◾ഡല്‍ഹിയിലേക്കു വമ്പന്‍ കര്‍ഷക മാര്‍ച്ച്. നാളെ ഡല്‍ഹിയിലേക്കു പ്രവേശിക്കുമെന്നാണു കര്‍ഷക നേതാക്കളുടെ പ്രഖ്യാപനം. മാര്‍ച്ച് തടയാന്‍ അതിര്‍ത്തികളില്‍ വന്‍ പോലീസ്, സൈനിക സന്നാഹം. ഇരുന്നൂറിലധികം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണു ഛലോ ഡല്‍ഹി പദയാത്രയുമായി മുന്നേറുന്നത്. താങ്ങുവില വര്‍ധിപ്പിക്കണമെന്നും പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്. ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിയിലേക്കുള്ള ദേശീയപാതയില്‍ സിമന്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണല്‍ചാക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ജലപീരങ്കികളും ഡ്രോണുകളുമായി പോലീസ് ജാഗ്രതയിലാണ്. 50 കമ്പനി അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. മൊബൈല്‍ ഫോണുകളില്‍ വോയ്‌സ് കോളുകള്‍ മാത്രമേ അനുവദിക്കൂ. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളുമായി ഇന്ന് കേന്ദ്ര മന്ത്രിമാര്‍ ചര്‍ച്ച നടത്തും.
◾വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ദൗത്യം പാളി. കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാട്ടിലേക്കു നീങ്ങിയ ആളെക്കൊല്ലി കാട്ടാനയെ കണ്ടെത്താനായില്ല. ജനവാസ മേഖലയിലേക്കു വരാത്തതിനാല്‍ ആനയെ മയക്കുവെടിവച്ച് പിടിക്കാനുള്ള ശ്രമം ദൗത്യസംഘം ഇന്നലെ താത്കാലികമായി നിര്‍ത്തിവച്ചു. ഇന്നു രാവിലെ വീണ്ടും ശ്രമം തുടരും. അഞ്ചു ഡിഎഫ്ഒ മാരുടെ നേതൃത്വത്തില്‍ നൂറിലേറെ വനപാലകരും നാലു കുങ്കിയാനകളും സ്ഥലത്തുണ്ട്. രാത്രിയോടെ പ്രദേശത്തുനിന്ന് മടങ്ങിപ്പോകാനൊരുങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേസമയം, കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
◾കാട്ടാനയുടെ ഭീഷണിയുള്ള മാനന്തവാടി മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി , പയ്യമ്പള്ളി ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
◾മാനന്തവാടിയില്‍ രാത്രിയിലും വനംവകുപ്പിന്റെ 13 ടീമും പൊലീസിന്റെ അഞ്ച് ടീമും പട്രോളിംഗ് നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. നൈറ്റ് വിഷന്‍ ഡ്രോണ്‍ നിരീക്ഷണവും ജിപിഎസ് ആന്റിന റിസീവര്‍ സിഗ്‌നലും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ആന ജനവാസ മേഖലയിലേക്കു വന്നാല്‍ മാത്രമേ മയക്കുവെടി വയ്ക്കൂ. കര്‍ണാടക അതിര്‍ത്തിയില്‍ ആനയെ വെടിവയ്ക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക വനംവകുപ്പ് വ്യക്തമാക്കി.
◾ഡിഎ കുടിശിക ആവശ്യപ്പെട്ട് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. മുഖ്യമന്ത്രിക്കും കത്തു നല്‍കിയിട്ടുണ്ട്. 2023 ജൂലൈയില്‍ കേന്ദ്ര ഡിഎ 42 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ധന കേരളത്തില്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ ഏഴു മാസത്തെ നാലു ശതമാനം കുടിശിക വേണമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.
◾കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ അക്രമത്തിനെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യസഭാംഗം ജെബി മേത്തര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു നിര്‍ദ്ദേശം നല്‍കിയത്.
◾ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കാത്ത വനംമന്ത്രി എ.കെ. ശശീന്ദ്രനെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. നികുതിദായകരുടെ പണംകൊണ്ട് ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ല. കര്‍ണാടക സര്‍ക്കാര്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയായിട്ടും മുന്നറിയിപ്പ് നല്‍കാന്‍ വനംവകുപ്പിനു കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്. കേന്ദ്രമന്ത്രി പറഞ്ഞു.
