണ്ടു പോകരുത്. ഇക്കാര്യത്തില്‍ മറ്റു മന്ത്രിമാരെ മാതൃകയാക്കണം. സ്പീക്കര്‍ പറഞ്ഞു. ധനവകുപ്പുമായി ബന്ധപ്പെട്ട നടപ്പു സമ്മേളനത്തിലെ 199 ചോദ്യങ്ങള്‍ അടക്കം 300 ചോദ്യങ്ങള്‍ക്ക് ധനവകുപ്പ് മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷം ഉന്നയിച്ച ക്രമ പ്രശ്നത്തിലാണ് സ്പീക്കറുടെ ഇടപെടല്‍.

◾ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന പരാമര്‍ശം നടത്തിയതിനെതിരായ കേസില്‍ സിപിഐ നേതാവ് അഡ്വ. വിഎസ് സുനില്‍കുമാറിന് കണ്ണൂര്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 2021 ജനുവരി 29 ന് വിഎസ് സുനില്‍കുമാര്‍ ഫേസ്ബുക്കിലൂടെ നാഥുറാം വിനായക് ഗോഡ്സെയെ 'ആര്‍എസ്എസ് കാപാലികന്‍' എന്നു വിശേഷിപ്പിച്ച് പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ആര്‍എസ്എസ് കേരള പ്രാന്തസംഘചാലക് കെ കെ ബല്‍റാം നല്‍കിയ പരാതിയിലാണു കേസ്.

◾ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ യോഗത്തിനിടെ ഗതാഗത കമ്മീഷണര്‍ക്കെതിരേ ക്ഷുഭിതനായി മന്ത്രി ഗണേഷ് കുമാര്‍. എല്ലാ സംസ്ഥാനങ്ങളിലും എപ്രില്‍ മാസത്തിനു മുമ്പ് ഓട്ടോമാറ്റിക് ഡ്രൈവിംഗ് സ്‌കൂള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച ഉത്തരവു പുറത്തിറക്കിയോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നാണു ഗതാഗത കമ്മീഷണര്‍ മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്നാണു മന്ത്രി ക്ഷുഭിതനായത്.

◾കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്കു നീളുന്നു. തൃപ്പുണിത്തുറ മെട്രോ സ്റ്റേഷന്‍ ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ പരിശോധിച്ചു. തൃപ്പൂണിത്തുറവരെ സര്‍വ്വീസ് വൈകാതെ ആരംഭിക്കും.

◾തൊഴിലുറപ്പു പദ്ധതിക്ക് ആയുധങ്ങളും സാധനങ്ങളും വാങ്ങിയെന്നു വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പത്തു വര്‍ഷം തടവും 95,000 രൂപ പിഴയും ശിക്ഷ. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയായിരുന്ന ആര്‍ ശ്രീകുമാറിനെയാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

◾കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മോദിയെ പരിഹസിച്ചു എസ്എഫ്ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ എബിവിപി വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കി. ഹിറ്റ്ലറുടെ തന്ത്രങ്ങള്‍ നടപ്പാക്കുന്നവര്‍ക്ക് ഹിറ്റ്ലറുടെ ഗതി വരുമെന്നായിരുന്നു ബോര്‍ഡിലുള്ള ഒരു പരാമര്‍ശം.

◾കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാന്‍മലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ കാട്ടിലേക്കു തുറന്നുവിടില്ലെന്ന് ഡിഎഫ്ഒ. മയക്കുവെടി വച്ചു പിടികൂടിയ കടുവക്ക് വലതു വശത്തെ ഉളിപ്പല്ല് ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍ കാട്ടില്‍ ഇരപിടിക്കാന്‍ പ്രയാസമാകും. കടുവയെ മൃഗശാലയിലേക്കു മാറ്റും.

◾ധനകാര്യ ബിസിനസ് രംഗത്തെ സംരംഭകത്വ മികവിനുള്ള എലെറ്റ്സ് ബിഎഫ്എസ്ഐ സിഎക്സോയുടെ ഫിനാന്‍ഷ്യല്‍ സക്സസ് ചാമ്പ്യന്‍ പുരസ്‌കാരം മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാറിനു ലഭിച്ചു. എലെറ്റ്സ് മേധാവി ഡോ. രവി ഗുപ്ത, കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഐടി സര്‍വീസസ് സുംനേശ് ജോഷി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു.

