വിതുര ഗവൺമെന്റ് വി.എച്ച്.എസ്.എസ്സിന് പുതിയ ബഹുനില മന്ദിരം

വിതുര ഗവൺമെന്റ് വി.എച്ച്.എസ്.എസ്സ് സ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിൻ്റെ നിർമ്മാണോദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റിയതിലൂടെ പുതുതായി 10 ലക്ഷതിലധികം വിദ്യാർത്ഥികളാണ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ച് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായതെന്ന് എം. എൽ. എ ചൂണ്ടികാട്ടി. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം, കാലത്തിനനുസരിച്ചുള്ള സിലബസ്സ് പരിഷ്കരണം, അധ്യാപക പരിശീലനം, അധ്യാപക തസ്തിക നികത്തലൊക്കെയും വിദ്യാഭ്യാസ മേഖല ഇന്ന് കാഴ്ചവക്കുന്ന മുന്നേറ്റത്തിന് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്‌ബി - കില ഫണ്ടിൽ നിന്നും 3.90കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലകളിലായി 18 ക്ലാസ്സ്‌ മുറികളുള്ള പുതിയ മന്ദിരത്തിൽ നിർമ്മാണം.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിതുര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മഞ്ജുഷ. ജി.ആനന്ദ് അധ്യക്ഷയായി. വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. എൽ കൃഷ്ണകുമാരി, വിതുര ഗ്രാമ പഞ്ചായത്തിലെ വിവിധ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷന്മാർ, അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പാൾ എം. ജെ ഷാജി തുടങ്ങിയവരും സന്നിഹിതരായി.