◾കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത. വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെടുന്നു. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നല്‍കി പരിഹരിക്കാനാകില്ലെന്നും മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം വിമര്‍ശിച്ചു.
◾പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ സ്വീകരിക്കാനും തിരികേ പോകുമ്പോള്‍ യാത്രയാക്കാനും ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും വിമാനത്താവളത്തില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ ആളുകളാണ് മോദിയുടെ വിരുന്നില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പങ്കെടുത്തെന്ന് വിമര്‍ശിക്കുന്നതെന്ന് ആര്‍എസ്പി. പാര്‍ലമെന്റ് പിരിയുമ്പോള്‍ പ്രധാനമന്ത്രി നടത്തിയ യാത്രയയപ്പു വിരുന്നില്‍ പങ്കെടുത്തതില്‍ വലിയ പ്രധാന്യമില്ലെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.
◾എന്‍.കെ. പ്രേമചന്ദ്രനെതിരേ എളമരം കരീം ആരോപണം ഉന്നയിച്ചത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പിയെ പോലെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ടു തട്ടാനുള്ള സി പി എമ്മിന്റെ കളി കൈയ്യില്‍ വച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിന്റെ കാന്റീനിലേക്കു വരാന്‍ പറഞ്ഞെന്നു ഫോണ്‍ വന്നപ്പോള്‍ കാന്റീനില്‍ പോയതു വിരുന്നിനു പോയതല്ലെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപി. അവിടെ നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ ഉണ്ടായിരുന്നു. ഭക്ഷണത്തിനിടെ മോദി ആരോടും രാഷ്ട്രീയം സംസാരിച്ചില്ല. തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച എളമരം കരീം ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നെന്നും പ്രേമചന്ദ്രന്‍ പരിഹസിച്ചു.
◾മറ്റുള്ളവരുടെ കുറ്റങ്ങള്‍ ഏറ്റെടുത്തു കുരിശിലേറുന്നതു മഹത് പ്രവര്‍ത്തിയാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ. സച്ചിദാനന്ദന്‍. ബാലചന്ദ്രന്‍ ചുള്ളിക്കാടും ശ്രീകുമാരന്‍ തമ്പിയും ഉയര്‍ത്തിയ ആരോപണങ്ങളില്‍ തനിക്കു പങ്കില്ലെങ്കിലും കുരിശ് ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
◾കേരള ഗാന വിവാദ പോരില്‍ കവി കെ. സച്ചിദാനന്ദനെ പരിഹസിച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു, 'മഹത് പ്രവൃത്തി'കള്‍ക്ക് ഉത്തമമാതൃക എന്നു വിശേഷിപ്പിച്ചാണ് ശ്രീകുമാരന്‍ തമ്പിയുടെ പരിഹാസം. തല്‍ക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്തിരുന്ന് ത്യാഗം തുടരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി ഫേസ് ബുക്കില്‍ കുറിച്ചു. താന്‍ വെറും പാമരനാം പാട്ടുകാരനാണ്, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്ലീഷേ ആണ്. കിളിപ്പാട്ട് എഴുതിയ എഴുത്തച്ഛനും പാട്ടുകാരനായിരുന്നു എന്നും കുറിച്ചിട്ടുണ്ട്.
◾ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ് ബുക്കില്‍ കമന്റിട്ട എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്തു. അധ്യാപികയുടെ വീട്ടിലെത്തിയാണ് കുന്നമംഗലം പൊലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്. എസ് എഫ് ഐ യുടെ പരാതിയില്‍ കലാപ ആഹ്വാനത്തിന് കേസെടുത്ത പോലീസ് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ 'ആട്ടിന്‍തോലിട്ട ചെന്നായ്' പ്രയോഗം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ എന്നിവരെ ഉദ്ദേശിച്ചാണെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ ഒരാത്മീയ വേദിയില്‍ ഇങ്ങനെ പ്രയോഗിച്ചത് ഒട്ടും ഉചിതമായില്ലെന്ന് പലരും തന്നോടു പറഞ്ഞെന്ന് ശ്രീധരന്‍ പിള്ള. കുമ്പനാട് നടന്ന ഐപിസി നൂറാം വാര്‍ഷിക സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രയോഗം.
