സംസ്ഥാന നൈപുണ്യ വികസന മിഷൻ്റെ കീഴിലുള്ള ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം പാപ്പനംകോട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് അഭ്യസ്തവിദ്യരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൻ്റെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ കേന്ദ്രം ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് നൈപുണ്യ വികസന രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച നൈപുണ്യ വികസന ആവാസ വ്യവസ്ഥയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റും. ഇതിനായി നൈപുണ്യ പരിശീലന രംഗത്ത് അനുഭവ സമ്പത്തും ഭൗതിക സൗകര്യങ്ങളും മികച്ച നൈപുണ്യ കോഴ്സുകളും ഉള്ള സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകി, നൈപുണ്യ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനുള്ള പ്രവർത്തനങ്ങളും, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പുത്തൻ തൊഴിൽ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും, നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും കെ.എ.എസ്. ഇ നടത്തുന്നതായി അദ്ദേഹം പരാമർശിച്ചു.