◾തൃപ്പൂണിത്തുറ പുതിയകാവിലെ പടക്ക സ്ഫോടനത്തില്‍ മരണം രണ്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന ദിവാകരന്‍ (55) കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു ഇന്നലെ രാവിലെത്തന്നെ മരിച്ചിരുന്നു. പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 12 പേരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയിലും നാലു പേരെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തില്‍ സമീപത്തെ പുതുതായി നിര്‍മിച്ച വീട് അടക്കം 45 വീടുകള്‍ക്കു കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായിരുന്നു.
◾തൃപ്പുണിത്തുറ പടക്ക സ്ഫോടന കേസില്‍ ദേവസ്വം പ്രസിഡന്റും സെക്രട്ടറിയും അടക്കം നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍ എന്നിവരും ജോയിന്‍ സെക്രട്ടറിയുമാണ് അറസ്റ്റിലായത്. പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
◾സംസ്ഥാനത്ത് ഇന്നു കടകള്‍ തുറക്കില്ല. സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരേ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു സമരം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണു സമരം. കടുത്ത നിയമങ്ങളും പരിശോധനകളും നിയന്ത്രണങ്ങളും ഭീമമായ പിഴയുംമൂലം വ്യാപാര സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനാവാത്ത അവസ്ഥയാണെന്നു വ്യാപാരി നേതാക്കള്‍ ആരോപിച്ചു.
◾ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക മാര്‍ച്ച്. ഡല്‍ഹിയിലേക്ക് ഇന്നു രാവിലെ പത്തിനു മാര്‍ച്ചു ചെയ്യുമെന്നു കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് തടയാന്‍ പോലീസ് റോഡില്‍ ബാരിക്കേഡുകളും മുള്ളുവേലികളും ജലപീരങ്കികളും സജ്ജമാക്കിയിട്ടുണ്ട്. ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത. ഏഴു ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. താങ്ങുവില വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരുന്നൂറോളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണു മാര്‍ച്ച്. ഇന്നലെ വൈകുന്നേരം കേന്ദ്രമന്ത്രിമാരും കര്‍ഷക നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
◾ആളെക്കൊല്ലി കാട്ടാന 'ബേലൂര്‍ മഖ്‌ന'യെ മയക്കുവെടിവച്ച് പിടികൂടാനാകാതെ ദൗത്യം സംഘം. ആന കര്‍ണാടക അതിര്‍ത്തിയിലെ കുറ്റിക്കാട്ടിലാണ്. ആനയെ പിടികൂടാനുള്ള ദൗത്യസേനയെ ഇരുന്നൂറ് അംഗ സേനയായി വികസിപ്പിച്ചു. ദൗത്യ സംഘം പത്ത് ടീമായി പിരിഞ്ഞ് കാട്ടാന എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തി. ആനയെ പിടികൂടിയാല്‍ പാര്‍പ്പിക്കാന്‍ മുത്തങ്ങയില്‍ യൂക്കാലിത്തടികൊണ്ട് കൂടു സജ്ജമാക്കിയിട്ടുണ്ട്.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ തത്കാലം അറസ്റ്റു ചെയ്യരുതെന്ന് കര്‍ണാടക ഹൈക്കോടതി. എക്സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വീണാ ജോര്‍ജ് നല്‍കിയ ഹര്‍ജി വിധി പറയാനായി മാറ്റി. അറസ്റ്റു ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് എസ്എഫ്ഐഒയോട് കോടതി ചോദിച്ചു. രേഖകള്‍ ഹാജരാക്കാന്‍ എക്സാലോജിക് സമയം നീട്ടി ചോദിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. വിധി പ്രസ്താവിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നു നിര്‍ദേശിച്ച കോടതി എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കണമെന്ന് എക്സാലോജികിനോടും നിര്‍ദേശിച്ചു.