◾ഉപഭോക്തൃകോടതി വിധിയനുസരിച്ച് വിള ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും നല്‍കാത്തതിന് കൃഷി ഓഫീസര്‍മാര്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചതോടെ വിധിപ്രകാരമുള്ള തുകയായ 1,18,104 രൂപ അടച്ച് കേസ് അവസാനിപ്പിച്ചു. അന്തിക്കാട് സ്വദേശി ടി ആര്‍ പുഷ്പാംഗദന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ചാഴൂര്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍, തൃശുര്‍ ചെമ്പൂക്കാവിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്നിവര്‍ വിധിത്തുക അടച്ചത്. ഇതോടെ കോടതി നടപടികള്‍ അവസാനിപ്പിച്ചു.

◾തൊടുപുഴയില്‍ ലീഗല്‍ മെട്രോളജി സഹകരണ സംഘത്തില്‍ പെട്രോള്‍ ഒഴിച്ച് ഭീകരാന്തരീക്ഷ സൃഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. മുട്ടം സ്വദേശി പ്രസാദാണു പിടിയിലായത്. അഞ്ചു ലക്ഷം രൂപയുടെ ചിട്ടിയില്‍ അടച്ച ആറു തവണത്തെ പണം തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് അതിക്രമം കാണിച്ചത്.

◾പന്തളം രാജകുടുംബാംഗവും കൊട്ടാര നിര്‍വഹക സമിതി മുന്‍ പ്രസിഡന്റുമായിരുന്ന പി.ജി. ശശികുമാര വര്‍മ അന്തരിച്ചു. 77 വയസായിരുന്നു.

◾ടിവി ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായ ഷെഫ് സജിത്രന്‍ കെ ബാലന്‍ അന്തരിച്ചു. 44 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

◾ആദ്യകാല സിനിമ സംവിധായകനും തിരക്കഥകൃത്തും ഗാനരചയിതാവും നിര്‍മ്മാതാവുമായ പ്രകാശ് കൊളേരി (65)യെ വയനാട്ടിലെ കൊളേരിയിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

◾ഒമാനില്‍ കനത്ത മഴയില്‍ മലയാളി ഒഴുക്കില്‍പെട്ടു മരിച്ചു. ആലപ്പുഴ സ്വദേശി അബ്ദുല്‍ വാഹിദ് എന്ന 28 കാരനാണു മരിച്ചത്. കളിപ്പാട്ടം വില്‍ക്കുന്ന വാനിന്റെ ഡ്രൈവറാണ്. ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഹിബ്ര മേഖലയിലെ മഴവെള്ളപ്പാച്ചിലിലാണ് പെട്ടത്.

◾ഇന്നു വാലന്റൈന്‍സ് ഡേ. ലോകമെങ്ങുമുള്ള കമിതാക്കളുടെ പ്രണയദിനം. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നും സമ്മാനങ്ങള്‍ കൈമാറിയും സ്നേഹത്തിന്റെ അടയാളപ്പെടുത്തലുകളുമായി ലോകസമൂഹം.

◾കൂടുതല്‍ സൗരോര്‍ജം ഉല്‍പാദിപ്പിക്കാന്‍ 'പിഎം സൂപ്യ ഘര്‍ മുഫ്ത് ബിജ്ലി യോജന' സൗജന്യ വൈദ്യുതി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം മുന്നൂറു യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത്. പദ്ധതിക്കായി 75,000 കോടി രൂപ ചെലവിടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

◾2022 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളെ വിട്ടയച്ചതെന്ന വാദവുമായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളുമായി ഒത്തുകളിച്ചെന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

◾പശ്ചിമ ബംഗാളില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടു. പശ്ചിമ ബംഗാളിലെ കലൈക്കുണ്ട എയര്‍ഫോഴ്സ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

◾നടിയും ഗായികയുമായ മല്ലിക രജ്പുത് എന്ന വിജയലക്ഷ്മി മരിച്ച നിലയില്‍. 35 വയസായിരുന്നു. ന്യുഡല്‍ഹിയിലെ സ്വന്തം വസതിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.

