*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 11 ഞായർ *

◾പൗരത്വ നിയമ ഭേദഗതി ഉടനേ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇതിനുള്ള വിജ്ഞാപനം പുറത്തിറക്കും. ആരുടേയും പൗരത്വം കളയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2019 ഡിസംബറിലാണു നിയമം പാര്‍ലമെന്റ് പാസാക്കിയത്. 2014 ഡിസംബര്‍ 31 വരെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലുള്ളവര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370 സീറ്റ് നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

◾മാനന്തവാടി പടമലയില്‍ ഇറങ്ങിയ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടിവച്ച് പിടികൂടുന്ന ദൗത്യം വനംവകുപ്പ് ഇന്നു രാവിലെ ആരംഭിക്കും. ബേലൂര്‍ മഖ്‌ന എന്ന ആന ചാലിഗദ്ധ ഭാഗത്താണുള്ളത്. ആനയെ പിടികൂടാന്‍ സഹായിക്കുന്നതിനു രണ്ടു കുംകി ആനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മയക്കുവെടി വയ്ക്കാന്‍ കൂടുതല്‍ വെറ്റിനറി ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്. ആനയെ പിടികൂടി മുത്തങ്ങ ക്യാമ്പിലേക്കു മാറ്റും.

◾മാനന്തവാടി പടമലയില്‍ ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. അജീഷിന്റെ ഭാര്യക്കു സ്ഥിരം ജോലി നല്‍കും. മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുമെന്നും സര്‍ക്കാരിനുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കി. ഇതോടെയാണു രാവിലെ മുതല്‍ മൃതദേഹവുമായി റോഡുകള്‍ ഉപരോധിച്ചുകൊണ്ട് നാട്ടുകാര്‍ നടത്തിയ പ്രതിഷേധ സമരം അവസാനിപ്പിച്ചത്.

◾ലോക്സഭാ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫില്‍ സീറ്റു വിഭജനം പൂര്‍ത്തിയാക്കി. സിപിഎം 15 സീറ്റിലും സിപിഐ നാലു സീറ്റിലും മല്‍സരിക്കും. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കും. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണു തീരുമാനം. ആര്‍ജെഡി ഒരു സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ നടത്തിയ സമരം ഗുണം ചെയ്തെന്ന് യോഗം വിലയിരുത്തി.

◾അടിയന്തരമായി 26,226 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാനത്തിന് അടിയന്തര കടമെടുപ്പിനുള്ള അവകാശമില്ലെന്നും പതിനഞ്ചാം ധനകാര്യകമ്മീഷന്‍ സംസ്ഥാനത്തെ ഉയര്‍ന്ന കടബാധ്യതയുള്ള സംസ്ഥാനമായാണു വിലയിരുത്തുന്നതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനം അപേക്ഷയില്‍ ഉന്നയിച്ച ഓരോ വാദത്തിനും മറുപടി പറയുന്ന സിഎജി, ധനകാര്യകമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍, സംസ്ഥാനകേന്ദ്ര കത്ത് ഇടപാടുകള്‍ എന്നിവയും നല്‍കിയിട്ടുണ്ട്.

◾എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.25 ശതമാനമാക്കി ഉയര്‍ത്തി. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണിത്.

◾സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരേ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണു കടയടപ്പു സമരം. എന്നാല്‍ ഹര്‍ത്താലിനില്ലെന്ന് ഒരു വിഭാഗം വ്യാപാരികള്‍ നിലപാടെടുത്തിട്ടുണ്ട്.

◾മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷിന്റെ മരണം ഞെട്ടിക്കുന്നതാണെന്നു രാഹുല്‍ഗാന്ധി എംപി. സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ധനസഹായം നല്‍കണമെന്നും രാഹുല്‍ സാമൂഹ്യ മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.

◾ഗതാഗത വകുപ്പില്‍ ഒരു ഫയലും അഞ്ചു ദിവസത്തില്‍ കൂടുതല്‍ പിടിച്ചുവയ്ക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഫയലുകള്‍ വേഗം തീര്‍പ്പാക്കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

◾കോഴിക്കോട് ചാത്തമംഗലം പിലാശേരി പുളിക്കമണ്ണ് കടവില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു. കാരിപറമ്പത്ത് മിനി, ആതിര, അദ്വൈത് എന്നിവരാണു മരിച്ചത്.