◾ലോക്സഭാ തെരഞ്ഞെടുപ്പിനു കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴികാടന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
◾മസാലബോണ്ട് കേസില്‍ ഇന്ന് എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. നാളെ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് തോമസ് ഐസക്കിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. താന്‍ കിഫ്ബി വൈസ് ചെയര്‍മാന്‍ മാത്രമെന്നും തന്നെ എന്തിനു ചോദ്യം ചെയ്യണമെന്നും തോമസ് ഐസക്ക് ചോദിച്ചു.
◾തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കിയെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. വസ്തു നികുതി പിരിവ് ഊര്‍ജിതപ്പെടുത്താനായാണ് നടപടി.
◾തൃപ്പുണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ വെടിക്കെട്ടിനു പടക്കം തയാറാക്കിയ കരാറുകാരന്റെ ഗോഡൗണില്‍നിന്നു കഞ്ചാവ് കണ്ടെടുത്തു. പോലീസ് തിരുവനന്തപുരം സ്വദേശിയുടെ പോത്തന്‍കോട് ശാസ്തവട്ടം മടവൂര്‍പാറയിലെ ഗോഡൗണില്‍ റെയ്ഡ് നടത്തിയപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. ഗോഡൗണിനു സമീപത്തെ ആളൊഴിഞ്ഞ പുരിയിടത്തില്‍ വലിയ ഗുണ്ടുകളും കണ്ടെത്തി.
◾വയനാട്ടില്‍ കാട്ടാനയുടെ അക്രമത്തില്‍ അജീഷ് കൊല്ലപ്പെട്ടതില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷം. ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സര്‍ക്കാരാണ് ഉത്തരവാദി എന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ആനയെ ആദ്യം കണ്ടെത്തുന്നതില്‍ ചില സങ്കേതികമായ തടസങ്ങളുണ്ടായെന്നും വയനാട്ടിലെ പ്രതിഷേധം മറ്റൊരു തലത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമങ്ങളുണ്ടായെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ ആരോപിച്ചു.
◾ഈ ഗതി ഇനി ആര്‍ക്കും വരരുതേയെന്ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള്‍ അല്‍ന. അജീഷിന്റെ വീട് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനോടാണ് വൈകാരികമായി പ്രതികരിച്ചത്. 'ഞാന്‍ കരഞ്ഞതുപോലെ വേറൊരു കൊച്ചും ഇനി കരയാന്‍ പാടില്ല. വയനാട്ടില്‍ ധാരാളം ആളുകള്‍ കടുവയുടെയും ആനയുടേയും ആക്രമണത്തില്‍ മരിക്കുന്നുണ്ട്. ഇതുവരെ അതിനൊരു പരിഹാരമുണ്ടാക്കിയിട്ടില്ല.' കണ്ണീരോടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അല്‍ന പറഞ്ഞു.
◾മലപ്പുറം നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ലോറിയിലെ ഏഴു ടണ്ണോളം മാതളനാരങ്ങ നാട്ടുകാരും വഴിയാത്രക്കാരും മോഷ്ടിച്ചു. ഇന്ധന ടാങ്കിലെ ഡീസല്‍പോലും ഊറ്റിയെടുത്തു. ആന്ധ്രപ്രദേശില്‍നിന്ന് പൊന്നാനിയിലേക്ക് മാതളവുമായി വരികയായിരുന്ന ലോറി റോഡിന്റെ സുരക്ഷാ മതിലില്‍ ഇടിച്ച് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്കേറ്റിരുന്നു. മൈസൂരു സ്വദേശികളായ ഇവര്‍ ആശുപത്രിയിലേക്കു പോയപ്പോഴാണ് ലോറിയിലെ സാധനങ്ങള്‍ കൊള്ളയടിച്ചത്.
