അനീഷ്യയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകരുടെ മോശമായ പെരുമാറ്റം;അന്വേഷണത്തിന് ഉത്തരവിട്ടു

കൊല്ലം പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയെ ആത്മഹത്യയിലേക്ക് നയിച്ചത് സഹപ്രവര്‍ത്തകരുടെ മാനസികപീഡനവും ഭീഷണിയും. പൊലീസ് അന്വേഷണം തുടരുന്നതിനൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അന്വേഷണത്തിന് ഉത്തരവിട്ടു. തൊഴിലിടത്തെ സമ്മര്‍ദം, മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും കടുത്തമാനസിക സമ്മര്‍ദം ഉള്‍പ്പെടെ വ്യക്തമാക്കുന്ന അനിഷ്യയുടെ അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. ഇതുള്‍പ്പെടെ അനീഷ്യയെ മാനസികസമ്മര്‍ദത്തിലാക്കിയെന്ന് അഭിഭാഷകര്‍ പറയുന്നു.ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെയാണ് ഗുരുതര പരാതി. മറ്റുളളവരുടെ മുന്നില്‍വച്ച് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കിയെന്നാണ് ആക്ഷേപം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. കൊല്ലം പരവൂര്‍ പൊലീസ് അന്വേഷണം തുടരുന്നതിനോടൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അന്വേഷണത്തിന് ഉത്തരവിട്ടു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ വിശദമായി എഴുതിയിരുന്ന ഡയറിയും പൊലീസിന് ലഭിച്ചു. നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപം പ്രശാന്തിയില്‍ എസ് അനീഷ്യ ഞായറാഴ്ചയാണ് തൂങ്ങി മരിച്ചത്. മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജ് അജിത് കുമാറാണ് അനീഷയുടെ ഭര്‍ത്താവ്