യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കിരണിന് ചുഴലി രോഗമുള്ളതായി ബന്ധുക്കൾ

തിരുവനന്തപുരം: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടമുകൾ സ്വദേശി കിരൺ (25) ആണ് മരിച്ചത്. യുവാവിന് ചുഴലി രോഗമുള്ളതായി ബന്ധുക്കൾ അറിയിച്ചു. അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നാണ് നിഗമനം. കാട്ടാക്കട പാൽക്കുന്നത്ത് ആണ് സംഭവം.

ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. കിരൺ മരിച്ചുകിടന്ന തോട്ടിൽ വളരെ കുറച്ച് വെള്ളമാണ് ഉള്ളത്. മുങ്ങിമരിക്കാനുള്ള വെള്ളമില്ല. അതിനാൽ എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പിന്നീടാണ് കിരണിന് ചുഴലി രോഗമുണ്ടായിരുന്നു എന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കിയത്.

ഇതോടെയാണ്, ഇതു തന്നെയായിരിക്കാം മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ. തുടർന്ന് മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.