◾സംസ്ഥാനത്തെ എയിഡഡ് സ്‌കൂള്‍ അധ്യാപകരുടെ 180 ദിവസത്തിനു മുകളിലുള്ള എല്ലാ അവധി അപേക്ഷയിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്നു സുപ്രീംകോടതി. ശൂന്യവേതന അവധിയടക്കമുള്ളവയ്ക്ക് ഇതു ബാധകമാണ്. എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് ഈക്കാര്യത്തില്‍ അധികാരമില്ലെന്നും അവധി അപേക്ഷ സര്‍ക്കാരിനു കൈമാറണമെന്നും കോടതി.
◾ലൊക്കേഷന്‍ സ്‌കെച്ചിന് 500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സാനുവാണ് വിജിലന്‍സിന്റെ പിടിയിലായത്.
◾മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥനും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണം പൊലീസില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ അജയ് ജ്യുവല്‍ കുര്യാക്കോസും എ ഡി തോമസും മുഖ്യമന്ത്രിക്കു പരാതി നല്‍കി. കോടതി ഇടപെട്ടിട്ടും കേസന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നാണ് പരാതി. പ്രതികളായ ഗണ്‍മാനെയും സുരക്ഷ ഉദ്യോഗസ്ഥനെയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പരാതിയില്‍ പറയുന്നു.
◾സ്വാശ്രയ കോളജിനെതിരേ സമരം ചെയ്തവരോടുള്ള വഞ്ചനയാണ് സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരാനുള്ള നീക്കമെന്ന് കെ.കെ രമ നിയമസഭയില്‍. അന്ന് പരിക്കേറ്റവര്‍ ഇന്നു സഭയിലെത്തിയാല്‍ സിപിഎം നേതാക്കളെ നോക്കി കുലംകുത്തികളെന്ന് വിളിക്കുമെന്നും കെ.കെ രമ വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലിരിക്കേയാണ് ഇങ്ങനെ പ്രസംഗിച്ചത്. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴണ് പിണറായി വിജയന്‍ വിവാദ കുലംകുത്തി പ്രയോഗം നടത്തിയത്.
◾പോപ്പുലര്‍ ഫ്രണ്ട് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചിരുന്ന കണ്ണൂര്‍ സ്വദേശി ജാഫര്‍ ഭീമന്റവിടയെ കണ്ണൂരിലെ വീട്ടില്‍ നിന്ന് എന്‍ഐഎ അറസ്റ്റു ചെയ്തു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലകനായിരുന്നെന്ന് എന്‍ഐഎ പറയുന്നു. 2047 ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പ്രധാന ആരോപണം.
◾കൊച്ചി കത്രിക്കടവ് ഇടശേരി ബാറിനു മുന്നിലുണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ പിടിയില്‍. ഷമീര്‍, ദില്‍ഷന്‍, വിജയ് എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴയില്‍ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്.
◾തൃശൂര്‍ പെരിഞ്ചേരിയില്‍ ചുവരെഴുത്തിനെച്ചൊല്ലി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് കേസെടുത്തു. സമരാഗ്നി യാത്രയുടെ പ്രചരണത്തിനു ചുവരെഴുത്തു നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
◾തിരുവനന്തപുരം ആറ്റിങ്ങല്‍ വാമനപുരം കൊല്ലമ്പുഴ ആറാട്ടുകടവില്‍ ചൂണ്ടയിടാന്‍ പോയ സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു. വട്ടവിള സതീഷ് (38), ചെറുവത്തിയോട് സെമീര്‍ (36) എന്നിവരാണു മരിച്ചത്.
◾പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്സിലായി. സീതത്തോട് സ്വദേശികളായ അഖില്‍, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ 12 പേര്‍ പിടിയിലായി. നേരത്തെ, കേസില്‍ ഡിവൈഎഫ് ഐ നേതാവ് ജോയല്‍ തോമസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇനിയും ആറുപേരെകൂടി പിടികൂടാനുണ്ട്.
◾കണ്ണൂര്‍ മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജില്‍ റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതിന് ആറ് സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു കോളേജ് അധികൃതര്‍ നടപടിയെടുത്തത്.