◾സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങണമെന്ന് നടി ഉര്‍വശി. സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉര്‍വശി. സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകള്‍ കൂടുതലായി കടന്നുവരണമെന്നും ഉര്‍വശി നിര്‍ദേശിച്ചു.

◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് സാഹിത്യകാരി സല്‍മക്കുമെതിരേ ആര്‍ എസ് എസ് വക്കീല്‍ നോട്ടീസ് അയച്ചു. ഗാന്ധിയെ കൊന്നത് ആര്‍എസ് എസ് ആണെന്നു മലപ്പുറത്തു യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമത്തില്‍ പ്രസംഗിച്ചതിന് എതിരേയാണ് നോട്ടീസ് അയച്ചത്.

◾തിരുവനന്തപുരം കിളിമാനൂരില്‍ അറുപതു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തട്ടത്തുമല സ്വദേശി ലീലയെയാണ് വീടിനു സമീപത്തെ തോട്ടില്‍ വിവസ്ത്രയായി കണ്ടെത്തിയത്.

◾ലോക്സഭ തെരഞ്ഞെടുപ്പിനായി പിരിഞ്ഞു. ലോക്സാഭാംഗങ്ങള്‍ക്കും സ്പീക്കര്‍ക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി. സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ട സഭയാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന കൊവിഡിനെ രാജ്യം ഒറ്റക്കെട്ടായി അതിജീവിച്ചു. സ്വപ്നം കണ്ടിരുന്ന പല നിയമങ്ങളും നടപ്പാക്കാന്‍ കഴിഞ്ഞു. വനിതാ സംവരണ ബില്ലും ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ബില്ലും അടക്കം സുപ്രധാന നിയമനിര്‍മാണങ്ങള്‍ പാര്‍ലമെന്റ് നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

◾പാര്‍ലമെന്റിലെ അയോധ്യ ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നത. ഇന്ത്യ സഖ്യം ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നായിരുന്നു മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നത്. ലീഗിന്റെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ചര്‍ച്ച ബഹിഷ്‌കരിച്ചു. വിട്ടുനിന്നാല്‍ ബിജെപി അത് രാഷ്ട്രീയ ആയുധമാക്കുമെന്നു ചൂണ്ടികാട്ടി കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുത്തതിനെച്ചൊല്ലി ഇന്ത്യ മുന്നണി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.

◾ബീഹാറില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ബിജെപി പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്തെങ്കിലും കോണ്‍ഗ്രസിലേയും മറ്റു കക്ഷികളിലേയും എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

◾കാര്‍ഷികോല്‍പന്നങ്ങള്‍ക്കു താങ്ങുവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്കു കര്‍ഷക മാര്‍ച്ച്. സംയുക്ത കിസാന്‍ മോര്‍ച്ച നടത്തുന്ന മാര്‍ച്ച് തടയാന്‍ ഹരിയാന ഭരണകൂടം പോലീസിനെ വിന്യസിപ്പിച്ചു. ബാരിക്കേഡുകള്‍ സ്ഥാപിച്ച് റോഡുകള്‍ അടച്ചു. ഇന്ന് മുതല്‍ ചൊവ്വാഴ്ച്ച വരെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. കര്‍ഷകരുമായി കേന്ദ്ര മന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഒത്തുതീര്‍പ്പായില്ല.

◾കോയമ്പത്തൂര്‍ ഉക്കടം കാര്‍ ബോംബ് സ്ഫോടനക്കേസില്‍ തമിഴ്നാട്ടില്‍ എന്‍ഐഎ ഇന്നലെ തമിഴ്നാട്ടിലെ എട്ടു ജില്ലകളിലെ 27 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഏതാനും രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

◾പഞ്ചാബിലെ എല്ലാ സീറ്റിലും ആം ആദ്മി പാര്‍ട്ടി മല്‍സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ആസാമില്‍ മൂന്നു മണ്ഡലങ്ങളിലേക്കു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിറകേയാണ് ഇന്ത്യ മുന്നണിയേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ചുകൊണ്ട് കേജരിവാള്‍ ഇങ്ങനെ പ്രസ്താവിച്ചത്.