◾കോഴിക്കോട് മാനാഞ്ചിറ പാര്‍ക്ക് സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്കായി. ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം ഉപയോഗിക്കാം. ഒരാള്‍ക്ക് ഒരു ദിവസം ഒരു ജി.ബി ഡാറ്റ ഉപയോഗിക്കാനാകും. എസ്.കെ പൊറ്റേക്കാട്ട് സ്‌ക്വയറില്‍ ഇരിക്കുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കും. 13 ആക്സസ് പോയിന്റുകള്‍ പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. എളമരം കരീം എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35.89 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
◾കോഴിക്കോട് കല്ലാച്ചിയില്‍ തെരുവുനായ അതിഥിതൊഴിലാളിയുടെ മൂന്നര വയസുള്ള കുട്ടി ഉള്‍പെടെ മൂന്നു പേരെ കടിച്ചുപറിച്ചു. മൂന്നര വയസുള്ള കുഞ്ഞിന്റെ മുഖത്താണു നായ കടിച്ചുപറിച്ചത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
◾കോതമംഗലത്തിനടുത്ത് മണികണ്ഠന്‍ ചാലില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തു. വനംവകുപ്പ് ഉദ്യോഗ്സഥര്‍ സ്ഥലത്തെത്തി.
◾ആലപ്പുഴ നൂറനാട് ചുനക്കര ഉല്‍സവത്തില്‍ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ച് കെട്ടുകാളയ്ക്കു മുകളിലുണ്ടായിരുന്ന മൂന്നു പേര്‍ക്കു പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണത്തിടമ്പ് കത്തിനശിച്ചു.
◾പ്രായപൂര്‍ത്തിയാവാത്ത മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റില്‍. കോഴിക്കോട് ആനക്കാംപൊയില്‍ സ്വദേശിനി ജിനു കല്ലടയില്‍, ആണ്‍സുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി. ടോംസി ചീരാങ്കുഴി എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
◾തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അക്രമം. കുറിപ്പടിയില്ലാതെ ഉറക്ക ഗുളിക ചോദിച്ചെത്തിയയാളാണ് ഫാര്‍മസിയുടെ ചില്ല് അടിച്ചു തകര്‍ത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു.
◾കേന്ദ്രസര്‍ക്കാര്‍ ചെറുകിട സൂക്ഷ്മ വിഭാഗത്തിലെ സ്ഥാപനങ്ങളെ സഹായിക്കാനെന്ന പേരില്‍ കൊണ്ടുവന്ന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വസ്ത്രവ്യാപാരികള്‍ സമരത്തിലേക്ക്. എംഎസ്എംഇ സ്ഥാപനങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ 15 ദിവസത്തിനുള്ളിലും പ്രത്യേക കരാര്‍ ഉണ്ടെങ്കില്‍ 45 ദിവസത്തിനുള്ളിലും സാമ്പത്തിക ഇടപാട് കൊടുത്തുതീര്‍ത്തില്ലെങ്കില്‍ ഈ തുകകള്‍ ഉല്‍പന്നം വാങ്ങിയ വ്യാപാരിയുടെ വരുമാനമായി കണക്കാക്കി 32 ശതമാനം ടാക്സ് ഈടാക്കുന്ന വ്യവസ്ഥയ്ക്കെതിരേയാണ് പ്രതിഷേധം.
◾കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍ കുര്‍ബാനക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. നെല്ലാകുന്നില്‍ മിലന്‍ (17) ആണ് മരിച്ചത്. സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
◾ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങവേ, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ലക്ഷം പേര്‍ക്കു നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നിയമനക്കത്തുകള്‍ നല്‍കുക.