◾ബീച്ചുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ ഇസാഫ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന 'ബീച്ച് ഫോര്‍ ഓള്‍' ബോധല്‍ക്കരണ പ്രചാരണത്തിന് രാജ്യാന്തര പുരസ്‌കാരം. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ അക്കാഡമി ഓഫ് ഡിജിറ്റല്‍ ആര്‍ട്‌സ് ആന്റ് സയന്‍സസ് ഏര്‍പ്പെടുത്തിയ ആന്തം അവാര്‍ഡ് ഇസാഫിനു വേണ്ടി ബിജില ജോര്‍ജ് സ്വീകരിച്ചു.
◾ഷൊര്‍ണൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍നിന്ന് അഞ്ചു കിലോ കഞ്ചാവ് കണ്ടെത്തി. അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു ബാഗില്‍ ആയിരുന്നു കഞ്ചാവ്.
◾ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി. 129 പേര്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ പിന്തുണച്ചു. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. സ്പീക്കര്‍ അവധ് ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയശേഷമാണ് വിശ്വാസ പ്രമേയ വോട്ടെടുപ്പിനു നടപടികള്‍ ആരംഭിച്ചത്.
◾എട്ടു മാസമായി ചെന്നൈ ജയിലില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി ഒടുവില്‍ രാജിവച്ചു. ജോലിക്ക് കോഴ, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലായി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത സെന്തില്‍ ബാലാജി ഇന്നലെ രാത്രിയോടെയാണു രാജിവച്ചത്.
◾ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോല്‍വി. പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള പഞ്ചാബ് എഫ്.സിയോടാണ് കേരളത്തിന്റെ തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചത്.
◾പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍ മത്സരത്തില്‍ ചൈനയുടെ പാന്‍ ചാന്‍ലിക്ക് ലോക റെക്കോഡ്. ഖത്തറിലെ ദോഹയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് 46.80 സെക്കന്‍ഡുകള്‍ക്കൊണ്ട് നീറു മീറ്റര്‍ നീന്തിക്കടന്നത്. പത്തൊന്‍പതുകാരന്‍ പുതിയ വേഗം കുറിച്ചത്. 46.86 ആയിരുന്നു ഇതുവരെയുള്ള മികച്ച സമയം.
◾തൊണ്ണൂറുകളില്‍ വിപണി ഒന്നടങ്കം കൈക്കുമ്പിളില്‍ ഒതുക്കിയ പഞ്ചസാര മിഠായി ബ്രാന്‍ഡായ റാവല്‍ഗാവ് ഇനി മുതല്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ് ലിമിറ്റഡിന് സ്വന്തം. തൊണ്ണൂറുകളിലെ കുട്ടികള്‍ക്ക് ഗൃഹാതുരമായ രുചികള്‍ സമ്മാനിച്ച ബ്രാന്‍ഡ് കൂടിയാണ് റാവല്‍ഗാവ്. അക്കാലത്ത് മാംഗോ മൂഡ്, കോഫി ബ്രേക്ക്, ടുട്ടി ഫ്രൂട്ടി, പാന്‍ പസന്ദ്, ചോക്കോ ക്രീം, സുപ്രീം തുടങ്ങിയവ ഏറ്റവും ഡിമാന്റുള്ള മിഠായികളായിരുന്നു. 