◾കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ടറല്‍ ബോണ്ടുകളിലൂടെ മാത്രം ബിജെപിക്കു പാര്‍ട്ടി ഫണ്ടായി ലഭിച്ചത് 1,300 കോടി രൂപ. ബിജെപിക്ക് ആകെ ലഭിച്ചത് 2,360 കോടി രൂപയാണ്. കോണ്‍ഗ്രസിനു ലഭിച്ചതിനേക്കാള്‍ ഏഴു മടങ്ങിലധികം തുകയാണ് ബിജെപിക്കു ലഭിച്ചത്. 2021- 22 ല്‍ 1917 കോടി രൂപയാണു ബിജെപിക്കു ലഭിച്ചത്.

◾ഹൈദരാബാദ് യൂസഫ്ഗുഡയിലെ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഒരു യുവതി കൂടി പിടിയില്‍. ബിജെപി പ്രവര്‍ത്തകനായ പി രാമുവിനെ (36) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടില്‍ താമസിക്കുന്ന യുവതിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. രാമുവിനെ യുവതി പ്രലോഭിപ്പിച്ച് വീട്ടില്‍ എത്തിച്ച ശേഷം മറ്റൊരു ഗുണ്ടാ സംഘം കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

◾ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിയായി അടച്ചത് 5,08,000 പൗണ്ട്. ഏകദേശം അഞ്ചര കോടി രൂപ. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനമാണു കൂടുതല്‍. മൊത്തം വരുമാനം 22 ലക്ഷം പൗണ്ട് ആണ്. ഏകദേശം 22 കോടി രൂപ. ശമ്പളമായി 1,39,000 പൗണ്ടും നിക്ഷേപത്തില്‍ നിന്നുള്ള വരുമാനമായി 21 ലക്ഷം പൗണ്ടുമാണു ലഭിച്ചത്.

◾ഏഷ്യന്‍ കപ്പ് ഖത്തറിന്. ഫൈനലില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജോര്‍ദാനെ തോല്‍പിച്ചാണ് ഖത്തര്‍ ഏഷ്യന്‍ കപ്പില്‍ മുത്തമിട്ടതും വന്‍കര ചാമ്പ്യന്‍മാരായതും. പെനാല്‍റ്റിയിലൂടെ മൂന്ന് ഗോളുകളും നേടിയ അക്രം അഫീഫിന്റെ ഹാട്രിക് മികവാണ് ഖത്തറിന് തുണയായത്.

◾ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് ശ്രീലങ്കയിലെ മൂന്ന് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിയന്ത്രണം സ്വന്തമാക്കാനൊരുങ്ങുന്നു. ഇന്ത്യക്ക് പുറത്തുള്ള വിമാനത്താവളങ്ങളുടെ നിയന്ത്രണം സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ആദ്യ നീക്കവുമാണിത്. ശ്രീലങ്കയിലേക്കുള്ള അന്താരാഷ്ട്ര കവാടം എന്ന പെരുമയുള്ള കൊളംബോയിലെ ബണ്ഡാരനായകെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊളംബോയിലെ തന്നെ റത്മലാന എയര്‍പോര്‍ട്ട്, തുറമുഖ നഗരമായ ഹമ്പന്‍തോട്ടയിലെ മട്ടാല രജപക്‌സ എയര്‍പോര്‍ട്ട് എന്നിവയുടെ നിയന്ത്രണമാണ് അദാനി ഗ്രൂപ്പ് ഉന്നംവയ്ക്കുന്നത്. കൊവിഡ്, ആഭ്യന്തര രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവമൂലം ഏറെ തിരിച്ചടി നേരിട്ട ശ്രീലങ്കന്‍ ടൂറിസം മെല്ലെ നേട്ടത്തിലേക്ക് കരകയറുകയാണ്. കൊവിഡ് കാലത്ത് നിശ്ചലമായിരുന്ന ടൂറിസം മേഖലയ്ക്ക് ഉണര്‍വേകിക്കൊണ്ട് 2023ല്‍ 14.8 ലക്ഷം വിദേശ വിനോദസഞ്ചാരികളാണ് ശ്രീലങ്കയിലെത്തിയത്. സഞ്ചാരികളുടെ ഒഴുക്ക് ശക്തമായതോടെ, വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ആലോചനയിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് നിയന്ത്രണം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള ചര്‍ച്ചകള്‍. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അദാനി ഗ്രൂപ്പിന് കീഴിലെ തുറമുഖ കമ്പനിയായ അദാനി പോര്‍ട്‌സ്. ഇതിന് പിന്നാലെയാണ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിയന്ത്രണവും നേടാന്‍ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. തിരുവനന്തപുരം അടക്കം ഇന്ത്യയിലെ എട്ട് പ്രമുഖ വിമാനത്താവളങ്ങള്‍ ഇപ്പോള്‍ അദാനി ഗ്രൂപ്പിലെ അദാനി എയര്‍പോര്‍ട്‌സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡാണ് നിയന്ത്രിക്കുന്നത്. അതേസമയം, മുംബൈ വിമാനത്താവളത്തില്‍ 73 ശതമാനം ഓഹരി പങ്കാളിത്തമുണ്ട് അദാനി ഗ്രൂപ്പിന്. നവി മുംബൈ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും അദാനിയുടെ കൈവശമാണ്.