◾ബിഹാറില്‍ ബിജെപി പിന്തുണയുള്ള നിതീഷ്‌കുമാര്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. സ്പീക്കര്‍ അവാദ് ബിഹാരി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയമാണ് ആദ്യം വോട്ടിനിടുക. ജെഡിയു എംഎല്‍എമാരെ പാറ്റ്നയിലെ ചാണക്യ ഹോട്ടലിലേക്കു മാറ്റി. കോണ്‍ഗ്രസ് എംഎല്‍എമാരും റിസോര്‍ട്ടിലായിരുന്നു.
◾മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. ബിജെപി നേതൃത്വവുമായി കമല്‍നാഥ് ചര്‍ച്ച നടത്തിയെന്നാണു വിവരം. കമല്‍നാഥിനു രാജ്യസഭാ സീറ്റും മകന്‍ നകുല്‍നാഥിനു ലോക്സഭാ സീറ്റും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു റിപ്പോര്‍ട്ട്.
◾മദ്രസ തകര്‍ത്തതിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും. കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടകമ്പോളങ്ങളും സ്‌കൂളുകളും കോളേജുകളും അടച്ചിരിക്കുകയാണ്. ആയിരത്തിലേറെ പൊലീസുകാരെ ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.
◾തമിഴ്നാട് ധര്‍മ്മപുരിയില്‍ ദളിത് സ്ത്രീകള്‍ക്കു ചിരട്ടയില്‍ ചായ കൊടുത്ത രണ്ടു സത്രീകള്‍ അറസ്റ്റിലായി. ജാതി വിവേചനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഉയര്‍ന്ന ജാതിക്കാരായ ഗൗണ്ടര്‍ വിഭാഗത്തിലുള്ള അറുപതുകാരി ചിന്നത്തായി, പുത്ര ഭാര്യയും 32 കാരിയുമായി ബി ധരണി എന്നിവരാണ് അറസ്റ്റിലായത്.
◾ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ ആര്‍എസ്എസ് നേതാവിനേയും ദത്തുപുത്രിയേയും കൊലപ്പെടുത്തിയതിനു മകന്‍ അറസ്റ്റില്‍. 42 കാരനായ ഇഷാങ്ക് അഗര്‍വാള്‍ ആണ് പിതാവ് യോഗേഷ് ചന്ദ് അഗര്‍വാളിനെയും ദത്തുപുത്രി സൃഷ്ടിയെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. സ്വത്തിന്റെ പകുതി പിതാവ് സൃഷ്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം.
◾മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ മോഷണം. ഗാംഗുലിയുടെ വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമടങ്ങിയ ഒന്നര ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷണം പോയി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾22 വര്‍ഷം മുമ്പ് നാടുവിട്ട 11 കാരന്‍ സന്ന്യാസിയായി വീട്ടില്‍ തിരിച്ചെത്തിയതിന്റെ ആഹ്ലാദവിശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായെങ്കിലും സംഭവത്തിനു പിറകിലെ തട്ടിപ്പു പോലീസ് കണ്ടെത്തി. മകന്‍ പിങ്കുവിനെ സന്യാസിവേഷത്തില്‍ ഡല്‍ഹി സ്വദേശിനിയായ ഭാനുമതിയും ഭര്‍ത്താവ് രതിപാല്‍ സിംഗും കണ്ടെത്തിയെന്നായിരുന്നു ആദ്യ വാര്‍ത്ത. മകന്‍ ഇരുവര്‍ക്കുമൊപ്പം ഇരുന്നു സാരംഗി വായിക്കുന്ന വീഡിയോയുമുണ്ടായിരുന്നു. ആശ്രമത്തിലേക്കു മടങ്ങിയ 'മകന്' 13 ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങളും 11,000 രൂപയും മൊബൈല്‍ ഫോണും അടക്കം ധാരാളം സമ്മാനങ്ങളാണു വീട്ടുകാരും നാട്ടുകാരും സമ്മാനിച്ചത്. ദീക്ഷ ഉപേക്ഷിച്ചു വീട്ടിലേക്കു വരാന്‍ ജാര്‍ഖണ്ഡിലെ മഠാധിപതിക്കു പത്തു ലക്ഷം രൂപ കൊടുക്കണമെന്നും പണം തന്റെ കൈയില്‍ തരണമെന്നും അയാള്‍ ആവശ്യപ്പെട്ടു. വീട്ടുകാര്‍ കൃഷിസ്ഥലം വിറ്റു സമാഹരിച്ച പത്തു ലക്ഷം രൂപയുമായി മഠത്തിലേക്കു പോകാന്‍ ഒരുങ്ങിയപ്പോള്‍ 'മകന്‍' അവിശ്വസനീയമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് തടഞ്ഞു. ഇതോടെ സംശയംതോന്നി പോലീസില്‍ വിവരമറിയച്ചതോടെയാണ് 'മകന്‍' ചമഞ്ഞു തട്ടിപ്പു നടത്തിയയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ ഇത്തരത്തില്‍ വേറേയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ലക്നോ പോലീസ് പറഞ്ഞു.
