ഇലക്ട്രിക് ബസില്‍ പോര് മുറുകുന്നതിനിടെ നിര്‍ണായക നടപടികളുമായി ഗണേഷ് കുമാര്‍, മന്ത്രിയെ തള്ളി സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇലക്ട്രിക് സിറ്റി ബസ് സര്‍വീസിലെ വിവാദം മുറുകുന്നതിനിടെ തുടര്‍നടപടികളുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസ് സര്‍വീസ് സംബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍നിന്നും വിശദമായ റിപ്പോര്‍ട്ട് ഗതാഗത മന്ത്രി തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്‍റെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാനാണ് നിര്‍ദേശം. ഇലക്ട്രിക് ബസ് നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കിയത്. അതേസമയം, ഗണേഷ് കുമാറിനെതിരെ വികെ പ്രശാന്ത് എംഎല്‍എ രംഗത്തെത്തിയതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തി. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും മന്ത്രി മാത്രമല്ല, മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്നുമാണ് വിഷയത്തില്‍ മന്ത്രിയെ തള്ളിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്. ഇലട്രിക് സിറ്റി ബസ് സര്‍വീസ് നയപരമായ തീരുമാനമാണെന്നും കെഎസ്ആര്‍ടിസിക്ക് ബാധ്യതയില്ലെന്നുമാണ് വികെ പ്രശാന്ത് എംഎല്‍എയുടെ പ്രതികരണം. ബസിനെ ആശ്രയിക്കുന്ന നിരവധിപേരുണ്ടെന്നും നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകണമെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകള്‍ നിലനിര്‍ത്തണമെ്നനും ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും വികെ പ്രശാന്ത് പറഞ്ഞു. നിരക്ക് കൂട്ടുന്നത് പരിഗണിക്കേണ്ടതാണെങ്കില്‍ പരിഗണിക്കാം.

ഗണേഷ് കുമാറിന്‍റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നില്ലെന്നും നഗരവാസികൾ ഇലക്ട്രിക് സിറ്റി ബസ് ഏറ്റെടുത്തതാണെന്നും വികെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.അതേസമയം, നിലവിലെ ഇലക്ട്രിക് ബസ് സര്‍വീസുകളുടെ റൂട്ട് ഉള്‍പ്പെടെ പരിഷ്കരിക്കുമോ സര്‍വീസ് വെട്ടികുറക്കുമോയെന്നുമുള്ള ആശങ്കയിലാണ് യാത്രക്കാര്‍. ഇലക്ട്രിക് ബസ് സര്‍വീസ് നഷ്ടത്തിലാണെന്ന പ്രസ്താവനയില്‍ ഉറച്ചുനിന്നുകൊണ്ടാണ് മന്ത്രി തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നത്. എന്തായാലും ഇലക്ട്രിക് ബസ് വിവാദം തുടരുന്നതിനിടെ ബസ് സര്‍വീസിന്‍റെ ഭാവി എന്താകുമെന്നാണ് ഇനി കണ്ടറിയേണ്ടത്