◾ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരു മാറ്റി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കി. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍നിന്ന് പ്രശസ്ത നടി നര്‍ഗീസ് ദത്തിന്റെ പേരും ഒഴിവാക്കി.

◾ഖത്തറില്‍ തടവിലായ മുന്‍ ഇന്ത്യന്‍ നാവികരെ മോചിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് കഴിവുറ്റ നേതാക്കളാണ്. തനിക്ക് അതില്‍ പങ്കില്ലെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

◾ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്ര വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്ത പൊലീസുകാരന്റെ കൈയില്‍ കടിച്ചു പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗളുരുവില്‍ സയ്യദ് റാഫി എന്ന 28 വയസുകാരനാണ് അറസ്റ്റിലായത്.

◾യു എസിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി ഹെന്റിയുടെ മകനും ഭാര്യയും ഇരട്ടക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ആനന്ദ് സുജിത് ഹെന്റി (42), ആലീസ് പ്രിയങ്ക (40), നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്.

◾യുഎഇയില്‍ പ്രവാസി ഇന്ത്യക്കാരെ മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബി ഷെയ്ഖ് സെയദ് സ്റ്റേഡിയത്തില്‍ 'അഹ്ലന്‍ മോദി' പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ് എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. അറബിയിലും മോദി സംസാരിച്ചു. അറബിയില്‍ സംസാരിക്കുമ്പോള്‍ ഉച്ചാരണത്തില്‍ തെറ്റുണ്ടാകാമെന്നും നരേന്ദ്ര മോദി പറഞ്ഞു.

◾പാക്കിസ്ഥാനില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കും. ഇമ്രാന്‍ ഖാന്റെ പിടിഐ പാര്‍ട്ടി സ്വതന്ത്രരെ ജയിപ്പിച്ചെടുത്ത് ഏറ്റവും കൂടുതല്‍ എംപിമാരെ നേടിയെങ്കിലും ഏറേയും സ്വതന്ത്രരായതിനാല്‍ ഏറ്റവും വലിയ കക്ഷിയാകില്ല. സര്‍ക്കാരുണ്ടാക്കാന്‍ നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി.

◾ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ താത്കാലിക വിലക്ക് നീക്കി യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്. തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താത്തതിനെ തുടര്‍ന്ന് 2023 ഓഗസ്റ്റ് 23ലാണ് ദേശീയ ഗുസ്തി ഫെഡറേഷനെ വിലക്കിയത്. പ്രതിഷേധമുയര്‍ത്തിയ ഇന്ത്യന്‍ താരങ്ങളായ ബജ്‌റംഗ് പുണിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവര്‍ക്കെതിരേ വിവേചനപരമായ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് രേഖാമൂലമുള്ള ഉറപ്പ് നല്‍കാന്‍ ദേശീയ ഫെഡറേഷനോട് യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് നിര്‍ദേശിച്ചു.

◾വ്യക്തിഗത ബാങ്കിങ് അനുഭവത്തിന് പുതുമ നല്‍കുന്ന സ്റ്റെല്ലര്‍ സേവിങ്‌സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്. ഇടപാടുകാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമായ രീതിയില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സേവനങ്ങളാണ് സ്റ്റെല്ലര്‍ സേവിങ്‌സ് അക്കൗണ്ട് നല്‍കുക എന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. ഇടപാടുകാരുടെ മാനസിക, ശാരീരിക ആരോഗ്യ ക്ഷേമത്തിന് മുന്‍ഗണന നല്‍കി ഒരു വര്‍ഷത്തെ വെല്‍നസ് പ്ലാന്‍, അപ്രതീക്ഷിത പ്രതിസന്ധി ഘട്ടങ്ങളില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് കവറേജ്, ഓരോ ഘട്ടങ്ങളിലും ലഭിക്കുന്ന സവിശേഷ അനകൂല്യങ്ങളും അവകാശങ്ങളും, ഓരോ ഇടപാടിനും ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍, യാത്ര, ഇലക്ട്രോണിക്‌സ്, വസ്ത്രം എന്നീ പര്‍ച്ചേസുകളില്‍ ഡെബിറ്റ് കാര്‍ഡിന്‍മേല്‍ റിവാഡ് പോയിന്റുകള്‍, പ്രകൃതിസൗഹൃദ ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവയാണ് സ്റ്റെല്ലര്‍ അക്കൗണ്ടിന്റെ സവിശേഷതകള്‍. എല്ലാ ഫെഡറല്‍ ബാങ്ക് ശാഖകളിലും നിലവിലെ ഇടപാടുകാര്‍ക്കും പുതിയ ഇടപാടുകാര്‍ക്കും സ്റ്റെല്ലര്‍ സേവിങ്‌സ് അക്കൗണ്ട് സേവനം ലഭിക്കുന്നതാണ്.