27 കോടി രൂപക്കാണ് കരാര്‍. കരിമ്പിന്‍ തോട്ടവും, ട്രേഡ് മാര്‍ക്കുകളും, മിഠായി നിര്‍മ്മാണവും എല്ലാം റിലയന്‍സിന് വിറ്റിട്ടുണ്ട്. കരിമ്പിന്റെ നീരില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചസാര ലായനിയില്‍ വിവിധ രുചികള്‍ ചേര്‍ത്താണ് റാവല്‍ഗാവ് മിഠായികള്‍ നിര്‍മ്മിച്ചിരുന്നത്. പുതിയ കമ്പനികളുടെ കടന്നുവരവോടെ മിഠായി വിപണി കൂടുതല്‍ മത്സരാധിഷ്ഠിതമായി മാറുകയായിരുന്നു. ഇതോടെ, കമ്പനിയുടെ വിപണി വിഹിതവും കുത്തനെ ഇടിയുകയായിരുന്നു. നിലവില്‍, ഈ വ്യാപാരം നിലനിര്‍ത്താന്‍ ഉടമസ്ഥര്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് റിലയന്‍സിന്റെ ഏറ്റെടുക്കല്‍. വ്യവസായ പ്രമുഖനായിരുന്ന വാല്‍ചന്ദ് ഹിരാചന്ദ് ദോഷി തന്റെ കരിമ്പ് തോട്ടങ്ങളുടെയും പഞ്ചസാര ഫാക്ടറികളുടെയും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റാവല്‍ഗാവ് സ്ഥാപിച്ചത്. തുടര്‍ന്ന് വാല്‍ചന്ദ് 1933-ല്‍ റാവല്‍ഗാവ് ഷുഗര്‍ ഫാം ആരംഭിച്ചു, 1942-ല്‍ അതിന്റെ മിഠായി ഡിവിഷന്‍ ആരംഭിക്കുകയായിരുന്നു. ഓറഞ്ചിന്റെ രുചിയുള്ള പഞ്ചസാര മിഠായിയാണ് റാവല്‍ഗാവ് ആദ്യം അവതരിപ്പിച്ചത്.
◾റൊമാന്റിക്- കോമഡി ഴോണറില്‍ പുറത്തിറങ്ങി ഗംഭീര പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന 'പ്രേമലു'വിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. ഫഹദ് ഫാസില്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന 'കരാട്ടെ ചന്ദ്രന്‍' ആണ് ഭാവന സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രം. മഹേഷിന്റെ പ്രതികാരത്തില്‍ സംവിധായകന്‍ ദിലീഷ് പോത്തന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാളായിരുന്ന റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുക്കളുമായ എസ്. ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
◾'ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍' എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഡെഡ്പൂള്‍ 3 ടീസര്‍ പുറത്തിറങ്ങി. റയാന്‍ റെയ്‌നോള്‍ഡ്‌സും ഹ്യൂ ജാക്ക്മാനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. റയാന്‍ റെയ്നോള്‍ഡ്സ് ആണ് വേഡ് വില്‍സണ്‍ എന്ന ഡെഡ്പൂളായെത്തുന്നത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ഡെഡ്പൂളിനെ ഔദ്യോഗികമായി ചേര്‍ക്കുന്ന രീതിയിലാണ് ടീസര്‍. മുന്‍ ഡെഡ്പൂള്‍ ചിത്രങ്ങളില്‍ കാണിച്ച കഥാപാത്രങ്ങള്‍ക്കൊപ്പം വേഡ് വില്‍സണ്‍ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ എംസിയുവിലെ ലോകി സീരീസില്‍ കാണിക്കുന്ന ടൈം വേരിയന്റ് അതോറിറ്റി(ടിവിഎ) ഡെഡ്പൂളിനെ പിടിച്ചുകൊണ്ടുപോകുന്നു. പിന്നീടുള്ള ഡെഡ്പൂളിന്റെ സാഹസികതകളാണ് ടീസറില്‍. ഹ്യൂ ജാക്ക്മാന്റെ വോള്‍വറിന്‍കഥാപാത്രത്തെ നിഴല്‍ മാത്രമായി കാണിച്ചാണ് ടീസര്‍ അവസാനിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ ഡെഡ്പൂള്‍ 2വിന്റെ തുടര്‍ച്ച കൂടിയാണിത്. ഷോണ്‍ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തര്‍, നൈറ്റ് അറ്റ് ദി മ്യൂസിയം എന്നി ബോക്സോഫീസ് ഹിറ്റുകളുടെ സംവിധായകനാണ് അദ്ദേഹം. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും.