◾നിവിന്‍ പോളി നായകനായി വേഷമിടുന്ന ചിത്രമാണ് 'യേഴു കടല്‍ യേഴു മലൈ'. 'ഏഴ് കടല്‍ ഏഴ് മലൈ' സിനിമയുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടല്‍ ഏഴ് മലൈ. യുവ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ച ഏഴ് കടല്‍ ഏഴ് മലൈ ഗാനം പ്രണയ ദിനമായ ഫെബ്രുവരി 14ന് വൈകുന്നേരം ആറിനാകും പുറത്തുവിടുക. തമിഴ് നടന്‍ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നു. നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. എന്‍ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഏഴ് കടല്‍ ഏഴ് മലൈ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ്. മമ്മൂട്ടി നായകനായ പേരന്‍പ് സിനിമയ്ക്ക് ശേഷം റാം നിവിന്‍ പോളിക്കൊപ്പം എത്തുന്നതിനാല്‍ 'ഏഴ് കടല്‍ ഏഴ് മലൈ'യില്‍ വലിയ പ്രതീക്ഷകളാണ്. ചിമ്പു നായകനായ മാനാടെന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ പ്രധാന വേഷത്തിലെത്തിലെത്തിച്ച് സുരേഷ് കാമാച്ചി വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് ഏഴ് കടല്‍ ഏഴ് മലൈ.

◾ഹനുമാന്റെ വിജയത്തിളക്കത്തിലാണ് തേജ സജ്ജ. തേജ സജ്ജ തെലുങ്കിലെ യുവ താരം എന്ന നിലയില്‍ നിന്ന് ഹനുമാനിലൂടെ മുന്‍നിര നായക നടനായും മാറിയിരിക്കുകയാണ്. തേജ സജ്ജയ്ക്ക് സാധാരണ ഒരു കോടിയില്‍ താഴെയായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്. എന്നാല്‍ ഹനുമാന്റെ വിജയത്തോടെ നടന്‍ തന്റെ പ്രതിഫലം മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഹനുമാന് വേണ്ടി ഏകദേശം 75 സിനിമകള്‍ വേണ്ടെന്നുവെച്ചു എന്ന് തേജ സജ്ജ വെളിപ്പെടുത്തിയിരുന്നുന്നു. എഴുപത്തിയഞ്ച് എണ്ണത്തില്‍ മികച്ച 15 സിനിമകള്‍ ഉണ്ടായിരുന്നു. 25 ലുക്ക് ടെസ്റ്റാണ് ഹനുമാന്‍ സിനിമയ്ക്കായി നടത്തിയത്. സ്റ്റണ്ടിനായി ഡ്യൂപ്പിനോ വിഎഫ്എക്സോ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു തേജ സജ. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിരിക്കേ വമ്പന്‍ ലാഭമാണ് ഹനുമാന്‍ നേടിയിരിക്കുന്നത്. തേജ സജ്ജയുടെ ഹനുമാന്‍ 300 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തിയറ്റര്‍ ബിസിനസില്‍ നിന്ന് 100 കോടി രൂപയിലധികം ടോളിവുഡില്‍ നിന്ന് ലാഭം നേടുന്ന നാലാമത്തെ ചിത്രമായിട്ടുമുണ്ട് ഹനുമാന്‍.

◾രാജ്യത്തെ ജനപ്രിയ ടൂവീലര്‍ ബ്രാന്‍ഡായ ബജാജ് ഓട്ടോ 2024 പള്‍സര്‍ എന്‍150, എന്‍160 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2024 ബജാജ് പള്‍സര്‍ എന്‍150 1.18 ലക്ഷം മുതല്‍ 1.24 ലക്ഷം രൂപ വരെ വിലയുള്ള രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. അതേസമയം പള്‍സര്‍ എന്‍160 യഥാക്രമം 1.31 ലക്ഷം രൂപയ്ക്കും 1.33 ലക്ഷം രൂപയ്ക്കും ബേസ്, ടോപ്പ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. രണ്ട് പള്‍സറുകളുടെയും അടിസ്ഥാന വകഭേദങ്ങള്‍ ഡിജി-അനലോഗ് ഡിസ്‌പ്ലേ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു കൂടാതെ 2023 മോഡലുകള്‍ക്ക് സമാനമാണ്. ഈ രണ്ട് അടിസ്ഥാന വേരിയന്റുകളുടെയും വിലകള്‍ മാറ്റമില്ലാതെ തുടരുന്നു. പള്‍സര്‍ എന്‍150ന് 1.18 ലക്ഷം രൂപയും പള്‍സര്‍ എന്‍160ന് 1.31 ലക്ഷം രൂപയുമാണ് വില. ഏറ്റവും മികച്ച 2024 ബജാജ് പള്‍സര്‍ എന്‍150 ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഒരു പുതിയ എല്‍സിഡി ഡിസ്‌പ്ലേയുമായാണ് വരുന്നത്. ഇതേ ഇന്‍സ്ട്രുമെന്റേഷനും ഫീച്ചറുകളും 2024 ബജാജ് പള്‍സര്‍ എന്‍160 ലും ലഭ്യമാണ്. ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും ഇതിലുണ്ട്. 14ബിഎച്ച്പിയും 13.5എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 149.6സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എന്‍150 ന് കരുത്തേകുന്നത്. പള്‍സര്‍ എന്‍160 ന് 165 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉണ്ട്. അത് 16 ബിഎച്ച്പിയും 14.65 എന്‍എമ്മും വികസിപ്പിക്കുന്നു. രണ്ട് ബൈക്കുകളിലും മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു.

◾ക്വാണ്ടം ബലതന്ത്രത്തില്‍ പോസിറ്റീവും നെഗറ്റീവും സമന്വയിക്കുന്നതുപോലെ ജീവിതവും മരണവും ചേര്‍ന്ന, അല്ലെങ്കില്‍ രണ്ടുമല്ലാതായിത്തീരുന്ന അവസ്ഥയുടെ ദുരൂഹമായ പശ്ചാത്തലത്തില്‍ മനുഷ്യന്റെ ഒടുങ്ങാത്ത പകയും ദാമ്പത്യമെന്ന സങ്കീര്‍ണ്ണതയും വിഷയമാകുന്ന മരണവക്ത്രത്തിലെ പൂച്ച,
അസ്ഥിരതയ്ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ഓര്‍മ്മയുടെ ഭൂഖണ്ഡങ്ങളെ സമയസങ്കല്‍പ്പമെന്ന അളവുകോല്‍കൊണ്ട് തിട്ടപ്പെടുത്താനുള്ള മനുഷ്യന്റെ എക്കാലത്തെയും ശ്രമങ്ങളെ പുത്തനായി വ്യാഖ്യാനിക്കുന്ന സമയമാപിനി, ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലഭേദങ്ങളോ സത്യം, മിത്ഥ്യ എന്ന വേര്‍തിരിവോ ഇല്ലാതെ ജീവിതത്തില്‍നിന്നും മരണത്തിലേക്കുള്ള അനന്തമായ ഇടനാഴി താണ്ടുന്നവന്റെ മതിഭ്രമരേഖയാകുന്ന സ്വപ്നശ്രേണികളുടെ രാത്രി, ലോകാവസാനം, സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പന്തയം, മാന്ത്രികപ്പെട്ടി, ജ്വാലാലൈബ്രറിയിലെ തീപ്പിടുത്തം, ഒരു പന്തയത്തിന്റെ അന്ത്യം, ജീവിതത്തിനും മരണത്തിനും ഇടയില്‍ ചില കട്ടുകള്‍ തുടങ്ങി ഒന്‍പതു രചനകള്‍. പ്രവീണ്‍ ചന്ദ്രന്റെ ആദ്യ കഥാസമാഹാരം. 'സമയമാപിനി'. മാതൃഭൂമി ബുക്സ്. വില 199 രൂപ.