◾ഹൃദയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ ആണ് ടീസര്‍ റിലീസ് ചെയ്തത്. രണ്ട് കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സിനിമയാണ് പ്രധാന പ്രമേയം എന്നും വ്യക്തമാണ്. ഒപ്പം ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 11ന് ആകും സിനിമ തിയറ്ററില്‍ എത്തുക. ടീസറിന് പിന്നാലെ പ്രണവിന്റെയും മോഹന്‍ലാലിന്റെയും ചില സാമ്യങ്ങള്‍ ആരാധകര്‍ എടുത്തു കാട്ടുന്നുണ്ട്. തൊണ്ണൂറുകളിലെ ലാലേട്ടനെ ഓര്‍മിപ്പിക്കുന്ന രൂപ ഭാവങ്ങളുമായി പ്രണവ് എത്തുന്നു, ചില സീനുകളില്‍ പഴയ മോഹന്‍ലാലിനെ കണ്ടു എന്നൊക്കെയാണ് ഇവര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസന്‍ ആണ്. പ്രണവ് മോഹന്‍ലാലിന് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാന്‍ റഹ്‌മാന്‍, നീത പിള്ള തുടങ്ങി ഒട്ടനവധി താരനിയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യം ആണ് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

◾നസ്ലിനും മമിതയും നായികാനായന്മാരായി എത്തിയ ചിത്രം 'പ്രേമലു'വിന് വന്‍ പ്രേക്ഷക പ്രീതിയാണ് ദിവസങ്ങള്‍ കഴിയുന്തോറും ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രേമലു റിലീസ് ചെയ്തിട്ട് നാല് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ഇതുവരെ നേടിയ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്തുവരുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്നും 1.85 കോടി അടുപ്പിച്ചാണ് തിങ്കളാഴ്ച പ്രേമലു സ്വന്തമാക്കിയത്. ആകെ മൊത്തം 12.5 കോടി നേടിയെന്ന് ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. മുന്‍വിധികളെ മാറ്റിമറിച്ച പ്രേമലു ആദ്യ ദിനം നേടിയത് 90 ലക്ഷത്തോളം രൂപയാണ്. രണ്ടാം ദിനം 1.9 കോടി നേടിയപ്പോള്‍ മൂന്നാം ദിനം 2.70 കോടി രൂപയും ചിത്രം സ്വന്തമാക്കി. മൂന്നാം ദിവസത്തില്‍ 1.85കോടിയും ഈ യുവ താര ചിത്രം സ്വന്തമാക്കി. ഈ വാരം അവസാനിക്കുമ്പോഴേക്കും ഏകദേശം ഇരുപത് കോടി അടുപ്പിച്ച് പ്രേമലു നേടുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും ഹൗസ് ഫുള്‍ ഷോകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

◾ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന റെക്കോര്‍ഡ് നേട്ടത്തില്‍. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ രാജ്യത്ത് കഴിഞ്ഞ മാസം 393,250 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ്. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ 347,086 വാഹനങ്ങളുടെ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.30 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. പ്രതിമാസ വില്‍പ്പനയും 34.21 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രേഖപ്പെടുത്തിയ 293,005 യൂണിറ്റുകളില്‍ നിന്നാണ് ഈ വളര്‍ച്ച. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിഭാഗം ജനുവരിയിലെ ഒരു പുതിയ എക്കാലത്തെയും ഉയര്‍ന്ന നേട്ടം കൈവരിച്ചതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് അഭിപ്രായപ്പെട്ടു. 15.03 ശതമാനം ചില്ലറ വില്‍പ്പന വളര്‍ച്ച കൈവരിച്ച വ്യവസായത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ റെക്കോര്‍ഡ് വില്‍പ്പന ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും അസോസിയേഷന്‍ അവകാശപ്പെട്ടു. പാസഞ്ചര്‍ വാഹന വിഭാഗം പുതിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന റെക്കോര്‍ഡ് തകര്‍ത്തപ്പോള്‍, ഇരുചക്രവാഹന വിഭാഗവും 2024 ജനുവരിയില്‍ 14.96 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2024 ജനുവരിയില്‍ 14,58,849 യൂണിറ്റുകള്‍ വിറ്റു. 2023-ലെ ഇതേ മാസം 12,68,990 യൂണിറ്റുകളാണ് വിറ്റത്.