◾കര്‍ണാടകയില്‍ ആശുപത്രിയില്‍ റീല്‍ ഷൂട്ട് ചെയ്ത 38 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികളുടെ ഹൗസ് സര്‍ജന്‍സി കാലയളവ് പത്തു ദിവസം കൂടി ദീര്‍ഘിപ്പിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു.
◾ഫ്‌ളാറ്റിലെ സ്വിമ്മിംഗ് പൂളില്‍ വീണ് വൈദ്യുതാഘാതമേറ്റ് ഒമ്പതു വയസുകാരി മരിച്ച സംഭവത്തില്‍ അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും നീന്തല്‍ക്കുളത്തിന്റെ കരാറുകാരനും ടെക്നീഷ്യനും അടക്കം ഏഴു പേര്‍ അറസ്റ്റില്‍. ബംഗളൂരു വര്‍ത്തൂരിലെ ലേക്സൈഡ് ഹാബിറ്ററ്റ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ രാജേഷ് കുമാര്‍ ദമെര്‍ലയുടെ മകളായ മന്യയാണ് (9) മരിച്ചത്.
◾പാക്കിസ്ഥാനില്‍ തൂക്കു പാര്‍ലമെന്റ്. 265 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പിടിഐ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ 101 പേര്‍ വിജയിച്ചു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്‍ പാര്‍ട്ടി 75 സീറ്റിലാണു ജയിച്ചത്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 54 സീറ്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ നവാസ് ഷെരീഫ് പിപിപിയുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിനു 133 പേരുടെ പിന്തുണ വേണം.
◾യുകെയില്‍ രണ്ടു മക്കള്‍ക്കു വിഷം കുത്തിവച്ചു കൊല്ലാന്‍ ശ്രമിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മലയാളി യുവതിയെ അറസ്റ്റു ചെയ്തു. ഈസ്റ്റ് സസെക്സിലെ അക്ഫീല്‍ഡില്‍ ഹണ്ടേഴ്സ് വേയിലെ 38 കാരിയായ ജിലുമോള്‍ ജോര്‍ജാണു പിടിയിലായത്. ഒന്‍പതും പതിമൂന്നും വയസായ സ്വന്തം മക്കളുടെ ശരീരത്തിലാണ് രാസവസ്തു കുത്തിവച്ച് ജിലുമോള്‍ കൊല്ലാന്‍ ശ്രമിച്ചത്.
◾യുഎഇയില്‍ കനത്ത മഴ. രാവിലെ മുതല്‍ ആറ് എമിറേറ്റുകളില്‍ മഴയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു. ഉമ്മുല്‍ഖുവൈനില്‍ മാത്രമാണ് മഴ അല്‍പം കുറവുള്ളത്. യുഎഇയിലെ സ്വാകര്യ മേഖലാ ജീവനക്കാര്‍ക്ക് ഇന്ന് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.
◾അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഓസ്ട്രേലിയയ്ക്ക്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകള്‍ക്ക് പിന്നാലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കി. 79 റണ്‍സിന്റെ മിന്നും വിജയമാണ് ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സെടുത്ത് പുറത്തായി.