◾പഞ്ചസാരകൊണ്ട് നിര്‍മ്മിക്കുന്ന സ്പോഞ്ചുപോലുള്ള ഒരു പലഹാരമാണ് കോട്ടണ്‍ കാന്റി അഥവാ പഞ്ഞി മിഠായി. അര്‍ബുദത്തിന് കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം പഞ്ഞിമിഠായിയില്‍ കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈന്‍ ബി. നിറം കൂട്ടുന്നതിന് തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. പരിശോധനയെ തുടര്‍ന്ന് പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍ക്കുന്നവരെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ സംഘത്തിലുള്ളവര്‍ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേര്‍ത്ത് മിഠായി വില്‍ക്കുന്നുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഇതരസംസ്ഥാനങ്ങളോടും പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ അനുസരിച്ച്, റോഡാമൈന്‍ ബി ദീര്‍ഘകാലം ഭക്ഷണത്തില്‍ ഉപയോഗിച്ചാല്‍ കരള്‍ പ്രവര്‍ത്തനരഹിതമാകുകയോ അല്ലെങ്കില്‍ ക്യാന്‍സറിലേക്ക് നയിക്കുകയോ ചെയ്യുന്നു. കൂടാതെ ഒരു ചെറിയ കാലയളവില്‍ വലിയ അളവില്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍, അത് കടുത്ത വിഷബാധയ്ക്ക് കാരണമാകുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ധാന്യം നിറച്ച ചാക്ക് തന്റെ വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഭാരക്കൂടുതല്‍ കാരണം അയാള്‍ക്ക് അതിന് കഴിയുന്നില്ല. അപ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ ആ വഴി വന്നത്. അവന്‍ പറഞ്ഞു: എനിക്കൊരു എളുപ്പവഴി അറിയാം. ഇത് അയാളെ ചൊടിപ്പിച്ചു. അയാള്‍ പറഞ്ഞു: ഇതുപോലെ ധാരാളം ചാക്ക് ഞാന്‍ കയറ്റുകയും ഇറക്കുകയും ചെയ്തിട്ടുളളതാണ്. ഇതെങ്ങനെ ചെയ്യണമെന്ന് എനിക്കറിയാം. അവന്‍ ചിരിച്ചുകൊണ്ട് നടന്നു. അപ്പോള്‍ അയാള്‍ക്ക് തോന്നി. അവന്റെ ആശയം നല്ലതാണെങ്കിലോ? ഒന്ന് കേട്ട് നോക്കാം. അയാള്‍ അവനെ തിരിച്ചുവിളിച്ചു. അപ്പോള്‍ ചെറുപ്പക്കാരന്‍ പറഞ്ഞു: നിങ്ങള്‍ ചാക്കിന്റെ ഒരുവശത്ത് പിടിക്കൂ.. ഞാന്‍ മറുവശത്ത് പിടിക്കാം. അങ്ങനെ ചാക്ക് എളുപ്പത്തില്‍ വണ്ടിയില്‍ കയറ്റാം.. പറഞ്ഞതുപോലെ ചാക്കുകള്‍ എടുത്തുവെച്ച് ഒരു ചിരിസമ്മാനിച്ച് അവന്‍ നടന്നുപോയി. അറിവും അനുഭവവും ആപേക്ഷികമാണ്. പ്രായമായ എല്ലാവര്‍ക്കും അനുഭവജ്ഞാനമുണ്ടാകണമെന്നില്ല. പ്രവര്‍ത്തിയുളളവര്‍ക്ക് മാത്രമേ പ്രവര്‍ത്തിപരിചയമുണ്ടാകൂ എന്ന് പറയുന്നതുപോലെ.. പരിജ്ഞാനമുണ്ടാകണമെങ്കില്‍ പരിചയം വേണം.. എല്ലാ മൂത്തവരും തരുന്ന നെല്ലിക്ക ആദ്യം കയ്ചു പിന്നെ മധുരിക്കണമെന്നില്ല.. പ്രായവും പ്രായോഗികതയും രണ്ടാണ്.. മറ്റുളളവരുടെ തഴക്കവും പരിചയവും യഥാവിധി ഉപയോഗിക്കുമ്പോള്‍ മാത്രമേ ദ്രുതഗതിയിലുളള വളര്‍ച്ച നമുക്ക് സാധ്യമാകൂ.. - ശുഭദിനം.