◾ബഹിഷ്‌കരിക്കപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും നിസ്വരുടെയും സ്‌ത്രൈണപക്ഷത്തിന്റെയും തൂലികയാണ് എക്കാലവും തസ്ലീമ നസ്‌റിന്‍. സമത്വത്തിന്റെ ഒരു ലോകത്തെയാണ് അവര്‍ സ്വപ്നം കാണുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള അസമത്വത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് നിലനില്ക്കുന്ന ഈ എഴുത്തുകാരി എന്നും സ്ത്രീകളുടെ ദൈന്യതകള്‍ക്കും സങ്കടങ്ങള്‍ക്കും ഒപ്പം ചേര്‍ന്നുനില്‍ക്കുന്നു. ഏത് അനീതിയുടെ നേര്‍ക്കും കണ്ണയയ്ക്കുന്നു. സാമ്പത്തികഭദ്രതയുടെയും ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും പുതിയ ആകാശങ്ങളെ സ്വന്തമാക്കുന്ന സ്ത്രീ കഥാപാത്രങ്ങള്‍. സ്വവര്‍ഗ്ഗരതിയുടെ സ്വാതന്ത്ര്യലഹരി നുണയുന്ന കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ വരുംകാലത്തിന്റെ നവദിശാബോധത്തെയാണ് എഴുത്തുകാരി അടയാളപ്പെടുത്തുന്നത്. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനേക്കാള്‍ മുമ്പ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ തസ്ലീമ നസ്‌റിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണിത്. 'ചുംബന്‍'. ഗ്രീന്‍ ബുക്സ്. വില 366 രൂപ.

◾ഭക്ഷണശേഷം ഓറഞ്ച് കഴിക്കാന്‍ പാടില്ല എന്നാണ് ആയുര്‍വേദം പറയുന്നത്. ഇത് നിരവധി പാര്‍ശ്വഫലങ്ങളുണ്ടാക്കും. എന്നുമാത്രമല്ല ആരോഗ്യത്തിനും ദോഷകരമാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം എന്നാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. അതാത് കാലത്ത് ലഭ്യമായതും ഫ്രഷ് ആയതുമായ പഴങ്ങള്‍ വേണം കഴിക്കാന്‍. രണ്ടു നേരം പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. ഒപ്പം ഇടയ്ക്കിടെ അനാരോഗ്യഭക്ഷണങ്ങള്‍ കൊറിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് മൂലം സാധിക്കും. പക്ഷേ ഈ ഗുണങ്ങള്‍ എല്ലാം ലഭിക്കാന്‍ അവ ശരിയായ സമയത്ത് ശരിയായ രീതിയില്‍ കഴിക്കണമെന്നു മാത്രം. ഓറഞ്ചു കഴിക്കുന്നതും പ്രത്യേക സമയത്ത് വേണമെന്ന് ആയുര്‍വേദം പറയുന്നു. ഓറഞ്ചിനൊപ്പം പാലുല്‍പന്നങ്ങള്‍, പച്ചക്കറികള്‍, ഇറച്ചി ഇവ കഴിക്കുന്നത് ശരീരത്തിനു ദോഷം ചെയ്യും. ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട്, കിവി, പൈനാപ്പിള്‍ ഇവയിലെല്ലാം സിട്രിക് ആസിഡ് ധാരാളമുണ്ട്. ഇതാണ് ഇവയ്ക്ക് പുളിപ്പും രൂക്ഷതയും നല്‍കുന്നത്. ഭക്ഷണം കഴിച്ച ശേഷം പതിവായി ഓറഞ്ച് ഉള്‍പ്പെടെയുള്ള ഈ പഴങ്ങള്‍ കഴിച്ചാല്‍ വയറുവേദന, സന്ധിവേദന, നീര്, വീക്കം, പേശിവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളും അലര്‍ജിയും ഉണ്ടാകാം. പ്രധാന ഭക്ഷണങ്ങള്‍ക്കിടയ്ക്ക് ലഘുഭക്ഷണമായും ഓറഞ്ച് കഴിക്കാവുന്നതാണ്. ഇത് വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ വിറ്റമിനുകളും ധാതുക്കളും ലഭിക്കാനും സഹായിക്കും. ഒപ്പം അനാരോഗ്യ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് തടയാനും ഈ ശീലം സഹായിക്കും. രാവിലെ 11 മണിക്കും വൈകിട്ട് നാലു മണിക്കും ഓറഞ്ച് ഉള്‍പ്പെടെയുള്ള പഴങ്ങള്‍ കഴിക്കാം എന്ന് വിദഗ്ധര്‍ പറയുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വൈകിയാണ് കഴിക്കുന്നതെങ്കില്‍ കുറഞ്ഞത് 30 മുതല്‍ 40 മിനിറ്റിനു ശേഷമേ പഴങ്ങള്‍ കഴിക്കാവൂ.