◾അമേരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്മാറ്റം തുടരുന്നു. ജനുവരിയിലെ പ്രതികൂല നിപാട് ഫെബ്രുവരിയിലും വിദേശ നിക്ഷേപകര്‍ തുടരുകയാണ്. മുഖ്യ പലിശ നിരക്കുകള്‍ ഉടനടി കുറയാന്‍ ഇടയില്ലെന്ന ഫെഡറല്‍ റിസര്‍വിന്റെ സൂചനയാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ ഓഹരി വിപണികളില്‍ നിന്നും പണം പിന്‍വലിക്കാന്‍ തുടങ്ങി. ഫെബ്രുവരിയില്‍ ഇതുവരെ 3,075 കോടി രൂപയാണ് വിദേശ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്. ഡിസംബറില്‍ 66,100 കോടി രൂപയുടെ നിക്ഷേപം അവര്‍ ഓഹരി വിപണിയില്‍ നടത്തിയിരുന്നു. അതേസമയം ഇന്ത്യന്‍ കടപ്പത്ര വിപണിയിലേക്കുള്ള വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ശക്തമായി തുടരുകയാണ്.
◾രോമാഞ്ചത്തിനും അടി കപ്യാരെ കൂട്ടമണിക്കും ശേഷം മലയാളത്തില്‍ നിന്ന് മറ്റൊരു ഹൊറര്‍ കോമഡി ചിത്രം കൂടി എത്തുന്നു. 'ഹാപ്പി ന്യൂ ഇയര്‍ '. മേപ്പാടന്‍ ഫിലിംസിന്റെ ബാനറില്‍ ബിജു മണികണ്ഠന്‍ ഗ്രീഷ്മ സുധാകരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ സനീഷ് ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. സനീഷ് ഉണ്ണികൃഷ്ണന്‍, ജിഷ്ണു മുക്കിരിക്കാട് എന്നിവര്‍ ചേര്‍ന്ന് കഥ എഴുതുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ഹൊറര്‍ കോമഡി ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. മാളവിക മേനോന്‍ ,മറീന മൈക്കിള്‍,റിയാസ് ഖാന്‍ ,ഉല്ലാസ് പന്തളം ,ഗൗരി നന്ദ ,വിനോദ് തോമസ് ,ലക്ഷ്മി നന്ദന്‍ ,നന്ദു ,അന്‍വര്‍ ഷെരീഫ് ,വിജയകൃഷ്ണന്‍ , ആതിര്‍ഷാ , നീരജ ,ശ്രുതി, അജീഷ് ,നിപിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
◾പുതിയ സിനിമയ്ക്കായി പേര് മാറ്റി ബോളിവുഡിലെ സീനിയര്‍ താരം ധര്‍മേന്ദ്ര. 'തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ' എന്ന സിനിമയാണ് 88കാരനായ ധര്‍മേന്ദ്രയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കരിയറിലെ 64-ാം വര്‍ഷമാണ് താരം തന്റെ പേരില്‍ മോഡിഫിക്കേഷന്‍ വരുത്തിയിരിക്കുന്നത്. 'തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ' സിനിമയുടെ തുടക്കത്തില്‍ അഭിനയിച്ചവരുടെ പേരുകള്‍ കാണിക്കുന്നുണ്ട്. ഇതില്‍ ധര്‍മേന്ദ്രയുടെ പേര് ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ എന്നാണ് സ്‌ക്രീനില്‍ കൊടുത്തിരിക്കുന്നത്. സിനിമാ ജീവിതത്തില്‍ താരം ഇതുവരെ പേരിനൊപ്പം ചേര്‍ത്ത സര്‍നെയിം ആണ് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. ധരം സിംഗ് ഡിയോള്‍ എന്നാണ് ധര്‍മേന്ദ്രയുടെ യഥാര്‍ത്ഥ പേര്. 1960ല്‍ പുറത്തിറങ്ങിയ 'ദില്‍ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡില്‍ എത്തുന്നത്. 'തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ' ചിത്രത്തില്‍ നായകനായ ഷാഹിദ് കപൂറിന്റെ മുത്തച്ഛന്റെ വേഷമാണ് ധര്‍മേന്ദ്ര ചെയ്തത്.