◾2024 ജനുവരി മൂന്നാം വാരത്തില്‍ പുറത്തിറക്കിയ പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റ് ഇതുവരെ 51,000 ബുക്കിംഗുകള്‍ നേടിക്കഴിഞ്ഞതായി റിപ്പോര്‍ട്ട്. എസ്യുവി മോഡല്‍ ലൈനപ്പ് ഏഴ് ട്രിമ്മുകളും ഒരു 160ബിഎച്പി, 1.5ലി ടര്‍ബോ പെട്രോള്‍, 115ബിഎച്പി, 1.5ലി പെട്രോള്‍, 116ബിഎച്പി, 1.5ലി ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ടോപ്പ് എന്‍ഡ് എസ്എക്സ് (ഒ) വേരിയന്റിന് മാത്രമായി ലഭ്യമാണ്. 20 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന ഡിമാന്‍ഡ് പെട്രോള്‍ വേരിയന്റുകള്‍ക്ക് മൂന്നുമുതല്‍ നാല് മാസവും ഡീസല്‍ വേരിയന്റുകള്‍ക്ക് നാല് മുതല്‍ അഞ്ച് മാസവും കാത്തിരിപ്പ് കാലയളവുണ്ട്. തിരഞ്ഞെടുത്ത വേരിയന്റ്, നിറം, നഗരം എന്നിവയെ അടിസ്ഥാനമാക്കി ഇത് വ്യത്യാസപ്പെടാം. 1.5ലി പെട്രോള്‍ എന്‍എ മാനുവല്‍ വേരിയന്റുകള്‍ക്ക് 11 ലക്ഷം മുതല്‍ 17.24 ലക്ഷം രൂപ വരെയാണ് വില, അതേസമയം പെട്രോള്‍-സിവിടി കോമ്പിനേഷന്‍ എസ് (ഒ), എസ്എക്സ് ടെക്, എസ്എക്സ് (ഒ) വേരിയന്റുകളോടൊപ്പം 15.82 ലക്ഷം രൂപ, 17.45 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. യഥാക്രമം 18.7 ലക്ഷം രൂപ. ഡീസല്‍ മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ യഥാക്രമം 12.45 ലക്ഷം രൂപയിലും 17.32 ലക്ഷം രൂപയിലും ആരംഭിക്കുന്നു. എല്ലാ വിലകളും എക്സ്-ഷോറൂം വിലകളാണ്.
◾ഈ റോസ് ഡേയില്‍ നിങ്ങളയച്ച ചുവന്ന റോസാപ്പൂക്കള്‍ക്ക് പണ്ട് ജയിലറകള്‍ക്കപ്പുറം നമ്മള്‍ സന്ധിക്കാറുണ്ടായിരുന്ന തോട്ടത്തിലെ അതേ റോസാപ്പൂക്കളുടെ ഗന്ധമാണ്. എന്നും ഓരോ പൂവുകള്‍ പൊട്ടിച്ച് നിങ്ങള്‍ എന്റെ മുടിയില്‍ ചൂടിക്കാറുള്ളത് ഓര്‍ത്തുപോയി. പ്രോമിസ് ഡേയില്‍ നിങ്ങള്‍ തുറന്നുവെച്ച ആ
ചുവന്ന ഹൃദയം, ചോക്കലേറ്റ് ഡേയില്‍ എന്റെ പടിവാതിലിനരികില്‍ വെച്ചുപോയ ചോക്കലേറ്റ് ബോക്‌സ്, ടെഡി ഡേയില്‍ സമ്മാനിച്ച മഞ്ഞുപോലെ വെളുത്ത രോമങ്ങളുള്ള കരടിക്കുട്ടന്‍. എല്ലാം ഞാന്‍ എത്രമേല്‍ ആസ്വദിച്ചുവെന്നോ... ഈശോ, മൈക്കല്‍ ജാക്‌സന്‍, ബ്രൂസ് ലീ, രാജരാജ ചോഴന്‍, ഓഷോ, ആദം, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്, വാലന്റൈന്‍, പ്രണയബുദ്ധന്‍... പലരിലൂടെ, പല കാലങ്ങളിലൂടെ, പ്രണയത്തിന്റെ പല അവസ്ഥകളിലൂടെ പലപല അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍നിന്നും ചീന്തിയെടുത്ത അനുഭവച്ചൂടു വറ്റാത്ത ഏടുകള്‍. അവയോരോന്നിന്റെയും വക്കില്‍ പ്രണയം പൊടിഞ്ഞിരിക്കുന്നു. യൗവനത്തിന്റ തീത്തിരമാലകള്‍ ആടിത്തിമിര്‍ക്കുന്ന പ്രണയമഹാസമുദ്രമായിത്തീരുന്ന അനുഭവങ്ങളുടെ ആഖ്യാനം. മിനി പി.സിയുടെ ഏറ്റവും പുതിയ നോവല്‍. 'പറയാതെ വയ്യെന്റെ പ്രണയമേ ...'. മാതൃഭൂമി. വില 160 രൂപ.
◾തെക്കേ ഇന്ത്യയില്‍ ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് സാമ്പാര്‍. പ്രാതലിനൊപ്പവും ഉച്ചയ്ക്ക് ഊണിനൊപ്പവും കഴിക്കാന്‍ പറ്റുന്ന ഒരു ഓള്‍ റൗണ്ടറാണ് നമ്മുടെ സാമ്പാര്‍. എന്നാല്‍ ഇതുമാത്രമല്ല ഇന്ന് നമ്മുടെ സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന കാന്‍സറിനെ പ്രതിരോധിക്കാനും സാമ്പാറിന് സാധിക്കും. കാന്‍സര്‍ തടയാനുള്ള സാമ്പാറിന്റെ കഴിവിനെ കുറിച്ച് മണിപ്പാല്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനഫലം ഫാര്‍മകൊഗ്‌നോസി മാഗസിനിലാണ് പ്രസിദ്ധികരിച്ചുവന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് സാമ്പാര്‍ വന്‍ കുടലിലെ കാന്‍സറിനെ പ്രതിരോധിക്കും എന്ന് കണ്ടെത്തിയത്. സുഗന്ധ വ്യഞ്ജനങ്ങളുടെയും നാരുകളടങ്ങിയ പച്ചക്കറികളുടെയും ഒരു കൂട്ടാണ് സാമ്പാര്‍, മല്ലി, ഉലുവ, മഞ്ഞള്‍, കുരുമുളക്, ജീരകം എന്നിവയടങ്ങിയ സാമ്പാറിന് കാന്‍സര്‍ രൂപീകരണം തടയാന്‍ സാധിക്കുമത്രെ. മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നതിലൂടെ സാമ്പാര്‍ ഡൈമീധൈല്‍ ഹൈഡ്രസിന്‍ ശരീരത്തില്‍ രൂപപ്പെടുന്നത് തടയും. വന്‍ കുടലിലെ കാന്‍സറിന് കാരണമാകുന്ന പ്രധാന രാസ പദാര്‍ത്ഥം ഇതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