*ശുഭദിനം*
*കവിത കണ്ണന്‍*
അവര്‍ എന്നും രണ്ടുകുടവുമായാണ് കുളത്തിലേക്ക് പോവുക. കുടം നിറച്ച് അവര്‍ തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും ഒരു കുടത്തിലെ വെള്ളം പകുതിയായിട്ടുണ്ടാകും. പല ദിവസവും ഇതാവര്‍ത്തിച്ചപ്പോഴാണ് അവര്‍ കുടത്തിനെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയയാക്കിയത്. അപ്പോഴാണ് ആ കുടത്തിന് ഒരു ചെറിയ ദ്വാരം ഉണ്ടെന്ന് കണ്ടെത്തിയത്. അവര്‍ പിന്നെയും അതേ കുടങ്ങള്‍ തന്നെ ഉപയോഗിച്ചുപോന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ദ്വാരം ഉളള കുടത്തിന് വിഷമമായി. കുടം അവരോട് പറഞ്ഞു: നിങ്ങളുടെ അധ്വാനം പകുതിയും വെറുതെയാകുന്നു. മറ്റേ കുടമാകട്ടെ നിങ്ങളെ നന്നായി സേവിക്കുന്നു. നിങ്ങള്‍ എന്നെ ഉപേക്ഷിച്ചുകൊള്ളൂ..ഇത് കേട്ട് അവര്‍ പറഞ്ഞു: നിന്നെ എടുത്തുകൊണ്ടുവരുന്ന വഴി നീ ശ്രദ്ധിച്ചോ.. നിനക്ക് ചെറിയ ദ്വാരം ഉണ്ടെന്നറിഞ്ഞതുമുതല്‍ നീ വരുന്ന വഴിയിലെല്ലാം ഞാന്‍ ധാരാളം ചെടികള്‍ നട്ടു. അവയെല്ലാം ഇന്ന് വളര്‍ന്ന് പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. നിന്റെ വെള്ളമാണ് അവയെ ഇത്രയും നാള്‍ നട്ട് പരിപാലിച്ചത്. ഓട്ടക്കുടത്തിന് സന്തോഷമായി.. ഓടാതെ നിലച്ചുപോയ ഒരു ക്ലോക്ക് പോലും രണ്ടു തവണ കൃത്യസമയം പാലിക്കുന്നുണ്ട് എന്ന് പഴമൊഴി ഇവിടെ പ്രസക്തമാണ്. ഉപയോഗശൂന്യമായി ഒന്നും തന്നെ മാറുന്നില്ല. നമ്മുടെ മനോഭാവം മാറ്റിയാല്‍ എന്തിനെയും ഉപയോഗപ്രദമാക്കിമാറ്റാന്‍ നമുക്ക് സാധിക്കും.. നമുക്ക് നമ്മുടെ കാഴ്ചപ്പാടുകളെ പോസറ്റീവാക്കാം.. പൂവിടുന്ന പാതകള്‍ സൃഷ്ടിക്കാം - ശുഭദിനം.