◾മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഉപവിഭാഗമായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് 2024 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടത്തോടെ ഇലക്ട്രിക് ത്രീവീലര്‍ വിപണിയിലെ മേധാവിത്തം തുടരുന്നു. ഇതുവരെ 1.4 ലക്ഷത്തില്‍ അധികം ഇലക്ട്രിക് വാഹനങ്ങള്‍ എംഎല്‍എംഎംഎല്‍ വില്പന നടത്തിയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ എംഎല്‍എംഎംഎല്ലിന് നിലവില്‍ 9.3 ശതമാനം പങ്കാളിത്തമുണ്ട്. എല്‍5 ഇവി വിഭാഗത്തില്‍, 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 55.1 ശതമാനം പങ്കാളിത്തത്തോടെ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ആണ് മുന്നില്‍. വെറും എട്ട് മാസത്തില്‍ 40,000 ഇവികള്‍ വിറ്റുകൊണ്ട് മികച്ച വളര്‍ച്ചയാണ് എംഎല്‍എംഎംഎല്‍ നേടിയത്. ട്രിയോ പ്ലസ്, ഇ-ആല്‍ഫ സൂപ്പര്‍ റിക്ഷയും കാര്‍ഗോ വേരിയന്റും എന്നിങ്ങനെ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചതാണ് ഈ കുതിപ്പിന് കാരണമായത്.
◾കളര്‍ പെന്‍സിലും പെണ്‍കുട്ടിയും കളര്‍പെന്‍സിലും പെണ്‍കുട്ടിയും, മാന്ത്രികപ്പൂമ്പാറ്റ നഗരത്തിലെ അപ്പു, രുചിയേറും വിഭവങ്ങള്‍ കുറുക്കന്റെ ആനിമേഷന്‍, കാടും മയിലും മുത്തശ്ശിയും, അന്ധനും കണ്ണാടിയും, നിധിപോലെ വെള്ളം പുഴ കാണാന്‍ പോകുന്ന കുട്ടികള്‍, വയല്‍ക്കാറ്റ്, മരങ്ങളിലെ പുസ്തകച്ചിറകുകള്‍, എടക്കല്‍ ഗുഹ...തുടങ്ങി കുട്ടികളുടെ നിര്‍മലമനസ്സുകളില്‍ കരുണയും സ്‌നേഹവും ഭാവനയും വളര്‍ത്താനുതകുന്ന കഥകള്‍. നമ്മുടെ ചുറ്റുപാടുകളെ അറിയാനും പ്രകൃതിയെ സ്‌നേഹിക്കാനും സ്വപ്നം കാണാനും ആര്‍ദ്രമനസ്സോടെ പെരുമാറാനും വായനയിലൂടെ വളരാനും പഠിപ്പിക്കുന്നവയാണ് ഇവയോരോന്നും. ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കാനും മനസ്സിലാക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്ന കഥകള്‍. 'കളര്‍ പെന്‍സിലും പെണ്‍കുട്ടിയും'. അര്‍ഷാദ് ബത്തേരി. മാതൃഭൂമി ബുക്സ്. വില 161 രൂപ.
◾ശരീരത്തിലെ വിറ്റാമിന്‍ ഡിയും സിങ്കിന്റെ അഭാവമാണ് മുടിക്കൊഴിച്ചിലിന് ഒരു കാരണം. സിങ്കിന്റെ കുറവ് മുടിയിഴകളെ കനംകുറയ്ക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. മുടികൊഴിച്ചില്‍ അകറ്റുന്നതിന് ഭക്ഷണക്രമം പ്രധാനമാണ്. മുടികൊഴിച്ചില്‍ ഉള്ളവര്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു നല്ല പോഷക പാനീയമുണ്ട്. കറിവേപ്പില, ഇഞ്ചി, നെല്ലിക്ക എന്നീ മൂന്ന് ചേരുവകള്‍ ചേര്‍ത്ത് ഇത് ഉണ്ടാക്കാം. ഒരു പിടി കറിവേപ്പില, ഒരു ചെറിയ കഷണം ഇഞ്ചി, 2 നെല്ലിക്ക എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് മിക്സില്‍ അടിച്ചെടുക്കുക. ശേഷം കുടിക്കുക. കറിവേപ്പിലയില്‍ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും ആവശ്യമായ ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. മുടി കൊഴിയുന്നത് തടയാനും ആരോഗ്യകരവും കട്ടിയുള്ളതുമായ മുടിയ്ക്കും അവ സഹായിക്കുന്നു. ഇഞ്ചിയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും, നീളമുള്ളതും ശക്തവുമായ മുടിയ്ക്കും സഹായിക്കുന്നു. തലയോട്ടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതും മുടി വളരുന്നതിനും അകാല നര തടയുന്നതിനും നിര്‍ണായക പങ്ക് വഹിക്കുന്ന വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നി നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്നത് കുറയ്ക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നെല്ലിക്ക സഹായകമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ കുറുക്കന്റെ ദേഹം മുഴുവന്‍ ചെള്ള് നിറഞ്ഞു. പല തവണ കുടഞ്ഞുകളയാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒരു ദിവസം വെള്ളം കുടിക്കാനായി നദിയില്‍ കാലെടുത്തുവെച്ചപ്പോള്‍ കാലിലെ ചെള്ളെല്ലാം താഴേക്ക് വീഴുന്നത് കുറുക്കന്‍ ശ്രദ്ധിച്ചു. ഉടനെ തന്നെ ഒരു വലിയ കമ്പും കടിച്ച് പിടിച്ച് അവന്‍ നദിയിലേക്കിറങ്ങി. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ചെള്ളുകള്‍ കുറുക്കന്റെ വയറിന്റെ ഭാഗത്തേക്ക് കയറി. വയറും മുങ്ങിയപ്പോള്‍ കഴുത്തിലേക്കും കഴുത്തും മുങ്ങിയപ്പോള്‍ മുഖത്തേക്കും അവ കടന്നു. കുറുക്കന്‍ രണ്ടും കല്‍പിച്ച് തലയും മുക്കി. അപ്പോള്‍ രക്ഷയില്ലാതെ ചെള്ളുകള്‍ വടിയില്ലേക്ക് കയറി. എല്ലാ ചെള്ളുകളും വടിയിലേക്ക് കയറിയെന്ന് ഉറപ്പായപ്പോള്‍ കുറുക്കന്‍ ആ വടി പുഴയില്‍ ഉപേക്ഷിച്ച് തിരിച്ചു വന്നു. ഉള്ള് കാര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നവരെ അകറ്റാന്‍ ശ്രമിച്ചാലും അകമ്പടി സേവിച്ച് അവര്‍ കൂടെ വരും. നിഗൂഡ താല്‍പര്യങ്ങളായിരിക്കും പലപ്പോഴും അവരുടെ ലക്ഷ്യം. കടിച്ചുതൂങ്ങി നില്‍ക്കുന്നവയെ കരുതലോടെ മാത്രമേ കളയാവൂ. വലിച്ചുപറിക്കാന്‍ ശ്രമിച്ചാല്‍ അവയുടെ ദംഷ്ട്രയേറ്റ് ദേഹമെല്ലാം മുറിയുകയാകും ഫലം. ഏത് സുഖത്തിലാണോ അവര്‍ അഭിമരിക്കുന്നത് ആ സുഖത്തിന്റെ വിപരീതഅനുഭവം നല്‍കുക എന്നതാണ് അത്തരക്കാരെ ഒഴിവാക്കാനുള്ള എളുപ്പവഴി. സ്വയം ഒഴിയാന്‍ നിര്‍ബന്ധിതരാകുന്ന സാഹര്യ ങ്ങളില്‍ മാത്രമേ അവര്‍ പൂര്‍ണ്ണമായും ഒഴിഞ്ഞുപോകൂ. നമ്മുടെ ബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം കൃത്യമായ ഇടവേളകളില്‍ ഇത്തരം പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. സ്വന്തം ആത്മാവിനേയും ശരീരത്തേയും നശിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്തിയാല്‍ അത്തരം ബന്ധങ്ങള്‍ക്ക് പൂര്‍ണ്ണവിരാമമിടാന്‍ നമുക്കാകണം. ഉയിര് കാര്‍ന്നെടുക്കാന്‍ ശേഷിയുള്ള അത്തരം ബന്ധങ്ങള്‍ ബന്ധനമാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം - ശുഭദിനം.