കൊട്ടാരത്തിലെ തോട്ടം നിറയെ ധാരാളം ഫലങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. കൊട്ടാരം തോട്ടക്കാരന്‍ എന്നും തോട്ടത്തില്‍ നിന്നും നന്നായി വിളഞ്ഞ ഫലങ്ങള്‍ നോക്കി രാജാവിന് നല്‍കും. അന്ന് തോട്ടത്തിലെത്തിയപ്പോള്‍ കരിക്കും, പേരക്കയും മുന്തിരിയും പാകമായി നില്‍ക്കുന്നുണ്ട്. തോട്ടക്കാരന്‍ അന്ന് മുന്തിരിയാണ് തിരഞ്ഞെടുത്തത്. നല്ല വിളഞ്ഞ മുന്തിരി രാജാവിന് നല്‍കാന്‍ വന്നപ്പോള്‍ രാജാവ് വളരെ ദേഷ്യത്തില്‍ ഉലാത്തുന്നതാണ് കണ്ടത്. മുന്തിരികുട്ട രാജാവിനരികില്‍ വെച്ച് അയാള്‍ മാറി നിന്നു. രാജാവ് ഇടയ്ക്ക് ഓരോ മുന്തിരി എടുത്ത് കഴിക്കും, അടുത്തതെടുത്ത് തോട്ടക്കാരനെ നോക്കി എറിയും. അശ്രദ്ധമായ ആലോചനയ്‌ക്കൊടുവില്‍ സംഭവിക്കുന്നതാണ് ഇതെന്ന് തോട്ടക്കാരന് മനസ്സിലായി. ഓരോ തവണ മുന്തിരി തലയില്‍ വന്നുവീഴുമ്പോഴും തോട്ടക്കാരന്‍ ദൈവത്തിന് നന്ദി പറയും. കുറച്ച് നേരം കഴിഞ്ഞ് തന്റെ പ്രവൃത്തിയില്‍ സ്വയം ശ്രദ്ധാലുവായ രാജാവ് തോട്ടക്കാരന്റെ നന്ദി പറച്ചില്‍ കേട്ട് ചോദിച്ചു: ഞാന്‍ നിന്റെ തലയിലേക്ക് മുന്തിരി എറിയുമ്പോള്‍ എന്തിനാണ് നീ ദൈവത്തിന് നന്ദി പറയുന്നത്? തോട്ടക്കാരന്‍ പറഞ്ഞു: ഇന്ന് തോട്ടത്തില്‍ കരിക്കും പേരക്കയും കൂടി വിളഞ്ഞുനിന്നിരുന്നു. മുന്തിരിക്ക് പകരം കരിക്കോ പേരക്കയോ ആണ് അങ്ങേക്ക് ഇന്ന് നല്‍കിയിരുന്നതെങ്കില്‍ എന്റെ അവസ്ഥ എന്തായിരുന്നു.. രാജാവ് പൊട്ടിച്ചിരിച്ചുപോയി... എല്ലാ പ്രവര്‍ത്തികള്‍ക്കും ഒരു പരിണതഫലമുണ്ട്. ഒരു കര്‍മ്മവും അതില്‍തന്നെ അവസാനിക്കുന്നില്ല. ആരുമറിയാതെ ചെയ്യുന്ന കാര്യമാണെങ്കില്‍ പോലും അത് ചെയ്യുന്നതിന് മുമ്പും ശേഷവും സൃഷ്ടിക്കപ്പെടുന്ന സമ്മര്‍ദ്ദമുണ്ട്. അത് തുടര്‍പ്രവൃത്തികളിലും പ്രകടമാകും. നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും നല്ല ഫലങ്ങളാണ് പുറപ്പെടുവിക്കുന്നത് എന്ന് ഉറപ്പുവരുത്തിയാല്‍ ചുറ്റുപാടുകള്‍ വളരെ ക്രിയാത്മകമായി മാറിയേനെ.. പക്ഷേ, എത്ര ശ്രമിച്ചാലും നല്ലത് മാത്രമേ സംഭവിക്കൂ എന്ന് നമുക്ക് ഉറപ്പാക്കാനാകില്ല. അവിചാരിതമായും നിയന്ത്രണാതീതമായും പലതും കടന്നുവരും. ശുഭാപ്തിവിശ്വാസിയാവുക എന്നതാണ് ഏക പോംവഴി. അത്തരം സാഹചര്യങ്ങളിലും പുതിയ സാധ്യതകള്‍ കണ്ടെത്തുക., സ്വയം പുനഃക്രമീകരിക്കുക - ശുഭദിനം.